പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റിനുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചെറുപ്രായംമുതൽ മാതാപിതാക്കളുടെ അതിസ്നേഹം അവരെക്കൊണ്ട് ഒരു പ്രവൃത്തിയും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ സമ്മതിക്കാതിരിക്കുകയോ അല്ലെങ്കിൽ അവർ ചെയ്യാനാഗ്രഹിച്ച പലതും വിലക്കുകയോ ചെയ്തതുകൊണ്ട് അവരുടെ വ്യക്തിത്വത്തിൽ സംഭവിച്ച പോരായ്മയാണ് ഇത്. ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാൻ ചെറുപ്രായത്തിൽതന്നെ അവരിൽ സ്വയംപര്യാപ്തത വളർത്തിയെടുക്കുകയാണ് വേണ്ടത്. ഇതിനായി മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത്?
മക്കൾക്കുവേണ്ടി എല്ലാം ചെയ്തുകൊടുക്കാതിരിക്കുക
മക്കൾക്ക് സഹായമാകും എന്ന് കരുതി എല്ലാ കാര്യങ്ങളും അവർക്കായി ചെയ്തുകൊടുക്കുന്നതിൽ മത്സരിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. മക്കൾ ചെയ്താൽ ശരിയാകില്ലെന്ന് കരുതി പലതും അവർക്കായി ചെയ്തുകൊടുക്കുന്നവരും കുറവല്ല. മക്കൾ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ അവരെ വിലക്കാതിരിക്കുക. ചെയ്യരുത് എന്ന് നിർദ്ദേശിക്കാതിരിക്കുക. പലതവണ വീണിട്ട് നടക്കാൻ പഠിക്കുന്നതുപോലെയാണ് പലതവണ തെറ്റിപ്പോയതിന് ശേഷം ശരിയായ ഒന്നിൽ അവരെത്തിച്ചേരുന്നത്. പലവട്ടം തെറ്റിക്കോട്ടെ, ഒടുവിൽ ശരിയിലെത്തിക്കോളും. ഇത് അവരിലുണ്ടാക്കുന്ന ആത്മവിശ്വാസം നിസ്സാരമല്ല.
ചെയ്യുന്ന കാര്യങ്ങളിൽ ഇടപെടാതിരിക്കുക
കുഞ്ഞുമക്കൾ ചെയ്യുന്ന കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് അവരെ സഹായിക്കുന്നവരാണ് മാതാപിതാക്കൾ. ഇത് പാടില്ല. പലതവണ പരാജയപ്പെട്ട ശ്രമങ്ങൾ കുഞ്ഞുങ്ങളിൽ സ്വയംപര്യാപ്തതയും സ്വാതന്ത്ര്യബോധവും വളർത്തുമെന്നാണ് പഠന ങ്ങൾ പറയുന്നത്. അതുകൊണ്ട് കുട്ടികൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഇടപെടാതിരിക്കുക. അവരെ അത്തരം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുക.
പ്രായത്തിനനുസരിച്ചുള്ള ടാസ്ക്കുകൾ
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുതെന്ന് പറ യാറുണ്ട്. ശരിയാണ്. കല്ലെടുപ്പിക്കണ്ട, പക്ഷേ തുമ്പിക്കാകുന്നത് എടുപ്പിക്കാമല്ലോ. അതുപോലെ കുട്ടികളെ അവരുടെ പ്രായത്തിനും വളർച്ചയ്ക്കും അനുസരിച്ച് ഓരോ ജോലികൾ ചെയ്യിപ്പിക്കുക. നിസ്സാരമായ ജോലികൾ ഒറ്റയ്ക്ക് ചെയ്യുമ്പോൾ കുട്ടികൾക്ക് ആത്മവിശ്വാസം ശക്തമാകുകയും അവർ സ്വയംപര്യാപ്തതയിലേക്ക് വരികയും ചെയ്യും.
സമയം കൊടുക്കുക
മക്കൾക്ക് ടാസ്ക്ക് കൊടുക്കുമ്പോൾ അത് ചെയ്തുതീർക്കുന്നതുവരെ ക്ഷമയോടെയിരിക്കുക. സമയം കൊടുക്കുക. നാം ഉദ്ദേശിക്കുന്ന സമയത്തിനുള്ളിൽ മക്കൾ ജോലികൾ ചെയ്തുതീർക്കണമെ
ന്നില്ല. അപ്പോൾ ദേഷ്യപ്പെടുകയോ അസഹിഷ്ണുത പുലർത്തുകയോ ചെയ്യാതിരിക്കുക. ക്ഷമയോ ടെ കാത്തിരിക്കുക.
നിർദേശം വ്യക്തവും കൃത്യവുമായിരിക്കുക
മക്കൾക്ക് മാതാപിതാക്കൾ നല്കുന്ന നിർദേശം വ്യക്തവും കൃത്യവുമായിരിക്കണം. മക്കൾക്ക് മനസ്സിലാകുന്ന വിധത്തിലായിരിക്കണം നിർദേശങ്ങൾ നല്കേണ്ടതും.
പ്രശ്നം പരിഹരിക്കാൻ പഠിപ്പിക്കുക
മക്കൾ തമ്മിലുള്ള ശണ്ഠകൂടലുകൾ മിക്ക വീടുകളിലും സാധാരണമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് മാതാപിതാക്കൾ ഇടയ്ക്ക് കയറുന്നതും. പക്ഷേ ഈ പ്രശ്നം മക്കൾ സ്വയം പരിഹരിക്കുകയാണ് വേണ്ടത്. സ്ഥിതിഗതികൾ കൈവിട്ടുപോയെന്ന് തോന്നിയാൽ മാത്രമേ മാതാപിതാക്കൾ ഇടപെടേണ്ടതുള്ളൂ. താൻ നേരിടുന്ന പ്രശ്നം സ്വയം പരിഹരിക്കാൻ തയ്യാറാവുകയും വിജയിക്കുകയും ചെയ്യുന്നതിലൂടെ ഭാവിയിലും പ്രശ്നപരിഹാരം കണ്ടെത്താനുള്ള ആത്മവിശ്വാസം അവർക്കുണ്ടാകുകയും അവർ സ്വയംപര്യാപ്തരാവുകയും ചെയ്യും.
സാധിക്കുന്നത്ര നല്ലതുപറയുക
കുട്ടികൾ തെറ്റു ചെയ്യുമ്പോൾ അവരെ തിരുത്തുന്നതിലുമുണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നീ എന്തുപണിയാണ് ഈ ചെയ്തത്? ഇങ്ങനെയാണോ ചെയ്യേണ്ടത് എന്നെല്ലാം സ്വരം ഉയർത്തി മക്കളെ തിരുത്തുകയാണ് കൂടുതൽ മാതാപിതാക്കളും ചെയ്യുന്നത്. മക്കൾക്ക് തെറ്റുപറ്റുമ്പോൾ അവരെ വിമർശിക്കാതിരിക്കുക. വീണ്ടും പരിശ്രമിക്കുന്നതിന് വിഘാതമായി നില്ക്കുന്നത് വിമർശനങ്ങളാണ്. അതുകൊണ്ട് അങ്ങനെ ചെയ്തതിന് പകരം ഇ ങ്ങനെ ചെയ്യുക എന്ന മട്ടിൽ ഉദാഹരണങ്ങളിലൂടെ കാര്യം അവതരിപ്പിക്കുക.
ഉത്തരവാദിത്തങ്ങൾ ഏല്പിക്കുക
മക്കളെ ഓരോ ഉത്തരവാദിത്തങ്ങളും ഏല്പിക്കുക. ചെറുപ്രായത്തിലേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിലൂടെ വലിയകാര്യങ്ങൾ ഭാവിയിലും ചെയ്യാൻ അവർക്ക് നിഷ്പ്രയാസംസാധിക്കും.
സഹായിക്കാൻ വരുമ്പോൾ യെസ് പറയുക
ഏതെങ്കിലും ജോലിയിൽ മാതാപിതാക്കളെ സഹായിക്കാൻ സന്നദ്ധരായി മക്കൾ വരുമ്പോൾ അവരെ കൂടെക്കൂട്ടുക. ചെയ്തുതരണമോ എന്ന് ചോദിക്കുന്നതിന് യെസ് എന്ന് തന്നെ മറുപടി പറയുക.
സ്വതന്ത്രമായി കളിക്കാൻ വിടുക
സ്വയം പര്യാപ്തതയിലേക്ക് വളരാനുള്ള എളുപ്പമാർഗ്ഗമാണ് കളി. കുട്ടികളെ സ്വതന്ത്രമായി കളിക്കാൻ വിടുക. അതിലൂടെ അവരുടെ ക്രിയാത്മകത വർദ്ധിക്കുന്നു. സാമൂഹികബന്ധം രൂപപ്പെടുന്നു. പ്രശ്നപരിഹാരം പഠിക്കുന്നു.