‘പവർഫുൾ’ ആണ് ആത്മീയത

Date:

spot_img
മാതാപിതാക്കളുടെ ആത്മീയത മക്കളുടെ ജീവിതത്തെ ഗുണകരമായി ബാധിക്കും എന്ന് പുതിയ പഠനങ്ങൾ. ആത്മഹത്യ, സ്വയം ശരീരത്തെ മുറിവേല്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മക്കളെ അകറ്റിനിർത്താൻ മാതാപിതാക്കളുടെ ആത്മീയത ഏറെ സഹായകരമാവുമത്രെ.ന്യൂയോർക്ക് സ്റ്റേറ്റ്  സൈക്യാട്രിക് ഇൻസ്റ്റിറ്റ്യൂട്ടും കൊളംബിയ യൂണിവേഴ്സിറ്റിയും ചേർന്ന്  മൂന്നു തലമുറയിൽപ്പെട്ട കുടുംബങ്ങളിൽ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  മതവും ആത്മീയതയും വ്യക്തിക്ക് ആന്തരിക ശക്തി നല്കുന്നതായി പഠനം നടത്തിയ പ്രഫ. മൈർനാ വെയ്സ്മാൻ അഭിപ്രായപ്പെടുന്നു. നിങ്ങൾ ഏതു മതത്തിൽ വിശ്വസിക്കുന്ന ആളുമായിരുന്നുകൊള്ളട്ടെ, എത്രസമയം പ്രാർത്ഥനയിലും ആരാധനാലയത്തിലുമായി ചെലവഴിക്കുന്നു എന്നത് നിങ്ങളുടെ പെരുമാറ്റത്തിലും ഇടപെടലിലും പ്രകടമാണ്. ആന്തരികമായി നിങ്ങൾ പ്രാർത്ഥനയിലൂടെ നേടിയെടുക്കുന്ന ശക്തി മക്കളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളും സ്വാധീനവും വരുത്തുന്നു. അദ്ദേഹം പറയുന്നു: ഭൂരിപക്ഷം മാതാപിതാക്കളും  മതവിശ്വാസം തങ്ങളെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സർവ്വേയിൽ പങ്കെടുത്ത മാതാപിതാക്കളും മക്കളും ഒരുപോലെ പറയുന്നു. മതപരമായ കർമ്മങ്ങളിലും ആരാധനാലയങ്ങളിലും പങ്കെടുക്കുന്ന മക്കളിൽ ആത്മഹത്യാപ്രവണത അങ്ങനെയില്ലാത്തവരുമായി തട്ടിച്ചുനോക്കുമ്പോൾ താരതമ്യേന വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനും ആത്മീയത ഏറെ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരുമിച്ചുള്ള പ്രാർത്ഥന, ഒരുമിച്ച് ആരാധനാലയങ്ങൾ സന്ദർശിക്കുക, തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുക എന്നിവയെല്ലാം കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചില ഘടകങ്ങളാണ്. കുടുംബജീവിതത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വാദപ്രതിവാദങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിലും പരസ്പരം അനുരഞ്ജനപ്പെടുന്നതിനും  ആത്മീയത അവരെ ഏറെ സഹായിക്കുന്നുണ്ടത്രെ. സന്ധ്യാസമയങ്ങളിൽ ക്രൈസ്തവകുടുംബാംഗങ്ങൾ ഒരുമിച്ചുള്ള പ്രാർത്ഥനകൾ ബന്ധങ്ങളിൽ സൃഷ്ടിക്കുന്ന ഊഷ്മളതയുടെ കാര്യം ഇതിനകം പലയിടങ്ങളിലും പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്.
മതപരമായ വിശ്വാസങ്ങൾ വ്യക്തിയുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും ഗുണകരമായി ബാധിക്കുമെന്ന് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനവും സാക്ഷ്യപ്പെടുത്തുന്നു. മതപരമായ വിശ്വാസങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ടെൻഷൻ ഫ്രീയാക്കുകയും ചെയ്യുന്നു. തന്മൂലം സുഖകരമായ ഉറക്കവും ലഭിക്കുന്നു. ആത്മീയരായ വ്യക്തികൾക്ക് ദീർഘായുസ് ഉള്ളതായും ചില പഠനങ്ങൾ പറയുന്നുണ്ട്.

More like this
Related

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും...

ഏതറ്റത്തുനിന്നും മടക്കിയെടുക്കാവുന്ന കിടക്കവിരിയാണോ ജീവിതം?

ഒന്ന് ഇടയ്ക്ക് ബസിന്റെ അരികു സീറ്റിൽ ഇരുന്ന് വെറും വെറുതെ പുറം കാഴ്ചകളിലേക്ക്...

സുഖത്തിന്റെ പ്രലോഭനങ്ങൾക്ക് മരണത്തിന്റെ മൗനത്തേക്കാൾ തീവ്രതയുണ്ടോ?

ഇടക്കൊക്കെ മരണത്തേക്കുറിച്ച് അതി തീവ്രമായി  ആലോചന ചെയ്യാറുണ്ട്. മരണമാണല്ലോ എല്ലാ തത്വചിന്തകളുടെയും...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും...
error: Content is protected !!