സൗഹൃദങ്ങൾ എവിടെ നിന്നും വരാം. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ പോലെയാണ് അവ. ചിലപ്പോൾ ബാല്യകാലത്തിന്റെ പാടവരമ്പത്ത് നിന്ന് ഒരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരാം. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബന്ധമാകാം അത്. പഠനകാലയളവിലും ജോലി സ്ഥലത്തുമൊക്കെ സൗഹൃദങ്ങൾ സ്ഥാപിക്കപ്പെടാം. ഒരുയാത്രയ്ക്കിടയിൽ നിന്നുപോലും ആത്മാർത്ഥമായ സൗഹൃദങ്ങൾ ഉടലെടുക്കാറുണ്ട്.
ബന്ധങ്ങൾക്ക് മാനസികാരോഗ്യമുൾപ്പടെ വ്യക്തിയുടെ സമഗ്രമായ ആരോഗ്യകാര്യങ്ങളിൽ സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്. സൗഹൃദങ്ങൾ അതിൽ നിർണ്ണായകപങ്കു വഹിക്കുന്നു. അവ എത്രത്തോളം നമ്മുടെ ജീവിതത്തിന്റെ അനിവാര്യവും ശക്തിദായകവുമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
നല്ല സൗഹൃദം എപ്പോഴും നമ്മെ പുതിയകാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കും. നമ്മുടെ ജീവിതവീക്ഷണങ്ങൾ, അഭിപ്രായങ്ങൾ, കാഴ്ചപ്പാടുകൾ എല്ലാം മാറ്റിമറിക്കാൻ സൗഹൃദങ്ങൾക്ക് കഴിവുണ്ട്. നമ്മുടെ നന്മയ്ക്കുവേണ്ടി, ഉയർച്ചയ്ക്കുവേണ്ടി അവർ പല മാറ്റങ്ങൾ നിർദ്ദേശിക്കുകയും നമ്മെ തുടർച്ചയായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പോസിറ്റീവ് ഫലങ്ങൾ സൃഷ്ടിക്കാനും നല്കാനും കഴിവുണ്ട് ഓരോ സൗഹൃദങ്ങൾക്കും. നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആത്മാഭിമാനം വർദ്ധിപ്പിക്കാനും ലക്ഷ്യങ്ങൾ സ്വന്തമാക്കാനുമെല്ലാം സൗഹൃദങ്ങൾ പിന്നിൽ പ്രവർത്തിക്കു ന്നുണ്ട്.
എല്ലാ മനുഷ്യരും തിരക്കിന്റെ ലോകത്തിലാണ് ജീവിക്കുന്നത്. പ്രഫഷണൽ കമ്മിറ്റ്മെന്റ്സ്, കുടും
ബത്തിന് വേണ്ടി നീക്കിവയ്ക്കുന്ന സമയം, പഠനം, ഇങ്ങനെ പലകാര്യങ്ങൾ. എന്നിട്ടും അതിനിടയിലും സുഹൃത്തിന് വേണ്ടി സമയം കണ്ടെത്താനും സമയം ചെലവഴിക്കാനും തയ്യാറാകുമ്പോൾ, ഇടയ്ക്കൊക്കെ കണ്ടുമുട്ടാനും ഫോൺചെയ്യാനും ഒരുമിച്ചൊരു യാത്ര പോകാനുമൊക്കെ സമയം കണ്ടെ
ത്തുമ്പോൾ ആ സൗഹൃദം വിലപിടിച്ചതുതന്നെയാണ്. മറ്റ് പലതിനുമെന്നതുപോലെ നിങ്ങൾക്കും സുഹൃത്ത് സ്ഥാനം നല്കുന്നുവെന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സുഹൃത്തുക്കളെക്കുറിച്ച് എപ്പോഴെങ്കിലുമൊക്കെ കുറ്റം പറഞ്ഞിട്ടുള്ളവരുമായിരിക്കാം നമ്മൾ. അവൻ യഥാർത്ഥ സുഹൃത്തല്ലായിരുന്നുവെന്ന മട്ടിലും മറ്റും.പക്ഷേ ഇവിടെ ഒരു കാര്യം നാം നമ്മളോട് തന്നെ ചോദിക്കേണ്ടതുണ്ട്. എത്രത്തോളം ഞാൻ ആ വ്യക്തിക്ക് നല്ല സുഹൃത്തായിരുന്നു?
ചിലപ്പോൾ നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കാം. എന്നാൽ ഇനിയും മെച്ചപ്പെടുത്താൻ ബാക്കിനില്ക്കുന്ന സൗഹൃദങ്ങളുടെ ഒരു ഭൂമികയുണ്ട്. അതുകൊണ്ട് പുതുവർഷത്തിൽ നമുക്ക് നടപ്പിലാക്കാൻ കഴിയുന്ന ഒരു തീരുമാനം കുറെക്കൂടി നല്ല സുഹൃത്തായിത്തീരുക എന്നതായിരിക്കട്ടെ.