സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നതൊരു പരസ്യത്തിന്റെ ഭാഗമായ പ്രസ്താവനയാണ്. പക്ഷേ സത്യമാണത്. എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട്. ആ സന്തോഷങ്ങളുടെയെല്ലാം പിന്നില്‍ സ്‌നേഹിക്കപ്പെടണമെന്നുള്ള ആഗ്രഹവും ഉണ്ട്. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് കേള്‍ക്കാന്‍. ആരുടെയെങ്കിലുമൊക്കെ സ്‌നേഹത്തിന് അര്‍ഹനാണെന്ന് തിരിച്ചറിയപ്പെടാന്‍.
ജീവിതത്തില്‍ ഒരാള്‍ക്ക് സന്തോഷം കൊടുക്കാനും പ്രതീക്ഷ കൊടുക്കാനും അതിലും കവിഞ്ഞ മറ്റൊരു വാക്കും ഉണ്ടെന്ന് തോന്നുന്നില്ല. ലിംഗഭേദങ്ങള്‍ക്കോ പ്രായഭേദങ്ങള്‍ക്കോ അപ്പുറമാണ് ഇങ്ങനെയൊരു വാക്കിന്റെ ആഴവും അര്‍ത്ഥവും ഉള്ളത്. ലോകത്ത് എങ്ങനെ സന്തോഷം പരത്താം, മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന് എങ്ങനെ ബോധ്യപ്പെടുത്താം എന്നിങ്ങനെ ആശങ്കപ്പെടുന്നവര്‍ക്കെല്ലാം എളുപ്പവഴിയായി ഈ വാചകമേയുള്ളൂ.ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
ഇങ്ങനെയൊരു വാക്ക് പറയാന്‍ നിങ്ങള്‍ കാമുകീകാമുകന്മാരാകണം എന്നില്ല, നല്ല സുഹൃത്തുക്കള്‍ക്ക് ഇങ്ങനെ പറയാം, വൃദ്ധരായ മാതാപിതാക്കളോട് ഇങ്ങനെ പറയാം, കുട്ടികളോട്, മക്കളോട് ഇങ്ങനെ പറയാം വര്‍ഷം പലതു പിന്നിട്ട ദാമ്പത്യജീവിതത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനോടോ ഭര്‍ത്താവിന് ഭാര്യയോടോ ഇങ്ങനെ പറയാം.
സ്‌നേഹിക്കുന്നു എന്ന ഏറ്റുപറച്ചില്‍ ലൈംഗികതയിലേക്കുള്ള ക്ഷണമൊന്നുമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഉള്ളതുകൊണ്ടാണ് പലരും ഇത് പറയാന്‍ മടിക്കുന്നത്. അത് നാം ഒരാള്‍ക്ക് പ്രതീക്ഷ കൊടുക്കുന്നതിന്റെ അടയാളമാണ്. അയാളെ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ്. അപ്പോള്‍ സ്വഭാവികമായും അയാളുടെ നന്മകള്‍ക്കും സന്തോഷത്തിനും നമ്മള്‍കൂടി കാരണക്കാരാവുകയാണ്. ഒരാളുടെ ജീവിതത്തിന് വലിയ അര്‍ത്ഥം നല്കാന്‍ നമ്മുടെ ചെറിയ വാക്കിന് കഴിയുമെങ്കില്‍ അതില്‍പ്പരം സന്തോഷം മറ്റെന്താണുള്ളത്?
സ്‌നേഹിക്കുന്നു എന്നതിന്റെ തുടര്‍ച്ചയാണ് നിന്നെ ഞാന്‍ ഓര്‍മ്മിക്കാറുണ്ട് എന്ന സത്യം പറച്ചില്‍. സ്‌നേഹിക്കുന്നവരെയാണ് നാം ഓര്‍മ്മിക്കുന്നത്. അല്ലെങ്കില്‍ മനസ്സിലുള്ളവരെയാണ് നാം സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നത്. അവരെക്കുറിച്ച് ഓര്‍മ്മിക്കുമ്പോഴാണ് നമ്മുടെ മനസ്സ് ഭാരരഹിതമാകുന്നത്. ആരുമല്ലാതിരുന്നിട്ടും ആരും ആകാതിരുന്നിട്ടും ചിലരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എത്രയോ അധികമാണ് നമ്മുടെ മനസ്സിനെ സ്വച്ഛമാക്കിയിരിക്കുന്നത്.! ചില മുഖങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയിലേക്ക് കടന്നുവരുന്നു. അത്തരം മുഖസ്മരണ തന്നെ ഹൃദയത്തിന്റെ ചൂടിലേക്ക് നനവുള്ള ഒരു കാറ്റ് കടന്നുവരുന്നതുപോലെയാണ്. അതുകൊണ്ട് സനേഹിക്കുന്നവരോട് ഞാന്‍ നിന്നെ ഓര്‍മ്മിക്കാറുണ്ട് എന്ന് പറയാന്‍ മടിക്കരുത്, മറക്കരുത്.
നീയെനിക്ക് എന്തുമാത്രം പ്രിയപ്പെട്ടതാണ് എന്നും പറയാന്‍ മടിക്കരുത്. പ്രിയപ്പെട്ടവരെയാണ് നാം സ്‌നേഹിക്കുന്നത്. പ്രിയപ്പെട്ടവരെയാണ് നാം സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നത്. അതുകൊണ്ട് നല്ല വാക്കുകള്‍ പ്രകടിപ്പിക്കാതെ ഉള്ളില്‍ വച്ചു നടക്കരുത്. അത് തുറന്നുപറയുക.
ലോകത്തില്‍ ആരെയും ഉപദ്രവിക്കാത്തതും മറ്റൊരാള്‍ക്ക് സന്തോഷം ഉളവാക്കുന്നതുമായ ചെറിയ കാര്യമാണ് ഇത്തരം വാക്കുകളെങ്കില്‍ നാം എന്തിന് അത് ഇനിയും പറയാന്‍ മടിക്കണം? അതെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ തിരികെ എന്നോടും അങ്ങനെ തന്നെ പറയുമോ?