ക്വാണ്ടിറ്റിയല്ല ക്വാളിറ്റിയാണ് കുടുംബത്തിൽ വേണ്ടത്

Date:

spot_img

കുടുംബത്തിൽ ഒരുപാട് നേരം സംസാരിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പകരം അളവ് കുറവാണെങ്കിലും ഗുണം കൂടുതലുള്ള കാര്യങ്ങൾ സംസാരിക്കുക. അതാണ് വേണ്ടത്. ഇത് ആഗ്‌നസിന്റെ വാക്കുകൾ. ഏഴു മക്കളുടെ അമ്മയാണ് പോളണ്ടുകാരിയായ ആഗ്‌നസ്. ഏഴുമക്കൾക്കും സമയം തുല്യമായി വീതം വച്ചു നല്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരമായിട്ടാണ് ആഗ്‌നസ് ഇത് പറഞ്ഞത്. 

ചെറുപ്പക്കാരായ മാതാപിതാക്കളുടെ ധാരണ അവർക്കൊരു കുഞ്ഞ് മാത്രമേ ഉള്ളൂവെങ്കിൽ തങ്ങളുടെ സ്നേഹവും സമയവും മുഴുവനും അതിന് വേണ്ടി മാത്രം നല്കാമെന്നാണ്. എന്നാൽ രണ്ടാമതൊരു കുഞ്ഞ് പിറന്നുകഴിയുമ്പോൾ ആദ്യത്തെ കുഞ്ഞിന് പഴയതുപോലെ ശ്രദ്ധയോ പരിചരണമോ നല്കാൻ കഴിയുന്നില്ല. കാരണം അവരുടെ സമയവും സ്നേഹവും പങ്കുവയ്ക്കപ്പെടേണ്ടതായി വരുന്നു. എല്ലാം പങ്കുവയ്ക്കപ്പെടേണ്ടതാണ്. കുട്ടികൾ പങ്കുവച്ച് വളരണം. അവരുടെ മുറിമുതൽ കളിപ്പാട്ടങ്ങൾ വരെ. അപ്പോൾ മാത്രമേ സന്തോഷവും സ്നേഹവും ഇരട്ടിയാകുകയുളളൂ. ഓരോ അമ്മയും രണ്ടാമത് ഗർഭിണിയാകുമ്പോൾ ഇക്കാര്യം മനസ്സിലാക്കിയിരിക്കണം. ഞാനിത് എന്റെ അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്. കൂടുതൽ കുട്ടികൾ കുടുംബത്തിൽ ഉണ്ടാവണം.

Family fun by mum എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ആഗ്‌നസും കുടുംബവും പോപ്പുലറായത്. വലിയ കുടുംബത്തിന്റെ സന്തോഷവും ആനന്ദവും രസകരമായി അവതരിപ്പിക്കാൻ ഇതിലൂടെ ആഗ്‌നസിന് കഴിഞ്ഞു. പതിനാറ് വർഷമായി ആഗ്‌നസ് വിവാഹിതയായിട്ട്.

കുടുംബം സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം കണ്ടാണ് മക്കൾ സ്നേഹിക്കുന്നത് എങ്ങനെയെന്ന് പഠിക്കുന്നതുപോലും. എന്നാൽ ഇന്നത്തെ ഏറ്റവും വലിയ ദുരവസ്ഥ എന്ന് പറയുന്നത് കുടുംബം അവഗണിക്കപ്പെടുന്നു എന്നുള്ളതാണ്. ഭൗതികവാദവും വിവിധതരത്തിലുള്ള ആശയങ്ങളും ചേർന്ന് കുടുംബത്തെ ഞെരുക്കിക്കളയുന്നു. വർഷങ്ങളായി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിരവധി പ്രോഗ്രാമുകളുമായി ആഗ്‌നസ് പ്രവർത്തിക്കുന്നു. എന്നാൽ അതെല്ലാം പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോയിരുന്നു. പിന്നീടാണ് സോഷ്യൽമീഡിയയിലേക്ക് കടന്നുവന്നത്. ഞങ്ങളുടെ കുടുംബജീവിതം പൊതുജനത്തെ അറിയിക്കേണ്ടതുണ്ടെന്ന് തോന്നി. അതേക്കുറിച്ച് ആഗ്‌നസിന് പറയാനുള്ളത് അതാണ്.

പല അമ്മമാരും ഒറ്റക്കുട്ടികളുടെ പേരിൽ സന്തോഷിക്കുന്നവരായിരുന്നു. എന്നാൽ ഞങ്ങളുടെ കുടുംബത്തെ പരിചയപ്പെട്ടുകഴിഞ്ഞപ്പോൾ അവരെല്ലാം അത്ഭുതപ്പെട്ടു, എങ്ങനെയാണ് ഇത്രയും സന്തോഷവും ഉത്സാഹവും അനുഭവിക്കാൻ കഴിയുന്നതെന്ന്.് ഞാനെന്റെ കുടുംബത്തെയും കുടുംബകാര്യങ്ങളെയും പരിചയപ്പെടുത്തുന്നത് കുടുംബപ്രേഷിതത്തിന്റെ ഭാഗമായിട്ടാണ്.

പലരുടെയും ആശങ്കകൾ ഇത്രയും വലിയ കുടുംബത്തെ എങ്ങനെ മാനേജ് ചെയ്യുന്നുവെന്നാണ്. ഞാൻ സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്ത്ത്തിനും പ്രാധാന്യം നല്കുന്ന വ്യക്തിയാണ്. കുട്ടികൾക്ക് അവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ ഏല്പിച്ചുകൊടുക്കാറുണ്ട്. ഓരോകുട്ടികളും അവരുടെ പ്രായത്തിന് അനുസരിച്ച് ജോലികൾ ചെയ്യുന്നു. മക്കളുടെ ഓരോ പ്രവൃത്തികളുടെ മേലും ഞങ്ങളുടെ നോട്ടമെത്താറുണ്ട്, ആഗ്‌നസ് പറയുന്നു. പലർക്കും പലവിധ ഉത്തരവാദിത്തങ്ങളും ജോലികളും ഉള്ളതുകൊണ്ട് ദിവസത്തിൽ ഒരു നേരം മാത്രമേ ഒരുമിച്ചു ഭക്ഷണം കഴിക്കാറുള്ളൂവെന്നും ആഗ്‌നസ് വ്യക്തമാക്കി.

പ്രഭാതഭക്ഷണത്തിന് മാത്രമേ അത്തരമൊരു സാഹചര്യം ലഭിക്കാറുള്ളൂ. ഏഴുമക്കൾ അടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും വ്യക്തമായ പ്ലാനുകളുണ്ട് ഈ വീട്ടമ്മയ്ക്ക് അവധിക്കാലങ്ങളിൽ വിദേശരാജ്യങ്ങളിലേക്കൊന്നും ഞങ്ങൾ പോകാറില്ല. അതിന് പകരം ഞങ്ങളുടെ മാതാപിതാക്കളെ സന്ദർശിക്കാൻ പോകും. ആ യാത്ര മക്കളെ സംബന്ധിച്ചും വളരെ സന്തോഷപ്രദമാണ്. അതുപോലെ ഡിസ്‌ക്കൗണ്ട് സ്റ്റോറുകളിൽ നിന്നാണ് ഞങ്ങൾ സാധനം വാങ്ങുന്നത്. ഇത്രയും കുട്ടികളുമായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കുന്നതിനെക്കാൾ വലിയ സന്തോഷം മറ്റൊന്നിനും നല്കാൻ കഴിവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മക്കൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ്. അവരെയോർത്ത് എനിക്കൊരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ല.

കൊച്ചുകുട്ടികളുടെ കൈകളിലേക്ക് പോലും മൊബൈൽ ഫോൺ വച്ചുകൊടുക്കുന്ന അമ്മമാർക്കിടയിലും ആഗ്‌നസ് ഒറ്റപ്പെട്ടുനില്ക്കുന്നു. സോഷ്യൽ മീഡിയ പ്രത്യേകിച്ച് യുവജനങ്ങൾക്ക് ഏറ്റവും ദോഷകരമാണ് എന്നാണ് ഈ അമ്മ വിശ്വസിക്കുന്നത്. അതുകൊണ്ട് മക്കൾക്കൊന്നും ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. അതെത്രത്തോളം ദോഷം ചെയ്യുന്നു എന്ന് മക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട ഞാനാഗ്രഹിക്കുന്നത് എന്റെ മക്കൾ കൂടുതൽ ചിന്തിക്കണമെന്നാണ്. ആശയങ്ങൾ പ്രകടിപ്പിക്കണമെന്നാണ്. ആഗ്‌നസ് പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് എനിക്കുണ്ട് എന്നത് ശരി തന്നെ. പക്ഷേ അത് ഇടയ്ക്കിടെ നോക്കാനുള്ള പ്രലോഭനത്തെ ഞാൻ അടക്കിവയ്ക്കുന്നു. ആ സമയം കൊണ്ട് പ്രാർത്ഥിക്കാനും ചിന്തിക്കാനുമാണ് ഞാൻ താല്പര്യപ്പെടുന്നത്.

ഒരു കുഞ്ഞിനെ പോലും നേരാം വണ്ണം നോക്കാൻ പാടുപെടുന്ന  നമ്മുടെ കാലത്തെ അമ്മമാർക്ക് ഏഴുമക്കളുടെ അമ്മയായ ആഗ്‌നസിൽ നിന്ന് ഒരുപാട് പഠിക്കാനും ആശയം സ്വീകരിക്കാനുമുണ്ട് എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

More like this
Related

ഒരേയൊരു ജഗതി

അധ്യാപനജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ കുറച്ചുകാലം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയത്ത്...

മലയാളത്തിന്റെ പുതിയ അമ്മക്ക് അവാർഡ്

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സാവിത്രി ശ്രീധരൻ...

വിരല്‍ തുമ്പില്‍ അത്ഭുതം തീര്‍ക്കുന്ന സ്ററീഫന്‍ ദേവസി…..

യുവത്വം തുളുമ്പുന്ന തിളക്കങ്ങള്‍ക്കപ്പുറവും തിളയ്ക്കുന്ന രക്തത്തിനുപരിയായി കടന്നുപോകുന്ന ഓരോ നിമിഷവും ദൈവത്തിന്റെ...
error: Content is protected !!