പഴയ തറവാട്ട് വീട്ടിലേക്ക് നകുലനും ഭാര്യ ഗംഗയും എത്തുന്നിടത്താണ് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തുടക്കം. ബാല്യകാലം മുതല്‌ക്കേയുള്ള ഒറ്റപ്പെടലും ഏകാന്തതയും കൂടെയുണ്ടായിരുന്ന ഗംഗയുടെ ജീവിതം തറവാട്ട് വീട്ടില്‍ വച്ച് മാറിമറിയാന്‍ തെല്ലും സമയമെടുത്തില്ല. എന്നോ മണ്‍മറഞ്ഞുപോയ കാരണവരും നാഗവല്ലിയും രാമനാഥനും എല്ലാം കഥകളായി ആ മനസ്സില്‍ ചേക്കേറി. പിന്നെ അതിനെതുടര്‍ന്നുണ്ടാകുന്ന നിരവധി സംഭവവികാസങ്ങള്‍. ഒടുവില്‍..
കഥയറിയാമല്ലോ ഇതുവായിക്കുന്ന ഭൂരിപക്ഷത്തിനും. അതുകൊണ്ട് അവ ആവര്‍ത്തിക്കുന്നില്ല.
പ്രകടമായ സമാനതകള്‍ ഇല്ലെങ്കിലും 9 എന്ന പൃഥിരാജ് സിനിമയുടെ അടിസ്ഥാനഭാവവും ഇതൊക്കെ തന്നെയാണ്. അല്ലെങ്കില്‍ മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ ഭൂതക്കണ്ണാടിയിലൂടെ മണിചിത്രത്താഴ് കാണുന്ന സിനിമയാണ് 9 എന്ന് പറയാം. മണിച്ചിത്രത്താഴില്‍ ഗംഗയുടെ വിചിത്രമായ മാനസികാവസ്ഥ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റിയെന്നോ ഡ്യൂവല്‍ പേഴ്‌സണാലിറ്റിയെന്നോ വിശേഷിപ്പിക്കപ്പെടുന്പോള്‍ ഭൂതകണ്ണാടിയിലെ വിദ്യാധരന്‍ സ്‌ക്ിസോഫ്രീനിയാക്ക് ആയിരുന്നു9 ലെ. ഡോ ആല്‍ബര്‍ട്ടാകട്ടെ ബൈപ്പോളാര്‍ സ്‌കിസോഫ്രീനിയാക്ക് ആണ്. ഗംഗയും വിദ്യാധരനും മാറിമാറിവരുന്ന സങ്കീര്‍ണ്ണമായ കഥാപാത്രം എന്ന് ചുരുക്കം.
ഗംഗ നാഗവല്ലിയായി വേഷം മാറുമ്പോള്‍ വിദ്യാധരന്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തത് പലതും കാണുന്നു. മകള്‍ രജസ്വലയായെന്ന് സരോജിനി പറഞ്ഞ് അറിയുമ്പോള്‍ മുതല്‍ വിദ്യാധരന്റെ രോഗാതുരത പുറത്തേക്ക് പ്രകടമായി തുടങ്ങുന്നു. സമാനമായ സാഹചര്യങ്ങളും മാനസികാവസ്ഥകളുമാണ് ആല്‍ബര്‍ട്ടും ആവര്‍ത്തിക്കുന്നത്. ആസ്‌ട്രോഫിസിസ്റ്റായ ഡോ. ആല്‍ബര്‍ട്ട് ഇത് രണ്ടും ചേര്‍ന്ന സങ്കീര്‍ണ്ണ വ്യക്തിത്വത്തിന്റെ ഉടമയാണ്. അയാള്‍ ഒരേ സമയം ഏവയായി മാറുകയും ഇല്ലാത്തതിന് രൂപം നല്കുകയും ചെയ്യുന്നു. ഗംഗയുടെ ഉള്ളിലെ രോഗാതുരതയെ പുറത്തേക്ക് കൊണ്ടുവരാന്‍ തറവാടും അവിടെ നിന്ന് കിട്ടിയ പഴങ്കഥകളും പ്രേരണയായെങ്കില്‍ ആല്‍ബര്‍ട്ടിന്, ചില ശാസ്ത്രപ്രതിഭാസങ്ങളും അതുതേടിയുള്ള ഹിമാച്ചല്‍യാത്രയും കാരണമായി . ഗംഗയ്ക്ക് താന്‍ നാഗവല്ലിയാണെന്ന് തോന്നാന്‍ ഇടയായതുപോലെ സമാനമായ ചില സംഭവങ്ങളിലുടെ- ശാസ്ത്രസത്യങ്ങളിലൂടെ- ആല്‍ബര്‍ട്ടിനും കടന്നുപോകേണ്ടിവരുന്നു.
ആനിയുടെ സഹോദരന്‍ ആദത്തെക്കുറിച്ച് പറയുന്ന ചില കമന്റുകള്‍, അതോടൊപ്പം ലോകം മുഴുവന്‍ ഇലക്ട്രിക് കാന്തികതരംഗങ്ങളില്‍ നിന്ന് വിമുക്തമാകുന്ന ഇരുണ്ടുപോകുന്ന 9 ദിവസങ്ങളെക്കുറിച്ചുളള ശാസ്ത്രീയമായ ചില അറിവുകള്‍, ആനിയെക്കുറിച്ചുള്ള നഷ്ടബോധം,- അവള്‍ രത്‌നം ആയിരുന്നുവെന്നാണല്ലോ പ്രഫസര്‍ പോലും പറയുന്നത, ഹിമാച്ചല്‍ യാത്ര..
ഇങ്ങനെ പല പല ഘടകങ്ങള്‍ ചേര്‍ന്നാണ് ആല്‍ബര്‍ട്ടിന്റെ മനസ്സിനെ സങ്കീര്‍ണ്ണമാക്കുന്നതും അയാളെ കൊലപാതകിപോലുമാക്കാന്‍ ശ്രമിക്കുന്നതും. ഡോ. സണ്ണി( മണിച്ചിത്രത്താഴ്) യുടെ വാക്ക് കടമെടുത്തുപറഞ്ഞാല്‍ മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിലൂടെയുള്ള ഊളിയിട്ടുകൊണ്ടുള്ള ഒരു യാത്രയാണ് 9.. മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ എന്ന കുമാരനാശാന്റെ പ്രസിദ്ധമായ വാക്യം പോലെ മനുഷ്യമനസ്സിന്റെ പ്രഹേളികകളും വിഹ്വലതകളും എത്രത്തോളം ഒരാളെ ഇരുട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാം എന്നാണ് ഈ ചിത്രം പറയുന്നത് സയന്‍സ് ഫിക്ഷന്‍ എന്നൊക്കെ പരസ്യങ്ങളുണ്ടെങ്കിലും 9 തികച്ചും മനശ്ശാസ്ത്രപരമായ സമീപനത്തോടെയുളള ചിത്രമാണ്. വെറുതെയൊരു രസത്തിന് നേരംകളയാന്‍ വേണ്ടി കണ്ടിരിക്കാവുന്ന സിനിമയല്ല ഇത് എന്ന് ചുരുക്കം. മറിച്ച് ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തിന്റെ മനസ്സിലൂടെ കടന്നുപോകാന്‍ ക്ഷമയുള്ളവര്‍ക്ക് മാത്രം കണ്ടിരിക്കാന്‍ കഴിയുന്ന സിനിമയാണിത്.
ഭയമല്ല ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നത്. നടുക്കമാണ്. മനസ്സിന്‍റെ ഭാവങ്ങളോര്‍ത്തുള്ള നടുക്കം.ജൂനൈസ് മുഹമ്മദ് എന്ന ഒരേ സമയം കഥാകൃത്തും സംവിധായകനുമായ കലാകാരന്‍ മനുഷ്യമനസ്സിന്റെ ഇരുണ്ടഗര്‍ത്തങ്ങളെ കാണിച്ചുതരുമ്പോഴുണ്ടാകുന്ന നടുക്കം. ഓരോ മനസ്സിലും ഇങ്ങനെയൊക്കെ ചില ഇരുട്ടുകള്‍ ഉണ്ടല്ലോ എന്ന അറിവാണ് ആ നടുക്കത്തിന് കാരണം.
അടുക്കും ചിട്ടയുമില്ലാത്ത മനസ്സിന്റെ യാത്രയാണ് 9 .ഈ സിനിമ പറഞ്ഞുവയ്ക്കുന്നത് ശാസ്ത്രമല്ല മനശാസ്ത്രമാണ്. ഏതൊരാളുടെയും മനസ്സില്‍ എപ്പോള്‍ വേണമെങ്കിലും രൂപപ്പെടാവുന്ന ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെയാണ് 9 അപഗ്രഥിക്കുന്നത്.
9 എന്നത് പ്രതീകമാണ്. വെളിച്ചം അണഞ്ഞുപോയ മനസ്സുകളുടെയെല്ലാം പ്രതീകം. ഇരുട്ടിന് ശേഷം വീണ്ടും വെളിച്ചം വരും. പക്ഷേ വീണ്ടും ഇരുട്ടുവരാനും സാധ്യതയുണ്ട്. അത്തരമൊരു സൂചന നല്കി ചിത്രം അവസാനിക്കുമ്പോള്‍ നെടുവീര്‍പ്പെടാന്‍ മാത്രമേ പ്രേക്ഷകന് കഴിയൂ.
എല്ലാവരുടെയും ഉള്ളില്‍ ഇരുളും വെളിച്ചവുമുണ്ട്. നന്മ ചെയ്യാനാഗ്രഹിക്കുമ്പോള്‍ തന്നെ അവരുടെ ഉള്ളില്‍ തിന്മയുണ്ട്. ഇതൊരു തത്വമാണ്. വിശുദധ ഗ്രന്ഥം പോലും സാക്ഷ്യപ്പെടുത്തുന്ന സത്യം. ഏറ്റവും അടുത്തുനില്ക്കുന്നവരും ഏറ്റവും സ്‌നേഹം തോന്നിക്കുന്നവരുമൊക്കെ ഇല്ലാതായിപ്പോയിരുന്നുവെങ്കില്‍ എന്ന് ജീവിതത്തില്‍ എപ്പോഴെങ്കിലും വിചാരിക്കാത്ത ഒരാളെങ്കിലും ഈ ഭൂമിയിലുണ്ടാവുമോ? അറിയില്ല.
പൃഥിരാജിന് മാത്രമേ ഇത്തരം ചില കഥാപാത്രങ്ങളും സിനിമയും ചെയ്യാന്‍ കഴിയൂ എന്ന് ഉറപ്പാണ്. എസ്ര സിനിമയിലെ ട്വിസ്റ്റ് പോലെയും ആദം ജോണിലേതുപോലെ വിധിക്ക് കീഴടങ്ങാന്‍ സന്നദ്ധനാകുകയും ചെയ്യുന്ന അതിമാനുഷികത ഇല്ലാത്ത സാധാരണക്കാരെപോലെയും മാറാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ. വെല്‍ഡണ്‍ പൃഥിരാജ്, പരമ്പരാഗതമായ നായകസങ്കല്പങ്ങളെ മാറ്റിയെഴുതുന്നതിന്. പക്ഷേ പ്രേക്ഷകര്‍ എത്രകണ്ട് ഇത്തരം മാറ്റങ്ങളോട് തുറവിയുള്ളവരാണ് എന്ന ആശങ്കയുമുണ്ട്.
വിനായക് നിര്‍മ്മല്‍