‘ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്’ എന്ന് പറഞ്ഞ് ആരെങ്കിലും ഒരാൾ നിങ്ങൾക്ക് സന്തോഷം പങ്കുവയ്ക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ വിചാരിക്കാൻ മാത്രം ആരും വിഡ്ഢികളാണെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ സന്തോഷങ്ങൾ നമ്മുടെ മാത്രം സമ്പാദ്യങ്ങളാണ്. സന്തോഷത്തോടെയിരിക്കുക എന്നത് അവരവരുടെ ഉത്തരവാദിത്തവും.
നിരാശ വേണോ പ്രത്യാശ വേണോ, സങ്കടം വേണോ സന്തോഷം വേണോ എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. സന്തോഷത്തോടെ ജീവിക്കാനും സന്തോഷത്തോടെയായിരിക്കാനുമുളള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.
ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക
നാളെയെക്കുറിച്ചുള്ള ആശങ്കകളും ആ കുലതകളുമാണ് പലരുടെയും സന്തോഷം കെടുത്തിക്കളയുന്നത്. നാളെയെന്തു സംഭവിക്കും.? ഇതാണ് അവരുടെ ചിന്ത. തന്മൂലം ഇന്നിന്റെ സന്തോഷങ്ങൾ അനുഭവിക്കാൻ സാധിക്കാതെ വരുന്നു. ആത്മവിശ്വാസമില്ലായ്മയാണ് ഇതിന് കാരണം. സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പിന്തുടരാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ളവർക്ക് സന്തോഷമുണ്ടായിരിക്കും, സ്വപ്നങ്ങളുണ്ടായിരിക്കും അവർ ശരിയായ പാതയിലൂടെ മുന്നോട്ടുപോകുന്നവരാണ്. ലക്ഷ്യത്തിലെത്തുന്നതുവരെ അവരുടെ നോട്ടം തെറ്റുകയില്ല. അതുകൊണ്ട് ആത്മവിശ്വാസമുള്ളവരായിരിക്കുക. സന്തോഷം താനെ നിറഞ്ഞുകൊള്ളും.
ആരോഗ്യപരമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക
വീട്ടിലും സമൂഹത്തിലും ആരോഗ്യപരമായ ബന്ധങ്ങൾ- നല്ല സുഹൃദ് ബന്ധങ്ങൾ, കുടുംബബന്ധങ്ങൾ- നിലനിർത്താൻ കഴിയുന്നവർക്ക് സന്തോഷിക്കാനാവും. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനം കോളജ്തലം മുതൽ നിലനിർത്തിപ്പോന്ന നല്ല സുഹൃദ്ബന്ധങ്ങൾ ജീവിതസായാഹ്നത്തിൽ വരെ സന്തോഷത്തോടെ ജീവിക്കുന്നതിന് സഹായകരമായിയെന്നാണ് പറയുന്നത്. എല്ലാവരെയും നമ്മുടെ ഉള്ളിലേക്ക് എടുക്കാതിരിക്കാനും ശ്രദ്ധിക്കണം. സഹപാഠികൾ എല്ലാവരും സുഹൃത്തുക്കളാകുന്നില്ല. സഹപ്രവർത്തകരും. അതുകൊണ്ട് ഇന്നർ സർക്കിളിലേക്ക് വിവേകത്തോടെ മാത്രം സുഹൃത്തുക്കൾക്ക് പ്രവേശനം നല്കുക.അവർ നമ്മുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കും.
എന്താണ് നമ്മുടെ ആവശ്യമെന്ന് മനസ്സിലാക്കുക
യഥാർത്ഥത്തിൽ നമുക്കെന്താണ് വേണ്ടതെന്നോ നമ്മുടെ ആഗ്രഹമെന്താണെന്നോ വ്യക്തമായി മനസ്സിലാക്കാത്തത് സന്തോഷം അനുഭവിക്കുന്നതിന് തടസ്സമായി നില്ക്കുന്നുണ്ട്. മറന്നുവച്ചുപോയ സാധനം ഇല്ലാത്തിടത്ത് അന്വേഷിക്കുന്നതുപോലെയാണ് അത്. നമുക്ക് വേണ്ടത് മറ്റെന്തോ ആണ്. പക്ഷേ നമുക്ക് ഇപ്പോഴുള്ളത് വേറെയെന്തോ ആണ്. ഇതുരണ്ടും തമ്മിലുളള സംഘർഷം സന്തോഷം ഇല്ലാതാക്കും. ആവശ്യമുള്ളതും ആഗ്രഹിക്കുന്നതും സ്വന്തമാക്കാൻ ശ്രമിക്കുക. അന്വേഷണം കൃത്യമായ ദിശയിലാകുമ്പോൾ സന്തോഷം താനേ കടന്നുവരും.
ദയ പരിശീലിക്കുക
ആയിരിക്കുന്ന ഇടങ്ങളിൽ ദയ കാണിക്കുന്നത് സന്തോഷിക്കുന്നതിന് ഇടവരുത്തും. വീട്ടിലോ ഓഫീസിലോ ദയാരഹിതമായി പെരുമാറുന്നവർ തങ്ങളുടെ അസന്തോഷമാണ് പരസ്യപ്പെടുത്തുന്നത്.