പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

Date:

spot_img

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ, എക്സർസൈസ്, സോഷ്യൽ മീഡിയയിൽ നിന്നുള്ള അകലംപാലിക്കൽ…. എല്ലാം നല്ലതുതന്നെ. എന്നാൽ അവയിൽ എത്രപേർ, എത്രയെണ്ണം നടപ്പിൽവരുത്തുകയും വിജയിക്കുകയും ചെയ്യാറുണ്ട് എന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും.

സാധിക്കുന്നിടത്തോളം ആളുകൾ ഇത്തരം തീരുമാനങ്ങളെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തോട്ടെ.അതിനൊപ്പം മറ്റ് ചില തീരുമാനങ്ങൾ കൂടി പുതുവർഷത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ അത് ഏറെ നല്ലതായിരിക്കും. അത്തരം ചില തീരുമാനങ്ങളെ പരിചയപ്പെടാം.

പാഷനിൽ  ശ്രദ്ധ  കേന്ദ്രീകരിക്കുക

പാഷനുള്ളവരാണ് എല്ലാവരും. പക്ഷേ അവരിൽ എത്രപേർ ആ പാഷൻ പിന്തുടരുകയും സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്? പാഷൻ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക, അതോടൊപ്പം പാഷനെ വിടാതെ പിന്തുടരുകയും ചെയ്യുക.

അപവാദങ്ങൾ  അവസാനിപ്പിക്കുക

മറ്റുള്ളവരെക്കുറിച്ച് കേട്ട കാര്യങ്ങൾ വാസ്തവം അറിയാതെ ചുറ്റുമുള്ളവരോട് പറഞ്ഞുപരത്താതിരിക്കുക. ഇനി കേട്ട കാര്യങ്ങൾ സത്യമാണെങ്കിൽ തന്നെ അതുവഴി ഒരു വ്യക്തിക്ക് മാനഹാനി ഉണ്ടാവുന്നതാണെങ്കിൽ അയാളുടെ അഭിമാനത്തെപ്രതി  മറ്റുള്ളവരോട് പറയില്ലെന്ന് തീരുമാനമെടുക്കുക.

അഭിനന്ദനങ്ങൾ  അറിയിക്കുക

സാമൂഹികജീവിയായ മനുഷ്യർ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസവും പലരുമായി ഇടപഴകേണ്ടതായി വരും. അവരിലെ നന്മ കണ്ടും അവരിൽ നിന്ന് സ്വീകരിച്ച നന്മകളെ പ്രതിയും അവരെ അഭിനന്ദിക്കുക.

കാരുണ്യപ്രവൃത്തികൾ  ചെയ്യുക

ദിവസം ഒരു കാരുണ്യപ്രവൃത്തിയെങ്കിലും ചെയ്യുക. വലിയ കാര്യങ്ങളായിരിക്കണമെന്നില്ല. തീരെ ചെറിയ പ്രവൃത്തികൾപോലും സ്നേഹത്തോടും സന്മനസ്സോടും കൂടി ചെയ്യുമ്പോൾ അത് കാരുണ്യപ്രവൃത്തിയായി മാറും.

ചെറിയ യാത്രകൾ   നടത്തുക

യാത്രകൾ നമ്മെ കൂടുതൽ ഉന്മേഷവാന്മാരാക്കും. പുതിയ അറിവുകളും അനുഭവങ്ങളും സമ്മാ
നിക്കും. മാസങ്ങളോളം നീണ്ടുനില്ക്കുന്ന യാത്രകൾ അസാധ്യമാണെങ്കിലും ചെറിയ ബഡ്ജറ്റിൽ ഒന്നോ  രണ്ടോ  ദിവസം നീളുന്ന യാത്രകൾ നടത്തുക. ഒറ്റയ്ക്കോ കുടുംബമായോ കൂട്ടുകൂടിയോ ഈ യാത്ര ആസ്വദിക്കുക.

നന്ദി   രേഖപ്പെടുത്തുക

ദിവസത്തിൽ കിട്ടിയ ചെറുതും വലുതുമായ നന്മകൾ രേഖപ്പെടുത്തിവയ്ക്കുക. ആ നന്മകളുടെ പേരിൽ ദൈവത്തിനും മനുഷ്യർക്കും നന്ദി പറയുക. നന്ദിയുടെ സംസ്‌കാരം വളർത്തിയെടുക്കുക. നന്ദിയില്ലാതെ പോകുന്ന മനുഷ്യരാണ് ഈ ലോകത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്നത്.

നിക്ഷേപം  വളർത്തുക

ലഭിക്കുന്ന വരുമാനത്തിൽ നിന്ന് തീരെ ചെറിയ പങ്കാണെങ്കിലും നാളെത്തേയ്ക്ക് ശേഖരിച്ചുവയ്ക്കുക. പല രീതിയിൽ  ഈ പണം നിക്ഷേപിക്കാവുന്നതാണ്. നാളെ അത് ഒരു സമ്പാദ്യമായും സഹായമായും  മാറുക തന്നെ ചെയ്യും.

ഒന്നിലധികം കാര്യങ്ങളിൽ  തലയിടാതിരിക്കുക

സ്ട്രെസും ഡിപ്രഷനും ഉത്കണ്ഠയും ഉണ്ടാകാൻ കാരണം ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ നാം തലയിലെടുത്തുവയ്ക്കുന്നതാണ്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ചെ യ്യും. അതുകൊണ്ട് ഒരു സമയം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കുക.

മിതത്വം പാലിക്കുക

നല്ല കാര്യങ്ങൾക്കുവേണ്ടി സമയവും പണവും ചെലവഴിക്കുക. നാം മേടിച്ചുകൂട്ടുന്നതിൽ പലതും നമ്മുക്ക് അത്യാവശ്യമുള്ളവയല്ല. ആവശ്യവും അത്യാവശ്യവും  അനാവശ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി മിതത്വം പാലിക്കുക

മെസേജിന്  പകരം  ഫോൺ  ചെയ്യുക

അടുത്ത ബന്ധുവിനോടോ സുഹൃത്തിനോടോ ഒരു കാര്യം പറയാനുണ്ടെങ്കിൽ വാട്സാപ്പ് ചെയ്യുന്നവരാണ് ചിലരെങ്കിലും. ടെക്സ്റ്റ് മെസേജുകൾക്ക് പകരം സാധിക്കുമെങ്കിൽ നേരിൽ വിളിക്കുക.

ചിലരിൽ നിന്ന്  അകലം  പാലിക്കുക

സ്വന്തം സ്വസ്ഥത നശിപ്പിക്കുന്ന വ്യക്തികളിൽ നിന്ന് അകലം പാലിക്കുക. നെഗറ്റീവ് സംസാരിക്കുന്ന, എപ്പോഴും കുറ്റപ്പെടുത്തുന്ന, നന്ദിയില്ലാത്ത, കാപട്യം ഭാവിക്കുന്ന വ്യക്തികളെ ജീവിതത്തിൽ നിന്ന് അകറ്റിനിർത്തുക.

ധ്യാനം/ പ്രാർത്ഥന പതിവാക്കുക

മെഡിറ്റേഷൻ, യോഗ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക. ദൈവവിശ്വാസികളാണെങ്കിൽ പ്രാർത്ഥന ജീവിതത്തിന്റെ ഭാഗമാക്കുക.

ലക്ഷ്യങ്ങൾ  എഴുതിവയ്ക്കുക

എഴുത്തിന് വല്ലാത്തൊരു ശക്തിയുണ്ട്. അതുകൊണ്ട് ജീവിതത്തിൽ നേടിയെടുക്കുമെന്ന് കരുതു ന്ന ലക്ഷ്യങ്ങൾ രേഖപ്പെടുത്തിവയ്ക്കുക. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലിസ്റ്റ് തയ്യാറാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!