ദമ്പതികള്‍ തമ്മില്‍ കാലം കഴിയും തോറും സംസാരം കുറഞ്ഞുവരുന്നുണ്ടോ എങ്കില്‍ നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ആശയവിനിമയത്തിലുള്ള അപാകതയും സംസാരിക്കാന്‍ ഒന്നുമില്ലാതെ വരുന്നതും ബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമാകുന്നു. അതാണ് ക്രമേണ വിവാഹമോചനത്തിലേക്ക് നയിക്കുന്നത്. അതുപോലെ ദമ്പതികള്‍ തമ്മില്‍ മനസ്സ് തുറന്ന് ചിരിക്കാന്‍ കഴിയാതെ വരുന്നതും അവരുടെയിടയിലെ ബന്ധം വഷളായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ചിരികള്‍ക്കെല്ലാം പരസ്പരം പോസിറ്റീവ് എനര്‍ജി നല്കാന്‍ കഴിവുണ്ട്. പക്ഷേ അങ്ങനെയൊന്ന് ചിരിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍ ഇണയില്‍ നിന്ന് മാനസികമായി നിങ്ങള്‍ അകന്നുതുടങ്ങിക്കഴിഞ്ഞു എന്നാണ് അര്‍ത്ഥം. പരസ്പരം വിമര്‍ശകരാകേണ്ടവരല്ല ദമ്പതികള്‍,എന്നാല്‍ ദമ്പതികള്‍ തമ്മില്‍ പരസ്പര വിമര്‍ശനം എന്ന് മുതല്‍ ആരംഭിച്ചോ ആ ബന്ധം വഷളായിതുടങ്ങിയിരിക്കുകയാണ്.
മറ്റെയാളെ നന്നാക്കുകയും തിരുത്തുകയും ചെയ്യുന്നതിന് പകരം സ്വയം നന്നാവുകയും തിരുത്തുകയുമാണ് വേണ്ടത്. അപ്പോള്‍ ദാമ്പത്യം പ്രശ്‌നമില്ലാതെ മുന്നോട്ടുപോകും. എതിര്‍ലിംഗത്തില്‍ പെട്ട ഒരാളുമായിട്ടുള്ള ക്ലോസ് റിലേഷന്‍ഷിപ്പും നിങ്ങളുടെ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയേക്കാം. ഇനി സോഷ്യല്‍ മീഡിയായ്ക്കുമുണ്ട് ചെറുതല്ലാത്ത പങ്ക്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്കാണോ ഇണയെക്കാളേറെ പ്രാധാന്യവും സ്ഥാനവും കൊടുക്കുന്നത് അവിടെയും നിങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രശ്‌നം എന്തുമായിരുന്നുകൊള്ളട്ടെ ദമ്പതികള്‍ തമ്മില്‍ ഒന്നുതുറന്നു സംസാരിക്കാനും ആത്മാര്‍തഥമായി ചിരിക്കാനും മൊബൈല്‍ സ്വിചോഫ് ചെയ്ത് കൈകോര്‍ത്തുപിടിച്ച് ഇരിക്കാനും കഴിഞ്ഞാല്‍ പല ബന്ധങ്ങളെയും വിവാഹമോചനത്തില്‍ നിന്ന് ഒരുപരിധിവരെ രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്.