ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത നാലു വൈദികരുടെ യാത്രാനുഭവങ്ങൾ. ഫാ. സിമോൻ കാഞ്ഞിത്തറ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ എന്നിവരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്.
2023 ആഗസ്റ്റ് 29: തിരുവോണ ദിവസമാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കും അവിടെ നിന്ന് സാഗറിലേക്കും സാഗറിൽ നിന്ന് ആഗ്രയിലേക്കും ആഗ്രയിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് ജലന്ധറിലേക്കും ജലന്ധറിൽനിന്ന് കാശ്മീരിലേക്കുമായിരുന്നു യാത്ര. ജി ട്വന്റി സമ്മേളനം നടക്കുന്നതിനാൽ ഡൽഹി സന്ദർശനം ഒഴിവാക്കുകയായിരുന്നു. അങ്ങനെ യാത്ര ആഗ്രയിൽ നിന്ന് ജലന്ധറിലേക്ക് ആക്കി. കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെയാണ് ജമ്മുവിൽ എത്തിച്ചേർന്നത്.
കത്തോലിക്ക വൈദികരെന്ന നിലയിൽ ഞങ്ങൾക്കിതൊരു മിഷൻ യാത്രയുമായിരുന്നു. ദീർഘ യാത്ര വേണ്ടി വന്ന ഒരു ദിവസമൊഴികെ എല്ലാ ദിവസങ്ങളിലും ഞങ്ങൾ ഒരുമിച്ച് ദിവ്യബലിയർപ്പിച്ചു. എല്ലാ ദിവസവും യാത്ര ആരംഭിച്ചത് ജപമാലയോടെയായിരുന്നു. ദിവസവും കരുണ കൊന്തയും ചൊല്ലി. ഇതെല്ലാം യാത്രയ്ക്കുള്ള ആത്മീയ ഊർജ്ജമായിരുന്നു.
ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെയും അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് പാണേ ങ്ങാടനെയും സാഗർ ബിഷപ്പ് മാർ ജെയിംസ് അത്തിക്കളത്തെയും ആഗ്ര ആർച്ച്ബിഷപ്പ് ഡോ. റാഫി മഞ്ഞളിയേയും ഫരീദാബാദ് സഹായമെത്രാൻ മാർ ജോസ് പുത്തൽ വീട്ടിലിനെയും നേരിൽ കണ്ട് സംസാരിച്ചു. ലുധിയാനയിലെ മലയാളികളുടെ ഓണാഘോഷത്തിൽ പുത്തൻവീട്ടിൽ പിതാവിനൊടൊപ്പം ഞങ്ങളും പങ്കെടുത്തു. ജലന്ധറിൽ കോട്ടപ്പുറം രൂപതയിലെ സെലസ്റ്റിൻ അച്ചന്റെ അടുത്താണ് താമസിച്ചത്. പിറ്റെ ദിവസം രാവിലെ അമൃതസറിലേക്ക്… സുവർണ്ണ ക്ഷേത്രം സന്ദർശിച്ച് ലങ്കറിൽ പങ്കുചേർന്ന് ജാലിയൻവാലാബാഗ് സന്ദർശനം നടത്തി..
ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം തന്നെ ലോകത്തിലെ തന്നെ വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന ഏറ്റവും ഉയരത്തിലുള്ള ഉംലിങ്ങ്ലായിൽ എത്തുക എന്നതായിരുന്നു. ലഡാക്കിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ ആണ് ദൂരം. ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവിട്ടതും ജമ്മുകാശ്മീരിൽ തന്നെ. ആദ്യ ദിനം അവിടെ ഞങ്ങൾ ചെലവഴിച്ചത് ജമ്മു ശ്രീനഗർ ബിഷപ്പ് ഹൗസിനോട് ചേർന്നുള്ള കത്തീഡ്രൽ വൈദിക മന്ദിരത്തിൽ ഫാ. ജാഫത്തിന്റെ ആതിഥേയത്വത്തിൽ ആയിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ശ്രീനഗറിലേക്ക് തിരിച്ചു. മറ്റിടങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു ജമ്മുവും ലഡാക്കിലും ഞങൾക്ക് സമ്മാനിച്ചത്. യാത്രയിൽ മഴപെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പും. മല തുരന്ന് ഉണ്ടാക്കിയിട്ടുള്ള ടണലുകളിലൂടെ ഞങ്ങൾ കടന്നുപോയി. മലയിടുക്കുകളിലൂടെ തകർന്ന റോഡിലൂടെ മഴയത്ത് യാത്ര ചെയ്യുക എളുപ്പമായിരുന്നില്ല. ശ്രീനഗറിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം പട്ടാളക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പലയിടത്തും റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത് കണ്ടപ്പോൾ അല്പം ഭയപ്പാടോടുകൂടിയാണ് ഞങ്ങൾ മുന്നോട്ട് നീങ്ങിയത്. ഇത്ര ദിവസങ്ങൾ സഞ്ചരിച്ചതുപോലെ വഴി അത്ര സുഗമമായിരുന്നില്ല. ശ്രീനഗറിൽ ഞങ്ങൾ താമസിച്ചത് ജമ്മു ശ്രീനഗർ രൂപതയുടെ കീഴിലുള്ള ഹോളി ഫാമിലി പള്ളിയോട് ചേർന്നുള്ള പാസ്റ്ററൽ സെന്ററിൽ ആയിരുന്നു. ഫാ.സുരേഷ് ബ്രിട്ടോയുടെ കരുതലും സ്നേഹവുമെല്ലാം അവിടെ അനുഭവിക്കാൻ സാധിച്ചു. ദാൽ തടാകത്തിൽ ബോട്ട് യാത്രചെയ്തു. ഷാലിമാർ മുഗൾ ഗാർഡനും സന്ദർശിച്ചു.
പിറ്റേദിവസം ലഡാക്കിലെ ലേയിലേക്ക്. ഉണങ്ങി വരണ്ടു നിൽക്കുന്ന മലനിരകൾ… ജമ്മുകാശ്മീരിനെ കുറിച്ച് അതുവരെ മനസ്സിൽ ഉണ്ടായിരുന്ന സങ്കല്പങ്ങളെയെല്ലാം മാറ്റിമറിച്ചു. യാത്രയ്ക്കിടയിൽ 1948 ലെ സോസില യുദ്ധ സ്മാരകവും കാർഗിൽ യുദ്ധ സ്മാരകവും സന്ദർശിച്ചു. അതിനിടയിൽ ലോകത്തിൽ മനുഷ്യരധിവസിക്കുന്ന ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ രണ്ടാം സ്ഥാനമുള്ള ദ്രാസ് വഴി ഞങ്ങൾ കടന്നുപോയി. മഞ്ഞിലും ചൂടിലും സേവനം ചെയ്യുന്ന സൈനികരോട് ബഹുമാനം തോന്നി. രാത്രി 10.50ന് ലെയിൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ എത്തി.
പിറ്റേന്ന് വൈകുന്നേരം മാഗ്നറ്റിക് ഹില്ലിലേ ക്കായിരുന്നു യാത്ര. ഒരു പ്രത്യേക സ്ഥലത്ത് വാഹനം നിർത്തിയിട്ടാലും അത് അനങ്ങിക്കൊണ്ടിരിക്കും എന്നതാണ് അവിടുത്തെ പ്രത്യേകത. ലെയിലെ ശാന്തി സ്തുപ സന്ദർശിച്ചു. ഷെ പാലസ് എന്ന ബുദ്ധവിഹാരം കണ്ടു. ബുദ്ധസന്യാസിമാരുടെ തിക്സേ മോണസ്ട്രിയിൽ പോയി.
പന്ത്രണ്ടാം ദിനത്തിലാണ് ഉംലിങ്ങ്ലയിലേക്ക് പുറപ്പെട്ടത്. ടാറിങ്ങില്ലാത്ത മൺപാത. മലയിടുക്കിലൂടെ വണ്ടികൾ ഓടിയിട്ടുള്ള വീൽ പാടുകൾ നോക്കിയുള്ള യാത്ര തികച്ചും സാഹസികം. ഏകദേശം 32 കി.മീ മരുഭൂമി സമാനമായ യാത്ര. തുടർന്ന് 60 കി.മീ കൂടി ഉംലിങ്ങ് ലയിലേക്ക് ദൂരമുണ്ടായിരുന്നു. ഒറ്റവരി പാതയാണിത്. നെർബോലെപാസ് എന്നാണ് ഈ വഴിയുടെ പേര്. പുറത്ത് തണുപ്പ് 8 ഡിഗ്രി. വണ്ടി ഹെയർ പിന്നുകൾ കയറുന്നു. അതിനിടയിൽ കാർ മുന്നോട്ടു നീങ്ങാനാകാതെ വിറച്ചു നിന്നു. വണ്ടിയോടിക്കുന്ന സനീഷ് അച്ചനൊഴികെ ഞങ്ങൾ പുറത്തേക്കിറങ്ങി വണ്ടി തള്ളി. അപ്പോഴേയ്ക്കും ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയായി. കാരണം ഓക്സിജൻ കുറവുള്ള സ്ഥലമാണ്. രാവിലെ 11.15 ന് ഞങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 19024 അടി ഉയരത്തിലുള്ള ഉംലിങ്ങ്ലയിലെത്തി.അപ്പോൾ ഞങ്ങൾ തൃശ്ശൂരിൽ നിന്നും യാത്ര പുറപ്പെട്ടിട്ട് 4696 കി.മി പിന്നിട്ടിരുന്നു.
യാത്രയുടെ 13-ാം ദിനം മടക്കയാത്ര. കുളു-മണാലിയിലേക്ക് യാത്ര തുടങ്ങി. ഇടയ്ക്ക് മണാലിയിലേക്ക് 412 കി.മീ എന്ന ബോർഡ് കണ്ടു. രാത്രി 8 ന് പാങ്ങ് എന്ന സ്ഥലത്ത് എത്തി. ഒരാൾക്ക് 300 രൂപ നിരക്കിൽ ഒരു മുറി കിട്ടി. ജനറേറ്റർ ഉപയോഗിച്ചാണ് അവിടെ കറന്റ്. ഷീറ്റു കൊണ്ടുണ്ടാക്കിയ വീട്. പിറ്റേന്ന് രാവിലെ പാങ്ങിൽ നിന്ന് മണാലിയിലേക്ക് യാത്ര തുടങ്ങി. അപ്പോൾ അവിടെ തണുപ്പ് 2 ഡിഗ്രിയായിരുന്നു. ഞങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം പതിനയ്യായിരത്തോളം അടി ഉയരത്തിലായിരുന്നു. മുന്നോട്ടുള്ളവഴി വളരെ മോശമായിരുന്നു. വന്നതിൽ വച്ച് ഏറ്റവും ഭയാനകവും ഭീകരവുമായ വഴി. സാഹസികമായ ഡ്രൈവിങ്ങ് ആയിരുന്നു സനീ ഷച്ചൻ നടത്തിയത്. ഞങ്ങൾ ഗാട്ട ലൂപ്സ് എന്ന സ്ഥലത്തെത്തി.
ഹിമാചൽപ്രദേശിലെ റോഡിന്റെ സ്ഥിതി വളരെ ദുർഘടമായിരുന്നു. കാബേജ്, കോളിഫ്ളവർ തോട്ടങ്ങൾ ഇരുവശത്തുമുണ്ട്. സിസു എന്ന സ്ഥലത്ത് എത്തിയപ്പോൾ വഴി ബ്ലോക്കായി. അന്വേഷിച്ചപ്പോൾ മണ്ണിടിഞ്ഞ് വീണിരിക്കുന്നു. ബ്ലോക്ക് പെട്ടന്ന് മാറില്ല എന്നറിഞ്ഞപ്പോൾ അവിടെത്തന്നെ താമസിക്കാൻ മുറിയെടുത്തു.
സെപ്തംബർ 12ന് സിസുവിൽ നിന്ന് മണാലിയിലേക്ക്. അഡൽ ടണലിലൂടെ ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി. 9.02 കി.മീ നീളമുണ്ടതിന്. പതിനായിരം അടി മുകളിലുള്ള ഒറ്റ ട്യൂബ് ടണലുകളിൽ ലോകത്തിലെ ഏറ്റവും വലുതാണിത്.
മണാലിയിലേക്കുള്ള റോഡിനിരുവശവും നല്ല ആപ്പിൾ തോട്ടങ്ങൾ. പലയിടത്തും റോഡ് മഴയിൽ തകർന്ന് പോയിരിക്കുന്നു. മണ്ണും കല്ലും ഇട്ട് താല്ക്കാലികമായി തയ്യാറാക്കിയിരിക്കുന്ന വഴിയിലൂടെയാണ് യാത്ര. വാഹനങ്ങൾ വഴിതിരിച്ച് വിട്ടതു കൊണ്ട് ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നെങ്കിലും ഹിമാചലിലെ ഗ്രാമങ്ങളിലുടെ യാത്ര ചെയ്യാൻ സാധിച്ചു. വൈകീട്ട് മണ്ടിയിലെ ഗുത്ക്കറിലെ ഫോർഡിന്റെ സർവീസ് സെന്ററിൽ എത്തി. വണ്ടി ചെക്കിങ്ങിന് കൊടുത്തു ആവശ്യമായ സർവീസുകൾ എല്ലാം നടത്തി. ഹിമാചലിൽ നിന്ന് പഞ്ചാബിലേക്ക്. ക്റാർ (ഗഒഞഅഞ) എന്ന സ്ഥലത്ത് മുറിയെടുത്ത് അന്ന് താമസിച്ചു. പിറ്റേദിവസം ജയ്പൂരിലേക്ക്… ഞങ്ങൾ പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക് കടന്നു. ഹരിയാനയിൽ നിന്ന് രാജസ്ഥാനിലേക്ക്. ഇനി 120 കി.മീ കൂടിയുണ്ട് ജയ്പൂരിലേക്ക് രാത്രി 8 ന് ജയ്പൂർ പാസ്റ്റ റൽ സെന്ററിൽ എത്തി.
സെപ്തംബർ 14 വ്യാഴം. രാവിലെ സ്റ്റാച്ചു ഓഫ് യൂണിറ്റി കാണാൻ ഗുജറാത്തിലേക്ക്. ദേശീയപാത 48 ലൂടെയായിരുന്നു യാത്ര. ഉണങ്ങി വരണ്ട ഭൂമി. എന്നിട്ടും മനുഷ്യർ കഠിനാധ്വാനം ചെയ്തു കൃഷി ചെയ്യുന്നു. മാർബിൾ ഫാക്ടറികൾ കണ്ടു. മൂന്ന് വരിപ്പാതയിൽ മൂന്ന് ലൈനുകളിലും ട്രക്ക് നിരന്നു പോകുന്നു. അധികം കനത്തതല്ലെങ്കിലും മഴ പെയ്യുന്നുണ്ട്. പിന്നീടത് പേമാരിയായി. ഡീസൽ കഴിയാറായി. പമ്പുകളെല്ലാം അടച്ചിട്ടിരിക്കുന്നു. പമ്പുകൾ സമരത്തിലാണ്. അവസാനം സ്വകാര്യ പമ്പിൽ നിന്ന് ഡീസൽ അടിക്കാൻ സാധിച്ചത് കൊണ്ട് യാത്ര മുടങ്ങിയില്ല. ഇനി കാർ 800 കി.മീ ഓടിക്കോളും.
ഉദയ്പൂരിലേക്ക് വണ്ടി മുന്നോട്ടു നീങ്ങി. ഉച്ചക്ക് ഉദയ്പൂർ എത്തി. രാജസ്ഥാനിൽ മഴ പെയ്ത് നനഞ്ഞ റോഡുകൾ. കാർ ഗുജറാത്തിലേക്ക് കടന്നു. ഇനി 248 കി.മീ കൂടിയുണ്ട് സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ അരികിലേക്ക്. നർമ്മദ നദിയിലെ സർദാർ സരോവർ ഡാം പരിസരത്ത് രാത്രി 10.45ന് എത്തി. രാവിലെ മാത്രമേ അങ്ങോട്ട് പോകാൻ സാധിക്കൂ എന്നു പൊലീസ് പറഞ്ഞു. ഉറക്കം രാത്രി 11.20ന് പട്ടേൽ ഹോം സ്റ്റെയിൽ.
പിറ്റേന്ന് രാവിലെ ബസിൽ കയറി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാനുള്ള യാത്ര. സെക്യൂരിറ്റി ചെക്ക് അപ്പ് കഴിഞ്ഞ് യന്ത്രപ്പടവുകളിലൂടെ മുകളിലേക്ക്. പിന്നീട് ലിഫ്റ്റിൽ സ്റ്റാച്ചുവിന്റെ മുകളിൽ എത്തി. സുന്ദരമായ കാഴ്ച. ഡാം മുഴുവനും കാണാം. ഡാമിനെക്കുറിച്ച് ഡോക്കുമെന്ററി പ്രദർശനം അവിടെ നടക്കുന്നുണ്ട്. പിന്നീടായിരുന്നു ഞങ്ങളുടെ ജംഗിൾ സഫാരി.
ഗോവയിലേക്കാണ് അടുത്ത യാത്ര. 964 കി.മീ ദൂരം. 19 മണിക്കൂർ യാത്ര. കാർജൻ നദി കടന്ന് മുന്നോട് നീങ്ങി. മിന്തോല പുഴ ക്രോസ് ചെയ്തു. വാപ്പി വഴിയിൽ താനെക്ക് സമീപം ഹെവി ട്രാഫിക്ക് ബ്ലോക്ക് ആണ്. മുംബൈ നഗരത്തിലേക്ക് കയറാതെ പൂനെയിലേക്ക് ഞങ്ങൾ യാത്ര ചെയ്തു. ഇടയ്ക്ക് കാറിൽ തന്നെ ഒരു മണിക്കൂറോളം ഉറങ്ങി. പിന്നീട് രാത്രിയിലും കാർ ഗോവ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.
സെപ്തംബർ 16 ശനിയാഴ്ച ഞങ്ങൾ യശ്വന്ത്റാവു ചവാൻ എക്സ്പ്രസ് വേയിലൂടെ പൂനെയിലേക്ക് സഞ്ചരിക്കുകയായിരുന്നു. പിന്നീട് യാത്ര ബാംഗ്ലൂർഹൈവേയിലൂടെയായി. മഹാരാഷ്ട്രയിൽ കരിമ്പ് കൃഷി സമ്യദ്ധമാണ്. ഹൈവേ പണി നടക്കുന്നു. കോലാപൂർ കടന്നു കർണ്ണാടകയിൽ എത്തി. നിപ്പാണി കടന്ന് ദേശീയപാത 46 ൽ നിന്ന് ഗോവയിലേക്ക് തിരിഞ്ഞു. ഗോവ 151 കി.മീഎന്ന ബോർഡ് കണ്ടു. കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേ ശിച്ചു. അമ്പോളി വെള്ളച്ചാട്ടം കണ്ട് 40. കി.മീ. കൂടി സഞ്ചരിച്ച് ഗോവയിൽ. ബോം ജീസസ് ബസിലിക്ക, അൻജുന-പാലോലം ബീച്ചുകൾ തുടങ്ങിയവ സന്ദർശിച്ചു.
18 ന് രാവിലെ മംഗലാപുരം യാത്ര ആരംഭിച്ചു. ഉച്ചക്ക് 12ന് മംഗലാപുരത്തെത്തി ഉച്ചഭക്ഷണം കഴിച്ച് മാഹിയിലേക്ക്. സെന്റ് തെരേസാസ് തീർത്ഥാടനകേന്ദ്രത്തിൽ കയറി പ്രാർത്ഥിച്ചു. 19ന് രാവിലെ 5.15ന് മാഹിയിൽ നിന്ന് തൃശൂരിലേക്ക്.
മഴ ചാറി കൊണ്ടിരിക്കുന്നു. വണ്ടി സാവധാനത്തിലാണ് നീങ്ങുന്നത്. മലപ്പുറത്തുനിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. 11.30ന് തൃശൂരിൽ മുളങ്കുന്നത്തുകാവിൽ ഞാൻ സേവനം ചെയ്യുന്ന സാൻജോസ് ഹോസ്റ്റലിൽ എത്തി. പള്ളിയിൽ കയറി കൃതജ്ഞതാ ബലിയർപ്പിച്ചു.
22 ദിവസങ്ങൾ നീണ്ട ഭാരതപര്യടനത്തിന് അ ങ്ങനെ പരിസമാപ്തിയായി. ജീവിതകാലം മുഴുവൻ സൂക്ഷിച്ചുവയ്ക്കാനുള്ള സുന്ദരമായ ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ടാണ് യാത്ര അവസാനിച്ചത്. ഹിന്ദി അറിയാത്ത ഞങ്ങൾക്ക് ഭാഷ ഒരിക്കലും തടസ്സമായില്ല. ദൈവസാന്നിധ്യം ഞങ്ങളെ രാത്രിയിലും പകലും അനുഗമിച്ചു. ഭാരതത്തിന്റെ പൈതൃകത്തിലും സംസ്കാരത്തിലുമുള്ള അനുഭവങ്ങൾ സമ്മാനിച്ച നവചൈതന്യം ഇപ്പോഴും ഞങ്ങളുടെ ഉള്ളിലുണ്ട്.