എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് .എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാൽ അത് വീണുടഞ്ഞുപോകും. പിന്നെ തൂത്തുപെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടാനേ കഴിയൂ. അലങ്കരിച്ചു പ്രതിഷ്ഠിക്കാൻ കഴിയില്ല.
എവിടെയൊക്കെയോ ഏതെല്ലാമോ ബന്ധങ്ങളിൽ വരിഞ്ഞുമുറുകിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. സ്വന്തമായ ആ ബന്ധങ്ങളിൽ ഇത്തിരിയൊക്കെ അഭിമാനവും സന്തോഷവും നമുക്ക് തോന്നുന്നുമുണ്ട്. പക്ഷേ ഒരു ബന്ധവും സ്ഥിരമായതോ ശാശ്വതമായതോ ഇല്ല എന്നതാണ് സത്യം.
എല്ലാ ബന്ധങ്ങളും ഒരേ തരത്തിൽ എപ്പോഴും പൂചൂടി നില്ക്കുന്നില്ല. ചിലപ്പോൾ വാടിത്തളർന്ന്… മറ്റുചിലപ്പോൾ പുഴുക്കുത്തേറ്റ്.. ഇനിയും ചിലപ്പോൾ കരിഞ്ഞുണങ്ങി.. ബന്ധങ്ങളുടെ പൗഷ്‌ക്കലകാലം വളരെ കുറച്ചുകാലത്തേക്ക് മാത്രമേയുളളൂ.
മക്കളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ അത് ജീവിതപങ്കാളിയോ, സുഹൃത്തോ ജോലിയോ ആരുമാകാം കടന്നുവരുമ്പോൾ അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചകൾ സംഭവിക്കുന്നു. ഇന്നലെ വരെ കണ്ട അമ്മയെക്കാൾ ആ ആൾ ജീവിതത്തിന്റെ പ്രധാന ഭാഗമാകുന്നു.
ഇനി ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധമാണെങ്കിലോ.. വിവാഹജീവിതത്തിന്റെ തുടക്കത്തിലേതുപോലൈയുള്ള സ്‌നേഹബന്ധവും ബന്ധങ്ങളിലെ തീവ്രതയും അവർക്കും എവിടെവച്ചെല്ലാമോ കൈമോശം വരുന്നുണ്ട്. മക്കളുടെ ജനനത്തോടെ അവർ പലപ്പോഴും രണ്ടു ധ്രുവങ്ങളിലായിക്കഴിയും. നാളെ പിരിയാൻ പോകുന്നതാണെന്ന് അറിഞ്ഞിട്ടും മക്കളുടെ പേരിൽ അവർ സ്‌നേഹത്തിന്റെ പിടിവാശിക്കാരായി തങ്ങളുടെ ഊർ്ജ്ജവും സമയവും എല്ലാം അവിടെ ധൂർത്തടിക്കുന്നു.
മക്കളാകട്ടെ തേടിതിന്നാൻ പ്രായമാകുമ്പോൾ ഇന്നലെ വരെ തങ്ങളെ സ്‌നേഹിച്ചുകൊന്ന അച്ഛനമ്മമാരെ അപ്രധാനരായിക്കണ്ട് മറ്റ് ബന്ധങ്ങളിലേക്ക് ആകർഷിതരാകുന്നു. ഇതൊരു ആവർത്തനചക്രമാണ്. രണ്ടു സുഹൃത്തുക്കൾക്കിടയിലേക്ക് മൂന്നാമതായി ഒരാൾ കടന്നുവരുമ്പോൾ അവിടെയും ആദ്യത്തെ സൗഹൃദത്തിന് ഇടർച്ചകളുണ്ടാകുന്നു. പൊന്നുപോലെ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന സൗഹൃദങ്ങളൊക്കെ ആട്ടിയകറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന സങ്കടങ്ങൾ ഘനീഭവിച്ചുനില്ക്കുന്ന മേഘം പോലെയാണ്. പെയ്യാതെ നില്ക്കും. പെയ്തുതോർന്നിരുന്നുവെങ്കിൽ എന്ന് ആശിക്കും. പക്ഷേ..
ബന്ധങ്ങളിൽ ഇടർച്ചകൾ സംഭവിക്കുമ്പോഴെല്ലാം നാം അതിന്റെ കാരണക്കാരനായി മറ്റെയാൾക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. കാരണം അയാളാണ്. അതാണ് നമ്മുടെ മട്ട്.
ഒരിക്കലും നാം നമ്മുടെ നെഞ്ചിൽ തൊട്ടി എന്റെ പിഴ പറയുന്നില്ല.. നിന്റെ ഭാഗത്തു തെറ്റുണ്ട് പക്ഷേ എന്റെ ഭാഗത്തും പിഴവുണ്ട്..ഇങ്ങനെയൊരു ഏറ്റുപറച്ചിൽ പലപ്പോഴും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ തകർന്നുപോയ ബന്ധങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നില്ല.
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് ദൈവം പറയുന്നത് കല്ലിലും മണ്ണിലും കൊത്തിവച്ചിരിക്കുന്ന അന്യമതസ്ഥരായ ദൈവങ്ങളുടെ പുറകെ പോകരുതെന്ന അർത്ഥത്തിൽ മാത്രമല്ല. മറിച്ച് മാനുഷികമായ ഒരു ബന്ധങ്ങളെയും പരിധിയിൽ കൂടുതൽ സ്‌നേഹിക്കരുതെന്നും ആ ബന്ധങ്ങളിൽ കുടുങ്ങിക്കിടക്കരുതെന്നുമുള്ള അർത്ഥത്തിൽ കൂടിയാണ്.
ദൈവത്തെക്കാൾ കൂടുതൽ നാം ആരെയെല്ലാം സ്‌നേഹിച്ചോ, വിശ്വസിച്ചോ ആ ബന്ധങ്ങളെല്ലാം തകർക്കപ്പെടും. ആരെയാണോ നാം ദൈവത്തെപോലെയോ ദൈവത്തെക്കാളുമോ സ്‌നേഹിച്ചത് അവരെല്ലാം നമ്മെ വേദനിപ്പിക്കും.. ആരാധനയ്ക്ക് അർപ്പിക്കുന്ന യാഗദ്രവ്യം പോലെ നാം കൊണ്ടുവന്നിരുന്ന സ്‌നേഹത്തെ അവർ തെല്ലും വിലയില്ലാതെ വലിച്ചെറിയും.. നമ്മുടെ കണ്ണീരിനെ അവർ പച്ചവെള്ളമെന്ന് വിളിക്കും. ചോര കിനിയുന്ന ചങ്കിനെ അബ്‌നോർമ്മലെന്ന് പുച്ഛിക്കും..
ലൗകികമോഹങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മുക്തരായി സന്യാസത്തിന്റെ മലകൾ കയറുന്ന വൈരാഗികളോട് എന്നും ആദരവുണ്ടായിരുന്നു.. ലോകമോ അതിലെ സുഖങ്ങളോ അന്വേഷിക്കാതെ അവർ അതിന് മീതെ നില്ക്കുന്ന എന്തിനെയോ ആണല്ലോ അന്വേഷിക്കുന്നത്? അതുകൊണ്ടായിരിക്കാം അവർക്കൊന്നിനോടും മമതകളില്ലാത്തതും ഒരു ബന്ധങ്ങളുടെയും പേരിൽ കണ്ണീർ പൊഴിക്കാത്തതും.
എല്ലാ ബന്ധങ്ങളും തകരുന്ന ഇക്കാലത്തും ദൈവമേ നീ മാത്രമേ എന്നെ വിട്ടുപോകാത്ത ഏകബന്ധുവെന്ന് ഞാൻ എപ്പോഴും ഓർമ്മി്ക്കുന്നുണ്ട്. കാരണം പുതിയ തിരിച്ചറിവുകളുടെ വെളിച്ചത്തിൽ നിന്നോട് കൂറെക്കൂടി ബന്ധുത്വം കൂടണമെന്ന് എനിക്കാഗ്രഹമുണ്ട്..
പക്ഷേ എന്നിട്ടും നിന്നോട് ബന്ധുത്വം ചേരാൻ കഴിയാത്തവിധം ഞാൻ അകന്നുപോകുന്നത് നിന്റെ കുഴപ്പം കൊണ്ടല്ല എന്റെ ന്യൂനതകൾ കൊണ്ടാണ്. എന്നിട്ടും എനിക്കറിയാം എന്റെ എല്ലാ കുറവുകളോടും കൂടി കൂട്ടുകൂടാൻ, എന്നെ തോളത്ത് കൈയിട്ട് നടക്കാനും എന്നെ ഒറ്റയ്ക്കാക്കി പോകാതിരിക്കാനും നീ മാത്രമേയുള്ളൂവെന്ന്.. മറ്റെല്ലാവരും പൊയ്‌ക്കൊള്ളട്ടെ.. ദൈവമേ നീ മാത്രം മതിയെനിക്ക് ഇന്നും എന്നും എപ്പോഴും..
വിനായക് നിർമ്മൽ