ആ വലയിൽ പെട്ടവരാരും അത് പൊട്ടിച്ചു പുറത്തേക്ക് പോയിട്ടില്ല. പോകാൻ കഴിയാത്ത വിധം ആകർഷണത്തിന്റെ മാസ്മരികത ആ വലയ്‌ക്കേറെയുണ്ട് എന്നതാണ് യാഥാർത്ഥ്യവും. ഇന്റർനെറ്റ് എന്ന വലയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്റർനെറ്റിനെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ കഴിയാത്തവിധമാണ് അത് നമ്മുടെ ജീവിതത്തിൽ സ്വാധീനം വരുത്തിയിരിക്കുന്നത്. പക്ഷേ അമിതമായ ഇന്റർനെറ്റ് ഉപയോഗം നമ്മുടെ ജീവിതത്തിൽ വരുത്തുന്ന വിപരീത ഫലങ്ങളെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?
അടുത്തയിടെ മോസ്‌ക്കോയിൽ നടത്തിയ ഒരു പഠനം പറയുന്നത് ഇന്റർനെറ്റ് ഉപയോഗം ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് കൗമാരക്കാരെയാണ് എന്നാണ്. ഗുരുതരവും വളരെ യാഥാർത്ഥ്യവുമായ പ്രശ്‌നമായിട്ടാണ് ഇതിനെ ഗവേഷകർ വിലയിരുത്തുന്നത. 14 നും 19 നും ഇടയിൽ പ്രായമുള്ളവരിലാണ് കാസാൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ഈ പഠനം നടത്തിയത്. ഇതിൽ ഭൂരിപക്ഷവും ഇന്റർനെറ്റിന് അഡിക്റ്റഡായി മാറിയിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത.
യഥാർത്ഥ ജീവിതത്തിന് പകരമായി വെർച്വൽ ലോകത്തെ ഇവർ പുന:പ്രതിഷ്ഠിച്ചിരിക്കുന്നു. സമീപത്തുള്ള ബന്ധങ്ങളിൽ സന്തോഷിക്കുകയോ അത് നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പകരമായി സോഷ്യൽ മീഡിയായിലുള്ള വെർച്വൽ ലോകത്തോടാണ് ഇവർ ആഭിമുഖ്യം പുലർത്തുന്നത്. ഗവേഷണത്തെ ആസ്പദമാക്കി പുസ്തകം തയ്യാറാക്കിയ റെഗീന സാക്ക്ഹ്വീവ പറയുന്നു. യുവജനങ്ങളുടെ ഇത്തരമൊരു അടിമത്തത്തെക്കുറിച്ച് സമൂഹം ബോധവാന്മാരാകണം. അതോടൊപ്പം ഇതിൽ നിന്ന് മോചനം നേടുക എന്നത് വളരെ എളുപ്പമല്ല എന്നും മനസ്സിലാക്കണം. റെഗീന ഓർമ്മപ്പെടുത്തുന്നു.
വളരെ നീണ്ട യാത്രകൾക്കിടയിൽ മാത്രമല്ല മിനിമം ബസ് ചാർജ് കൊടുത്തുപോകുന്നയാത്രകളിൽ പോലും നാം കാണുന്നത് എന്താണ് ? മൊബൈലിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന യുവത്വങ്ങൾ.. ഫേസ്ബുക്കും വാട്ട്‌സാപ്പും… ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്
വീടുകളിലെ കൊച്ചുകുട്ടികൾക്ക് പോലും മൊബൈൽ വലിയ ആകർഷണമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം. അവർക്കും അറിയാം ഫേസ്ബുക്കും വാട്ട്‌സാപ്പും എന്താണെന്ന്.. മധ്യവയസ്‌ക്കരിലേക്ക് വരെ അതിന്റെ സ്വാധീനം നീണ്ടുവന്നിട്ടുണ്ട്. ദിവസത്തിൽ ആറു മണിക്കൂറിലേറെ സോഷ്യൽ മീഡിയായിൽ ചെലവഴിച്ച് അവയെ ശരീരത്തിന്‌റെ അവയവം പോലെ കൊണ്ടുനടക്കുന്നവരെല്ലാം സങ്കീർണ്ണമായ മാനസികപ്രശ്‌നത്തിലേക്കാണ് വഴുതിവീഴുന്നതെന്ന് മറ്റ് ചില പഠനങ്ങളും പറയുന്നു. രാത്രിയിൽ കിടന്നുറങ്ങാൻ പോകുന്നതിന് മുന്പും രാവിലെ ഉറക്കമുണർന്നെണീല്ക്കുന്‌പോഴും സോഷ്യൽ മീഡിയായിലേക്കാണ് നാം ഓടുന്നതെങ്കിൽ അവിടെയെന്തോ പ്രശ്‌നമുണ്ട്.
അമേരിക്കയിലെ ഓരോ സ്‌റ്റേറ്റിലും ഇരുനൂറിലധികം സോഷ്യൽ മീഡിയ ഡീ അഡീക്ഷൻ സെന്ററുകൾ ഉണ്ടെന്ന് പറയുമ്പോൾ ഇവ വ്യക്തിജീവിതത്തിൽ വരുത്തുന്ന ആഘാതങ്ങൾ എത്രയോ അധികമാണെന്ന് ഊഹിക്കാൻ കഴിയുമല്ലോ. മദ്യപാനത്തിൽ നിന്ന് മോചനം നേടിയെടുക്കാനുള്ള ഡീ അഡീക്ഷൻ സെന്ററുകൾ മാത്രമേ നമുക്ക് ഇതുവരെ പരിചയമുണ്ടായിരുന്നുള്ളൂ.പക്ഷേ വരും കാലങ്ങളിൽ സോഷ്യൽ മീഡിയ ഡീ അഡീക്ഷൻ സെന്ററുകളും നമ്മുടെ നാട്ടിൽ ആരംഭിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 13 വയസാണ്. 18 വയസ് വരെ നിയന്ത്രണം ആകാം എന്നും വിദഗ്ദർ പറയുന്നു. പക്ഷേ നമ്മുടെ കൊച്ചുകുട്ടികൾ പോലും ഇപ്പോൾ സോഷ്യൽ മീഡിയായിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. മൂന്നുവയസുകാരനെ മാമ്മമൂട്ടാൻ കയ്യിൽ സെൽഫോണും വീഡിയോ ഗെയിമും ഭക്ഷണം പോലെ ചില അമ്മമമാർ അനിവാര്യമാക്കിയിട്ടുണ്ട്. എല്ലാ തരം സ്‌ക്രീനുകളിൽ നിന്നും മൂന്നുവയസുവരെ കുഞ്ഞുങ്ങളെ പൂർണ്ണമായും അകറ്റിനിർത്തേണ്ടിയിരിക്കുന്നു.
സോഷ്യൽ മീഡിയായും ഇന്റർനെറ്റും അതിൽ തന്നെ നല്ലതാകുമ്പോഴും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജീവിതം കൈവിട്ടുപോകുമെന്ന് നാം തിരിച്ചറിയണം. നഷ്ടപ്പെട്ടുപോകുന്ന ഈ ജീവിതങ്ങൾക്ക് വില കൊടുക്കേണ്ടി വരും.. പരസ്യങ്ങളിൽ പറയുന്നതുപോലെ വലിയ വില.