ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ പടികടന്നുവരുന്ന ഓണത്തിന് കണ്ണീരിന്റെ തിളക്കമുണ്ട്. വിളമ്പിവച്ച ഓണവിഭവം പങ്കിടാൻ പ്രിയമുള്ളൊരാൾ അരികിലില്ലാത്തതിന്റെ ശൂന്യതയുണ്ട്. ഓണപ്പാട്ടുകളിൽ വിരഹത്തിന്റെ വിങ്ങലുകളുണ്ട്.
ഓണം മാത്രമല്ല ഓരോ ആഘോഷങ്ങളിലും അയാൾ വ്യക്തിപരമായി നമ്മിലേല്പിക്കുന്ന വിടവുകളുണ്ട്. ആ വിടവുകൾ മറ്റൊരു സ്നേഹം കൊണ്ടും നമുക്ക് പൂരിപ്പിക്കാനാവില്ല. കാരണം അയാളുടെ നഷ്ടം നമ്മുടെ മാത്രം നഷ്ടമായിരുന്നു. അയാൾ നമ്മെ അത്രമേൽ സ്നേഹിച്ചിരുന്നുവോയെന്നല്ല അയാളെ നാം അത്രയധികമായി വില മതിച്ചിരുന്നുവെന്നതുകൊണ്ടാണ് നഷ്ടോർമ്മകൾ മിഴിനീരായി നമ്മെ നനച്ചുകൊണ്ടിരിക്കുന്നത്. സാധാരണ പോലെ കടന്നുപോകുന്ന വർഷദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി സവിശേഷദിനങ്ങൾ അയാളുമായി ബന്ധപ്പെട്ട ഓർമ്മകൾ നമ്മുക്ക് മീതെ പുഷ്പവൃഷ്ടി നടത്തുന്നു. അപ്പോൾ നമ്മൾ ഹൃദയഭാരത്താൽ കുനിഞ്ഞുപോകുന്നു. വിഷാദശ്രുതികൾ അന്തരാളങ്ങളിൽ നിന്ന് മീട്ടിത്തുടങ്ങുന്നു. നീയുണ്ടായിരുന്നുവെങ്കിൽ… നീ അരികിലുണ്ടായിരുന്നുവെങ്കിൽ… അങ്ങനെയാണ് വിഭവങ്ങളിൽ കയ്പ് പടരുന്നത്. ആരൊക്കെയുള്ളപ്പോഴും തനിച്ചാണെന്ന് അനുഭവപ്പെടുന്നത്. ആഘോഷങ്ങൾ അകന്നുപോകട്ടെയെന്ന് ആഗ്രഹിക്കുന്നത്.
പക്ഷേ നീ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ആ ഘോഷങ്ങൾ കടന്നുവരും. കാരണം ആഘോഷങ്ങൾക്ക് കടന്നുവരാതിരിക്കാനാവില്ല. നിന്നെപോലെ സമാനമായ അവസ്ഥയിലൂടെ കടന്നുപോയവർ ഇന്നലെ ധാരാളമുണ്ടായിരുന്നു. പക്ഷേ അവരെയാരെയും ഓർമ്മിക്കാതെ നീ അന്ന് നിന്റെ ആഘോഷങ്ങളിൽ മുഴുകി. ഇന്ന് നീ അവരെപോലെയായിരിക്കുന്നു. നാളെ മറ്റുള്ളവരും നിന്നെപ്പോലെയാകും. ആഘോഷങ്ങൾ സ്ഥിരമാണ്. പക്ഷേ അത് നമ്മുടെ ജീവിതത്തോട് പ്രത്യുത്തരിക്കുന്നത് ഒരുപോലെയല്ല. അതുകൊണ്ട് ഓണത്തിന് വരാതിരിക്കാനാവില്ല, ക്രിസ്തുമസിന് വരാതിരിക്കാനാവില്ല, വിഷുവും ബക്രീദും റംസാനും കടന്നുവരാതിരിക്കുന്നില്ല. പക്ഷേ ഈ ഓണം… അതെന്റെ ഹൃദയത്തിലെ വലിയ മുറിവുകളിലൊന്നാണ്. ചവിട്ടിത്താഴ്ത്തിയാലും പത്തിരട്ടി ശക്തിയോടെ തിരികെ വരുന്ന ഓർമ്മകൾ. നിന്നെക്കുറിച്ചുളള നഷ്ടവിലാപങ്ങൾ ഞാൻ എന്നുംമുഴക്കട്ടെ…
ഓണച്ചിന്തുകൾ പാടാൻ നീയില്ലാത്തൊരു
ഓണം പടികടന്നെത്തുന്നു
പോയാണ്ടിൽ വന്നുപോയ പൊന്നാവണി
പ്പൂവുകൾ വീണ്ടുമിങ്ങെത്തുന്നു
തുമ്പയും മൈനയും പൂക്കളിൽ മേയുന്ന
തൂശിമുഖികളുമെത്തുന്നു
പുള്ളോർക്കുടങ്ങളും മൂളുന്നു
വണ്ണാത്തിപ്പുള്ളും പടിക്കൽ ചിലയ്ക്കുന്നു
പഴയൊരുവില്ലിന്മേൽ ഇഴകൾ മുറുക്കി
പാടാൻ എല്ലാരുമെത്തുന്നു
എന്നാലിക്കുറി ഈ ചെറുപന്തിയിൽ
നിന്നെ കാണാതാവുന്നു…