ബന്ധങ്ങള്‍ എങ്ങനെയാണ് തകരുന്നത്?

Date:

spot_img

എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് എന്ന് ഇപ്പോള്‍ തോന്നുന്നു. ഹാന്‍ഡില്‍ വിത്ത് കെയര്‍ എന്ന് എഴുതിവയ്ക്കുന്നതുപോലെ വളരെ സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടവ.. കൃത്യമായും സൂക്ഷിച്ചും ഉപയോഗിക്കേണ്ടവ..

എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാല്‍ അത് വീണുടഞ്ഞുപോകും. പിന്നെ തൂത്തുപെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടാനേ കഴിയൂ. അല്ലാതെ അലങ്കരിച്ചു പ്രതിഷ്ഠിക്കാന്‍ കഴിയില്ല.

എവിടെയൊക്കെയോ ഏതെല്ലാമോ ബന്ധങ്ങളില്‍ വരിഞ്ഞുമുറുകിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. സ്വന്തമായ ആ ബന്ധങ്ങളില്‍ ഇത്തിരിയൊക്കെ അഭിമാനവും സന്തോഷവും നമുക്ക് തോന്നുന്നുമുണ്ട്. പക്ഷേ ഒരു ബന്ധവും സ്ഥിരമായതോ ശാശ്വതമായതോ ഇല്ല എന്നതാണ് സത്യം.

എല്ലാ ബന്ധങ്ങളും ഒരേ തരത്തില്‍ എപ്പോഴും പൂചൂടി നില്ക്കുന്നില്ല. ചിലപ്പോള്‍ വാടിത്തളര്‍ന്ന്… മറ്റുചിലപ്പോള്‍ പുഴുക്കുത്തേറ്റ്.. ഇനിയും ചിലപ്പോള്‍ കരിഞ്ഞുണങ്ങി.. ബന്ധങ്ങളുടെ പൗഷ്‌ക്കലകാലം വളരെ കുറച്ചുകാലത്തേക്ക് മാത്രമേയുളളൂ. പക്ഷേ നാമത് മനസ്സിലാക്കുന്നില്ല.

ഏറ്റവും മഹനീയമെന്ന് പരക്കെ വാഴ്ത്തപ്പെടുന്ന അമ്മയും മക്കളും തമ്മിലുള്ള ബന്ധം തന്നെ നോക്കൂ.. ഒരിക്കലും അറ്റുപോകരുതാത്തതാണ്..ഒരിക്കലും ഇടര്‍ച്ചകള്‍ സംഭവിക്കരുതാത്തതുമാണ്. പക്ഷേ മിക്കപ്പോഴും സംഭവിക്കുന്നതോ..

അമ്മയുടെ ചുടുപറ്റിയും അമ്മയുടെ കരം പിടിച്ചും നടന്നിരുന്ന മക്കളെല്ലാം ഓരോരോ അവസരങ്ങളിലായി അകന്നുപോകുന്നു. മനുഷ്യന്റെ സ്വഭാവികവളര്‍ച്ചയുടെ ഭാഗം തന്നെയാണവയെല്ലാം. പക്ഷേ പറഞ്ഞുവരുന്നത് അതല്ല. 

മക്കളുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍  അത് ജീവിതപങ്കാളിയോ, സുഹൃത്തോ ജോലിയോ ആരുമാകാം കടന്നുവരുമ്പോള്‍ അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചകള്‍ സംഭവിക്കുന്നു. ഇന്നലെ വരെ കണ്ട അമ്മയെക്കാള്‍ ആ ആള്‍ ജീവിതത്തിന്റെ പ്രധാന ഭാഗമാകുന്നു. 

മകളാണെങ്കില്‍ ഭര്‍ത്താവിനൊപ്പം വിവാഹിതയായി പടിയിറങ്ങുകയും അവളും ഭര്‍ത്താവും മക്കളും ചേര്‍ന്ന കുടുംബം രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ അമ്മയോട് അവള്‍ക്ക് ആദ്യമുണ്ടായിരുന്ന അടുപ്പത്തിന് മങ്ങല്‍ സംഭവിക്കുന്നു. മകനാണെങ്കില്‍ ഒരുവളുടെ കൈ പിടിച്ച് വീടേറിവരുകയും അവളും അവനും മക്കളും ചേര്‍ന്നുണ്ടാകുന്ന പുതിയ കുുടംബം പിറവിയെടുക്കുകയും ചെയ്യുമ്പോള്‍ അമ്മയോടുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു.

ഇനി ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമാണെങ്കിലോ.. വിവാഹജീവിതത്തിന്റെ തുടക്കത്തിലേതുപോലൈയുള്ള സ്‌നേഹബന്ധവും ബന്ധങ്ങളിലെ തീവ്രതയും അവര്‍ക്കും എവിടെവച്ചെല്ലാമോ കൈമോശം വരുന്നുണ്ട്.  മക്കളുടെ ജനനത്തോടെ അവര്‍ പലപ്പോഴും രണ്ടു ധ്രുവങ്ങളിലായിക്കഴിയും. നാളെ പിരിയാന്‍ പോകുന്നതാണെന്ന് അറിഞ്ഞിട്ടും മക്കളുടെ പേരില്‍ അവര്‍ സ്‌നേഹത്തിന്റെ പിടിവാശിക്കാരായി തങ്ങളുടെ ഊര്‍്ജ്ജവും സമയവും എല്ലാം അവിടെ ധൂര്‍ത്തടിക്കുന്നു. 

മക്കളാകട്ടെ തേടിതിന്നാന്‍ പ്രായമാകുമ്പോള്‍ ഇന്നലെ വരെ തങ്ങളെ സ്‌നേഹിച്ചുകൊന്ന അച്ഛനമ്മമാരെ അപ്രധാനരായിക്കണ്ട് മറ്റ് ബന്ധങ്ങളിലേക്ക് ആകര്‍ഷിതരാകുന്നു. ഇതൊരു ആവര്‍ത്തനചക്രമാണ്.

രണ്ടു സുഹൃത്തുക്കള്‍ക്കിടയിലേക്ക് മൂന്നാമതായി ഒരാള്‍ കടന്നുവരുമ്പോള്‍ അവിടെയും ആദ്യത്തെ സൗഹൃദത്തിന് ഇടര്‍ച്ചകളുണ്ടാകുന്നു. പൊന്നുപോലെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരുന്ന സൗഹൃദങ്ങളൊക്കെ ആട്ടിയകറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന സങ്കടങ്ങള്‍ ഘനീഭവിച്ചുനില്ക്കുന്ന മേഘം പോലെയാണ്. പെയ്യാതെ നില്ക്കും. പെയ്തുതോര്‍ന്നിരുന്നുവെങ്കില്‍ എന്ന് ആശിക്കും. പക്ഷേ..

ഇപ്രകാരം ഏതുതരം ബന്ധങ്ങളുമായിരുന്നുകൊള്ളട്ടെ എന്തുകൊണ്ടാണ് അവയില്‍ വിള്ളലുകള്‍ വീഴുന്നത്.

ബന്ധങ്ങളില്‍ ഇടര്‍ച്ചകള്‍ സംഭവിക്കുമ്പോഴെല്ലാം നാം അതിന്റെ കാരണക്കാരനായി മറ്റെയാള്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. കാരണം അയാളാണ്. അതാണ് നമ്മുടെ മട്ട്. 

ചിലപ്പോഴെങ്കിലും നമ്മുടെ ഭാഗത്തായിരിക്കും സത്യവും. പക്ഷേ അത് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നിട്ടും സ്വന്തം പിഴവുകള്‍ സമ്മതിക്കാനോ തെറ്റ് എന്റെ ഭാഗത്തുമുണ്ട് എന്ന് ഏറ്റുപറയാനോ പലരും തയ്യാറാകുന്നില്ല.  നാം ആര്‍ക്കെങ്കിലുമൊക്കെ നേരെ വിരല്‍ചൂണ്ടുന്നു.പ്രതിപ്പട്ടികയില്‍ പേരു ചേര്‍ക്കുന്നു. 

ഒരിക്കലും നാം നമ്മുടെ നെഞ്ചില്‍ തൊട്ടി എന്റെ പിഴ പറയുന്നില്ല.. നിന്റെ ഭാഗത്തു തെറ്റുണ്ട് പക്ഷേ എന്റെ ഭാഗത്തും പിഴവുണ്ട്..ഇങ്ങനെയൊരു ഏറ്റുപറച്ചില്‍ പലപ്പോഴും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ തകര്‍ന്നുപോയ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല. ബന്ധങ്ങള്‍ ശിഥിലമാകുന്നതിന് കാരണവും ഇതുതന്നെ.

വിനായക് നിര്‍മ്മല്‍

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!