പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ. ഒരിക്കൽ വിജയകരമായി നാം നേരിട്ട ഈ വെല്ലുവിളി ഇപ്പോൾ വീണ്ടും നമ്മെ പിടികൂടിയിരിക്കുന്നു. ആദ്യത്തേതുപോലെ കോഴിക്കോട് ജില്ലയിലാണ് നിപ്പ ഇത്തവണയും റിപ്പോർട്ട് ചെയ്തതെങ്കിലും മറ്റു ജില്ലകളിലും കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഈ വൈറസിന്റെ അതിവ്യാപനശേഷിയെക്കുറിച്ച് നമ്മെ കൂടുതൽ ജാഗ്രതയുള്ളവരാക്കി മാറ്റുന്നത്.
നിപ്പ എന്ന പേരിന്റെ ഉത്ഭവം
മലേഷ്യയിലെ നിപ്പ എന്ന സ്ഥലത്ത് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് ഇങ്ങനെയൊരു പേര് വന്നത്. ലോകത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതും മലേഷ്യയിൽ നിന്നായിരുന്നു. വവ്വാലുകളെയാണ് രോഗകാരികളാണ് കണ്ടെത്തിയിരിക്കുന്നത്. പഴവർഗ്ഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് വിഭാഗത്തിൽ പെട്ട വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണത്രെ വൈറസ് വ്യാപിക്കുന്നത്. വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും, പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകരുന്നതായും പറയപ്പെടുന്നു. എങ്കിലും പന്നികളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായുള്ള സംഭവം മലേഷ്യയിൽ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. വൈറസിന് സംഭവിക്കുന്ന ജനിതകമാറ്റമാണ് മനുഷ്യരിലേക്ക് രോഗം പകരുന്നതിനുള്ള കാരണം.
ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, ഛർദ്ദി, ശ്വാസതടസം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ച് അഞ്ചുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിങ്ങനെയുള്ള സ്രവപരിശോധനയിലൂടെയാണ് രോഗം ഉറപ്പുവരുത്തുന്നത്.
മുൻകരുതലുകൾ
നിപ്പ വൈറസിനെതിരെയുള്ള പ്രതിരോധ വാക്സിൻ ഇതുവരെയും കണ്ടുപിടിക്കാത്തതിനാലും അസുഖം വന്നതിന് ശേഷമുള്ള ചികിത്സ ഫലപ്രദമല്ലാത്തതിനാലും നിപ്പയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മുൻകരുതൽ തന്നെയാണ്. വവ്വാലുകളുടെ ശരീരസ്രവങ്ങൾ ശരീരത്തിലെത്താനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയവ കഴിക്കാതിരിക്കുക. വവ്വാലുകളുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക തുടങ്ങിയവയെല്ലാം ഈ മുൻകരുതലുകളിൽ പെടുന്നു.
രോഗബാധിതരായ വ്യക്തികളോട് ശാരീരികമായി അകലം പാലിക്കുക, രോഗിയുമായി സമ്പർക്കം ഉണ്ടായതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകക, രോഗി ഉപയോഗിക്കുന്ന സ്വകാര്യസാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക തുടങ്ങിയവയെല്ലാമാണ് മുൻകരുതൽ എന്ന രീതിയിൽ ചെയ്യാൻ കഴിയുന്നത്.
ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിലാണ് നിപ്പ പകർച്ചവ്യാധി കൂടുതലായുള്ളത്. വവ്വാലുകളുടെ പ്രജനനകാലം ഈ മാസങ്ങളിലാണ് നടക്കുന്നത്. കോവിഡിനെക്കാൾ ഗുരുതരമായ രോഗമാണ് നിപ്പ. ചികിത്സ ഇല്ലാത്തതും പ്രതിരോധമരുന്ന് ഇല്ലാത്തതും ഇതിനെ ഗുരുതരമായ രോഗമായി കണക്കാക്കാൻ വൈദ്യശാസ്ത്രത്തെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ഈ രോഗത്തിനെതിരെ ജാഗ്രതയാണ് പുലർത്തേണ്ടത്.
ഇന്ത്യയും നിപ്പയും
2001 ലാണ് ഇന്ത്യയിൽ ആദ്യമായി നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബംഗാളിലായിരുന്നു തുടക്കം. അന്ന് 71 പേർക്ക് വൈറസ് ബാധയുണ്ടായി. 50 പേർ മരണമടഞ്ഞു. 2018 മെയ് അഞ്ചിനാണ് കേരളത്തിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്തായിരുന്നു ഇതിന് തുടക്കം. 2019ലും 2021ലും കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈറസ്
നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 2019ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് വൈറസ്. ആഷിഖ് അബു ആയിരുന്നു സംവിധാനം.