സ്‌നേഹമുള്ള കുടുംബം രൂപപ്പെടുത്താനുള്ള ചേരുവകള്‍ നിസ്സാരമാണ്. പക്ഷേ അവയെ എങ്ങനെ ചേരുംപടി ചേര്‍ക്കണം എന്ന കാര്യത്തിലുള്ള അറിവില്ലായ്മയാണ് പലപ്പോഴും കുടുംബജീവിതം അലങ്കോലമാകുന്നതിന് പിന്നിലുള്ളത്. സ്‌നേഹമുള്ള അന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുക എന്നത് പ്രധാനമാണ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കത്തക്ക രീതിയില്‍ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പങ്കിടുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ഒക്കെ ചെയ്യുന്നത് ചില അനുകൂലഘടകങ്ങളാണ്. കൂടാതെ മറ്റ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
സമയം ഒരുമിച്ചു ചെലവിടുക
ഇന്ന് പല ദമ്പതികള്‍ക്കും സമയമില്ല. രണ്ടു സമയങ്ങളില്‍ ജോലി ചെയ്യുന്നതും ഓഫീസിലെ സമ്മര്‍ദ്ദങ്ങളും ്അടുക്കളയിലെ ജോലികളും എല്ലാം ചേര്‍ന്ന് ഒരുമിച്ചിരിക്കാനുള്ള സമയം കണ്ടെത്താന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. അതുകൊണ്ട് എത്ര തിരക്കിലും ഒരുമിച്ചായിരിക്കാന്‍ ഇത്തിരി സമയം കണ്ടെത്തണം.
കിട്ടുന്ന സമയം പ്രയോജനപ്പെടുത്തുക
കണ്ടെത്തുന്ന സമയം നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുക. പരസ്പരം കുറ്റം പറയാനും കുറവു കണ്ടെത്താനുമായിരിക്കരുത് ഈ സമയം. ഗുണകരമായി സമയം ചെലവഴിക്കുക. നല്ല കാര്യങ്ങള്‍ പറയുക
ഉത്തരവാദിത്തങ്ങള്‍ പങ്കിടുക
അടുക്കളയിലെയോ വീട്ടിലെയോ ജോലിഭാരം പങ്കിടുക. അത് മക്കളെ പഠിപ്പിക്കുന്നതാകാം. അയണ്‍ ചെയ്യുന്നതാകാം. പാകം ചെയ്യുന്നതും ക്ലീന്‍ ചെയ്യുന്നതുമാകാം. ഒരാള്‍ തന്നെ ഇക്കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസികമായ അകല്‍ച്ചയും ദേഷ്യവും സൃഷ്ടിക്കാന്‍ ഇടയാക്കും.
പരസ്പരം ധാരണയുണ്ടാകണം
ദമ്പതികള്‍ പരസ്പരം തങ്ങളുടെ കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കണം. ഇത് അമിതപ്രതീക്ഷകള്‍ ഒഴിവാക്കുകയും യാഥാര്‍ത്ഥ്യബോധമുള്ളവരാക്കുകയും ചെയ്യും. പല ദമ്പതികളും കുറ്റപ്പെടുത്തി സംസാരിക്കുന്നത് അവര്‍ക്ക് യാഥാര്‍ത്ഥ്യബോധമില്ലാത്തതുകൊണ്ടാണ്. ഇണയ്ക്ക് ഈ കഴിവുണ്ട്, ഈ കഴിവില്ല എന്ന് മനസ്സിലായിക്കഴിയുമ്പോള്‍ പിന്നെ അതേച്ചൊല്ലിയുള്ള പരിഹാസമോ കുറ്റപ്പെടുത്തലോ ഉടലെടുക്കുകയില്ലല്ലോ?
ആദരവോടെ സംസാരിക്കുക
പലപ്പോഴും ദാമ്പത്യത്തെ മുറിവേല്പിക്കുന്നത് വിവേകപൂര്‍വ്വമല്ലാത്ത സംസാരങ്ങളാണ്. ഇണയെ മുറിപ്പെടുത്തുകയോ അപമാനിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന രീതിയില്‍ സംസാരിക്കരുത്.
ചെറിയ കാര്യങ്ങളിലെ ഇത്തരം വലിയ തിരിച്ചറിവുകള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ കുടുംബജീവിതം കൂടുതല്‍ ആനന്ദപ്രദമാകും.സന്തോഷപ്രദവും.