വീട്ടില്‍ കുട്ടികള്‍ പ്രധാനപ്പെട്ടവരാകുമ്പോള്‍

Date:

spot_img

ജോലി കഴിഞ്ഞ് വന്ന് അടുക്കളയില്‍ ഭാര്യയുമായി വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുകയായിരുന്നു ഭര്‍ത്താവ്. അതിനിടയിലാണ് അയാള്‍ ഒരു മാമ്പഴം അടുക്കളയിലിരിക്കുന്നത് കണ്ടത്. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ അയാളതെടുത്ത് കടിച്ചു. 

നന്നായി പഴുത്തിട്ടില്ല. എങ്കിലും നല്ല രുചിയുണ്ട്. അടുപ്പിന് നേരെ തിരിഞ്ഞ് നിന്ന് ജോലി ചെയ്യുകയായിരുന്ന ഭാര്യ അത് കണ്ടില്ല. പിന്നെ എന്തിനോ തിരിഞ്ഞുനോക്കിയ അവള്‍, ഭര്‍ത്താവെന്തോ വലിയ തെറ്റ് ചെയ്തതുപോലെ അയാള്‍ക്ക് നേരെ ചാടിച്ചെന്നിട്ട് ചോദിച്ചു.

നിങ്ങളാ മാമ്പഴം എടുത്തുതിന്നോ..ഞാനത് മോന്  നന്നായി പഴുത്തിട്ട് നാളെ കൊടുക്കാമെന്ന് വച്ചിരിക്കുകയായിരുന്നു.. നിങ്ങളത് എടുത്തുതിന്നുമെന്ന് ഞാനോര്‍ത്തോ.. 

അവളത് അയാളുടെ കൈയില്‍ നിന്ന് പിടിച്ചുവാങ്ങുകയും പിന്നെ അത് നോക്കി പാതിഭാഗവും തീര്‍ന്നതിനാല്‍ അയാളുടെ കയ്യിലേക്ക് തന്നെ വച്ചുകൊടുക്കുകയും ചെയ്തു.

ഭാര്യയുടെ ആ കണ്ഠക്ഷോഭത്തിന് മുമ്പില്‍ താന്‍ വെറും യാചകനായി മാറിയ അനുഭവമുണ്ടായതായിട്ടാണ് അയാള്‍ പിന്നീട് ആത്മനിന്ദയോടെ സാക്ഷ്യപ്പെടുത്തിയത്. അടുത്തവീട്ടുകാര്‍ തങ്ങളുടെ പറമ്പില്‍ നിന്ന് കൊടുത്ത വിഷം കുത്തിവയ്ക്കാത്ത നല്ല മാമ്പഴമായിരുന്നു അതെന്നും അതുകൊണ്ടാണ് ഭാര്യയത് മൂന്ന് വയസുകാരന്‍ മകന് വേണ്ടി കരുതിവച്ചതെന്നും സത്യം. 

പക്ഷേ ഭര്‍ത്താവ് ആ മാമ്പഴം എടുത്തുതിന്നതോര്‍ത്ത് ഭാര്യ അത്രമേല്‍ശബ്ദമുണ്ടാക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഇല്ലെന്നാണ് കേട്ടപ്പോള്‍ എന്റെയും അഭിപ്രായം. 

കഴിഞ്ഞ ദിവസം ഏതോ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരോ ഷെയര്‍ ചെയ്ത ഒരു ലേഖനം വായിച്ചപ്പോള്‍ ഈ സംഭവമാണ് മനസ്സിലേക്ക് കടന്നുവന്നത്. നമ്മുടെ വീടുകളില്‍ കുട്ടികളാണോ വളരെ പ്രധാനപ്പെട്ടവര്‍?

ചില വീടുകളിലെങ്കിലും അ്ങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ചില ഭാര്യമാരുടെ ജീവിതവും ചിന്തയും മുഴുവന്‍ മക്കളുടെ ജനനത്തോടെ അവരിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുമ്പോള്‍.. 

മക്കളുടെ ചെറുപ്രായം കഴിഞ്ഞിട്ടാണെങ്കില്‍ പോലും ഭക്ഷണകാര്യങ്ങളില്‍ അവരുടെ പ്രിയങ്ങളും അപ്രിയങ്ങളും മാത്രം നോക്കിയാണ് ചില വീട്ടമ്മമാരെങ്കിലും അടുക്കളയില്‍ പെരുമാറുന്നതെന്ന് ചില സാക്ഷ്യപ്പെടുത്തലുകള്‍ മനസ്സിലാക്കിത്തന്നിട്ടുണ്ട്. കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കു്ന്ന പുരുഷന്‍ ഭക്ഷണം കഴിച്ചോ, അവന്റെ പ്രിയപ്പെട്ട ഭക്ഷണം എന്താണ് എന്ന് അന്വേഷിക്കാതെ മക്കളുടെ ആഹാര ഇ്ഷ്ടാനിഷ്ടങ്ങള്‍ മാത്രം നോക്കികഴിയുന്ന എത്രയോ വീട്ടമ്മമാരുണ്ട് നമുക്ക് ചുറ്റിനും? 

സത്യത്തില്‍ ഇത് തീര്‍ത്തും നിരാശാജനകമായ പ്രവണതയാണ്. വര്‍ഷം എത്രയോ കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ ഇഷ്ടവിഭവം എ്ന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്ത ഭാര്യമാര്‍ പോലുമുണ്ട് ഇവിടെ. അവര്‍ പാകം ചെയ്യുന്നത് മക്കളുടെ രുചികള്‍ നോക്കി..മക്കളുടെ ഇഷ്ടം നോക്കി..

മക്കളുടെ വാശികള്‍ക്കും ഇഷ്ടങ്ങള്‍ക്കും നിരുപാധികം നാം കീഴടങ്ങിക്കൊടുക്കുകയും വ്യവസ്ഥകളില്ലാതെ അവര്‍ ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കുകയും ചെയ്യുമ്പോള്‍ അവര്‍ സ്വഭാവികമായും കരുതുന്നത് തങ്ങള്‍ ഈ വീട്ടിലെ വളരെ പ്രധാനപ്പെട്ടവരും തങ്ങളുടെ ഇഷ്ടങ്ങള്‍ എപ്പോഴും സാധിക്കപ്പെടേണ്ടവയാണെന്നുമാണ്. ഇത്തരം മക്കള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ മാതാപിതാക്കള്‍ ഓച്ഛാനിച്ചുനില്‌ക്കേണ്ടതായി വരും. മക്കളെ ഇങ്ങനെ മാറ്റിയെടുക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് അമ്മമാരാണ്. അവര്‍ക്ക് ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാല്‍ ഭര്‍ത്താവല്ല മക്കളാണ് വലുത്. 

കഴിഞ്ഞ തലമുറയിലെ അമ്മമാര്‍,  മദ്യപാനിയും കുടുംബം നോക്കാത്തവനും ഒക്കെആയിരുന്നിട്ടു പോലും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് പ്രത്യേകമായി പലതും നീക്കിവച്ചിട്ടേ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. മീനാണെങ്കില്‍ അതിന്റെ നടുതുണ്ടം ഭര്‍ത്താവിന് വേണ്ടി മാറ്റിവയ്ക്കും. ഭര്‍ത്താവ് വരാന്‍ വൈകുകയാണെങ്കില്‍ അയാള്‍ക്കുള്ളത്  വിളമ്പി അടച്ചുവച്ചിട്ടേ തങ്ങളുടെ പങ്ക് കഴിക്കൂ.. ഇന്ന് അതൊക്കെ കാലഹരണപ്പെട്ട ചില സംഭവങ്ങളായിട്ടുണ്ട് ചില കുടുംബങ്ങളിലെങ്കിലും.

അതുപോലെ ഇന്നത്തെ മധ്യവര്‍ഗ്ഗകുടുംബങ്ങളിലെല്ലാം കാണുന്ന പൊതുപ്രവണതയുണ്ട്.തങ്ങളോ ബുദ്ധിമുട്ടുകള്‍ അറിഞ്ഞു. ദാരിദ്ര്യം അനുഭവിച്ചു,  മക്കള്‍ക്കെങ്കിലും അതുണ്ടാകരുത്..അതുകൊണ്ട് മക്കളെ അല്ലലറിയിക്കാതെ വളര്‍ത്തണം എന്ന്.

ഇതെത്രയോ തെറ്റായ ചിന്തയാണ്. കുടുംബത്തിലെ സമൃദ്ധിമാത്രം അറിഞ്ഞുവളരേണ്ടവരല്ല നമ്മുടെ ഒരു മക്കളും. അവര്‍ കുടുംബത്തിലെ ഇല്ലായ്മകളും അറിയണം..വല്ലായ്മകളും അനുഭവിക്കണം.  അടുത്തവീട്ടിലെ ചിലവയെല്ലാം കണ്ട് അതെല്ലാം സാധിച്ചുകിട്ടാന്‍ വേണ്ടി അവര്‍ വാശിപിടിച്ചുകരയുന്നത് നാം അവരുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതുകൊണ്ടാണ്..

പോക്കറ്റിന്റെ ഭാരമില്ലായ്മ അവര്‍ അറിയാത്തതുകൊണ്ടാണ്. നല്ല വിദ്യാഭ്യാസവും നല്ലഭക്ഷണവും നല്ല വസ്ത്രവും മക്കളുടെ അവകാശമാണെങ്കില്‍ക്കൂടി അവരെ ജീവിതത്തിലെ തണല്‍ മാത്രം കൊള്ളിക്കാതെ വെയില്‍കൂടി കൊള്ളിക്കാന്‍ മറക്കരുത്.മടിക്കരുത്.

 മക്കളെ സ്‌നേഹിക്കണം.അംഗീകരിക്കണം, അവരുടെ ഇഷ്ടങ്ങള്‍  ന്യായമാണെങ്കില്‍ സാധിച്ചുകൊടുക്കുകയും വേണം.അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും വേണം. പക്ഷേ ഇതൊക്കെ ചെയ്യുമ്പോഴും അവരിലേക്ക് മാത്രമായി മുഴുവന്‍ ശ്രദ്ധയും നല്കി തങ്ങള്‍ വിഐപികളാണെന്ന ധാരണ അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കരുത്. 

അവര്‍ നമുക്ക് പ്രിയപ്പെട്ടവരും നമ്മുടെ വാത്സല്യഭാജനങ്ങളും സ്‌നേഹനിധികളുമാണ്. പക്ഷേ അവര്‍ നമ്മുടെ ശിരസല്ല.. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസായിരിക്കുന്നതുപോലെ കുടുംബത്തിന്റെയും ശിരസാണ്. ആ സ്ഥാനം ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് കൊടുക്കാതെ പോകുന്നതാണ് മക്കള്‍ മാതാപിതാക്കളെ അനുസരിക്കാത്തതി പോലും കാരണം. 

ഭാര്യ പ്രത്യേകമായി പരിഗണിക്കാത്ത ഒരപ്പനെ, കുടുംബനാഥനെ മക്കളും അംഗീകരിക്കില്ല. മക്കള്‍ അപ്പനെ അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ നാളെ അവരത് അമ്മയോടും കാണിക്കും. പരസ്പര സ്‌നേഹത്തിലും ആദരവിലുമാണ് ഭാര്യഭര്‍ത്താക്കന്മാര്‍ കഴിയുന്നതെങ്കില്‍ മക്കളും അവരെ അംഗീകരിക്കും. 

ഒരാളെ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തി മാതാപിതാക്കള്‍ മക്കളോട് സംസാരിക്കുമ്പോള്‍ മക്കളുടെ മനസ്സില്‍ രണ്ടുപേരും ചെറുതായി പോകുന്നു എന്നതാണ് സത്യം. മക്കളെ കുടുംബത്തിന്റെ വിഐപികളായിട്ടല്ല അവരെ വ്യക്തികളായി, സ്വതന്ത്രചിന്താഗതിയുള്ള മനുഷ്യരായി, വ്യക്തിത്വമുളളവരായിട്ടാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. അവരുടെ അഭിപ്രായങ്ങള്‍ നാം ചോദിക്കണം..അവരുടെ നിര്‍ദ്ദേശങ്ങള്‍ നാം പ്രാവര്‍ത്തികമാക്കണം. മക്കളുടെ തീരുമാനങ്ങള്‍ നടപ്പില്‍വരുത്തുന്നതുപോലും നല്ലതാണ്, അതിനെ അതിന്റേതായ രീതിയില്‍ സമീപിക്കുകയാണെങ്കില്‍. 

പക്ഷേ മക്കളെയൊരിക്കലും തലയില്‍ കയറ്റാന്‍ അനുവദിക്കരുത്. ക്ലാസില്‍ ഒരുപക്ഷേ അധ്യാപകനെക്കാളും ഐക്യൂ ഉള്ള വിദ്യാര്‍ത്ഥികളുണ്ടാവാം.എങ്കിലും ക്ലാസില്‍ പ്രധാനപ്പെട്ട വ്യക്തി അധ്യാപകനാണല്ലോ..അതുതന്നെയാണ് കുടുംബത്തിന്റെയും സ്ഥിതി.

മക്കളല്ലാ മാതാപിതാക്കളാണ് കുടുംബത്തിന്റെ കേന്ദ്രം. പ്രത്യേകിച്ച പുരുഷന്‍. പുരുഷന്റെ സ്ഥാനത്തിന് കുടുംബത്തില്‍ എവിടെയെല്ലാം എങ്ങനെയെല്ലാം കോട്ടങ്ങള്‍ സംഭവിക്കുന്നുവോ അവിടെയെല്ലാം കുടുംബത്തിന്റെ വീഴ്ചയ്ക്കാണ് തുടക്കം കുറിക്കുന്നത്.

വിനായക് നിര്‍മ്മല്‍

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...
error: Content is protected !!