അടുത്ത ഒരു ബന്ധുവിന്റെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുടുംബകോടതിയിലെ ചില ഉദ്യോഗസ്ഥരുമായി സംസാരിച്ചത് ഓർക്കുന്നു. അന്ന് എംഎയ്ക്ക് പഠിക്കുന്ന സമയമാണ്. കോട്ടയം കളക്ട്രേറ്റിലായിരുന്നു അന്ന് ആ ഡിപ്പാർട്ട്മെന്റ്.
ജീവിതപങ്കാളിയുമായുള്ള പ്രശ്നങ്ങൾ ബന്ധു പറഞ്ഞുകഴിഞ്ഞപ്പോൾ കൂടുതൽ ചോദിച്ചറിയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യം വർഷമിത്ര കഴിഞ്ഞിട്ടും കാതുകളിൽ നിന്ന് മാഞ്ഞുപോയിട്ടില്ല, മനസ്സിൽ നിന്നും. ആ ചോദ്യം ഇതായിരുന്നു. ‘നിങ്ങളുടെ ലൈംഗികജീവിതം എങ്ങനെ?’
ബന്ധു പെട്ടൊന്നൊരു നിമിഷം നിശ്ശബ്ദതയിലായി. അസ്വസ്ഥകരമായ മൗനം അവിടെ നിറഞ്ഞു. പ്രായത്തിൽ വളരെ അന്തരമുള്ള എന്റെ മുമ്പിൽ വച്ച് അത്തരമൊരു ചോദ്യം ബന്ധു പ്രതീക്ഷിച്ചിരുന്നില്ല;. ഞാനും കാര്യങ്ങൾ ചോദിച്ചറിയുന്നതിന്റെയും പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തുന്നതിന്റെയും ഭാഗമായിട്ടായിരുന്നു ആ ചോദ്യം എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്, വൃത്തിയുള്ള വസ്ത്രത്തിൽ മാലിന്യം കലർന്നതുപോലെ ആദ്യമെനിക്ക് അത് അനുഭവപ്പെട്ടിരുന്നുവെങ്കിലും. ബന്ധുവിന് മനസ്സ് തുറക്കാൻ അവസരം കൊടുത്തുകൊണ്ട് പെട്ടെന്ന് ഞാൻ അവിടെ നിന്ന് എണീറ്റുപോയി. അപ്പോൾ തൊട്ടുപുറകിൽ നിന്ന് ബന്ധുവിന്റെ അടക്കിനിർത്തിയ മറുപടി കേട്ടു. ‘ഇല്ല, ഞങ്ങൾക്കിടയിൽ വർഷങ്ങളായി അങ്ങനെയൊന്ന് സംഭവിച്ചിട്ട്.’
പിന്നീട് ഓരോ ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ച് കേൾക്കുമ്പോഴും മുഖം ഓർമ്മയിൽ ഇല്ലാത്ത ആ ഉദ്യോഗസ്ഥന്റെ ചോദ്യം മനസ്സിലേക്ക് കടന്നുവരും. നിങ്ങളുടെ ലൈംഗികജീവിതം എങ്ങനെ? ദാമ്പത്യബന്ധത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളുടെയും മൂലകാരണം സെക്സ് ആണെന്ന് ചില പഠനങ്ങളും മനശ്ശാസ്ത്രജ്ഞരും പറയുന്നത്. എന്നാൽ പുറമേയ്ക്ക് ഇക്കാര്യത്തിൽ ആരും ബോധവാന്മാരുമല്ല. ഭാര്യഭർത്താക്കന്മാർ തമ്മിൽ ലൈംഗികതയുടെ കാര്യത്തിൽ അഭിപ്രായഭിന്നതയോ കുറവോ അനുഭവപ്പെടുമ്പോൾ ക്രമേണ അത് കുടുംബജീവിതത്തെ പ്രതികൂലമാക്കുന്നു. ഇണയിൽ നിന്ന് ആഗ്രഹിക്കുന്ന വിധത്തിൽ സെക്സ് കിട്ടാതെവരുന്നത് ഉള്ളിൽ അടിച്ചമർത്തപ്പെട്ട വികാരമായി കെട്ടിക്കിടക്കുകയും അനുകൂലസാഹചര്യങ്ങളിൽ കോപമായും പൊട്ടിത്തെറിയായും മുറിപ്പെടുത്തലായും പുറത്തേക്ക് വരികയും ചെയ്യുന്നു. ബന്ധങ്ങളിൽ സെക്സ് സംഭവിക്കാതെ വരുമ്പോൾ ആഗ്രഹിക്കുന്ന വ്യക്തികളിൽ മാനസികമായ സമ്മർദ്ദം സൃഷ്ടിക്കും. ക്രമേണ കുടുംബത്തിന്റെ ശാന്തത ഭഞ്ജിക്കപ്പെടുന്നു. ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ മക്കളുടെ ഇടയിലേക്ക് വ്യാപിക്കുന്നു. തുടർന്ന് മക്കളെയും അവ മാനസികമായി ബാധിക്കുന്നു. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹരാഹിത്യങ്ങൾ കണ്ടുവളരുന്ന മക്കൾക്കും സ്നേഹിക്കാനുള്ള കഴിവാണ് നഷ്ടപ്പെടുന്നത്.
പലരുടെയും ധാരണ കുടുംബജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടം വരെ മാത്രമേ സെക്സ് ആവശ്യമുള്ളൂ എന്നാണ്. മക്കളുണ്ടാവുകയും അവർ വളർന്നുവലുതാകുകയും ചെയ്യുന്നതോടെ അന്തിയുറക്കം പോലും രണ്ടുമുറികളിലേക്ക് മാറ്റുന്ന ചില ദമ്പതികളെ കണ്ടിട്ടുണ്ട്. അവയവങ്ങളുമായി ബന്ധപ്പെട്ട് മാത്രം ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണയാണത്. മക്കളെ ജനിപ്പിക്കുക മാത്രമല്ല ദാമ്പത്യത്തിലെ ലൈംഗികതയുടെ ലക്ഷ്യം. മക്കൾ ദാമ്പത്യത്തിലെ ബോണസ് മാത്രമാണ്. കുട്ടികളില്ലാത്ത എത്രയോ ദമ്പതിമാർ സന്തോഷത്തോടെ ജീവിക്കുന്ന ഭൂമി കൂടിയാണ് ഇത്.
ആദിപാപം എന്നത് ലൈംഗികതയാണെന്നാണ് ബൈബിൾ വിശദീകരിക്കുന്നതെന്ന തെറ്റുദ്ധാരണ പല ക്രൈസ്തവർക്കുമുണ്ട്. എന്നാൽ മറ്റ് മതവിശ്വാസങ്ങളിൽ അത്രയും ടാബൂസ് ഈ വിഷയത്തിൽ പുലർത്തുന്നുമില്ല. പക്ഷേ സെക്സ് പാപമാണെന്ന് ബൈബിൾ ഒരിക്കലും പറയുന്നില്ല എന്നതാണ് വാസ്തവം. ആത്മനിയന്ത്രണത്തോടെ ജീവിക്കാൻ സാധിക്കുമെങ്കിൽ പുരുഷനും സ്ത്രീക്കും ഏകസ്ഥരായി കഴിയാമെന്ന് ഒരിടത്തും, നിശ്ചിതകാലത്തേക്ക് പ്രാർത്ഥനയ്ക്കോ പരിത്യാഗപ്രവർത്തികൾക്കോ വേണ്ടിയല്ലാതെയോ സ്നേഹപൂർവ്വമായ രതിയിൽ നിന്ന് മാറിനില്ക്കരുതെന്നും അങ്ങനെ ചെയ്താൽ സംഭവിക്കുന്നത് വഴിതെറ്റലാണെന്നും വേറൊരിടത്തും ഓർമ്മപ്പെടുത്തുന്ന ഒരു പുസ്തകം കൂടിയാണ് ബൈബിൾ.
ദമ്പതികൾ തമ്മിലുള്ള ശാരീരികമായ വേഴ്ചകളുടെ അഭാവം പലവിധ കാരണങ്ങൾ കൊണ്ട് സംഭവിക്കാം. പ്രസവം കഴിയുന്നതോടെ പല സ്ത്രീകളുടെയും ലോകം കുഞ്ഞിലേക്ക് മാത്രമായി ഒതുങ്ങുന്നതാണ് അതിലൊന്ന്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ലെന്ന് തോന്നുന്നു. കുഞ്ഞുണ്ടാകുന്നതോടെ ഭാര്യമാർ ഭർത്താവിൽ നിന്ന് അകന്നുപോകുന്നതായ പല വ്യക്ത്യനുഭവങ്ങളും കേൾക്കാൻ ഇടയായിട്ടുള്ളതുകൊണ്ടാണ് ഇപ്രകാരമെഴുതിയത്. താൻ ഒരു അമ്മ മാത്രമാണെന്ന ചിന്ത തലയിൽകയറുന്നതോടെ താനൊരു ഭാര്യ കൂടിയാണെന്ന് അവൾ മറന്നുതുടങ്ങുന്നു. ഫലമോ ഭർത്താവിന് ഭക്ഷണം തയ്യാറാക്കുന്നതിലും വസ്ത്രം അലക്കുന്നതിലും തുണി ഇസ്തിരിയിടാനും മാത്രമായി അവളുടെ ജീവിതം മാറുന്നു. ലൈംഗികതാല്പര്യത്തോടെ തന്നെ സമീപിക്കുന്ന ഭർത്താവിനെ, ‘കുഞ്ഞ് അറിയും, കുഞ്ഞ് ഉണരും’ എന്നെല്ലാം പറഞ്ഞ് അവൾ ഒഴിവാക്കുകയും ചെയ്യുന്നു. ആഗ്രഹിച്ചിട്ടും കിട്ടാതെ വരുന്നതിലെ ഈ കുറവ് ഭർത്താവിന്റെ ജീവിതത്തെ ദോഷകരമാക്കാറുണ്ട്.
ഇനി മറ്റൊരു വശം. ജോലിയിലെ സമ്മർദ്ദങ്ങളും തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകളും സാമ്പത്തികപ്രശ്നങ്ങളും ഭർത്താവിനെയും സെക്സിൽ നിന്ന് അകറ്റിനിർത്താം. ഭാര്യ ആഗ്രഹിക്കുമ്പോൾ സെക്സ് നല്കാൻ കഴിയാതെ വരുന്ന ഭർത്താക്കന്മാരുമുണ്ട്. സ്ത്രീ ഭർത്താവിന്റെ സ്നേഹം തിരിച്ചറിയുന്നത് അയാൾ തന്നെ പരിഗണിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിലൂടെയാണ്. ആ പരിഗണനയുടെ ബാഹ്യരൂപങ്ങളിലൊന്നാണ് ശരീരത്തെയും ലൈംഗികതയെയും അയാൾ പരിഗണിക്കുന്നതും. ഭർത്താവ് /മക്കൾ/ വീട് എന്ന രീതിയിൽ ലോകം പരിമിതപ്പെട്ടുകഴിയുന്ന എത്രയോ സ്ത്രീകളുണ്ട് നമ്മുടെ സമൂഹത്തിൽ. മറ്റ് യാതൊരു ആക്ടിവിറ്റിയിലും അവർ ഏർപ്പെടുന്നില്ല. അത്തരം വീട്ടമ്മമാർ തങ്ങൾ സ്നേഹിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നു എന്ന് തിരിച്ചറിയുന്നത് തന്നെ അയാൾ നല്കുന്ന സെക്സിലൂടെയാണ്. അത് കിട്ടാതെ വരുന്നത് അവളിലും നെഗറ്റീവായ ഫലങ്ങൾ ഉളവാക്കും.
മദ്യപാനം, പുകവലി, വൃത്തിക്കുറവ്, ശാരീരികദുർഗന്ധം, ഇന്റർനെറ്റ് അഡിക്ഷൻ, പോണോഗ്രഫി, ശാരീരിരരോഗം, വിഷാദം തുടങ്ങിയവും സ്വഭാവികമായ രതിയുടെ സന്തോഷങ്ങളെ അപഹരിക്കുന്നവയാണ്. ഇതിൽ ഏതാണ് ദമ്പതികളുടെ സെക്സിനെ അകറ്റിനിർത്തുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നത് എന്ന് കെട്ടുറപ്പുള്ള ദാമ്പത്യത്തിലെ തുറന്നചർച്ചകൾ കൊണ്ട് മനസ്സിലാക്കിയെടുക്കാവുന്നതും പരിഹരിക്കാവുന്നതുമായ വിഷയമാണ്.
ഒരു രതിയും ഒരാളുടെ മാത്രം ഇഷ്ടം കണക്കിലെടുത്തുകൊണ്ടുള്ളതാകരുത് . അത് ശ്രദ്ധിക്കേണ്ട കാര്യം തന്നെ. സെക്സ് ഒരു നേർച്ചനിറവേറ്റൽ പോലെ ഉദാസീനമാകരുത്. മനസ്സും ശരീരവും കൊടുക്കുമ്പോഴും വാങ്ങുമ്പോഴുമേ ഇരുവർക്കും ആസ്വാദ്യകരമാകുകയുളളൂ. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാകണം സെക്സ്.
വിവാഹജീവിതത്തിന്റെ തുടക്കത്തിലെ സെക്സ് അറിയാനുള്ള ആഗ്രഹത്തിന്റെ ലോകമാണ് തുറക്കുന്നതെങ്കിൽ, അവിടെ വിജയിക്കണമെന്നും കരുത്ത്തെളിയിക്കണമെന്നുമുള്ള മിഥ്യാധാരണകളാണ് പുരുഷനെ ഭരിക്കുന്നതെങ്കിൽ കാലം കഴിയും തോറും അവന്റെ മനോഭാവത്തിൽ മാറ്റം വരുന്നുണ്ട്, സന്തോഷം ലഭിക്കണമെന്ന ചിന്തയ്ക്ക് പകരം സന്തോഷം നല്കണമെന്ന ചിന്തയിലേക്ക് അവൻ മാറുന്നു. ലജ്ജ കൊണ്ടും ഭയം കൊണ്ടും പാപബോധം എന്ന കുരുക്കു കൊണ്ടും മാറ്റിനിർത്തിയിരുന്ന പലതും അവൾക്കും പരിചയസമ്പത്തുകൊണ്ട് സന്തോഷകരമായി മാറുന്നു. വർഷങ്ങൾ കൊണ്ട് പരസ്പരം മനസ്സിലാക്കുമ്പോഴും സ്നേഹിക്കുമ്പോഴും സംഭവിക്കുന്ന രൂപാന്തരീകരണമാണ് അവിടെ ഇരുവർക്കുമിടയിലുണ്ടാകുന്നത്. ലൈംഗികജീവിതത്തിന്റെ തുടക്കത്തിലെ അജ്ഞതകളും ആകുലതകളും ടെൻഷനുകളും മാറി സെക്സ് ഭാരമില്ലാത്ത അനുഭവത്തിലേക്ക് ഉയരുന്നത് വിവാഹജീവിതം വർഷങ്ങൾ പിന്നിടുമ്പോഴാണ്.
ദമ്പതികൾ ഏതു പ്രായത്തിലും പരസ്യമായി കൂടി തങ്ങൾക്കുള്ളസ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നവരായിരിക്കണം. മക്കളുടെ മുമ്പിൽ വച്ച് ഒന്ന് കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും വരെ മടിക്കുന്ന ദമ്പതികളുണ്ട്. സെക്സിനെക്കുറിച്ചുള്ള അജ്ഞതയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ചെറുപ്രായം തൊട്ടേ മാതാപിതാക്കൾ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കണ്ടുവളരുന്ന മക്കൾ മുതിർന്നുവരുമ്പോൾ ആരോഗ്യപരമായ ലൈംഗികശീലത്തിലേക്ക്കൂടിയാണ് നടന്നുവരുന്നത്. അത്തരക്കാർ ഒരിക്കലും എതിർലിംഗത്തെ ഭോഗപരതയ്ക്കുള്ള ഉപകരണം മാത്രമായി കാണില്ല.
പുതിയ ചില പഠനങ്ങൾ പറയുന്നത് ദമ്പതികൾ തമ്മിൽ ഒന്ന് കെട്ടിപ്പിടിച്ചാൽ തീരുന്നതാണ് അവർക്കിടയിലെ ഒട്ടുമിക്ക പ്രശ്നങ്ങളുമെന്നാണ്. ദമ്പതികൾ തമ്മിൽ വിയോജിപ്പുകളും അതിൽ നിന്നുണ്ടാകുന്ന വഴക്കുകൂടലുകളും സ്വഭാവികമാണ്. പക്ഷേ അതിന് ശേഷമുള്ളതാണ് പ്രധാനപ്പെട്ട കാര്യം. പിണങ്ങിയിരിക്കാതെ പങ്കാളിയെ ഒന്ന് കെട്ടിപിടിക്കുക, സ്പർശിക്കുക, ഒരു ചുംബനം കൊടുക്കുക. അതോടെ നാളെ വലുതായി തീരുമായിരുന്ന പല പ്രശ്നങ്ങളും മഞ്ഞുപോലെ ഉരുകുന്നത് കാണാമെന്നാണ് വിദഗ്ദർ പറയുന്നത്. അതിരുകടന്ന പാപബോധവും മതവിശ്വാസങ്ങളും ചേർന്ന് ചിലപ്പോഴെങ്കിലും ചിലർ സെക്സിനെ രണ്ടാം നിരയിലേക്ക് മാറ്റിനിർത്തുന്നതായി കണ്ടുവരാറുണ്ട്. അങ്ങനെയൊരു വാക്കുപോലും ഉറക്കെ ഉച്ചരിക്കാൻ മടിക്കുന്നവരുമുണ്ട് . പക്ഷേ അത്രയ്ക്ക് പതിത്വം കല്പിച്ച് മാറ്റിനിർത്തേണ്ടതൊന്നുമല്ല സെക്സ്. സെക്സ് ഉദാത്തമാകുന്നത് അതിൽ സ്നേഹം കലരുമ്പോഴാണ്. സ്നേഹമില്ലാത്ത രതിയാണ് കൊലപാതകമോ ലൈംഗികപീഡനമോ ആകുന്നത്.
വിനായക് നിർമ്മൽ