മനുഷ്യനായി ജീവിക്കാൻ

Date:

spot_img

”ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും, കറുത്തവരുടെ മേൽക്കോയ്മയ്‌ക്കെതിരെയും. എല്ലാ മനുഷ്യരും തുല്യ അവകാശത്തോടെയും സൗഹാർദ്ദത്തോടെയും ഒത്തൊരുമിച്ചു ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യ സമൂഹമെന്ന സ്വപ്‌നത്തെയാണ് ഞാൻ താലോലിക്കുന്നത്” – നെൽസൺ മണ്ടേല

വികസിതമെന്നോ അവികസിതമെന്നോ, പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ, അറബെന്നോ ആഫ്രിക്കയെന്നോ വ്യത്യാസമില്ലാതെ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മത-രാഷ്ട്രീയ, സാമൂഹിക-സൈനിക ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിലൂടെയാണ് ആധുനിക ലോകത്തിൽ മനുഷ്യജീവന് വിലയിടുന്നത്.ചർച്ച ചെയ്യപ്പെടാറുള്ള മനുഷ്യാവകാശങ്ങൾ മാത്രമല്ല, ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം ജനാധ്യപത്യ ഇന്ത്യയിൽ പോലും സംജാതമായിരിക്കുന്നു.

മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഓരോ അവസരത്തിലും മനുഷ്യത്വമാണ് വെല്ലുവിളിക്കപ്പെടുന്നത്. അതിനാൽ ജീവിതത്തിന്റെ സന്തോഷമെന്നത് എവിടെ താമസിക്കുന്നു, എന്ത് ഭക്ഷിക്കുന്നു, എന്ത് ഉപയോഗിക്കുന്നു എന്നതിലല്ല മറിച്ച്, മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുന്നു
ണ്ടോ എന്നതിലാണ്. ആത്മാഭിമാനത്തോടെ ജീവിക്കാനാവാത്ത ഇടങ്ങളെല്ലാം തടവറകളാണ്.
മനുഷ്യമഹത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്ന ആശയം മാനവസംസ്‌ക്കാരത്തോളം പഴക്കമുള്ളതാണ്. ലോകത്തിന്റെ മഹത്വം മനുഷ്യനാണെന്ന് വേദോപനിഷത്തിലും ദൈവസദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സൃഷ്ടിയുടെ മകുടമാണെന്ന് ബൈബിളിലും ആദാമിന്റെ മക്കൾക്ക് മറ്റ് സൃഷ്ടവസ്തുക്കളെക്കാൾ അനുഗ്രഹങ്ങൾ കല്പിച്ചു നല്കിയിരിക്കുന്നുവെന്ന് ഖുറാ
നിലും സാക്ഷ്യപ്പെടുത്തുന്നു. അനാഥർക്കും അശരണർക്കും സംരക്ഷണമേർപ്പെടുത്തുക, സമ്പത്തി ന്റെയും വിഭവങ്ങളുടെയും നീതിപൂർവ്വകമായ വിതരണം ഉറപ്പാക്കുക എന്നിവ അധികാരികളുടെ ഉത്തരവാദിത്വമാണെന്ന് കൗടില്യൻ അർത്ഥശാസ്ത്രത്തിലും പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നിട്ടോ, ചരിത്രത്താളുകളിൽ മാത്രമല്ല വി. ഗ്രന്ഥങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളുടെ കറപറ്റി. ഒരുമിച്ചിരുന്ന് ഭുജിക്കാൻ, ഒരേ വഴിയിലൂടെ സഞ്ചരിക്കാൻ, കഴിയാത്ത വിധം ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യർ തരം തിരിക്കപ്പെടുകയും, ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെടുകയും ചെയ്തു.

കാർഷിക-വ്യാവസായിക വിപ്ലവങ്ങളുടെ ഫലമായി ഉടലെടുത്ത മുതലാളിത്ത സംസ്‌കാരമാകട്ടെ സമൂഹത്തെ കൂടുതൽ അസമത്വങ്ങളിലേക്കു തള്ളി യിട്ടു.നവോത്ഥാനവും ആഗോളവത്കരണവുമൊക്കെ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന പ്രതീക്ഷകളെ തകിടം മറച്ചുകൊണ്ട് രാഷ്ട്രീയവും മതപരവുമായ തങ്ങളുടെ വേലിക്കെട്ടുകൾക്കു പുറത്തുള്ളവരെ മനുഷ്യരായി പോലും പരിഗണിക്കാത്ത ഒരു സാമൂഹിക ക്രമത്തിലേക്ക് ലോകം ചുരുങ്ങുകയും ചെയ്തു. നീതി നിഷേധങ്ങളും ദുഃഖദുരിതങ്ങളും പലായനങ്ങളും കൂട്ടക്കുരുതികളും തുടർകഥകളായി. കുതന്ത്രങ്ങളിലൂടെ അധികാരത്തിൽ എക്കാലവും അമർന്നിരിക്കാൻ ശ്രമിക്കുന്ന  രാഷ്ട്രീയക്കാർക്കൊപ്പം, സമ്പത്തും സ്ഥാനമാനങ്ങളും നിലനിർത്താനായി മത-സാമുദായിക നേതാക്കൾ കൂടി കൈകോർക്കുമ്പോൾ പാർശ്വവത്ക്കരിക്കപ്പെട്ട വർക്കു വേണ്ടി ആരിനി ശബ്ദമുയർത്തും എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാകുന്നു.

പിറന്ന കുഞ്ഞിന്റെ നിറമെന്തെന്ന നമ്മുടെ ചോദ്യത്തിൽ, നീ ഒരു പെൺകുട്ടിയാണെന്ന് മറക്കേണ്ട എന്ന താക്കീതിൽ, അവരാ ജാതിയല്ലേ എന്ന പരിഹാസത്തിൽ, അവനോടൊക്കെ ഇങ്ങനെ പെരുമാറിയാൽ മതിയെന്ന അഭിപ്രായത്തിൽ, അവരോടൊന്നും കൂട്ടുക്കൂടേണ്ട എന്ന ഓർമപ്പെടുത്തലിൽ, ഇതിലൊക്കെ മാനവികതയെ തകർക്കാൻ പോന്ന വിഭാഗീയതയുടെയും അധീശ്വത മനോഭാവങ്ങളുടെയും വിഷവിത്തുകൾ ഒളിഞ്ഞിരിപ്പുണ്ട്.
അക യുടെ കുതിച്ചു ചാട്ടത്തിനു സാക്ഷ്യം വഹിക്കാനിരിക്കുന്ന ആധുനിക ലോകത്തിൽ ചെറിയൊരു മൊബൈൽ കൊണ്ടു പോലും മനുഷ്യർ മാറ്റി നിറുത്തപ്പെടാൻ സാധ്യതയുള്ളപ്പോൾ പരസ്പരം ആദരവോടും ആർദ്രതയോടും കൂടെ മനുഷ്യരെ നോക്കി കാണുക എന്നതാണ് മാനവരാശിയുടെ നിലനില്പ്പിനും അതിജീവനത്തിനും ഏറ്റവും പ്രധാനം.സ്വന്തം അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഏർപ്പെടുന്നതിനൊപ്പം മനുഷ്യരായി പോലും പരിഗണിക്കപ്പെടാതെ ജീവിതത്തിന്റെ ഇരുട്ടറകളിൽ കഴിയേണ്ടി വരുന്നവരുടെ കൈയും കാലും, നാവും നയനങ്ങളുമാകാനുള്ള കടമ കൂടി നാം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

ഫ്രാൻസിസ് പാപ്പയുടെ ലൗദാത്തോ സിയിലെ ആ പ്രാർത്ഥന നമ്മുടെ ഉള്ളിൽ നിറയട്ടെ: ‘ഓ, ദരിദ്രരുടെ ദൈവമേ, അവിടുത്തെ ദൃഷ്ടിയിൽ ഏറ്റവും അമൂല്യരായ, ഈ ഭൂമിയിലെ ഉപേക്ഷിക്കപ്പെട്ടവരെയും വിസ്മൃതരെയും സംരക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. നീതിക്കും സ്‌നേഹത്തിനും സമാധാനത്തിനുമായുള്ള സമരത്തിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കണമേ.’

വിജയ് പി. ജോയി

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...

വിവാഹത്തിന്റെ പേരിലെ ആഭാസങ്ങൾ

കണ്ണൂർ തോട്ടടയിൽ വിവാഹസംഘത്തിന് നേരെ യുണ്ടായ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ...
error: Content is protected !!