വൃദ്ധരെ ‘സൂക്ഷിക്കുക’

Date:

spot_img

അറിയാതെ മൂത്രം പോകുന്നതായിരുന്നു  ആ അമ്മയുടെ രോഗം.  അമ്മയുടെ ഈ രീതിയോട് മരുമകൾക്ക് ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. നടന്നുമൂത്രമൊഴിക്കാതെ ടോയ്ലറ്റിൽ പൊയ്ക്കൂടെയെന്നാണ് അവളുടെ ചോദ്യം. ഇനി അറിയാതെ മൂത്രമൊഴിച്ചതാണെങ്കിൽ അത് സമ്മതിച്ചുതരുന്നതിന് പകരം നുണ പറയുന്നതെന്തിന് എന്നതാണ് അവളുടെ മറ്റൊരുചോദ്യം.  പക്ഷേ മൂത്രമല്ല വെള്ളമാണ്ഇതെന്നാണ് അമ്മ പറയുന്നത് മരുമകൾ തന്നെ നുണച്ചിയാക്കിയത് അമ്മയ്ക്ക് സഹിക്കുന്ന കാര്യമായിരുന്നില്ല. ഇതിനെച്ചൊല്ലി അമ്മയും മരുമകളും തമ്മിൽ ശണ്ഠ ആരംഭിച്ചു. ഈ പ്രശ്നത്തിന്റെ പേരിൽ കുടുംബസമാധാനം ഇല്ലാതായപ്പോഴാണ് അവർ എന്റെ അടുക്കലെത്തിയത്.

വാർദ്ധക്യം  ശരീരത്തിന്റെ  രോഗം ; മനസ്സിന്റെയും

വാർദ്ധക്യത്തിലെത്തിക്കഴിയുമ്പോൾ മനസ്സിനും ശരീരത്തിനും ഒന്നുപോലെ അസുഖമുണ്ടാകും.  പ്രായമേറിക്കഴിയുമ്പോൾ ശരീരത്തിലെ മസിലുകൾ ദുർബലമായി തുടങ്ങും. മസിലുകളുടെ ദുർബലത കാരണം മലമൂത്രവിസർജ്ജനങ്ങൾ നിയന്ത്രിച്ചുനിർത്താൻ കഴിയാതെയാവും. എനിക്ക്  പ്രായമായെന്നോ അറിയാതെ മൂത്രം ഒഴിച്ചുപോയതാണെന്നോ സമ്മതിച്ചുതരാൻ മനസ്സ് തയ്യാറായിരുന്നില്ല. അതുകൊണ്ട് മൂത്രത്തെ വെള്ളമാക്കി മാറ്റി അമ്മ വാദിക്കുന്നു. പക്ഷേ, വെള്ളമല്ല മൂത്രമാണെന്ന് മരുമകൾക്കറിയാം. അമ്മയെ നുണച്ചിയാക്കി മാറ്റുന്നത് ഇവിടെയാണ്.

ഇതൊക്കെ മനസ്സിലാക്കാൻ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് സാധിക്കണം. ഇല്ലാതെ വരുമ്പോഴാണ് പ്രായം ചെന്നവരുടെ പേരിൽ കുടുംബത്തിൽ അസ്വസ്ഥതയും വഴക്കും രൂപപ്പെടുന്നത്.

അമ്മയോടും മകളോടും പറഞ്ഞത്

 ഇവിടെയാരും നുണ പറയുന്നില്ലെന്നും ഇത് ഒരു രോഗാവസ്ഥയാണെന്നും അമ്മയെയും മരുമകളെയും പറഞ്ഞുമനസ്സിലാക്കുകയായിരുന്നു ആദ്യത്തെ പടി. അറിയാതെ മൂത്രം പോകുന്നതിനും മൂത്രം പിടിച്ചുനിർത്താൻ കഴിയാത്തതിനും പരിഹാരമായി ഡയപ്പർ ഉപയോഗിക്കുക  എന്ന പ്രായോഗിക നിർദ്ദേശമാണ് ആദ്യം നല്കിയത്. വളരെ ബുദ്ധിമുട്ടിയാണെങ്കിലും അമ്മയത് സ്വീകരിക്കാൻ തയ്യാറായി.

അടുത്തതായി വാർദ്ധക്യത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ച് മരുമകളെ പറഞ്ഞുബോധ്യപ്പെടുത്തുകയായിരുന്നു. അമ്മ നുണ പറയുന്നതല്ലെന്ന് കേട്ടപ്പോൾതന്നെ മരുമകൾക്ക് പാതി ആശ്വാസമായി.

വാർദ്ധക്യം  എന്നാൽ

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ 70 വയസ് മുതല്ക്കാണ് വാർദ്ധക്യം ആരംഭിക്കുന്നത്. പക്ഷേ ഇതുപോലും ആപേക്ഷികമാണ്. ചിലരിൽ വാർദ്ധക്യത്തിന്റെ അവസ്ഥ കണ്ടുതുടങ്ങുന്നത് 80 വയസ് കഴിഞ്ഞിട്ടായിരിക്കും. വേറെ ചിലരിൽ 60 വയസു മുതല്ക്കും. എല്ലുതേയ്മാനം, മൂത്രതടസം, ഓർമ്മക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ്പ്രധാനപ്പെട്ട വാർദ്ധക്യലക്ഷണങ്ങൾ.

വാർദ്ധക്യത്തിലെ  ഒറ്റപ്പെടൽ

പ്രായം ചെന്നവരുടെ ഒരു പ്രധാനപ്പെട്ട പരാതിയാണ് അവരോടാരും മിണ്ടുന്നില്ല, അവരോട് അഭിപ്രായം ചോദിക്കുന്നില്ല എന്നെല്ലാം. ആർക്കും തന്നെ വേണ്ടായെന്നൊരു തോന്നൽ അവരുടെ മനസ്സിലുണ്ട്.  താനൊരു ഭാരമാണെന്നും ശല്യമാണെന്നുമുള്ള ചിന്ത അവരെ ജീവിതത്തെ മുഴുവൻ നിരാശതയോടെ നോക്കിക്കാണുന്നതിനും ക്രമേണ  വിഷാദത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കുന്നു.

വാർദ്ധക്യത്തിൽ മാതാപിതാക്കൾ ഒറ്റപ്പെടുന്നതിനും വേണ്ട വിധംപരിഗണിക്കപ്പെടാതെ പോകുന്നതിനും സാമൂഹികപരമായ ചില കാരണങ്ങൾ കൂടി പറയേണ്ടതുണ്ട്. പണ്ടുകാലങ്ങളിലെ കൂട്ടുകുടുംബവ്യവസ്ഥയുടെ നന്മകളെക്കുറിച്ചാണ് ഇവിടെ പറയേണ്ടത്.  ഒന്നിലധികം അംഗങ്ങൾ ഉണ്ടായിരുന്ന കാലമായിരുന്നുവല്ലോ അത്. അക്കാരണത്താൽ തന്നെ കുടുംബത്തിലെ പ്രായമായവർക്ക് വേണ്ടത്ര ശ്രദ്ധയും പരിഗണനയും കിട്ടാറുണ്ടായിരുന്നു. പക്ഷേ കാലം മാറിയപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. അണുകുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ജോലിക്കാരായി മാറിയതോടെ വൃദ്ധമാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധ കുറഞ്ഞു. അവരോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാനോ അവരെ കേൾക്കാനോ പരിചരിക്കാനോ സമയമില്ലാതായി. മറ്റൊരുകാരണം പല മക്കളും ഇന്ന് വിദേശത്താണ്.  ഇതല്ലാം വാർദ്ധക്യത്തെ സങ്കീർണ്ണമാക്കുന്ന യാഥാർത്ഥ്യങ്ങളാണ്.

സപ്പോർട്ട്  പേഴ്സണാകുക

വാർദ്ധക്യത്തിലെ വിഷാദത്തിൽ നിന്നും മനസ്സ് മടുപ്പിൽ നിന്നും മോചിപ്പിക്കാനുള്ള എളുപ്പ മാർഗ്ഗം അവർക്കൊപ്പം  ചെലവഴിക്കാൻ സമയം കണ്ടെത്തുക എന്നതാണ്.  സപ്പോർട്ട് പേഴ്സൺ ആവുക. മക്കളോ മരുമക്കളോ കൊച്ചുമക്കളോ വൃദ്ധമാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുക. അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും തയ്യാറാവുക. അവരുടെ മുറിയിൽ ചെന്നിരിക്കുകയോ ആരോഗ്യസ്ഥിതിയനുസരിച്ച് അവരെ മുറിയുടെ വെളിയിലേക്ക് കൊണ്ടുവരികയോ ചെയ്യുക. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കുന്ന  സമയങ്ങളിൽ- പ്രാർത്ഥന, ടി വി കാണൽ, ഭക്ഷണം- അവരെ കൂടി പങ്കെടുപ്പിക്കുക. പ്രധാനപ്പെട്ട വിശേഷങ്ങൾ കൈമാറുക.  ഇതൊക്കെ ചെയ്യുന്നതിലൂടെ അവരുടെ ഏകാന്തതയ്ക്കും ആരുമില്ലെന്നുള്ള തോന്നലിനും ഏറെക്കുറെ പരിഹാരമാവും.  ബന്ധുജനങ്ങളും അയൽക്കാരും ഇടയ്ക്കിടെ സന്ദർശിക്കുന്നതും വാർദ്ധക്യത്തെ സന്തോഷപ്രദമാക്കും.ശാരീരികരോഗങ്ങൾക്ക് ചികിത്സ കൊടുക്കുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾകൂടി വൃദ്ധർക്ക് നല്കേണ്ടതാണ്.

 മറ്റ്  മാർഗ്ഗങ്ങൾ

ഇടയ്ക്കിടെയുള്ള ഡോക്ടർ കൺസൾട്ടേഷ നും പ്രധാനപ്പെട്ടതാണ്. മാസത്തിലൊരിക്കൽ വീതമുള്ള മെഡിക്കൽ ചെക്കപ്പ്  വീട്ടുകാർ തന്നെ പരിഗണിക്കുന്നതിന്റെ അടയാളമായിട്ടാണ് മാതാപിതാക്കൾ മനസ്സിലാക്കുന്നത്. പ്രായം ചെന്നുകഴിയുമ്പോൾ മാതാപിതാക്കൾക്ക് പല ഭക്ഷണവിഭവങ്ങളോടും ആഗ്രഹം തോന്നുക സ്വഭാവികമാണ്. അവർ പറയുമ്പോഴോ അല്ലെങ്കിൽ അവരോട് ചോദിച്ചുമനസ്സിലാക്കിയോ അത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതും അവരെ സന്തുഷ്ടരാക്കും. ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുന്നതുകൊണ്ടോ അനാരോഗ്യം വഴിയായോ കാഴ്ചക്കുറവിന്റെ പേരിലോ വീണുപോകാനുള്ള സാധ്യതയുമുണ്ട്. പ്രായമായവർ തട്ടിവീഴാതിരിക്കാൻ കരുതലുണ്ടായിരിക്കണം. പ്രായമെത്തിക്കഴിയുമ്പോൾ വീണുകഴിഞ്ഞാൽ പിന്നീട് എണീറ്റ് നടക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. പെട്ടെന്ന്തന്നെ കിടപ്പുരോഗിയായി മാറുകയും ചെയ്യും. ഇതൊഴിവാക്കാൻ പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ നോട്ടമുണ്ടായിരിക്കണം.

വാർദ്ധക്യത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധമുണ്ടാകേണ്ടത് വൃദ്ധരെക്കാളേറെ അവരുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമാണ്. വൃദ്ധരുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി അവരോട് ഇടപെടുകയാണ് വേണ്ടത്. അവരെ തിരുത്തുന്നതിനോ നന്നാക്കിയെടുക്കുന്നതിനോ പകരമായി മക്കളുടെ മനോഭാവങ്ങളിൽ മാറ്റമുണ്ടാകണം.

ധാർമ്മികപ്രശ്നമല്ല  നിയമപ്രശ്നം

പണ്ടുകാലങ്ങളിൽ വൃദ്ധരെ പരിചരിക്കുന്നത് ഒരു ധാർമ്മികപ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ  അത് നിയമപ്രശ്നം കൂടിയായി മാറിയിട്ടുണ്ട്.  ധാർമ്മിക ഉത്തരവാദിത്തങ്ങളെ നിയമപരമായി ഗവൺമെന്റ് അവതരിപ്പിച്ചിരിക്കുന്നതാണ് സീനിയർ സിറ്റിസൺഷിപ്പ് സംരക്ഷണനിയമം 2007. 60 വയസ് കഴിഞ്ഞവർക്കാണ് ഈ നിയമം ബാധകമായിരിക്കുന്നത്.  ഏതെങ്കിലും തരത്തിൽ വാർദ്ധക്യത്തിൽ  അവഗണന നേരിടുന്നവർക്ക് ഈ നിയമമനുസരിച്ച് ആർഡി ഒയ്ക്ക്  പരാതി നല്കാവുന്നതാണ്. ഇങ്ങനെ പരാതി കൊടുത്താൽ സീനിയർ സിറ്റിസൺ ആക്ട്പ്രകാരമുളള എല്ലാ അവകാശങ്ങളും വൃദ്ധർക്ക് 
ലഭിക്കും.

സി. അർപ്പിത സി.എസ്.എൻ
ഫോൺ: 9995307021

More like this
Related

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...
error: Content is protected !!