സാമ്പത്തികമായി അഭിവൃദ്ധിപ്പെടണോ?

Date:

spot_img

സാമ്പത്തികഭദ്രത സന്തോഷകരമായ ജീവിതത്തിന്റെ ഭാഗമാണ്. സാമ്പത്തികബാധ്യതകൾ മാത്രമല്ല സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള അറിവില്ലായ്മയും കുടുംബജീവിതത്തിൽ സന്തോഷം കെടുത്തിക്കളയുന്നുണ്ട്. സാമ്പത്തികാച്ചടക്കം പാലിക്കുന്നതിലൂടെ സാമ്പത്തികഭദ്രത കൈവരിക്കാൻ കഴിയും എന്നുമാത്രമല്ല  കുടുംബജീവിതം സമാധാനപൂരിതവുമാകും. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചു പരാമർശിക്കാം.

വരവിനെക്കാൾ കൂടുതൽ ചെലവു ചെയ്യാതിരിക്കുക

പണ്ടുകാലം മുതൽ പറഞ്ഞുപോരുന്ന ചൊല്ലാണ് ഇതെങ്കിലും ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്ത ആശയമാണ് ഇത്. വരവിനെക്കാൾ കൂടുതൽ ചെലവ്  ചെയ്യാതിരിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത്  വരവിനെക്കുറിച്ചു കൃത്യമായ ധാരണയുണ്ടായിരിക്കുക എന്നതാണ്. വരവിന് അനുസരിച്ച് ചെലവു 
ചെയ്യാൻ അത് സഹായിക്കും. അതിനായി ദൈനംദിന ചെലവുകളും വരവും  കൃത്യമായി എഴുതിസൂക്ഷിക്കുക. മാസശമ്പളക്കാരനായ ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ വരുമാനം സ്ഥിരമായിരിക്കും. പക്ഷേ ചെലവ് സ്ഥിരമായിരിക്കുകയില്ല. അതുകൊണ്ട് ചെലവുകൾ മനസ്സിലാക്കാൻ, ചെലവാക്കുന്ന രീതിയും വഴികളും കണ്ടെത്തി രേഖപ്പെടുത്തുക. മാസാവസാനം ചെലവുകളെക്കുറിച്ചു പഠിക്കുക. അതിൽ നിന്ന് ഒഴിവാക്കേണ്ടത് എന്തെങ്കിലുമുണ്ടോ അനാവശ്യമായിട്ടെന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തി അതു അടുത്തമാസം കുറയ്ക്കുക. പലർക്കും വരവുചെലവുകണക്കുകൾ എഴുതിസൂക്ഷിക്കുന്നത് മടിയുള്ള കാര്യമാണ്. ആദ്യത്തെ മടിയെ മറികടക്കാൻ സാധിച്ചാൽ ക്രമേണ സാമ്പത്തികഭദ്രത സാവധാനം കൈവരിക്കാൻ ഈ രീതി സഹായകരമായിരിക്കും.

 ക്രെഡിറ്റ് കാർഡുകൾ,  ഇഎംഐ തുടങ്ങിയവ  കഴിയുന്നത്ര  ഒഴിവാക്കുക

ബാങ്കുകൾ ഇങ്ങോട്ട് ലോൺ വേണോയെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. അതുപോലെ പേഴ്സണൽ ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ എല്ലാം നമുക്ക് ആവശ്യം പോലെ കിട്ടും. തിരിച്ചടയ്ക്കാൻ കഴിവുണ്ടോയെന്ന് മനസിലാക്കിയതിനു ശേഷം മാത്രം ലോണെടുക്കുക. അത്യാവശ്യഘട്ടങ്ങളിൽ ഉപകാരിയാണെങ്കിലും ക്രെഡിറ്റ്കാർഡ് ഉപയോഗം സൂക്ഷിച്ചും വിവേകത്തോടും കൂടി ചെയ്യാൻ ശ്രമിക്കുക. പർച്ചേയ്സിംങ് സുഗമമാണെങ്കിലും ബാങ്ക് പറയുന്ന സമയപരിധി പാലിക്കാൻ സാധിച്ചില്ലെങ്കിൽ കാര്യങ്ങൾ നമ്മുടെ കൈപ്പിടിയിൽ നിന്നുവിട്ടുപോകും എന്ന് മനസ്സിലാക്കുക. ഇഎംഐ കൂടാതെ ഒരു ശരാശരി മലയാളിക്ക് വാഹനവും വീടും സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യമാണുളളത്. പക്ഷേ താങ്ങാൻ കഴിയാത്ത ഇഎംഐ എടുത്തുതലയിൽ വയ്ക്കരുത്. ഉള്ള സ്വസ്ഥത പോകും.

കടം കൊടുക്കുന്നതും  വാങ്ങുന്നതും കഴിയുന്നത്ര  ഒഴിവാക്കുക

അത്യാവശ്യഘട്ടങ്ങളിൽ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങുന്നവരാണ്  പലരും. എന്നാൽ വാങ്ങുന്ന ആവേശം തിരികെ കൊടുക്കുന്ന കാര്യത്തിൽ കാണുകയില്ല. ഇതു ബന്ധങ്ങൾക്കു ക്ഷതംവരുത്തും. മനസ്സമാധാനവും കെടുത്തും. കടംവാങ്ങിയ പണം കൃത്യസമയത്ത് അവധിക്കു കൊടുത്തുതീർക്കാൻ ശ്രമിക്കുക. കടത്തിൽ ചെന്നുചാടാൻ എളുപ്പമാണ്. പറഞ്ഞ സമയത്ത് തിരികെ കൊടുക്കാൻ കഴിയാതെവരുമ്പോഴാണ് സുഹൃത്തിന്റെ യഥാർത്ഥമുഖം തിരിച്ചറിയാൻ കഴിയുന്നത്.

ആഡംബരങ്ങളിൽ നിന്ന് അകന്നുനില്ക്കുക

അയൽക്കാരൻ ജീവിക്കുന്നതുപോലെ ജീവിക്കാൻ മത്സരിക്കുന്നവരാണ് പലരും.  ഫലമോ പല തരത്തിലുള്ള അപകടങ്ങളിൽ ചെന്നുചാടുകയും ചെയ്യും  ആഡംബരജീവിതത്തിനുവേണ്ടി ചെയ്തുകൂട്ടുന്നവ പലതും നമ്മെ കടക്കാരാക്കും, സാമ്പത്തികഭദ്രത നഷ്ടപ്പെടുത്തുകയും ചെയ്യും. ഉള്ള വരുമാനമനുസരിച്ച് അന്തസോടെ ജീവിക്കുന്നതാണ് നല്ലത്. കാണുന്ന മാത്രയിൽ നമുക്ക് പലതും ആകർഷകത്വം തോന്നും. പുതിയ ഡ്രസ്, ആഭരണം, വാഹനം, വീട്… പക്ഷേ അവയ്ക്കെല്ലാം വേണ്ടി ചെലവഴിക്കാനുള്ള തുക സ്വന്തം വരുമാനമായി പോക്കറ്റിലുണ്ടോയെന്ന് തീരുമാനിക്കുക. അതിനുശേഷം മാത്രം മതി അവയുടെ പുറകെയുള്ള പാച്ചിൽ. മറ്റുള്ളവരുടെ പോക്കറ്റിലുള്ള പണം കണ്ട് ആഡംബരജീവിതം കൊതിക്കാതിരിക്കുക.

അത്യാവശ്യമുള്ളതു മാത്രം വാങ്ങുക

പരസ്യങ്ങൾ നല്ലൊരു കെണിയാണ്. അതുപോലെ പലതരത്തിലുള്ള ഓഫറുകളും.  അവയിൽ കുടുങ്ങി കടംവാങ്ങിയും ലോണെടുത്തും സാധനങ്ങൾവാങ്ങിച്ചുകൂട്ടാതിരിക്കുക. ആരും വെറുതെ നമുക്കൊന്നും തരില്ല. 
എത്ര മോഹനവാഗ്ദാനങ്ങൾക്കു പിന്നിലും അവരുടേതായ സ്വാർത്ഥതയുണ്ടെന്ന് മനസ്സിലാക്കിയാൽ പരസ്യങ്ങളുടെ പുറകെപോയി നാം ജീവിതം നഷ്ടപ്പെടുത്തുകയില്ല.

More like this
Related

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

ഡയമണ്ട് നെക്ക്ലേസ് എന്ന സിനിമയിലെ നായകനെ  ചിത്രം കണ്ടവരാരും മറക്കാനിടയില്ല. വരവിൽകൂടുതൽ...
error: Content is protected !!