യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം നാം കോപിക്കുന്നത് മറ്റുള്ളവരെപ്രതിയാണ്. അവരുടെ ചെയ്തികളോ പ്രവൃത്തികളോ സംസാരമോ ഇഷ്ടമാകാത്തതിന്റെയുംനമ്മൾ ആഗ്രഹിക്കുന്നതുപോലെയാകാത്തതിന്റെയും പേരിലുളള പ്രതികരണമാണ് കോപം. കോപിക്കുമ്പോൾ മറ്റുള്ളവർക്ക് വേദനിക്കുമെങ്കിലും അതിനെക്കാൾ വേദനയും നഷ്ടവും നമുക്കു തന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ മനസ്സിനെയും ശരീരത്തെയും അതു ദോഷകരമായിബാധിക്കുന്നു. അതുകൊണ്ട് കോപിക്കാതിരിക്കുക എന്നത് നമ്മുടെ ആവശ്യമാണ്.
കോപിക്കാതിരിക്കുമ്പോൾ നാം നമ്മുടെ തന്നെ മനസ്സിനെ സ്വസ്ഥമാക്കുകയാണ് ചെയ്യുന്നത്. മറ്റൊരാളോട് ഏതെങ്കിലും കാരണത്തിന്റെ പേരിൽ പകയോ നീരസമോ ഉള്ളിലുണ്ടെന്ന് കരുതുക. അത്തരം നിഷേധാത്മകവികാരങ്ങൾ ഉളളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ നാം ഭക്ഷിക്കുകയും ഉറങ്ങുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ടാവും. എന്നാൽ ഇടയ്ക്കെങ്കിലും വെറുപ്പിന്റെയും നീരസത്തിന്റെയും ഓർമ്മകൾ തികട്ടിവരും. അപ്പോഴത് നമ്മെ അസ്വസ്ഥരാക്കും. അതുണ്ടാവാതിരിക്കാൻ അവരോട് നിരുപാധികം ക്ഷമിക്കുക മാത്രമേ ചെയ്യാനുള്ളൂ. അവർ ചെയ്തതു ശരിയായതുകൊണ്ടല്ല അത്തരം ക്ഷമ മറിച്ച് നമുക്ക് നമ്മുടെ തന്നെ മനസ്സിനെ രക്ഷിച്ചേ മതിയാവൂ എന്നതുകൊണ്ടാണ്.
കോപം ചിലപ്പോഴെങ്കിലും ഒരു ഉപകരണമാണ്. എന്നാൽ ആ ഉപകരണം സൂക്ഷിച്ചു ഉപയോഗിക്കാൻ പഠിച്ചിരിക്കണം. അല്ലെങ്കിൽകൊണ്ടുനടക്കുന്ന ആളെ തന്നെ ഇല്ലാതാക്കിക്കളയും. എങ്ങനെ എവിടെ എന്തുമാത്രം ഉപയോഗിക്കണം എന്ന് മനസ്സിലാക്കിയിരിക്കേണ്ടതും അത്യാവശ്യമാണ്.
കോപിക്കുന്ന മനുഷ്യർ പടക്കംപോലെയാണെന്നാണ് ഗുരുക്കന്മാർ പറയുന്നത്.ദീപാവലിപോലെയുളള ആഘോഷങ്ങളുടെ അവസരങ്ങളിൽ നാം പടക്കം പൊട്ടിക്കാറുണ്ട്. പക്ഷേ പടക്കത്തിന് തിരി കൊളുത്തിയിട്ട് അവിടെനില്ക്കുകയല്ല അകന്നുനിന്ന് അതിന്റെ ഭംഗി ആസ്വദിക്കുകയാണ് ചെയ്യുന്നത്. കോപിക്കുന്ന മനുഷ്യന്റെ അടുക്കൽ നില്ക്കാതിരിക്കുക. അടുത്തു നി്ന്നാൽ പടക്കം പൊട്ടിത്തെറിക്കുന്നതുപോലെ അതു നമ്മെയും നശിപ്പിച്ചുകളയും.