സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. നല്ലൊരു വിജയമുണ്ടായി, മികച്ച അംഗീകാരം കിട്ടി, പരീക്ഷയിൽ ഉന്നതവിജയം കിട്ടി, ആഗ്രഹിച്ചതുപോലെ വിദേശത്തേ ക്ക് പോകാൻ സാധിച്ചു, ഇതൊക്കെ തീർച്ചയായും നമ്മുടെ മനസിൽ സന്തോഷം നിറയ്ക്കുന്നവയാണ്. അവയ്ക്ക് അതിന്റേതായ അർത്ഥവുമുണ്ട്. പക്ഷേ ഇങ്ങനെ പലതരം സാഹചര്യങ്ങളു ടെ പേരിൽ മാത്രം സന്തോഷിക്കേണ്ടവരാണോ നമ്മൾ? എല്ലാം അനുകൂലമാകുമ്പോൾ മാത്രം സന്തോഷിച്ചാൽ മതിയോ?
വിശുദ്ധ ബൈബിളിൽ പറയുന്നത് കേട്ടിട്ടില്ലേ എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇതൊരു ആത്മീയപ്രബോധനം മാത്രമല്ല ജീവിതത്തോടുള്ള സമീപനവും കാഴ്ചപ്പാടുകളിൽ പുലർത്തേണ്ട മനോഭാവവുമാണ്.
തീരെ ചെറിയ പരാജയവും തീരെ ചെറിയ അസുഖവും പോലും നമ്മുടെ സന്തോഷം കെടുത്തിക്കളയുന്നുണ്ട്. പകരം എനിക്കെന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു നാം വിധിയെ ചോദ്യം ചെയ്യുന്നു. കാരണം, ഞാൻ ജയിക്കേണ്ടവനായിരുന്നു. ആരോഗ്യമുള്ളവനാകേണ്ടവനായിരുന്നു. എന്നാൽ സംഭവിച്ചത് അതിന് വിരുദ്ധമാണ്. അതെന്റെ സന്തോഷം ഊതിക്കെടുത്തുന്നു. ജീവിതമെന്ന ശരിയും ജീവിതത്തിന്റെ അർത്ഥവും തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് ഇത്തരം അവസ്ഥകളിൽ നമുക്ക് സന്തോഷം അനുഭവിക്കാതെ പോകുന്നത്. ഒരാൾ സന്തോഷമുള്ള വ്യക്തിയാകുന്നത് അയാൾക്ക് ആഗ്രഹിച്ചതു മുഴുവൻ ലഭിക്കുന്നതുകൊണ്ടല്ല, എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നതുകൊണ്ടുമല്ല. ജീവിതം ശരിയാണെന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ് അയാൾക്ക് എല്ലായ്‌പ്പോഴും സന്തോഷിക്കാൻ കഴിയുന്നത്. ജീവിതം എപ്പോഴും ശരിയാണ്, എന്നാൽ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ശരിയായിരിക്കണമെന്നില്ല. അപ്പോഴും ജീവിതത്തിന്റെ നന്മയിലും അതു പ്രകാശിപ്പിക്കുന്ന മൂല്യങ്ങളിലും ശരിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ ചിരി മാഞ്ഞുപോവുകയില്ല. അയാൾ സന്തോഷമുള്ള വ്യക്തിയായിരിക്കും.