ആദ്യമേ തന്നെ പറയട്ടെ ജോസഫ് ഞാന്‍ കരുതിയ ആളേ അല്ല. ജീവിതംകൊണ്ട് മുറിവേറ്റ് ആത്മസംഘര്‍ഷങ്ങളുടെ മാറാപ്പും പേറി അലഞ്ഞുതിരിയുന്ന ഒരു റിട്ടയേര്‍ഡ് പോലീസുദോഗ്യസ്ഥന്‍ എന്നായിരുന്നു തീയറ്ററിലെത്തുംവരെ ജോസഫിനെക്കുറിച്ച് കരുതിയിരുന്നത്. പക്ഷേ ആദ്യത്തെ പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ടുതന്നെ മനസ്സിലായി ആള് വേറെ ലെവലാണെന്ന്. ഒരു കൊലപാതകം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉന്നത പോലീസുദ്യോഗസ്ഥരെയൊക്കെ വെറും കാഴ്ചക്കാരായി നിര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിച്ചുകൊടുത്ത് തന്റെ കഴിവും സാമര്‍ത്ഥ്യവും കൊണ്ട് കേരളപോലീസിന് പേരു നേടികൊടുക്കുന്ന മഹാനാണ് അദ്ദേഹം. കൊലപാതകവിവരം അറിഞ്ഞെത്തിയ പോലീസ് അധികാരികള്‍ ഇന്‍ക്വസ്റ്റ് പോലും തയ്യാറാക്കാതെ കാത്തുനില്ക്കുന്നത് ജോസഫിനെക്കൊണ്ട് അത് തയ്യാറാക്കാന്‍. നായകന്റെ ബുദ്ധിയും വീരസ്യവും തെളിയിക്കാന്‍ കുറച്ചൊക്കെ വേണമെങ്കിലും ഇതൊക്കെ ഇത്തിരി ഓവറായിപ്പോയില്ലേയെന്ന് ഒരു സംശയം. മറ്റ് പോലീസുദ്യോഗസ്ഥര്‍ക്ക് തോന്നുന്ന ഈര്‍ഷ്യ സ്വഭാവികം മാത്രം. സാഹചര്യത്തെളിവുകള്‍ വച്ച് പ്രതിയെ കണ്ടുപിടിക്കുന്ന ഈ ബുദ്ധി ഒരുപക്ഷേ നമ്മുടെ പഴയ ഷെര്‍ലക്ക് ഹോംസിന് മാത്രമേ കാണൂ. പിന്നീട് തന്റെ ഭാര്യ( മുന്‍ഭാര്യ) യുടെ അപകടവിവരം, മരണം തുടങ്ങിയവയിലൂടെ ജോസഫിന്‍റെ ഫഌഷ്ബായ്ക്ക് അനാവരണം ചെയ്യപ്പെടുന്നു. താനൊരിക്കല്‍ പ്രാപിച്ച കാമുകിയുടെ അഴുകിത്തുടങ്ങിയ ശരീരം ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതില്‍ തുടങ്ങുന്ന ജോസഫിന്റെ മാനസികമായ താളം തെറ്റല്‍ കുടുംബജീവിതത്തെ തകരാറിലാക്കുന്നു. അസാമാന്യമായ കയ്യടക്കത്തോടും ഭാവതീവ്രതയോടും കൂടിയാണ് ജോജു ആ രംഗങ്ങളൊക്കെ ചെയ്തിരിക്കുന്നത്. ഭാര്യയെ പ്രാപിക്കാന്‍തുടങ്ങുമ്പോഴെല്ലാം അഴുകിത്തുടങ്ങിയ ആ ഉടലിന്റെ ഓര്‍മ്മ അയാളെ തളര്‍ത്തിക്കളയുന്നു.
എന്തൊരു ഭീകരമായ ആഘാതമായിരിക്കും അത്. എന്നാല്‍ സ്റ്റെല്ലയോട് തുറന്നുപറഞ്ഞാല്‍ തീരാവുന്നതോ പരിഹരിക്കാവുന്നതോ ആയ പ്രശ്‌നമേയുണ്ടായിരുന്നുള്ളൂ. പക്ഷേ അയാള്‍ക്ക് അത് പറയാന്‍ കഴിയുന്നില്ല. ഭര്‍ത്താവിന്റെ മാനസികമായ അവഗണനയെ തെറ്റിദ്ധരിച്ച്, അതിനെ പീഡനമെന്ന് പേരിട്ട് സഹിക്കാനാവാതെ പിണങ്ങിപ്പോകുന്ന സ്റ്റെല്ല രണ്ടുവര്‍ഷത്തിന് ശേഷം മറ്റൊരാളുടെ ഭാര്യയാകുന്നു, മകളെ പോലും അയാളുടെ ആഗ്രഹപ്രകാരം ജോസഫിന് നല്കിക്കൊണ്ട്. പിന്നെ മകളുമൊത്ത് ജീവിക്കുമ്പോള്‍ മകളുടെ അപകടമരണം, വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റെല്ലയുടെ മരണം. ഭാര്യയുടെ അപകടമരണം സ്വഭാവികമല്ലെന്നും അതൊരു കൊലപാതകമാണെന്നും ജോസഫ് കണ്ടെത്തുന്നിടത്താണ് ആദ്യഭാഗം പൂര്‍ത്തിയാകുന്നത്. അതുവരെ ജോസഫിന്റെ വൈകാരികതീവ്രതയ്ക്കും മാനസികസംഘര്‍ഷങ്ങള്‍ക്കുമാണ് ശ്രദ്ധ നല്്കിയിരുന്നതെങ്കില്‍ തുടര്‍ന്നുള്ള ഭാഗം മറ്റ് ചിലവിഷയങ്ങളിലേക്കാണ് തിരിയുന്നത്.
വ്യക്തിസംഘര്‍ഷങ്ങളില്‍ നിന്ന് സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് ചിത്രം തിരിയുന്നതോടെ ആദ്യഭാഗത്തുണ്ടാകുന്ന വൈകാരികതീവ്രത പ്രേക്ഷകന് നഷ്ടമാകുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അവയവദാനക്കച്ചവടം യാഥാര്‍ത്ഥ്യമാണെങ്കിലും അത് തെളിയിക്കാന്‍ ജോസഫ് നടത്തുന്ന ശ്രമങ്ങള്‍ അത്രമേല്‍ യുക്തിസഹമായി പ്രേക്ഷകന് തോന്നുന്നില്ല. ഉദാഹരണം ജോസഫിന്റെ ആത്മഹത്യാശ്രമം. തന്റെ അന്വേഷണത്തിന്റെ പിന്നിലെ സത്യം കണ്ടെത്താന്‍ വേണ്ടിയായിരുന്നുഅയാളത് ചെയ്തത് എന്നുവരുമ്പോള്‍ അതിനെ ഖണ്ഡിക്കാന്‍ പ്രേക്ഷകന് പലതരം ചോദ്യങ്ങളുമുണ്ടാവും.സിനിമയാണ് എന്ന രീതിയില്‍ ചിത്രത്തെ ചോദ്യം ചെയ്യാതെ വിട്ടുകളയാന്‍ മാത്രം മാറിയ സിനിമാസങ്കല്പങ്ങളുടെ ഈ ലോകത്ത് പ്രേക്ഷകന്‍ ഉദാരനല്ല മറ്റൊന്ന് ജോസഫുമായി നേരിട്ട് ബന്ധമുള്ളവര്‍ -ഭാര്യ, മകള്‍, ഒടുവില്‍ ജോസഫും-മുഴുവനും അവയവയക്കച്ചവടത്തിന്റെ ഇരകളായി മാറുന്നതാണ്. ജോസഫിന്റെ ആത്മസംഘര്‍ഷങ്ങളില്‍ നിന്നും കല്ലുകള്‍ പിളരുന്ന നെടുവീര്‍പ്പുകളില്‍ നിന്നും അവയവക്കച്ചവടത്തിന്റെ ഉള്ളറകളിലേക്ക് ചിത്രം കടക്കുമ്പോള്‍ പ്രേക്ഷന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. ചിത്രം പറയാന്‍ ഉദ്ദേശിച്ചത് എന്തായിരുന്നു?എന്തിന് വേണ്ടിയായിരുന്നു ചിത്രം?മോരും മുതിരയും പോലെ വേര്‍പ്പെട്ടുകിടക്കുകയാണ് ജോസഫ് എന്ന ചിത്രം, പാലും വെള്ളവും പോലെ ടാഗ് ലൈന്‍ അനുസരിച്ച് ചേര്ന്നുകിടക്കേണ്ടതായിരുന്നി ട്ടും. അവിടെയാണ് മറ്റെന്തോ പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകനെ ജോസഫ് നിരാശപ്പെടുത്തുന്നത്. അല്ലാതെ ജോജുവോ പത്മകുമാറോ അല്ല. ജോജു അസാമാന്യമായ പെര്‍ഫോമന്‍സും പത്മകുമാര്‍ മുന്‍ ചിത്രങ്ങളിലേതുപോലെ( വാസ്തവം, ശിക്കാര്‍) സംവിധാനപ്രതിഭയും പ്രകടമാക്കിയിട്ടുണ്ട്. തിരക്കഥാകൃത്തിന്റെ കയ്യൊപ്പും ഈ ചിത്രത്തിന് മീതെ പതിഞ്ഞിട്ടുണ്ട്. നല്ല ഗാനങ്ങളും വ്യത്യസ്തമായ ഒരു ഫീല്‍ ചിത്രത്തിന് നല്കുന്നുണ്ട്.
ചിത്രം കണ്ട് പുറത്തിറങ്ങിക്കഴിയുമ്പോള്‍ ജോസഫിനൊപ്പം ധ്യാനിച്ചുപോകുന്ന മറ്റ് ചില കഥാപാത്രങ്ങളുമുണ്ട്, രണ്ടു ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിതം കുടുങ്ങിപ്പോയ സ്‌റ്റെല്ല. അവളുടെ ഉളളില്‍ ഇപ്പോഴും ജോസഫ് നിത്യഹരിതമായി നില്ക്കുന്നുണ്ടെന്ന സൂചനകള്‍ പലയിടങ്ങളിലും വ്യക്തം. തന്റെ ഭാര്യയായിരുന്നിട്ടും അവളുടെ എല്ലാകാര്യങ്ങളും മുന്‍ഭര്‍ത്താവായ ജോസഫിനോടും കൂടി ചോദിച്ചും സംസാരിച്ചും തീരുമാനമെടുക്കുന്ന നിസ്സഹായനായ രണ്ടാം ഭര്‍ത്താവായി വരുന്ന ദിലീഷ് പോത്തന്റെ കഥാപാത്രം. എത്രയോ ആഴങ്ങളുണ്ട് സ്‌റ്റെല്ലയ്ക്കും അവളുടെ രണ്ടാം ഭര്‍ത്താവിനും. അവരും ജീവിതം കൊണ്ട് മുറിവേറ്റവരാണ്. അവരുടെ കഥകൂടിയാണ് ജോസഫ്.