Tag: Parenting

  • സ്ഫടികം ഒരു പുന:വായന

    സ്ഫടികം ഒരു പുന:വായന

    പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ് പതിപ്പിച്ചിരിക്കുന്ന മകൻ. ഇരുധ്രുവങ്ങളിൽ  സഞ്ചരിക്കുന്ന രണ്ടുപേർ.

    ഇത്തരത്തിൽ സ്ഫടികം മുന്നോട്ടുവയ്ക്കുന്ന ആശയത്തിന് എക്കാലവും പ്രസക്തിയുള്ളപ്പോഴും ആധുനികസാങ്കേതികവിദ്യകളോടെ പുതിയ തലമുറയ്ക്ക മുമ്പിൽ പ്രസ്തുത ചിത്രം അവതരിപ്പിക്കപ്പെട്ട ഈ സാഹചര്യത്തിൽ രണ്ടാംവട്ട ചിന്തയിൽ വളരെ ഉപരിപ്ലവവും ഊതിവീർപ്പിക്കപ്പെട്ടതുമായ സിനിമയായിട്ടാണ് സ്ഫടികം അനുഭവപ്പെടുന്നത്. പ്രധാനമായും സ്ഫടികം പുറത്തിറങ്ങിയ 1995 ൽ നിന്ന് 2023 ൽ എത്തിനില്ക്കുമ്പോൾ മലയാള സിനിമ ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു എന്നതുതന്നെ.

    അന്നത്തെ മേയ്ക്കിങ് ഇല്ല ഇന്ന്. ഇന്ന് നടീനടന്മാർ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ്. സ്വഭാവികമായ രീതിയിലേക്ക് സിനിമ മാറ്റപ്പെട്ടുകഴിഞ്ഞു. അതിവൈകാരികതയിൽ നിന്നും നാടകീയതയിൽ നിന്നും സിനിമ മോചിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കൃത്യമായ ക്ലൈമാക്സോ അസാധാരണമായ സംഭവവികാസങ്ങളോ പോലും സിനിമയ്ക്ക് ആവശ്യമില്ല എന്ന മട്ടിലായിക്കഴിഞ്ഞിരിക്കുന്നു.

    ഇത്തരമൊരു പശ്ചാത്തലത്തിലാണ് പുതിയകുപ്പിയിൽ പഴയവീഞ്ഞ് എന്ന മട്ടിൽ സ്ഫടികം എത്തിയിരിക്കുന്നത്. മകന്റെ സ്വ്പനങ്ങളെ തച്ചുടച്ച അപ്പന്റെ മാത്രം കഥയായിട്ടല്ല സ്ഫടികം വിലയിരുത്തപ്പെടേണ്ടത്. അപ്പന്റെ സ്വപ്നങ്ങളെ ചവുട്ടിയരച്ച മകന്റെ ധാർഷ്ട്യത്തിന്റെ കഥ കൂടിയായി സ്ഫടികം കാണണം. അല്ലെങ്കിൽ  പറയൂ, മക്കളെ  ശാസിക്കാ ത്ത, ശിക്ഷിക്കാത്ത എത്ര മാതാപിതാക്കളുണ്ട് ഇവിടെ? തങ്ങളെക്കുറിച്ച് തങ്ങളുടെ മാതാപിതാക്കൾക്കില്ലാത്ത സ്വപ്നങ്ങൾ തങ്ങളുടെ മക്കളെക്കുറിച്ചു സൂക്ഷിക്കുന്നവരല്ലേ പുതിയ കാലത്തെ മാതാപിതാക്കൾ? തങ്ങൾ നേടാത്തതും അനുഭവിക്കാത്തതും ആകാത്തതും മക്കൾ നേടിയെടുക്കണം. അതിനാണ് വേണ്ടതിലുമധികം ഇന്നത്തെ മാതാപിതാക്കൾ കഷ്ടപ്പെടുന്നത്. ആ കഷ്ടപ്പാടിന് മുമ്പിൽ അവർ പൊട്ടിത്തെറിച്ചെന്നിരിക്കും, കണക്കുപറഞ്ഞെന്നുമിരിക്കും. ശിക്ഷിച്ചുവെന്നുമിരിക്കും.പക്ഷേ അവരൊരിക്കലും മോശം അപ്പന്മാരാകുന്നില്ല.

    ചാക്കോ മാഷ് സ്നേഹമില്ലാത്ത അപ്പനാണെന്ന് ആർക്ക് പറയാൻ കഴിയും? അയാളെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള തോമാ അപദാനങ്ങളേ നാം കേട്ടിട്ടുള്ളൂ. പക്ഷേ ചാക്കോ മാഷ് ഇന്നത്തെയും എന്നത്തെയും പിതാക്കന്മാരുടെ പ്രതിനിധിയാണ്.  തോമാമാർ അധികം ഉണ്ടാവില്ല.പക്ഷേ ചാക്കോമാർ യഥേഷ്ടം ഉണ്ടാവും.  ചാക്കോമാരെ കുറ്റവിമുക്തരാക്കിയും അവരെ അവരുടേതായ രീതിയിൽ മനസ്സിലാക്കിയും വേണം സ്ഫടികത്തെ കാണേണ്ടത്. അതിന് നായകതാരപരിവേഷചിന്തകൾ അഴിച്ചുവയ്ക്കുകയും വേണം.

    സംവിധായകൻ ഭദ്രന്റെ പ്രത്യേക നിർദ്ദേശപ്രകാരം തിരുത്തിയും മാറ്റി എഴുതിയും രചിച്ചവയായിരുന്നു സംഭാഷണങ്ങളെന്നാണ് രാജേന്ദ്രബാബു അഭിമുഖത്തിൽ പറഞ്ഞത്. തീർച്ചയായും അന്നത്തെ കാലത്ത് ആ സംഭാഷണങ്ങൾ മികച്ചവ തന്നെയായിരുന്നു. പക്ഷേ  ഒരു സംശയം. മാറിയകാലത്ത്  തികച്ചും നാടക പശ്ചാത്തലത്തിലുള്ള സംഭാഷണങ്ങളല്ലേ അത്. സിനിമയുടെ ഭാഷയും നാടകത്തിന്റെ ഭാഷയും രണ്ടും രണ്ടാണല്ലോ. ഒരു സാധാരണ കുടുംബത്തിൽ സാധാരണക്കാരായ ആളുകൾ നിത്യജീവിതത്തിൽ അവർ നേരിടുന്ന ഏതു സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇങ്ങനെയൊക്കെ സംസാരിക്കുമോ? ക്ലാസിക് സിനിമകൾ ഏതുകാലത്ത് ആസ്വദിക്കപ്പെടുമ്പോഴും അവ പഴഞ്ചനായി അനുഭവപ്പെടുന്നില്ല. ക്ലാസിക് എന്ന് ആഘോഷിക്കപ്പെടുന്ന സിനിമകൾ അതതുകാലത്തിനപ്പുറം ക്ലാസിക് ആയി മാറുന്നുമില്ല.

    28 വർഷങ്ങൾക്ക് ശേഷം കേൾക്കുമ്പോൾ വല്ലാത്ത കല്ലുകടി തോന്നിക്കുന്നവയാണ് ഇതിലെ സംഭാഷണങ്ങളേറെയും. ഒരു മൂളൽ കൊണ്ടും നോട്ടം കൊണ്ടും തീരെ ചെറിയ വാക്കുകൊണ്ടും മനസ്സിന്റെ സംഘർഷങ്ങളും സംഘട്ടനങ്ങളും വിയോജിപ്പുകളും വേദനകളും രേഖപ്പെടുത്തുന്ന രീതിയിലുള്ള കഥാപാത്ര വിന്യാസത്തിന്റെ കാലമാണ് ഇത്. അവിടെയാണ് പെരുന്നാൾപ്പറമ്പുകളിൽ അരങ്ങേറുന്ന നാടകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുളള തീപാറും ഡയലോഗുകൾ നിറയുന്ന സിനിമയെ  ആഘോഷമാക്കാൻ ശ്രമിക്കുന്നത്.  ആശയം നല്ലതാകുമ്പോഴും അവതരണവും കാലാതിവർത്തിയാകണം.

    സ്ഫടികം പുതിയ പതിപ്പിനൊപ്പം ഇറങ്ങിയ സിനിമയാണ് ജോജു ജോർജിന്റെ ഇരട്ട. കൃത്യമായി പറഞ്ഞാൽ തെറ്റിപ്പോയ പേരന്റിങിന്റെ, തെറ്റായ പിതൃബിംബത്തിന്റെ ഇരകളായി മാറിയ രണ്ടുകുട്ടികളുടെ കഥയാണ് അത്. ചാക്കോ മാഷിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടോടി ഗുണ്ടയായിട്ടാണ് തോമസ് ചാക്കോ തിരിച്ചുവന്നതെങ്കിൽ  അത്തരമൊരു പരിണാമത്തിന് ചാക്കോ മാഷാണ് കാരണമെന്ന് വിധിയെഴുതുമ്പോൾ അതിലും എത്രയോ ക്രൂരമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയിട്ടും ഇരട്ടകളിലെ വിനോദും പ്രമോദുമെന്തേ പരസ്യമായ ഗുണ്ടകളായിമാറിയില്ല? പകരം ഇരുവരും പോലീസുദ്യോഗസ്ഥരായിത്തീരുകയാണ്  ചെയ്തത്. കറയറ്റ, നീതിനിഷ്ഠരായ ഉദ്യോഗസ്ഥരൊന്നുമല്ല അവരെന്നത് ശരി. മാത്രവുമല്ല ഒരുപാട് വൈകല്യങ്ങളും കുറവുകളും പ്രശ്നങ്ങളും അവർക്കുണ്ട്താനും. എന്നിട്ടും സമൂഹത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായിട്ടാണ് അവർ മാറിയത്. 
    അങ്ങനെ വരുമ്പോൾ ഏതെങ്കിലും  വ്യക്തി കാര ണമല്ല നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന ചില തിരഞ്ഞെടുപ്പുകളും നമ്മുടെ വ്യക്തിത്വത്തിന്റെ അഭിരുചികളുമാണ് നമ്മുടെ ജീവിതത്തിന്റെ തീരുമാനം നിശ്ചയിക്കുന്നതെന്ന് പറയേണ്ടിവരും.  മാതാപിതാക്കളിൽ പലരും ചാക്കോ മാഷിന്റെ സ്വഭാവപ്രത്യേകതകളുടെ കൂടുതൽ കുറവ് അംശങ്ങളുള്ളവരാണ്. മക്കളെ അവർ മനസ്സിലാക്കണമെന്നില്ല. അതുപോലെ മക്കൾക്ക് മാതാപിതാക്കളെയും മനസ്സിലാകാറില്ല. പ്രപഞ്ചാരംഭം മുതൽ അത് അങ്ങനെ തന്നെയായിരുന്നു.

    എത്രയധികം നല്ലതുപോലെ വളർത്തപ്പെട്ടിട്ടും വഴിതെറ്റിപ്പോയഎത്രയോ മക്കളുടെ ലോകമാണ് ഇത്. മക്കളുടെ വഴിതെറ്റലുകൾക്കെല്ലാം മാതാപിതാക്കൾ മാത്രമായിരിക്കണമെന്നില്ല കാരണക്കാർ. അവരും കാരണക്കാരാവാം. അത്രയേയുള്ളൂ. അതിന് പകരമായി തോമായുടെ പ്രശ്നത്തിന്റെ പേരിൽ ചാക്കോ മാഷിനെ ജനറലൈസ് ചെയ്യുമ്പോൾ  ഒരുപാടു മക്കൾക്ക് ആടുതോമാമാരാകാനുള്ളസാധ്യതകൾ തുറന്നുകൊടുക്കുക കൂടിയാണ് ചെയ്യുന്നത്.  സ്ഫടികം അവതരിപ്പിച്ച ആശയം അന്നത്തെ കാലത്ത് സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. ആ ഒരു കാലഘട്ടത്തിൽ നിന്നുകൊണ്ട് ആ സിനിമയ്ക്ക് വിജയവുമുണ്ട്. പക്ഷേ പുതുക്കിപ്പണിത് പഴയതിനെ അവതരിപ്പിക്കുമ്പോൾ ഇനിയും ഒരുപാട് ആടുതോമാമാർക്ക് നാം ജന്മം കൊടുക്കുക കൂടിയാണ് ചെയ്യുന്നത്.
    പ്രതിനായകനെന്ന നിലയിലാണ് തോമായുടെ ചിത്രീകരണം. പക്ഷേ അയാൾ നായകൻതന്നെയാണ്. സിനിമയിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും അയാളുടെ  ആരാധകരാണ്. ഇങ്ങേയറ്റം പള്ളീല ച്ചൻ വരെ. ചാക്കോമാഷും പൂക്കോയയും കുറ്റിക്കാടനും പോലെയുള്ള ചുരുക്കം ചിലർ മാത്രമേ അയാൾക്കെതിരെയുളളൂ. എല്ലാവരുടെയും സ്നേഹം ആവോളം അയാൾ അനുഭവിക്കുന്നുണ്ട്. ജാൻസിയെ വിവാഹം കഴിക്കാൻ വരുന്ന ജെറിപോലും അയാളുടെ ആരാധകനാണെന്നോർക്കണം. കളിക്കൂട്ടുകാരി തുളസിയാകട്ടെ അയാളെ സ്വന്തമാക്കിയേ തീരൂ എന്ന വാശിയിലുമാണ്. ഇങ്ങനെ സാഹചര്യങ്ങളും വ്യക്തികളുമെല്ലാം തോമസ് ചാക്കോയ്ക്ക് അനുകൂലമാണ്. പിന്നെ എവിടെയാണ് അയാൾ പരാജയപ്പെട്ട നായകനോ ദുരന്തകഥാപാത്രമോ ആ കുന്നത്.

     ആടുതോമ ഈ സമൂഹത്തിന് ഒരു മാതൃകയും നല്കുന്നില്ല. അല്ലെങ്കിൽ പറയൂ, ആടുതോമായിൽ
    നിന്ന് നിങ്ങൾ എന്താണ് പഠിക്കുന്നത്? കുഞ്ഞുപെങ്ങൾക്ക് വിവാഹത്തിന് അയാളുടെ പേരിൽ സമ്മാനം കൊടുക്കുന്നതുപോലും തുളസിയാണ്. വീട്ടിൽ നിന്ന് മാറിത്താമസിക്കുന്ന അയാൾക്ക് സ്ത്രീസുഖ ത്തിന് മാത്രമായുള്ള ഉപകരണമാണ് ലൈല. തുളസി വരുന്നതോടെ അയാളുടെ ജീവിതപരിസരങ്ങളിൽ നിന്ന് തന്നെ ലൈല ഒഴിവാക്കപ്പെടുന്നു. ഇതിലൂടെ തികഞ്ഞ സ്ത്രീവിരുദ്ധതയുടെ  ഉടമകൂടിയായി തോമ മാറുന്നു
     സ്ഫടികം രണ്ടാം ഭാഗം ഇല്ലെന്ന് തീരുമാനിച്ചതുപോലെ സ്ഫടികത്തിന്റെ റീമാസ്ററ്റിംങും വേണ്ടെന്ന് തീരുമാനിക്കുന്നതായിരുന്നു നല്ലത്. കാരണം 1995ൽ സ്ഫടികം അതിന്റെ കടമ നിർവഹിച്ചുകഴിഞ്ഞു. ഭൂതകാലത്തിൽ അഭിരമിക്കാൻ കൂടുതൽ താല്പര്യമുള്ളവരാണ്  മലയാളികൾ. നൊസ്റ്റാൾജിയ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നതും  അതുകൊണ്ടായിരിക്കണം. മലയാളികളുടെ ഇത്തരത്തിലുള്ള ഭൂതകാലാഭിമുഖ്യത്തിന്റെ പുതിയ തെളിവാണ് സ്ഫടികം റീ മാസ്റ്ററിംങ്. പക്ഷേ ചിത്രം തീയറ്ററിൽ കാര്യമായ അനക്കം ഉണ്ടാക്കിയില്ലെന്ന് ശ്രദ്ധിക്കണം. ഓൺലൈൻ മാധ്യമങ്ങളിലും മറ്റും ചിത്രത്തെക്കുറിച്ചുള്ള സ്തുതിപ്പുകൾ മുഴങ്ങിയെന്നല്ലാതെ.
    ഒരിക്കൽ സംഭവിച്ചുപോയ വിജയത്തിന്റെ ആലസ്യത്തിൽ ജീവിതകാലം മുഴുവൻ അതിനെക്കുറിച്ച് മാത്രം പ്രസംഗിച്ചും എഴുതിയും ജീവിക്കാതെ ആദ്യത്തേതിനെ വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള പുതിയ സർഗ്ഗാത്മകസൃഷ്ടികളിലേർപ്പെടുകയാണ് പ്രതിഭാധനർ ചെയ്യേണ്ടത്. വിജയം തുടർക്കഥയോ അവകാശമോ ആകുന്നില്ല. അതൊരു ആകസ്മികത മാത്രമാണ്. മറക്കരുത്.

  • ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

    ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

    കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ കുറ്റബോധത്തിൽ നീറുന്ന രണ്ടുജീവിതങ്ങളുടെ കഥയാണ് രോഹിത് എം.ജി. കൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ജോജു ജോർജ് ടൈറ്റിൽ വേഷത്തിൽ അഭിനയിച്ച ഇരട്ട. 

    ആത്മസംഘർഷങ്ങളുടെ നെരിപ്പോടുമായി ജീവിക്കുന്ന ഇരട്ട സഹോദരങ്ങളാണ് പ്രമോദും വിനോദും. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവിതം കൈമോശം വന്നവർ. നന്നേ ചെറുപ്പത്തിൽ അവർക്ക് പരസ്പരം വേർപിരിയേണ്ടിവന്നു. ഭൗതികമായ ആ വേർപിരിയൽ കാലാന്തരത്തിൽ മാനസികമായി കൂടിയുള്ള അകലമായി മാറി,. ശരീരത്തിൽ നിന്ന് മാത്രമല്ല ആത്മാവിൽന ിന്നും മനസ്സിൽ നിന്നും അവർപരസ്പരം അകന്നുപോയി.
    അകലത്തിനൊപ്പം പകയും വെറുപ്പും വിദ്വേഷവും കൂടുകൂട്ടുകയും ചെയ്തു. എന്നിട്ടും അവരെ ഒരുമിച്ചുനിർത്തിയത് ഒരേ  ഫീൽഡിലുള്ള ജോലിയായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് ഇരുവരും എത്തിച്ചേർന്നത് പോലീസ് ഡിപ്പാർട്ട്മെന്റിൽ. വിനോദ് എ.എസ്.ഐ ആയി, പ്രമോദ് ഡി.വൈ.എസ്. പിയും.

    തികച്ചും മനശ്ശാസ്ത്രപരമായ സമീപനം കൊണ്ട് വിലയിരുത്തപ്പെടേണ്ടവരാണ് ഈ കഥാപാത്രങ്ങൾ. ചെറുപ്പകാലത്ത് ജീവിതത്തിൽ സംഭവിക്കുന്ന മുറിവുകളും അഭിമുഖീകരിക്കേണ്ടി വരുന്ന പൊരുത്തക്കേടുകളും അച്ഛനമ്മമാരിൽ നിന്ന്  ഏല്ക്കേണ്ടിവരുന്ന തിക്താനുഭവങ്ങളും  പില്ക്കാലത്ത് കുട്ടികളുടെ മാനസികനിലയെയും ജീവിതമനോഭാവത്തെയും  എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കും എന്നതിന് ഇതിൽകൂടുതൽ ഒരു ഉദാഹരണം വേറേ വേണ്ടിവരില്ല. അച്ഛനില്ലാതായാലും അമ്മയുടെ നഷ്ടമാണ് ഒരു കുട്ടിയെ ഏറെയും ബാധിക്കുന്നതെന്ന് തോന്നുന്നു. അച്ഛനു കൂടി പകരം നില്ക്കാൻ കഴിയുന്ന അമ്മയാണെങ്കിൽ അച്ഛൻ എന്ന സങ്കല്പത്തിൽ നിന്ന് അമ്മയെന്ന യാഥാർത്ഥ്യത്തിലേക്ക് ചേക്കേറുന്നതോടെ തികച്ചും സ്വാഭാവികമായ ഒരു ജീവിതം നയിക്കാൻ അവർക്ക് കഴിയുന്നു.

    പക്ഷേ  വിനോദിന്റെ ജീവിതത്തിൽ സംഭവിച്ചത് അതല്ലായിരുന്നു.  അമ്മയിൽ നിന്നുളള ആഴമേറിയ മുറിവുമായി  വിനോദിന് ജീവിക്കേണ്ടിവന്നു. അമ്മയിൽ നിന്നുള്ള നഷ്ടപ്പെടലും അമ്മയിൽ നിന്നുള്ള വേർപിരിയലുമാണ് വിനോദിനെ അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ അഴുക്കാക്കി മാറ്റിയത്. അതിനൊപ്പം അമ്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണയെന്നുകൂടി പറയണം.

    പുതിയൊരു പെണ്ണിന് വേണ്ടി ഭാര്യയെയും രണ്ടു മക്കളെയും അടിച്ചിറക്കിയ അച്ഛനായിരുന്നു അവരുടേത്. ഒടുവിൽ അധികാരി ആവശ്യപ്പെട്ടപ്പോൾ ഭാര്യയ്ക്കും മക്കൾക്കും ചെലവിന് കൊടുക്കുന്നതിന് പകരം മക്കളിലൊരുവനെ കൂടെ നിർത്താമെന്ന് അയാൾ സമ്മതിക്കുന്നു. കൈയിൽ കിട്ടിയ മകനെയും കൊണ്ട് അയാൾ പോകുന്നു. അയാളുടെ കൈയിൽ കുടുങ്ങിയത് വിനോദായിരുന്നു.

    കൊച്ചുപെൺകുട്ടിയെ പോലും തന്റെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന അച്ഛന്റെ ജീവിതം കണ്ട് സഹികെട്ട് അമ്മയുടെ അടുക്കലേക്ക് ഓടിപ്പോകുന്ന വിനോദിന് കേൾക്കേണ്ടിവന്നത് പ്രമോദും അമ്മയും കൂടി ആ നാടും വീടും വിട്ടുപോയ കഥ. അവന്റെ  ഉള്ളിലെ തീയെരിയിച്ചത് അതിനെക്കാളേറെ അയൽക്കാരുടെ വാക്കുകളായിരുന്നു. ‘നിന്നെ ഉപേക്ഷിച്ച് പ്രമോദിനെയും കൊണ്ട് അമ്മ പോയല്ലോ നിന്നെ ആർക്കും വേണ്ടല്ലോ.’

    തിരികെ വീട്ടിലെത്തിയ അവൻ കണ്ടതോ അച്ഛനെ ആരോ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തുന്നതും. ആ പിഞ്ചുമനസ്സിന്റെ മുറിവുകൾ ആർക്ക് നിശ്ചയിക്കാനാവും?

    അച്ഛന്റെ മൃതദേഹം അവസാനമായൊന്ന് കാണാൻ പടികയറിവന്ന അമ്മയ്ക്കും പ്രമോദിനും മുമ്പാകെ വാതിൽ കൊട്ടിയടച്ച് പിന്നാമ്പുറത്തുകൂടി അവൻ ഓടിമറയുന്നു. ‘വിനോദേ’ എന്ന പ്രമോദിന്റെ വിളി പോലും അവഗണിച്ച്… ആ ഓട്ടമാണ് വിനോദിനെ തീർത്തും അഴുക്കാക്കി മാറ്റിയത്. ഓരോ സ്ത്രീയുടെയുംജീവിതത്തിലൂടെ കടന്നുപോകുമ്പോൾ അയാൾ പ്രതികാരം ചെയ്തിരുന്നത് സ്വന്തം അമ്മയോടുതന്നെയായിരുന്നിരിക്കണം. അല്ലെങ്കിൽ അച്ഛൻ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ഓരോ സ്ത്രീകളോടും.

    എന്തായാലും സ്ത്രീയെ ആദരവോടും ബഹുമാനത്തോടും കൂടി കാണാൻ അയാൾക്ക് കഴിയുന്നില്ല, മാലിനിയിലെത്തുന്നതുവരെ. ഒരു രാത്രിക്കപ്പുറത്തേക്ക് അയാൾക്കൊരു സ്ത്രീയെയും ആവശ്യവുമുണ്ടായിരുന്നില്ല.
    അമ്മയുടെ ഒപ്പം ജീവിച്ചുവെന്നാലും പ്രമോദിന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല. പക്ഷേ സ്ത്രീകളായിരുന്നില്ല, മദ്യപാനമായിരുന്നു അയാളുടെ ജീവിതം  തകർത്തതെന്ന് മാത്രം. നിറവയറുകാരിയായിരിക്കുമ്പോൾ പോലും ഭാര്യയെ ഉപദ്രവിക്കുന്ന അയാളുടെ ശല്യം സഹിക്കവയ്യാതെയാണ് ഭാര്യ കൈക്കുഞ്ഞിനെയും കൊണ്ട് നാടുവിടുന്നത്.

    സഹോദരനിൽ നിന്ന് വേർപെട്ടുള്ള ജീവിതം എക്കാലവും അയാളെ വേദനിപ്പിച്ചിരുന്നു. വിനോദിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കപ്പെടുകയും അതിന്റെ മുന പ്രമോദിൽവരെ നീളുകയും ചെയ്യുമ്പോൾ അതെന്റെ ചോരതന്നെയാണെന്ന അയാളുടെ അടക്കിപ്പിടിച്ച പൊട്ടിത്തെറിയിലുണ്ട് വിനോദിനോടുള്ള അയാളുടെ സ്നേഹം മുഴുവൻ.

    ഇങ്ങനെ രണ്ടുരീതിയിൽ പ്രമോദിന്റെയും വിനോദിന്റെയും ജീവിതം പാളിപ്പോയി. ഇവരുടെ ജീവിതം തകർത്തത് ആരായിരുന്നു? അവരെ പൂർണ്ണ മായും നമുക്ക് കുറ്റപ്പെടുത്താനാവില്ല. സാഹചര്യങ്ങളുടെ ഇരകളായിരുന്നു അവർ. 
    യവനകഥയിലെ ചില നായകരെ ഓർമ്മിപ്പിക്കു ന്ന വിധത്തിലുള്ള ദുരന്തമാനങ്ങളുള്ള കഥാപാത്രങ്ങളാണ് പ്രമോദും വിനോദും. താൻ ഇന്നേവരെ ചെയ്തതിൽ വച്ചേറ്റവും പാപം ചെയ്തത് സ്വന്തം ചോരയോടു തന്നെയാണെന്ന നടുക്കമുളവാക്കുന്ന തിരിച്ചറിവാണ് പെട്ടെന്നൊരു നിമിഷം വിനോദിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
    ആത്മഹത്യയിലൂടെ തന്റെ ആത്മഭാരങ്ങളിൽ നിന്ന് വിനോദ് മുക്തമാകുമ്പോഴും ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടുന്ന അറിവുമായി ജീവിക്കാൻ വിധിക്കപ്പെടുകയാണ് പ്രമോദ്. അയാൾക്കിനിയൊരിക്കലും സമാധാനം ഉണ്ടാവുകയില്ല. നഷ്ടപ്പെട്ടുപോയ കുടുംബജീവിതം പോലും അയാൾക്ക് തിരിച്ചുപിടിക്കാനാവില്ല. എന്തിന് മകളുടെ മുമ്പിൽചെന്നുനില്ക്കാൻ കൂടി. 

    വല്ലാത്തൊരു ഹൃദയഭാരത്തോടെ മാത്രമേ ഇരട്ട കണ്ട് തീയറ്റർ വിട്ടിറങ്ങാനാവൂ. ചാക്കോ മാഷുടെ കണക്കിൽ തട്ടി ജീവിതത്തിന്റെ താളം തെറ്റിപ്പോയ തോമസ് ചാക്കോ – ആടുതോമ- പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി കടന്നുവന്നിരിക്കുന്ന സമയം കൂടിയാണല്ലോ ഇത്. സ്ഫടികം. പേരന്റിങ്ങിനെ സംബന്ധിച്ച് പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള വാഴ്ത്തലുകൾക്കിടയിൽ വിവിധ മാനങ്ങളുളള പേരന്റിങ്ങും ശക്തമായി പ്രതിപാദിക്കുന്ന ഇരട്ടയെന്ന ചിത്രത്തിന്റെ സാധ്യതകളെ മറന്നുപോകരുത്.

    ആടുതോമ വില്ലനായ നായകനാണ്. അപ്പൻ ചാക്കോ മാഷൊഴികെ എല്ലാവർക്കും അയാൾ പ്രിയങ്കരനുമാണ്. പക്ഷേ, ഇരട്ടയിലെ വിനോദും പ്രമോദും അങ്ങനെയല്ല. ആർക്കും വേണ്ടാത്തവർ. ആരുടെയും സ്നേഹത്തിന് അർഹതയില്ലാത്തവർ. ഇവരുടെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ ആർക്ക് കഴിയും. ഇവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

  • മൂത്തകുട്ടിയാണോ അതോ…?

    മൂത്തകുട്ടിയാണോ അതോ…?

    ജനനക്രമം  വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച ഒരാളിൽ നിന്നും വ്യത്യസ്തമായ സ്വഭാവപ്രത്യേകതകളായിരിക്കും ഇളയകുട്ടിയുടേത്.  ഇവർ രണ്ടുപേരെയും പോലെയല്ല ഒറ്റക്കുട്ടിയായി ജനിച്ച ഒരാൾ.  ജനനക്രമവും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം

    രണ്ടു മക്കൾ തമ്മിൽ സ്വഭാവത്തിൽ  കാണിക്കുന്ന പ്രകടമായ മാറ്റങ്ങളെ പ്രതി തല പുകയ്ക്കുന്നവരാണ് പല മാതാപിതാക്കളും. എന്നാൽ ഇക്കാര്യത്തിൽ മക്കളെ കുറ്റം പറയേണ്ടെന്നും അവരുടെ ജനനക്രമമനുസരിച്ചാണ് സ്വഭാവത്തിൽ മാറ്റം കാണുന്നതെന്നുമാണ് മനശ്ശാസ്ത്രജ്ഞനായ കെവിൻ ലെമാൻ പറയുന്നത്. 1967 മുതൽ കുട്ടികളുടെ ജനനക്രമത്തെക്കുറിച്ചുള്ള സ്വഭാവപ്രത്യേകതകളെ അടിസ്ഥാനമാക്കി പഠനം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. മൂത്തകുട്ടിയോട് പെരുമാറുന്നതുപോലെയല്ല മാതാപിതാക്കൾ ഇളയകുട്ടിയോട് പെരുമാറുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ഒറ്റക്കുട്ടിയെ വളർത്തുന്നത്ഒറ്റക്കുട്ടികളെ സവിശേഷമായരീതിയിലാണ് മാതാപിതാക്കൾ വളർത്തുന്നത്.

    മറ്റ് മക്കളില്ലാത്തതുകൊണ്ട് മാതാപിതാക്കളുടെ മുഴുവൻ ശ്രദ്ധയ്ക്കും പരിഗണനയ്ക്കും സ്നേഹത്തിനും ഇക്കൂട്ടരാണ് അർഹർ. ഇതുകൊണ്ടുതന്നെ തങ്ങൾ സവിശേഷപ്രത്യേകതയുള്ളവരാണെന്ന് ഇവർ കരുതുന്നു. മാതാപിതാക്കളുടെ പിന്തുണ അകമഴിഞ്ഞ് ലഭിക്കുന്നതിനാൽ അവരുടെ അമിതപ്രതീക്ഷകൾ ചുമലിൽ വഹിക്കാൻ നിർബന്ധിക്കപ്പെടുന്നവർ കൂടിയാണ്.


    ഒറ്റക്കുട്ടികളുടെ ലക്ഷണങ്ങളായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്ന പ്രത്യേകതകൾ ഇവയാണ്.

    • പ്രായത്തിന് അനുസരിച്ച പക്വത
    • പരിപൂർണ്ണതാവാദികൾ
    • നേതൃത്വഗുണം
    • മനസ്സാക്ഷി
    • ഉത്സാഹശീലം


    മറ്റ്കുട്ടികൾ ചിത്രത്തിലില്ലാത്തതുകൊണ്ട് മാതാപിതാക്കളുടെ സ്നേഹവും പരിഗണനയും ഒറ്റക്കുട്ടിയെപ്പോലെ നേടിയെടുത്തുകൊണ്ടാണ് മൂത്തകുട്ടികളും വളരുന്നത്. ആദ്യത്തെകുട്ടിയായതുകൊണ്ട് പേരന്റിംങിലെ ഗുണദോഷങ്ങൾ സമ്മിശ്രരൂപത്തിൽ മൂത്തകുട്ടികളിൽ പ്രകടമാണ്. മുതിർന്നവരെ പോലെ ഇടയ്ക്കൊക്കെ പെരുമാറുന്നവരാണ് ഇവർ. പൊതുവെ ഇവർ വിശ്വസിക്കാവുന്നവരാണ്, മനസ്സാക്ഷിയുള്ളവരും. മറ്റുള്ളവരെ നിയന്ത്രിക്കാൻ തക്ക കഴിവും ഇക്കൂട്ടർക്കുണ്ട്.

    കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വഹിക്കേണ്ടിവരുന്നവരും ഇവർതന്നെ. ഇളയകുട്ടികളുടെ  പരിപാലനവും മറ്റും ഇവരാണ് നിർവഹിക്കേണ്ടിവരുന്നത്. ഇത്  ഇവരിൽ വലിയ തോതിലുള്ള സംഘർഷത്തിന് കാരണമാകുന്നുണ്ട്. മാതാപിതാക്കൾക്കു മുമ്പിൽ, കേമനെന്ന തെളിയിച്ചുകൊടുക്കാനുള്ള സമ്മർദ്ദത്തിനും ഇവർ ഇരകളാകുന്നുണ്ട്.

    മൂത്തകുട്ടിയെയും ഇളയകുട്ടിയെയും അപേക്ഷിച്ച് മാതാപിതാക്കളിൽ നിന്ന് കുറച്ചുമാത്രം പരിഗണന ലഭിച്ചുവളർന്നുവരുന്നവരാണ് രണ്ടാമത്തെ കുട്ടി അല്ലെങ്കിൽ ഒന്നിനും അവസാനത്തേതിനും ഇടയിൽ വളരുന്ന കുട്ടികൾ. മൂത്തവനുമല്ല ഇളയവനുമല്ല പിന്നെ ഞാനാരാണ് എന്ന രീതിയിൽ ഒരുതരം ആശയവൈരുദ്ധ്യം ഇവരുടെ ജീവിതത്തിൽ കാണാം. അത്രയധികം പരിഗണനയൊന്നും ഇക്കൂട്ടർക്ക് കിട്ടിയിരിക്കണമെന്നില്ല. പലപ്പോഴും മൂത്തകുട്ടിയോടും ഇളയകുട്ടിയോടുമുള്ള താരതമ്യത്തിനും ഇവർ വിധേയരായിരിക്കും. ആളുകളെ സന്തോഷിപ്പിക്കുന്നവരും സൗഹൃദങ്ങൾ വളർത്തുന്നതിൽ തല്പരരും വലിയൊരു സാമൂഹികവലയം കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും ഇവർ. പൊതുവെ സമാധാനപ്രേമികളുമായിരിക്കും.
    ഇടയിൽ വളരുന്ന കുട്ടികളിൽ തങ്ങൾ കുടുംബത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നൊരു ചിന്ത കടന്നുകൂടാറുള്ളതായി  വിദഗ്ദർ പറയുന്നു. മൂല്യമുള്ളവരാണ്  തങ്ങളെന്ന ബോധ്യം അവരിൽ വളർത്തിയെടുക്കുക ദുഷ്‌ക്കരവുമാണ്.

    കുടുംബത്തിലെ ഇളയകുട്ടികൾ പലപ്പോഴും കുടുംബാംഗങ്ങളുടെ മുഴുവൻ ശ്രദ്ധയും പരിചരണവും സ്നേഹവും നേടിവളർന്നുവരുന്നവരാണ് അതുകൊണ്ടുതന്നെ അവർ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയും ശ്രദ്ധ ആഗ്രഹിക്കുകയും ചെയ്യും. അവനവരിൽതന്നെ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവർത്തനങ്ങളെല്ലാം.തങ്ങളുടേതായ വഴികളിലൂടെ ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് ഇവർ. പ്രശസ്തരായ നടീനടന്മാരും കൊമേഡിയന്മാരുമെല്ലാം വീടുകളിലെ ഇളയ മക്കളായിരുന്നുവെന്നൊരു നിരീക്ഷണവും നിലവിലുണ്ട്.

    ചില ഇളയകുട്ടികൾ മുതിർന്ന കുട്ടികളെപോലെയും മുതിർന്ന കുട്ടികൾ ഇളയവരെപോലെയും പെരുമാറിയെന്നും വരാം.  എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട ഒരുകാര്യം ജനനക്രമം കുട്ടികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുമെന്ന് മാതാപിതാക്കൾ തിരിച്ചറിയുകയും അതനുസരിച്ച് പേരന്റിങ് മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

  • മക്കളുടെ മുമ്പിൽ അരുതാത്ത വാക്കുകൾ

    മക്കളുടെ മുമ്പിൽ അരുതാത്ത വാക്കുകൾ

    അന്ന് ഏഴാം ക്ലാസുകാരിയായ സാന്ദ്ര ക്ലാസിൽ മൂഡോഫായിരിക്കുന്നത്  ആദ്യം മനസ്സിലാക്കിയത് ക്ലാസ് ടീച്ചർ കൂടിയായ ആനി മിസ്സാണ്. പതിവു ചിരിയില്ല, കളിയില്ല. ക്ലാസിൽ ശ്രദ്ധിക്കുന്നതുമില്ല. ക്ലാസ് തീർന്നപ്പോൾ ടീച്ചർ അവളെ സ്റ്റാഫ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിഷമിച്ചിരിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോൾ ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ലെങ്കിലും നിർബന്ധിച്ചപ്പോൾ കരഞ്ഞുകൊണ്ട് സാന്ദ്ര പറഞ്ഞു, അച്ഛനും അമ്മയും കൂടി  വഴക്ക്. വഴക്കിനിടയിൽ അമ്മ പറഞ്ഞുവത്രെ ഇതിലും ഭേദം ഡിവോഴ്‌സാണെന്ന്. നിനക്ക് അത്രനിർബന്ധമാണെങ്കിൽ അതുതന്നെ നടക്കട്ടയെന്ന് അച്ഛനും പറഞ്ഞുവത്രെ. ഡിവോഴ്‌സ് എന്ന വാക്കിന്റെ അർത്ഥം സാന്ദ്രയ്ക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ മാതാപിതാക്കൾ വേർപിരിയുമോ എന്ന ആശങ്കയിലും ഭയപ്പാടിലുമാണ് അവൾ. സാന്ദ്രയെ പോലെയുള്ള നിരവധി കുട്ടികളെ കൗൺസലിംങ് വേളകളിൽ കണ്ടുമുട്ടാറുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

    സഹപാഠിയായ ഒന്നാംക്ലാസുകാരൻ ഗോകുൽ വഴക്കിനിടയിൽ തന്നെ ഒരു ചീത്തവാക്കു പറഞ്ഞുവെന്ന പരാതിയുമായിട്ടാണ് അനിരുദ്ധ് ക്ലാസ് ടീച്ചറിന്റെ അടുക്കലെത്തിയത്. പരാതി കേട്ട ടീച്ചർ രണ്ടുപേരെയും വിളിച്ചു ചോദ്യം ചെയ്തു. ഗോകുൽ പറഞ്ഞ ചീത്തവാക്ക് എവിടെ നിന്ന് കേട്ടു ആരു പറഞ്ഞു എന്ന് ടീച്ചറുടെ ചോദ്യത്തിന് തലകുനിച്ച് നിന്നുകൊണ്ട് അവൻ മറുപടി പറഞ്ഞു. അമ്മ അച്ഛനെ വിളിക്കുന്നതാണ് ആ വാക്ക്.  അന്തിച്ചിരിക്കാനേ ടീച്ചർക്കായുള്ളൂ.
    മാതാപിതാക്കൾ തങ്ങളുടെ ദേഷ്യത്തിനിടയിൽ പകരം വീട്ടാനെന്നോണം പരസ്പരം വലിച്ചെറിയുന്ന വാക്കുകൾ കേട്ടുവളരുന്ന മക്കളിൽ അവയെല്ലാം അരക്ഷിതാവസ്ഥയും പ്രതികൂല മനോഭാവവുമാണ് സൃഷ്ടിക്കുന്നത്. എന്നും അച്ഛനമ്മമാരുടെ വഴക്കു കണ്ടുവളരുകയും ഡിവോഴ്‌സ് ഡിവോഴ്‌സ് എന്ന് നാല്പതുവട്ടം പറയുന്നത് കേൾക്കുകയും ചെയ്യുന്ന കുട്ടികളുടെ മനസ്സിൽ പ്രകടമായ വികാരം ഭയവും അരകഷിതാവസ്ഥയുമായിരിക്കും. തങ്ങൾ സുരക്ഷിതരല്ലെന്നും എപ്പോൾ വേണമെങ്കിലും മുങ്ങിപ്പോകാവുന്ന കപ്പലിലാണ് തങ്ങളെന്നും അവർ മനസ്സിലാക്കിത്തുടങ്ങും. ഇത് അവരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്കായിരിക്കും എത്തിക്കുന്നത്.

    അതുപോലെ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിമുഴക്കുന്ന ഭാര്യാഭർത്താക്കന്മാരുമുണ്ട്. വെറുമൊരു ഭീഷണിയായിരിക്കാം അത് പലപ്പോഴുമെങ്കിലും അതിനെ ഭാവിയിൽ പ്രവൃത്തിപഥത്തിലെത്തിക്കുന്നത് മക്കളായിരിക്കും എന്നത് നടുക്കത്തോടെ മാത്രം നാം ഓർമ്മിക്കേണ്ട ഒരു വസ്തുതയാണ്. പതിനേഴാം വയസിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി കാരണം പറഞ്ഞത് ചെറുപ്പത്തിൽ അമ്മ പതിവായി പറയാറുണ്ടായിരുന്ന ആത്മഹത്യ എന്ന വാക്കായിരുന്നു തനിക്ക് പ്രചോദനം എന്നാണ്. മദ്യപിച്ചെത്തുന്ന അച്ഛനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അമ്മ പ്രയോഗിക്കുന്ന ആയുധമായിരുന്നു ആത്മഹത്യാഭീഷണി. പത്തിരുപതിലധികം വർഷം നീണ്ട ദാമ്പത്യത്തിൽ അമ്മ ഒരിക്കലും ആത്മഹത്യാശ്രമം പോലും നടത്തിയിട്ടില്ല. പക്ഷേ അത് കേട്ടുവളർന്ന മകൾ ഒരുപ്രത്യേക നിമിഷത്തിൽ അമ്മയുടെ വാക്ക് നിറവേറ്റി.

    കൊച്ചുകുട്ടികൾ എതിരാളിയെ തോല്പിക്കാൻ ദേഷ്യത്തിൽ വിളിക്കുന്ന പേരിന്റെ അർത്ഥം അവർ ഒരിക്കലും മനസ്സിലാക്കുന്നില്ല. പക്ഷേ നിത്യവുമെന്നോണം അവർ വീടുകളിൽ നിന്ന് കേൾക്കുന്നത് അത്തരം വാക്കുകളാണ്. ലോവർ ക്ലാസു ഫാമിലികളിൽ മാത്രമേ ഇത് നടക്കൂ മിഡിൽക്ലാസ്, അപ്പർക്ലാസ് കുടുംബങ്ങളിൽ അങ്ങനെയൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് നാം സമാധാനപ്പെടണ്ട. ഇന്ന് വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന സ്ത്രീകൾ പോലും ഭർത്താവിനെ വിളിക്കുന്ന വിശേഷണങ്ങൾ നാം ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് മനശ്ശാസ്ത്രവിദഗ്ദയായ ഒരു സുഹൃത്ത് ചില അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞത് ഓർമ്മിക്കുന്നു. മനസ്സിലെ മാലിന്യം തള്ളാനും അതുവച്ചു പങ്കാളിയെ മാനസികമായി തകർക്കാനും വിദ്യാഭ്യാസനിലവാരം ഒരിക്കലും ഒരു ഘടകമേ അല്ല എന്നതാണ് സത്യം. ഗോകുലിന്റെ അമ്മ ഒരു കോളജ് പ്രഫസറായിരുന്നു എന്നതാണ് വാസ്തവം. അപ്പോൾ കുടുംബമഹിമ, വിദ്യാഭ്യാസം, സമൂഹത്തിലെ സ്ഥാനം ഇതൊന്നുമല്ല ഒരാളെ നല്ല അച്ഛനമ്മമാരോ നല്ല ഭാര്യഭർത്താക്കന്മാരോ ആക്കുന്നത്.

    പങ്കാളിയാണ് പലപ്പോഴും ശത്രുവാകുന്നത്. ആ ശത്രുത തീർക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ പക്ഷേ ലക്ഷ്യം തെറ്റി സ്വന്തം മക്കളിലേക്ക് തന്നെയാണ് വരുന്നതെന്ന് ദമ്പതികൾ ഒരിക്കലും മറക്കരുത്. നല്ല മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും മക്കളുടെ മുമ്പിൽ വച്ച് വഴക്കുകൂടരുത്. പങ്കാളിയെക്കുറിച്ച് മോശമായി സംസാരിക്കരുത്. ശബ്ദമുയർത്തിയും താറടിച്ചും സംസാരിക്കരുത്. മക്കളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വാക്കുകളോ പെരുമാറ്റങ്ങളോ ഒരിക്കലും ഉണ്ടാവുകയുമരുത്. പങ്കാളിയെ മോശക്കാരനാക്കി മക്കളുടെ സ്‌നേഹം പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാരോ നാളെ അവർ മക്കളുടെ മുമ്പിൽ ചെറുതായിപോവുകയേയുള്ളൂവെന്നും മറന്നുപോകരുത്.

  • കുട്ടികളെ സ്മാര്‍ട്ട് ആയി വളര്‍ത്താം…

    കുട്ടികളെ സ്മാര്‍ട്ട് ആയി വളര്‍ത്താം…

    മലയാളിയുടെ പ്രധാന പ്രശ്നം മക്കളെ കരുതുന്നതിലോ അവരുടെ ശിക്ഷണത്തിലോ പരിധി എത്രത്തോളമെന്ന് അറിവില്ലാത്തതാണ്. മക്കള്‍ക്ക് അതിര്‍വരമ്പുകളുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അതിനുള്ള ചില കാര്യങ്ങള്‍:-

    • സ്നേഹം ഒളിച്ചു വെയ്ക്കരുത്:- പല രക്ഷിതാക്കളും മനസ്സില്‍ സ്നേഹം ഒളിച്ചു വെയ്ക്കുന്നവരാണ്. കുട്ടിയെ സ്നേഹിച്ചാല്‍ മാത്രം പോരാ, സ്നേഹം പ്രകടിപ്പിക്കണം. കുട്ടികള്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിച്ചു കൊടുക്കുന്നതോ, സാധിച്ചു കൊടുക്കുന്നതോ മാത്രമാണ് സ്നേഹം എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മാതാപിതാക്കള്‍ കൊഞ്ചിക്കുന്നതും, കെട്ടിപ്പുണരുന്നതും, ഉമ്മ വെയ്ക്കുന്നതിലുമെല്ലാമുള്ള സ്നേഹം അവര്‍ പെട്ടെന്ന് തിരിച്ചറിയും.കണക്കുകൂട്ടലുകളില്ലാത്ത സ്നേഹമാണ് അച്ഛന്റെതും, അമ്മയുടെതും എന്ന് കുട്ടിയ്ക്ക് ബോധ്യമാവണം.
    • ആരോഗ്യം ഉറപ്പാക്കണം:- ആണ്‍കുട്ടിയെയും, പെണ്‍കുട്ടിയെയും ശുചിത്വശീലങ്ങള്‍ മൂന്നു വയസ്സുമുതല്‍ ചിട്ടയായി പഠിപ്പിക്കണം. നഖം വെട്ടുക, ദിവസവും രണ്ടുതവണ കുളിക്കുക, തലമുടി വൃത്തിയായി സൂക്ഷിക്കുക എന്നീ കാര്യങ്ങളില്‍ മിക്ക മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അടിവസ്ത്രം കഴുകി ഉണക്കി വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍, ദിവസേന മാറുന്ന കാര്യത്തില്‍ പലര്‍ക്കും ശ്രദ്ധയില്ല. അതുപോലെ കുട്ടിയ്ക്ക് 18 വയസ്സാകും വരെ കഴിയുന്നതും ഒരു ഡോക്ടറെ തന്നെ കാണിക്കുന്നതാണ് നല്ലത്. വേറെ ഡോക്ടറെ കാണിക്കണമെന്നുന്ടെങ്കില്‍ സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടര്‍ റഫര്‍ ചെയ്യുന്നതാണ് നല്ലത്.
    • ഉള്ളതും ഇല്ലാത്തതും അറിയിച്ചു വളര്‍ത്തണം:- കുട്ടികള്‍ക്ക് പണത്തിന്റെ വില മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ക്ലാസിലെ മറ്റു കുട്ടികള്‍ക്കുള്ളതെല്ലാം വാങ്ങാന്‍ പറ്റില്ലെന്നുള്ളത് കുട്ടിയെ ബോധ്യപ്പെടുത്തണം. പണം സമ്പാദിക്കുന്നത് ശീലമാക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കണം. പോക്കറ്റ്മണി കരുതലോടെ ചെലവാക്കാന്‍ നിര്‍ദ്ദേശം കൊടുക്കുകയും വേണം.
    • മക്കളോടോത്ത് ഉപകാരപ്രദമായ സമയം:- കുട്ടികളുമായി പ്രയോജനപ്രദമായ സമയം ചെലവഴിക്കുന്നത് പ്രത്യേക പണചെലവുള്ള കാര്യമല്ല. കുട്ടികള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ് ആദ്യം വേണ്ടത്. കൂട്ടുകാരെകുറിച്ച്, സ്കൂളിലെ ടീച്ചറെക്കുറിച്ച്, സ്കൂള്‍വാനില്‍ കണ്ടത് എന്തും അവര്‍ പറയട്ടെ. കുട്ടികളോടൊപ്പം കുറച്ചു ദൂരം നടക്കുന്നത് പോലും ഗുണപ്രദമാകും. കുട്ടിയുടെ നിരീക്ഷണബുദ്ധി വളര്‍ത്തുന്നതിനു ഇത് വഴിയൊരുക്കും. കുട്ടിയുടെ പരാതികള്‍ എത്ര ബാലിശമാണെങ്കിലും അതിനു ചെവി കൊടുക്കുക.
    • പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുക:- സ്വന്തം കഴിവില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കുട്ടിയ്ക്ക് ആദ്യ വഴികാട്ടി. ജീവിതാന്ത്യം വരെ ഇത് പ്രയോജനകരമാകും. “നിനക്കിതു ചെയ്യാന്‍ കഴിയും” എന്ന മാതാപിതാക്കളുടെ ഉറപ്പുമതി കുട്ടിയില്‍ ആത്മവിശ്വാസം അത്ഭുതകരമായി വളരാന്‍. ഒരു പ്രശ്നമുണ്ടായാല്‍, എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു, പരിഹാരം എന്ത്, അവ എങ്ങനെ നടപ്പാക്കും എന്ന രീതിയില്‍ സമചിത്തതയോടെ അഭിമുഖീകരിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കണം. കുട്ടിയുടെ ഏത് പ്രശ്നത്തിലും സഹായിക്കാന്‍ മാതാപിതാക്കള്‍ കൂടെയുണ്ട് എന്ന ഉറപ്പ് കുട്ടിക്ക് കൊടുക്കുക.
    • മാതാപിതാക്കള്‍ മാതൃകയായാല്‍ മതി:- കുട്ടികളോട് വിരല്‍ ചൂണ്ടി, കയറൂ എന്ന് ആജ്ഞാപിക്കുന്നവരാകരുത് മാതാപിതാക്കള്‍. നമ്മള്‍ കയറാന്‍ ആരംഭിച്ചാല്‍ മക്കളും അനുഗമിച്ചോളും. സ്വന്തം ശരീരത്തെ മാത്രമല്ല, എതിര്‍ലിംഗത്തില്‍പെട്ടവരെ ബഹുമാനിക്കാനും കുട്ടികളെ ശീലിപ്പിക്കണം. മാന്യമായ വസ്ത്രധാരണം, സംസാരം എന്നിവയിലെല്ലാം ശ്രദ്ധിച്ചാല്‍ മൂല്യബോധം കുട്ടികളില്‍ സ്വയമേവ ഉണ്ടാകും. മാതാപിതാക്കള്‍ നന്ദിയുടെ വാക്കുകള്‍ പറയുമ്പോള്‍ മക്കളും മറ്റുള്ളവരോട് നന്ദി പറയുന്നവരാകും.
    • കുട്ടികളോട് ക്രൂരത കാട്ടരുത്:- അമിതമായ പ്രതീക്ഷകളാണ് കുട്ടികളോടുള്ള ക്രൂരതയ്ക്ക് മുഖ്യ കാരണം. ശരാശരി നിലവാരമുള്ള കുട്ടിയോട് ഒന്നാം റാങ്ക് നേടിയാല്‍ സൈക്കിള്‍ വാങ്ങിത്തരാമെന്നു പറയുന്നത് ക്രൂരതയാണ്. വളഞ്ഞ വഴിയിലൂടെ അത് എങ്ങനെ നേടാമെന്ന് കുട്ടി ശ്രമിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളെ അവരുടെ കുറവുകളോട് കൂടി അംഗീകരിക്കുകയാണ് വേണ്ടത്. എല്ലാ കുട്ടികള്‍ക്കും എല്ലാ കാര്യങ്ങളിലും താല്‍പര്യമുണ്ടാവില്ല. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. കുട്ടിയ്ക്ക് യാതൊരു താല്പര്യവുമില്ലാത്ത രീതികള്‍ അടിച്ചേല്‍പ്പിക്കരുത്.
  • ശിക്ഷിക്കാം, പക്ഷേ ചേർത്ത് പിടിക്കാൻ മറക്കരുത്

    ശിക്ഷിക്കാം, പക്ഷേ ചേർത്ത് പിടിക്കാൻ മറക്കരുത്

    കുട്ടികളെ ശിക്ഷിക്കുന്നതിലെ ശരിയും തെറ്റും തമ്മിലുള്ള ചർച്ചകൾക്ക് ഇപ്പോഴും പൂർണ്ണവിരാമമായിട്ടില്ല. എന്നെങ്കിലും അക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകുമെന്നും കരുതാൻ വയ്യ. പക്ഷേ കുട്ടികളെ ഇന്നേവരെ ശിക്ഷിച്ചിട്ടില്ലാത്തവരായി ഈ കുറിപ്പ് വായിക്കുന്നവരിൽ എത്ര പേരുണ്ടാവുമെന്ന് സംശയമുണ്ട്. ഇനി ഉണ്ടെങ്കിൽ തന്നെ അവരുടെ മക്കൾ മുട്ടിലിഴയുന്ന പ്രായക്കാരോ കമിഴ്ന്നു വീണുകിടക്കുന്നവരോ ആയിരിക്കാം.

    നേഴ്സറി മുതൽ മുകളിലേക്ക് പഠിക്കാൻ പോയിത്തുടങ്ങിയവരോ കൗമാരക്കാർ വരെയെത്തിയവരോ ആയ മക്കളുടെ മാതാപിതാക്കൾ ഇക്കാലയളവിനുള്ളിൽ ഒരുതവണയെങ്കിലും മക്കളെ ശിക്ഷിച്ചിട്ടുണ്ടാവും എന്ന കാര്യത്തിൽ സംശയിക്കാനൊന്നുമില്ല. കാരണം നമ്മുടെ നാട്ടിൽ മക്കളെ ശിക്ഷിക്കുന്നത് മാതാപിതാക്കളുടെ പേരിലുള്ള കുറ്റമായി ചുമത്തപ്പെടുന്ന നിയമം വന്നിട്ടില്ലാത്തിടത്തോളം കാലം  അതു തുടർന്നുപൊയ്ക്കൊണ്ടേയിരിക്കും.


    പക്ഷേ ശിക്ഷയെക്കുറിച്ച് ചില വീണ്ടുവിചാരങ്ങളൊക്കെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. എന്തിനാണ് മക്കളെ ശിക്ഷിക്കുന്നത്? മാതാപിതാക്കൾക്ക് തങ്ങളോടു തന്നെയോ അല്ലെങ്കിൽ മറ്റുള്ളവരോടോ ഉള്ള ദേഷ്യം തീർക്കാനാണ് മക്കളെ കൂടുതൽ ശിക്ഷിക്കുന്നതെന്നത് ഒരു യാഥാർത്ഥ്യമാണ്. മനസ്സ് ശാന്തമായിരിക്കുകയും ചുറ്റുപാടുകളും വ്യക്തികളും എല്ലാം നമ്മൾ ആഗ്രഹിക്കുന്നതുപോലെ ചിട്ടപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മക്കളുടെ ചെറിയ കുസൃതികളോ കുരുത്തക്കേടുകളോ അനുസരണക്കേടുകളോ, ആ പിള്ളേരല്ലേ ക്ഷമിച്ചുകളയാം എന്ന മട്ടിൽ നാം ഉദാരരാകുന്നു. പക്ഷേ ആരോടെങ്കിലുമുള്ള ദേഷ്യം ഉള്ളിൽ പെരുകിക്കിടക്കുമ്പോൾ മക്കളുടെ ചെറിയ കുസൃതികൾ പോലും ക്ഷമിച്ചുകളയാൻ കഴിയാത്ത വിധത്തിലുള്ളതാകുന്നു. ചില മാതാപിതാക്കളെങ്കിലും ഇക്കാര്യം സമ്മതിച്ചുതരുമെന്ന് തന്നെയാണ് വിശ്വാസം.


    മാതാപിതാക്കളുടെ ദേഷ്യം തീർക്കാനായിരിക്കരുത് മക്കളെ ശിക്ഷിക്കേണ്ടത്. മക്കൾക്ക് അവർ ചെയ്ത തെറ്റിനുള്ള ശിക്ഷയെന്ന നിലയിലോ അവരതു വീണ്ടും ആവർത്തിക്കാതിരിക്കാനോ വേണ്ടിയായിരിക്കണം ശിക്ഷ നല്കേണ്ടത്. ശിക്ഷയെന്നാൽ പല മാതാപിതാക്കളും ധരിച്ചുവച്ചിരിക്കുന്നത് ചൂരൽ പ്രയോഗം, കൈ കൊണ്ടുള്ള അടി, നുള്ള് എന്നിവയും മക്കൾക്ക് നേരെയുള്ള തൊണ്ട പൊട്ടുമാറുമുള്ള അലറലോ ഒക്കെയാണ്. എന്നാൽ ശാരീരികമായ അത്തരം ദണ്ഡനങ്ങൾ മാത്രമല്ല ശിക്ഷയെന്നാണ് പുതിയ കാലത്തെ മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്. മാതാപിതാക്കളുടെ ഒരു നോട്ടം പോലും ശിക്ഷയായി മക്കൾക്ക് അനുഭവപ്പെടണം. 


    പണ്ടുകാലത്തെ മാതാപിതാക്കൾ പറയാറുണ്ടായിരുന്നു, മക്കളെ ഒരിക്കലും കൈ കൊണ്ട് അടിക്കരുതെന്ന്. അടിക്കേണ്ട ആവശ്യം വന്നാൽ അന്ന് പല വീടുകളിലും ചെമ്പരത്തിയുടെയോ കാപ്പിയുടെയോ ശിഖരങ്ങൾ മുറിച്ചുവച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ തക്കസമയത്ത് വടി തപ്പിപ്പോകാനുള്ള ബുദ്ധിമുട്ടുകൊണ്ട്  മാതാപിതാക്കൾ തങ്ങളുടെ കൈക്കരുത്ത് മക്കളുടെ മേൽ പ്രയോഗിക്കുകയും ചെയ്തിരുന്നു. 


    ശിക്ഷിക്കേണ്ട അവസരത്തിൽ ഈ രൂപത്തിൽ ശിക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കൃത്യമായ സമയത്തും കൃത്യമായ അളവിലുമായിരിക്കണം ശിക്ഷാനടപടികൾ. തലങ്ങും വിലങ്ങും മക്കളെ അടിക്കുന്ന മാതാപിതാക്കളുണ്ട്. ദേഹത്തുനിന്ന് ചോര പൊടിയുന്ന വിധത്തിൽ അടിക്കുന്നവരുമുണ്ട്. പക്ഷേ കാടത്തം നിറഞ്ഞ ഇത്തരം ശിക്ഷാനടപടികൾ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്ന മുറിവുകൾ ആഴത്തിലുള്ളവയായിരിക്കും. മാതാപിതാക്കൾ ഉദ്ദേശിക്കുന്നതിനെക്കാൾ നെഗറ്റീവായ ഫലങ്ങളേ അത് സൃഷ്ടിക്കുകയുള്ളൂ. അതുകൊണ്ട് ഒരിക്കലും മക്കളെ അമിതമായും ക്രൂരമായും ശിക്ഷിക്കരുത്.

    ശിക്ഷിച്ചുകഴിഞ്ഞാൽ മക്കളെ ലാളിക്കാൻ പോകരുതെന്നും അങ്ങനെ സംഭവിച്ചാൽ ശിക്ഷയുടെ പ്രാധാന്യം മക്കൾക്ക് മനസ്സിലാവില്ലെന്നും ധരിച്ചുവച്ചിട്ടുള്ള ചിലരുണ്ട്. ഇത് തെറ്റാണെന്നാണ് മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്. അടികൊണ്ട് തിണർത്ത കാലുകളുമായി കണ്ണീരുണങ്ങി ഉറങ്ങാൻ കിടന്ന ഒരുരാത്രിയിൽ കാലിൽ വെള്ളം പതിച്ചതറിഞ്ഞ് കണ്ണുതുറന്ന് നോക്കിയപ്പോൾ കണ്ടത് തന്റെ മുറിവുകളിൽ തലോടി നിശ്ശബ്ദം കരയുന്ന അച്ഛനെയായിരുന്നുവെന്നും അത് കണ്ടതോടെ അതുവരെ അച്ഛനെക്കുറിച്ച് മനസ്സിൽ വിചാരിച്ചിരുന്ന നിഷേധാത്മകചിന്തകൾ മാഞ്ഞുപോയെന്നും ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു.  അച്ഛൻ അങ്ങനെ കരഞ്ഞില്ലായിരുന്നുവെങ്കിൽ, അച്ഛൻ കരയുന്നത് അവൻ കണ്ടില്ലായിരുന്നുവെങ്കിൽ അവനൊരിക്കലും തന്റെ അച്ഛനെ സ്നേഹിക്കാൻ കഴിയുമായിരുന്നില്ല.

    അപ്പോൾ പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്, ശിക്ഷിച്ചുകഴിയുമ്പോഴും മക്കളെ അതിന് ശേഷം  ചേർത്തുപിടിക്കാൻ മറക്കരുത്. അങ്ങനെ ചെയ്തതുകൊണ്ട് മക്കൾക്കൊരിക്കലും ശിക്ഷയുടെ ചൂട് കുറയില്ല. മറിച്ച് ശിക്ഷ ഫലപ്രദമാകുകയേയുള്ളൂ. മാതാപിതാക്കളുടെ ആലിംഗനവും സ്നേഹചുംബനങ്ങളും മക്കൾക്ക് അവരോടുള്ള വൈകാരികമായ ബന്ധത്തിന് ഏറെ സഹായിക്കും എന്ന കാര്യവും മറക്കരുത്.

  • ആത്മവിശ്വാസം നല്കൂ, കുട്ടികൾ വലിയവരാകട്ടെ

    ആത്മവിശ്വാസം നല്കൂ, കുട്ടികൾ വലിയവരാകട്ടെ

    കഴിവില്ലാത്തതിന്റെ പേരിൽ അല്ല ഇന്ന് ലോകത്ത് പലരും പരാജയപ്പെടുന്നത്.  ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്. ഈ ലോകത്തിൽ ആരൊക്കെ വിജയിച്ചിട്ടുണ്ടോ അതൊന്നും അവർ എല്ലാ ഗുണഗണങ്ങളും തികഞ്ഞവരായിരുന്നതുകൊണ്ടോ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടോ അല്ല, മറിച്ച് അവർക്കെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഒരാൾ അവനവനിൽ തന്നെ വിശ്വസിക്കുന്നതാണ് ആത്മവിശ്വാസം. ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ലക്ഷ്യങ്ങൾക്ക് വേണ്ടി പൊരുതാനും  അത് സ്വന്തമാക്കാൻ ശ്രമിക്കാനും കഴിയൂ. ആത്മവിശ്വാസമില്ലാത്തവർക്ക് ഒരിക്കലും ശ്രമിക്കാൻ കഴിയില്ല. ഓ, എന്നെക്കൊണ്ട് അതൊന്നും കഴിയില്ല എന്ന മട്ടിൽ ഒതുങ്ങിക്കൂടി കഴിയുന്നവർ നമ്മുടെയിടയിൽ ധാരാളമുണ്ട്. അവരൊന്നും കഴിവില്ലാത്തവരല്ല, ആത്മവിശ്വാസമില്ലാത്തവരാണ്.
     

    ഇന്ന് ചാനലുകളിലെ പല ഷോകളിലും നമ്മെ അത്ഭുതപ്പെടുത്തുന്നത് കുട്ടികളാണ്. നല്ല എനർജിയായിരുന്നുവെന്നൊക്കെ അവരുടെ പെർഫോമൻസ് കണ്ട് വിലയിരുത്തുന്ന ജഡ്ജ്സ് പറയുന്നതും 
    കേൾക്കാറുണ്ട്. ഈ എനർജി എന്നുപറയുന്നത് 
    പെർഫോമൻസിലുള്ള ഘടകം മാത്രമല്ല അവരുടെ ആകെയുള്ള പ്രകൃതത്തിൽമുഴുവൻ നിഴലിക്കുന്നതാണ്. പഴയ തലമുറയെക്കാൾ ആത്മവിശ്വാസമുള്ളവരും ആത്മപ്രകാശനത്തിന് കഴിവുള്ളവരുമാണ് പുതിയ തലമുറ. ഇതെന്തുകൊണ്ട് സാധിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരങ്ങളിലൊന്ന് കുടുംബങ്ങളിൽ നിന്ന് കിട്ടുന്ന പ്രോത്സാഹനവും അത് നല്കുന്ന ആത്മവിശ്വാസവും എന്നായിരിക്കും.

    പഴയൊരു തലമുറ ഡാൻസിനെയും പാട്ടിനെയും എഴുത്തിനെയുമൊക്കെ വിലയിരുത്തിയിരുന്നത് നേരം കൊല്ലികളും വഴിതെറ്റിക്കുന്നതിനുള്ള ഉപാധിയുമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ മക്കളുടെ സർഗ്ഗവാസനകളെ അവരിൽ പലരും തങ്ങളുടെ അറിവുകേടുകൊണ്ട് നിരുത്സാഹപ്പെടുത്തി. പഠിച്ചാൽ മാത്രമേ രക്ഷപ്പെടൂ എന്നായിരുന്നു അന്നത്തെ മാതാപിതാക്കളുടെ ധാരണ. പഠിച്ചുജോലി നേടുന്നതിൽ മാത്രമായിരുന്നു ജീവിതവിജയം എന്ന് അവർ തെറ്റിദ്ധരിച്ചു. ഫലമോ മക്കളെ പുസ്തകപ്പുഴുക്കളും പഠിപ്പിസ്റ്റുകളുമാക്കി മാറ്റി. പക്ഷേ പുതിയ മാതാപിതാക്കളുടെ ബോധനനിലവാരത്തിലും  മക്കളോടുള്ള സമീപനത്തിലും മാറ്റം വന്നു. തങ്ങൾക്ക് ആകാൻ കഴിയാത്തത് മക്കൾ ആയിത്തീരണമെന്ന ആഗ്രഹം കൊണ്ടുപോലും അവർ മക്കളുടെ കഴിവുകൾക്ക് എണ്ണയൊഴിച്ച് തിരി തെളിച്ചു. 

    കുട്ടികൾ ഏതെങ്കിലുമൊക്കെ തരത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതു കാണുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുക, നല്ല വാക്കുകൾ പറയുക, ചിലപ്പോൾ അവർ പാടുന്നത് അത്ര നല്ലരീതിയിലായിരിക്കില്ല, വരയ്ക്കുന്ന പടങ്ങൾക്ക് 
    പെർഫെക്ഷനും ഉണ്ടാവില്ലായിരിക്കാം. ഭിത്തിയിൽ ചിലപ്പോൾ കുത്തും കോമയും ഇട്ടായിരിക്കാം അവരുടെ ചിത്രരചനയുടെ ആരംഭം തന്നെ. അപ്പോൾ ഭിത്തികേടാകുന്നുവെന്ന് പറഞ്ഞ് നാം ശബ്ദമുയർത്തും. അതാവട്ടെ ചില കുട്ടികളെയെങ്കിലും വരയിൽ നിന്ന് പിൻവലിക്കാനും സാധ്യതയുണ്ട്. മക്കൾ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങളിലും അവരെ അർഹിക്കുന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുക, നല്ല വാക്കുകൾ പറയുക. ആയിരം അവാർഡുകളെക്കാൾ വലുതാണ് ഒരു നല്ല വാക്ക് എന്ന് പറയാറില്ലേ. ആരെങ്കിലുമൊക്കെ പറഞ്ഞ  ചില നല്ലവാക്കുകളായിരിക്കും ഇന്ന് നമ്മെ എവിടെയെങ്കിലുമൊക്കെ എത്തിച്ചിട്ടുണ്ടാവുക. മാത്രവുമല്ല കുടുംബാംഗങ്ങൾതമ്മിൽ തമ്മിൽ പോലും പ്രോത്സാഹനം കൊടുക്കുക. പതിവില്ലാതെ അടുക്കളയിൽകയറി പാചകം ചെയ്ത ഭർത്താവിനെ നല്ല വാക്കുകൾ കൊണ്ട് അഭിനന്ദിക്കുക, അണിഞ്ഞൊരുങ്ങിവന്ന ഭാര്യയെകണ്ട് നല്ല വാക്കുകൾ പറയുക. ഇതൊക്കെ കുടുംബത്തിൽ പ്രോത്സാഹനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവയാണ്. 

    പോസിറ്റീവായ കുടുംബാന്തരീക്ഷത്തിൽ വളർന്നുവരുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും ഉണ്ടായിരിക്കും. പോസിറ്റീവ് എന്ന് പറയുമ്പോൾ അവിടെ സാമ്പത്തികഭദ്രതയോ വീടിന്റെ വലുപ്പമോ അല്ല കണക്കിലെടുക്കുന്നത്. മനോഭാവങ്ങളാണ്. ജീവിതത്തോടും സാഹചര്യങ്ങളോടുമുള്ള ക്രിയാത്മകമായ മനോഭാവം.  ചെറിയ വീടുകളിൽനിന്നും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നും എത്രയോ പേരാണ്  നമ്മുക്ക് ചുറ്റിലും വളർന്നുനില്ക്കുന്നത്. അപ്പോൾ അവനവനിൽ തന്നെയുള്ള ആത്മവിശ്വാസവും പ്രിയപ്പെട്ടവരിൽ നിന്നു കിട്ടിയ പിന്തുണയും പ്രോത്സാഹനവും കൂടി ചേർന്നാണ് അവരുടെ ജീവിതത്തെ വിജയതലത്തിൽ എത്തിച്ചതെന്ന് മനസ്സിലാക്കാനാവും. എപ്പോഴും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്ന  മാതാപിതാക്കളെ കണ്ടുവളരുന്ന മക്കളുടെ ഉള്ളിൽ അരക്ഷിതത്വബോധവും അപകർഷതയും രൂപപ്പെടും. ആത്മവിശ്വാസത്തെ തകർക്കുന്നവയാണ് ഇവ രണ്ടും. അതുകൊണ്ട് മക്കളോട് പോസിറ്റിവായി സംസാരിക്കുക, അവരെ ചെറുപ്പം മുതല്ക്കേ ആത്മവിശ്വാസമുള്ളവരായി മാറ്റുക, പ്രോത്സാഹനത്തിന്റെ നല്ല വാക്കുകൾ പറഞ്ഞ് അവരിലെ കഴിവുകളെ ഊതിയുണർത്തുക.

  • സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികളുടെ കൈകള്‍ സോപ്പിട്ടു കഴുകാന്‍ മറക്കരുതേ

    സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികളുടെ കൈകള്‍ സോപ്പിട്ടു കഴുകാന്‍ മറക്കരുതേ

    സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍  വിശന്ന വയറുമായിട്ടായിരിക്കാം വീട്ടിലെത്തുന്നത്. വിശപ്പിന് മുന്‍ഗണന നല്കുന്നതുകൊണ്ട് അവര്‍ കൈകള്‍ വൃത്തിയായി കഴുകുന്നുണ്ടോയെന്ന് മാതാപിതാക്കളും ഒരുപക്ഷേ ശ്രദ്ധിക്കാറില്ല. എന്നാല്‍ സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ കൈകള്‍ സോപ്പും ചെറു ചൂടുള്ള വെള്ളവും ഉപയോഗിച്ച് ആദ്യം തന്നെ കഴുകണമെന്നും അതിന് ശേഷം മാത്രമേ ഭക്ഷണം നല്കാവൂ എന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കാരണം എച്ച് 1 എന്‍ 1 പോലെയുള്ള രോഗങ്ങള്‍ പകരാതിരിക്കാന്‍ ഇതേറെ സഹായകരമായിരിക്കും. 
     എച്ച് 1 എന്‍ 1 രോഗികള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ വായുവില്‍ കലരുകയും മറ്റുള്ളവര്‍ക്ക് ശ്വാസോച്ഛാസത്തിലൂടെ രോഗം പിടിക്കുകയും ചെയ്യും. അതുപോലെ ഹസ്തദാനത്തിലൂടെയും രോഗം പകരും. അതുകൊണ്ടാണ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്ന് പറയുന്നത്. 
     കണ്ണുകള്‍, മൂക്ക്, വായ് എന്നിവ  കൈ കൊണ്ടു നേരിട്ടു സ്പര്‍ശിക്കുമ്പോഴും രോഗസാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് കൈകള്‍ വൃത്തിയാക്കേണ്ടത്. 

    എച്ച് 1എന്‍ 1 പകരാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍കൂടി അറിഞ്ഞിരിക്കണം. പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍- ആശുപത്രികള്‍, മാളുകള്‍, തീയറ്ററുകള്‍- പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍- ട്രെയിന്‍, ബസ്- എന്നിവരെല്ലാം മാസ്‌ക്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്.എന്നാല്‍ ഒരേ മാസ്‌ക്ക് തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

  • നല്ല മാതാപിതാക്കളാവാം

    നല്ല മാതാപിതാക്കളാവാം

    ഒരു കുഞ്ഞിന്‍റെ ജനനം മാതാപിതാക്കളുടെ കൂടി ജനനമാണ്‌. കുഞ്ഞ് വളര്‍ന്നു പാകമാകുന്നതിനോടൊപ്പം അവരും വളര്‍ന്നു പാകമാകേണ്ടതുണ്ട്. പക്ഷെ, നമ്മുടെ സമൂഹത്തില്‍ അങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനായി അവരെ മറന്നു നെട്ടോട്ടമോടുന്നതിന്നിടയില്‍ അതിനേക്കാള്‍ അവര്‍ക്കാവശ്യം തങ്ങളുടെ സാമീപ്യമാണെന്ന് പല രക്ഷിതാക്കളും മറന്നു പോകുന്നു. കുട്ടികളുടെ വ്യക്തിത്വം രൂപവത്ക്കരിക്കുന്നതിനും, അവരും മാതാപിതാക്കളുമായുള്ള ബന്ധം ദൃഡമാക്കുന്നതിനും ചില കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാം:-

     കുട്ടികള്‍ക്ക് നിങ്ങള്‍ പണം കൊടുക്കാനുള്ള എ ടി എം മെഷീന്‍ മാത്രമാവരുത്. മക്കളുടെ സന്തോഷം കാണാന്‍ അവരുടെയൊപ്പം നിങ്ങള്‍ എത്ര നേരം ചിലവഴിക്കുന്നുണ്ട് എന്നത് വളരെ മുഖ്യമാണ്. നിത്യേന അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വേഗം തിരിച്ചറിയാം.

    • ഏത് കാര്യത്തിനും നമ്മുടെ സാമീപ്യവും, മേല്‍നോട്ടവും ഉണ്ട് എന്ന ധാരണ കുട്ടികളില്‍ വളര്‍ത്തുക. അവരുടെ പ്രശ്നങ്ങള്‍ നിങ്ങളോടു പങ്കു വെയ്ക്കാന്‍ അത് സഹായകരമാകും.
    • മറ്റുള്ളവരെ നോക്കി പഠിക്കാനല്ല പറയേണ്ടത്. നിങ്ങളാവണം  അവരുടെ മാതൃകകള്‍.
    • പണമുപയോഗിച്ച് കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ ആവശ്യപ്പെടുന്ന എന്തും വാങ്ങിക്കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ടോരുപക്ഷേ, നിങ്ങളെന്ന അച്ഛന്റെ, അമ്മയുടെ മൂല്യം മനസ്സിലാക്കാന്‍ അവര്‍ക്കാവണം എന്നില്ല.
    • സാധ്യമാകുന്നിടത്തോളം കുഞ്ഞുങ്ങളെ അവരുടെ പഠനകാര്യങ്ങളില്‍ സഹായിക്കുക. കൊച്ചുകുഞ്ഞുങ്ങളുള്ള വീടാണെങ്കില്‍ ഉറങ്ങുന്നതിനു മുമ്പേ അവര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കാം.
    • കുഞ്ഞുങ്ങളുടെ നേട്ടം അതെത്ര നിസ്സാരമാണെങ്കില്‍ പോലും അഭിനന്ദിക്കാം, പ്രോത്സാഹിപ്പിക്കാം.
    •  കുട്ടികളെ ഒരിക്കലും സമപ്രായക്കാരായ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തുകൊണ്ട് അവരെ പുകഴ്ത്തി സംസാരിക്കരുത്.
    • കുട്ടികളോട് നിത്യവും സംസാരിക്കാനുള്ള ഒരു ഇടമായി ഡൈനിംഗ് ടേബിള്‍ തെരെഞ്ഞെടുക്കൂ. ദിവസത്തില്‍ ഒരു നേരമെങ്കിലും അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാം.
  • വീട്ടില്‍ കുട്ടികള്‍ പ്രധാനപ്പെട്ടവരാകുമ്പോള്‍

    വീട്ടില്‍ കുട്ടികള്‍ പ്രധാനപ്പെട്ടവരാകുമ്പോള്‍

    ജോലി കഴിഞ്ഞ് വന്ന് അടുക്കളയില്‍ ഭാര്യയുമായി വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുകയായിരുന്നു ഭര്‍ത്താവ്. അതിനിടയിലാണ് അയാള്‍ ഒരു മാമ്പഴം അടുക്കളയിലിരിക്കുന്നത് കണ്ടത്. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ അയാളതെടുത്ത് കടിച്ചു. 

    നന്നായി പഴുത്തിട്ടില്ല. എങ്കിലും നല്ല രുചിയുണ്ട്. അടുപ്പിന് നേരെ തിരിഞ്ഞ് നിന്ന് ജോലി ചെയ്യുകയായിരുന്ന ഭാര്യ അത് കണ്ടില്ല. പിന്നെ എന്തിനോ തിരിഞ്ഞുനോക്കിയ അവള്‍, ഭര്‍ത്താവെന്തോ വലിയ തെറ്റ് ചെയ്തതുപോലെ അയാള്‍ക്ക് നേരെ ചാടിച്ചെന്നിട്ട് ചോദിച്ചു.

    നിങ്ങളാ മാമ്പഴം എടുത്തുതിന്നോ..ഞാനത് മോന്  നന്നായി പഴുത്തിട്ട് നാളെ കൊടുക്കാമെന്ന് വച്ചിരിക്കുകയായിരുന്നു.. നിങ്ങളത് എടുത്തുതിന്നുമെന്ന് ഞാനോര്‍ത്തോ.. 

    അവളത് അയാളുടെ കൈയില്‍ നിന്ന് പിടിച്ചുവാങ്ങുകയും പിന്നെ അത് നോക്കി പാതിഭാഗവും തീര്‍ന്നതിനാല്‍ അയാളുടെ കയ്യിലേക്ക് തന്നെ വച്ചുകൊടുക്കുകയും ചെയ്തു.

    ഭാര്യയുടെ ആ കണ്ഠക്ഷോഭത്തിന് മുമ്പില്‍ താന്‍ വെറും യാചകനായി മാറിയ അനുഭവമുണ്ടായതായിട്ടാണ് അയാള്‍ പിന്നീട് ആത്മനിന്ദയോടെ സാക്ഷ്യപ്പെടുത്തിയത്. അടുത്തവീട്ടുകാര്‍ തങ്ങളുടെ പറമ്പില്‍ നിന്ന് കൊടുത്ത വിഷം കുത്തിവയ്ക്കാത്ത നല്ല മാമ്പഴമായിരുന്നു അതെന്നും അതുകൊണ്ടാണ് ഭാര്യയത് മൂന്ന് വയസുകാരന്‍ മകന് വേണ്ടി കരുതിവച്ചതെന്നും സത്യം. 

    പക്ഷേ ഭര്‍ത്താവ് ആ മാമ്പഴം എടുത്തുതിന്നതോര്‍ത്ത് ഭാര്യ അത്രമേല്‍ശബ്ദമുണ്ടാക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഇല്ലെന്നാണ് കേട്ടപ്പോള്‍ എന്റെയും അഭിപ്രായം. 

    കഴിഞ്ഞ ദിവസം ഏതോ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരോ ഷെയര്‍ ചെയ്ത ഒരു ലേഖനം വായിച്ചപ്പോള്‍ ഈ സംഭവമാണ് മനസ്സിലേക്ക് കടന്നുവന്നത്. നമ്മുടെ വീടുകളില്‍ കുട്ടികളാണോ വളരെ പ്രധാനപ്പെട്ടവര്‍?

    ചില വീടുകളിലെങ്കിലും അ്ങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ചില ഭാര്യമാരുടെ ജീവിതവും ചിന്തയും മുഴുവന്‍ മക്കളുടെ ജനനത്തോടെ അവരിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുമ്പോള്‍.. 

    മക്കളുടെ ചെറുപ്രായം കഴിഞ്ഞിട്ടാണെങ്കില്‍ പോലും ഭക്ഷണകാര്യങ്ങളില്‍ അവരുടെ പ്രിയങ്ങളും അപ്രിയങ്ങളും മാത്രം നോക്കിയാണ് ചില വീട്ടമ്മമാരെങ്കിലും അടുക്കളയില്‍ പെരുമാറുന്നതെന്ന് ചില സാക്ഷ്യപ്പെടുത്തലുകള്‍ മനസ്സിലാക്കിത്തന്നിട്ടുണ്ട്. കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കു്ന്ന പുരുഷന്‍ ഭക്ഷണം കഴിച്ചോ, അവന്റെ പ്രിയപ്പെട്ട ഭക്ഷണം എന്താണ് എന്ന് അന്വേഷിക്കാതെ മക്കളുടെ ആഹാര ഇ്ഷ്ടാനിഷ്ടങ്ങള്‍ മാത്രം നോക്കികഴിയുന്ന എത്രയോ വീട്ടമ്മമാരുണ്ട് നമുക്ക് ചുറ്റിനും? 

    സത്യത്തില്‍ ഇത് തീര്‍ത്തും നിരാശാജനകമായ പ്രവണതയാണ്. വര്‍ഷം എത്രയോ കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ ഇഷ്ടവിഭവം എ്ന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്ത ഭാര്യമാര്‍ പോലുമുണ്ട് ഇവിടെ. അവര്‍ പാകം ചെയ്യുന്നത് മക്കളുടെ രുചികള്‍ നോക്കി..മക്കളുടെ ഇഷ്ടം നോക്കി..

    മക്കളുടെ വാശികള്‍ക്കും ഇഷ്ടങ്ങള്‍ക്കും നിരുപാധികം നാം കീഴടങ്ങിക്കൊടുക്കുകയും വ്യവസ്ഥകളില്ലാതെ അവര്‍ ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കുകയും ചെയ്യുമ്പോള്‍ അവര്‍ സ്വഭാവികമായും കരുതുന്നത് തങ്ങള്‍ ഈ വീട്ടിലെ വളരെ പ്രധാനപ്പെട്ടവരും തങ്ങളുടെ ഇഷ്ടങ്ങള്‍ എപ്പോഴും സാധിക്കപ്പെടേണ്ടവയാണെന്നുമാണ്. ഇത്തരം മക്കള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ മാതാപിതാക്കള്‍ ഓച്ഛാനിച്ചുനില്‌ക്കേണ്ടതായി വരും. മക്കളെ ഇങ്ങനെ മാറ്റിയെടുക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് അമ്മമാരാണ്. അവര്‍ക്ക് ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാല്‍ ഭര്‍ത്താവല്ല മക്കളാണ് വലുത്. 

    കഴിഞ്ഞ തലമുറയിലെ അമ്മമാര്‍,  മദ്യപാനിയും കുടുംബം നോക്കാത്തവനും ഒക്കെആയിരുന്നിട്ടു പോലും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് പ്രത്യേകമായി പലതും നീക്കിവച്ചിട്ടേ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. മീനാണെങ്കില്‍ അതിന്റെ നടുതുണ്ടം ഭര്‍ത്താവിന് വേണ്ടി മാറ്റിവയ്ക്കും. ഭര്‍ത്താവ് വരാന്‍ വൈകുകയാണെങ്കില്‍ അയാള്‍ക്കുള്ളത്  വിളമ്പി അടച്ചുവച്ചിട്ടേ തങ്ങളുടെ പങ്ക് കഴിക്കൂ.. ഇന്ന് അതൊക്കെ കാലഹരണപ്പെട്ട ചില സംഭവങ്ങളായിട്ടുണ്ട് ചില കുടുംബങ്ങളിലെങ്കിലും.

    അതുപോലെ ഇന്നത്തെ മധ്യവര്‍ഗ്ഗകുടുംബങ്ങളിലെല്ലാം കാണുന്ന പൊതുപ്രവണതയുണ്ട്.തങ്ങളോ ബുദ്ധിമുട്ടുകള്‍ അറിഞ്ഞു. ദാരിദ്ര്യം അനുഭവിച്ചു,  മക്കള്‍ക്കെങ്കിലും അതുണ്ടാകരുത്..അതുകൊണ്ട് മക്കളെ അല്ലലറിയിക്കാതെ വളര്‍ത്തണം എന്ന്.

    ഇതെത്രയോ തെറ്റായ ചിന്തയാണ്. കുടുംബത്തിലെ സമൃദ്ധിമാത്രം അറിഞ്ഞുവളരേണ്ടവരല്ല നമ്മുടെ ഒരു മക്കളും. അവര്‍ കുടുംബത്തിലെ ഇല്ലായ്മകളും അറിയണം..വല്ലായ്മകളും അനുഭവിക്കണം.  അടുത്തവീട്ടിലെ ചിലവയെല്ലാം കണ്ട് അതെല്ലാം സാധിച്ചുകിട്ടാന്‍ വേണ്ടി അവര്‍ വാശിപിടിച്ചുകരയുന്നത് നാം അവരുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതുകൊണ്ടാണ്..

    പോക്കറ്റിന്റെ ഭാരമില്ലായ്മ അവര്‍ അറിയാത്തതുകൊണ്ടാണ്. നല്ല വിദ്യാഭ്യാസവും നല്ലഭക്ഷണവും നല്ല വസ്ത്രവും മക്കളുടെ അവകാശമാണെങ്കില്‍ക്കൂടി അവരെ ജീവിതത്തിലെ തണല്‍ മാത്രം കൊള്ളിക്കാതെ വെയില്‍കൂടി കൊള്ളിക്കാന്‍ മറക്കരുത്.മടിക്കരുത്.

     മക്കളെ സ്‌നേഹിക്കണം.അംഗീകരിക്കണം, അവരുടെ ഇഷ്ടങ്ങള്‍  ന്യായമാണെങ്കില്‍ സാധിച്ചുകൊടുക്കുകയും വേണം.അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും വേണം. പക്ഷേ ഇതൊക്കെ ചെയ്യുമ്പോഴും അവരിലേക്ക് മാത്രമായി മുഴുവന്‍ ശ്രദ്ധയും നല്കി തങ്ങള്‍ വിഐപികളാണെന്ന ധാരണ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുത്. 

    അവര്‍ നമുക്ക് പ്രിയപ്പെട്ടവരും നമ്മുടെ വാത്സല്യഭാജനങ്ങളും സ്‌നേഹനിധികളുമാണ്. പക്ഷേ അവര്‍ നമ്മുടെ ശിരസല്ല.. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസായിരിക്കുന്നതുപോലെ കുടുംബത്തിന്റെയും ശിരസാണ്. ആ സ്ഥാനം ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് കൊടുക്കാതെ പോകുന്നതാണ് മക്കള്‍ മാതാപിതാക്കളെ അനുസരിക്കാത്തതി പോലും കാരണം. 

    ഭാര്യ പ്രത്യേകമായി പരിഗണിക്കാത്ത ഒരപ്പനെ, കുടുംബനാഥനെ മക്കളും അംഗീകരിക്കില്ല. മക്കള്‍ അപ്പനെ അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ നാളെ അവരത് അമ്മയോടും കാണിക്കും. പരസ്പര സ്‌നേഹത്തിലും ആദരവിലുമാണ് ഭാര്യഭര്‍ത്താക്കന്മാര്‍ കഴിയുന്നതെങ്കില്‍ മക്കളും അവരെ അംഗീകരിക്കും. 

    ഒരാളെ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തി മാതാപിതാക്കള്‍ മക്കളോട് സംസാരിക്കുമ്പോള്‍ മക്കളുടെ മനസ്സില്‍ രണ്ടുപേരും ചെറുതായി പോകുന്നു എന്നതാണ് സത്യം. മക്കളെ കുടുംബത്തിന്റെ വിഐപികളായിട്ടല്ല അവരെ വ്യക്തികളായി, സ്വതന്ത്രചിന്താഗതിയുള്ള മനുഷ്യരായി, വ്യക്തിത്വമുളളവരായിട്ടാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. അവരുടെ അഭിപ്രായങ്ങള്‍ നാം ചോദിക്കണം..അവരുടെ നിര്‍ദ്ദേശങ്ങള്‍ നാം പ്രാവര്‍ത്തികമാക്കണം. മക്കളുടെ തീരുമാനങ്ങള്‍ നടപ്പില്‍വരുത്തുന്നതുപോലും നല്ലതാണ്, അതിനെ അതിന്റേതായ രീതിയില്‍ സമീപിക്കുകയാണെങ്കില്‍. 

    പക്ഷേ മക്കളെയൊരിക്കലും തലയില്‍ കയറ്റാന്‍ അനുവദിക്കരുത്. ക്ലാസില്‍ ഒരുപക്ഷേ അധ്യാപകനെക്കാളും ഐക്യൂ ഉള്ള വിദ്യാര്‍ത്ഥികളുണ്ടാവാം.എങ്കിലും ക്ലാസില്‍ പ്രധാനപ്പെട്ട വ്യക്തി അധ്യാപകനാണല്ലോ..അതുതന്നെയാണ് കുടുംബത്തിന്റെയും സ്ഥിതി.

    മക്കളല്ലാ മാതാപിതാക്കളാണ് കുടുംബത്തിന്റെ കേന്ദ്രം. പ്രത്യേകിച്ച പുരുഷന്‍. പുരുഷന്റെ സ്ഥാനത്തിന് കുടുംബത്തില്‍ എവിടെയെല്ലാം എങ്ങനെയെല്ലാം കോട്ടങ്ങള്‍ സംഭവിക്കുന്നുവോ അവിടെയെല്ലാം കുടുംബത്തിന്റെ വീഴ്ചയ്ക്കാണ് തുടക്കം കുറിക്കുന്നത്.

    വിനായക് നിര്‍മ്മല്‍

error: Content is protected !!