ശിക്ഷിക്കാം, പക്ഷേ ചേർത്ത് പിടിക്കാൻ മറക്കരുത്

Date:

spot_img

കുട്ടികളെ ശിക്ഷിക്കുന്നതിലെ ശരിയും തെറ്റും തമ്മിലുള്ള ചർച്ചകൾക്ക് ഇപ്പോഴും പൂർണ്ണവിരാമമായിട്ടില്ല. എന്നെങ്കിലും അക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകുമെന്നും കരുതാൻ വയ്യ. പക്ഷേ കുട്ടികളെ ഇന്നേവരെ ശിക്ഷിച്ചിട്ടില്ലാത്തവരായി ഈ കുറിപ്പ് വായിക്കുന്നവരിൽ എത്ര പേരുണ്ടാവുമെന്ന് സംശയമുണ്ട്. ഇനി ഉണ്ടെങ്കിൽ തന്നെ അവരുടെ മക്കൾ മുട്ടിലിഴയുന്ന പ്രായക്കാരോ കമിഴ്ന്നു വീണുകിടക്കുന്നവരോ ആയിരിക്കാം.

നേഴ്സറി മുതൽ മുകളിലേക്ക് പഠിക്കാൻ പോയിത്തുടങ്ങിയവരോ കൗമാരക്കാർ വരെയെത്തിയവരോ ആയ മക്കളുടെ മാതാപിതാക്കൾ ഇക്കാലയളവിനുള്ളിൽ ഒരുതവണയെങ്കിലും മക്കളെ ശിക്ഷിച്ചിട്ടുണ്ടാവും എന്ന കാര്യത്തിൽ സംശയിക്കാനൊന്നുമില്ല. കാരണം നമ്മുടെ നാട്ടിൽ മക്കളെ ശിക്ഷിക്കുന്നത് മാതാപിതാക്കളുടെ പേരിലുള്ള കുറ്റമായി ചുമത്തപ്പെടുന്ന നിയമം വന്നിട്ടില്ലാത്തിടത്തോളം കാലം  അതു തുടർന്നുപൊയ്ക്കൊണ്ടേയിരിക്കും.


പക്ഷേ ശിക്ഷയെക്കുറിച്ച് ചില വീണ്ടുവിചാരങ്ങളൊക്കെ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. എന്തിനാണ് മക്കളെ ശിക്ഷിക്കുന്നത്? മാതാപിതാക്കൾക്ക് തങ്ങളോടു തന്നെയോ അല്ലെങ്കിൽ മറ്റുള്ളവരോടോ ഉള്ള ദേഷ്യം തീർക്കാനാണ് മക്കളെ കൂടുതൽ ശിക്ഷിക്കുന്നതെന്നത് ഒരു യാഥാർത്ഥ്യമാണ്. മനസ്സ് ശാന്തമായിരിക്കുകയും ചുറ്റുപാടുകളും വ്യക്തികളും എല്ലാം നമ്മൾ ആഗ്രഹിക്കുന്നതുപോലെ ചിട്ടപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മക്കളുടെ ചെറിയ കുസൃതികളോ കുരുത്തക്കേടുകളോ അനുസരണക്കേടുകളോ, ആ പിള്ളേരല്ലേ ക്ഷമിച്ചുകളയാം എന്ന മട്ടിൽ നാം ഉദാരരാകുന്നു. പക്ഷേ ആരോടെങ്കിലുമുള്ള ദേഷ്യം ഉള്ളിൽ പെരുകിക്കിടക്കുമ്പോൾ മക്കളുടെ ചെറിയ കുസൃതികൾ പോലും ക്ഷമിച്ചുകളയാൻ കഴിയാത്ത വിധത്തിലുള്ളതാകുന്നു. ചില മാതാപിതാക്കളെങ്കിലും ഇക്കാര്യം സമ്മതിച്ചുതരുമെന്ന് തന്നെയാണ് വിശ്വാസം.


മാതാപിതാക്കളുടെ ദേഷ്യം തീർക്കാനായിരിക്കരുത് മക്കളെ ശിക്ഷിക്കേണ്ടത്. മക്കൾക്ക് അവർ ചെയ്ത തെറ്റിനുള്ള ശിക്ഷയെന്ന നിലയിലോ അവരതു വീണ്ടും ആവർത്തിക്കാതിരിക്കാനോ വേണ്ടിയായിരിക്കണം ശിക്ഷ നല്കേണ്ടത്. ശിക്ഷയെന്നാൽ പല മാതാപിതാക്കളും ധരിച്ചുവച്ചിരിക്കുന്നത് ചൂരൽ പ്രയോഗം, കൈ കൊണ്ടുള്ള അടി, നുള്ള് എന്നിവയും മക്കൾക്ക് നേരെയുള്ള തൊണ്ട പൊട്ടുമാറുമുള്ള അലറലോ ഒക്കെയാണ്. എന്നാൽ ശാരീരികമായ അത്തരം ദണ്ഡനങ്ങൾ മാത്രമല്ല ശിക്ഷയെന്നാണ് പുതിയ കാലത്തെ മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്. മാതാപിതാക്കളുടെ ഒരു നോട്ടം പോലും ശിക്ഷയായി മക്കൾക്ക് അനുഭവപ്പെടണം. 


പണ്ടുകാലത്തെ മാതാപിതാക്കൾ പറയാറുണ്ടായിരുന്നു, മക്കളെ ഒരിക്കലും കൈ കൊണ്ട് അടിക്കരുതെന്ന്. അടിക്കേണ്ട ആവശ്യം വന്നാൽ അന്ന് പല വീടുകളിലും ചെമ്പരത്തിയുടെയോ കാപ്പിയുടെയോ ശിഖരങ്ങൾ മുറിച്ചുവച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ തക്കസമയത്ത് വടി തപ്പിപ്പോകാനുള്ള ബുദ്ധിമുട്ടുകൊണ്ട്  മാതാപിതാക്കൾ തങ്ങളുടെ കൈക്കരുത്ത് മക്കളുടെ മേൽ പ്രയോഗിക്കുകയും ചെയ്തിരുന്നു. 


ശിക്ഷിക്കേണ്ട അവസരത്തിൽ ഈ രൂപത്തിൽ ശിക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കൃത്യമായ സമയത്തും കൃത്യമായ അളവിലുമായിരിക്കണം ശിക്ഷാനടപടികൾ. തലങ്ങും വിലങ്ങും മക്കളെ അടിക്കുന്ന മാതാപിതാക്കളുണ്ട്. ദേഹത്തുനിന്ന് ചോര പൊടിയുന്ന വിധത്തിൽ അടിക്കുന്നവരുമുണ്ട്. പക്ഷേ കാടത്തം നിറഞ്ഞ ഇത്തരം ശിക്ഷാനടപടികൾ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്ന മുറിവുകൾ ആഴത്തിലുള്ളവയായിരിക്കും. മാതാപിതാക്കൾ ഉദ്ദേശിക്കുന്നതിനെക്കാൾ നെഗറ്റീവായ ഫലങ്ങളേ അത് സൃഷ്ടിക്കുകയുള്ളൂ. അതുകൊണ്ട് ഒരിക്കലും മക്കളെ അമിതമായും ക്രൂരമായും ശിക്ഷിക്കരുത്.

ശിക്ഷിച്ചുകഴിഞ്ഞാൽ മക്കളെ ലാളിക്കാൻ പോകരുതെന്നും അങ്ങനെ സംഭവിച്ചാൽ ശിക്ഷയുടെ പ്രാധാന്യം മക്കൾക്ക് മനസ്സിലാവില്ലെന്നും ധരിച്ചുവച്ചിട്ടുള്ള ചിലരുണ്ട്. ഇത് തെറ്റാണെന്നാണ് മനശ്ശാസ്ത്രവിദഗ്ദർ പറയുന്നത്. അടികൊണ്ട് തിണർത്ത കാലുകളുമായി കണ്ണീരുണങ്ങി ഉറങ്ങാൻ കിടന്ന ഒരുരാത്രിയിൽ കാലിൽ വെള്ളം പതിച്ചതറിഞ്ഞ് കണ്ണുതുറന്ന് നോക്കിയപ്പോൾ കണ്ടത് തന്റെ മുറിവുകളിൽ തലോടി നിശ്ശബ്ദം കരയുന്ന അച്ഛനെയായിരുന്നുവെന്നും അത് കണ്ടതോടെ അതുവരെ അച്ഛനെക്കുറിച്ച് മനസ്സിൽ വിചാരിച്ചിരുന്ന നിഷേധാത്മകചിന്തകൾ മാഞ്ഞുപോയെന്നും ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു.  അച്ഛൻ അങ്ങനെ കരഞ്ഞില്ലായിരുന്നുവെങ്കിൽ, അച്ഛൻ കരയുന്നത് അവൻ കണ്ടില്ലായിരുന്നുവെങ്കിൽ അവനൊരിക്കലും തന്റെ അച്ഛനെ സ്നേഹിക്കാൻ കഴിയുമായിരുന്നില്ല.

അപ്പോൾ പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്, ശിക്ഷിച്ചുകഴിയുമ്പോഴും മക്കളെ അതിന് ശേഷം  ചേർത്തുപിടിക്കാൻ മറക്കരുത്. അങ്ങനെ ചെയ്തതുകൊണ്ട് മക്കൾക്കൊരിക്കലും ശിക്ഷയുടെ ചൂട് കുറയില്ല. മറിച്ച് ശിക്ഷ ഫലപ്രദമാകുകയേയുള്ളൂ. മാതാപിതാക്കളുടെ ആലിംഗനവും സ്നേഹചുംബനങ്ങളും മക്കൾക്ക് അവരോടുള്ള വൈകാരികമായ ബന്ധത്തിന് ഏറെ സഹായിക്കും എന്ന കാര്യവും മറക്കരുത്.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!