മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. ‘നിന്നെ ഞാൻ കാണിച്ചുതരാമെടാ’ ചില പോർവിളികൾ മുഴക്കുന്നത് അങ്ങനെയാണല്ലോ. തിരിച്ചടിയോ പ്രതികാരമോ ഒക്കെയായിരിക്കും അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് വെല്ലുവിളി ഉയർത്തുന്നതിന് പകരം അവരവരോട് തന്നെ വെല്ലുവിളിയുയർത്തിയാലോ.. നിനക്കൊരിക്കലും ചെയ്യാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന, നിന്നെ അപമാനിക്കാനും നിസാരനാക്കാനും ശ്രമിക്കുന്ന കാര്യങ്ങൾ അവർക്ക് മുമ്പിൽ ചെയ്തുകാണിച്ചുകൊടുക്കാൻ നിനക്ക് കഴിയുന്നുണ്ടോ?
അവരവരെ വെല്ലുവിളിക്കാൻ ബുദ്ധിമുട്ടാണ്; മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പവും. പക്ഷേ അവനവന്റെ ബലഹീനതകളെയും കുറവുകളെയും പരാജയപ്പെടുത്താൻ ബുദ്ധിമുട്ടാണ്. എപ്പോഴും നമ്മൾ മറ്റൊരാളെയാണ് പരാജയപ്പെടുത്താനും കീഴ്പ്പെടുത്താനും ശ്രമിക്കുന്നത്. എന്നാൽ പരാജയപ്പെടുത്താനും കീഴ്പ്പെടുത്താനും അവനവനിൽ ഉള്ള മേഖലകളെക്കുറിച്ച് ആരും തിരിച്ചറിയുന്നില്ല.
എന്നും പോകുന്നതുപോലെ പോകാൻ എളുപ്പമാണ്. പരിചയമുള്ള വഴിയിലൂടെ സ്ഥിരമായി വണ്ടിയോടിച്ചുപോകുന്നവർക്ക് അറിയാം. ഓരോ വളവും തിരിവും അവർക്ക് മനപ്പാഠമാണ്. എന്നാൽ അപരിചിതമായ വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ അവർ കൂടുതൽ ജാഗ്രതപുലർത്തേണ്ടതുണ്ട്. കണ്ണും കാതും കൂടുതൽ തുറന്നുപിടിക്കേണ്ടതുണ്ട്. ഇതാണ് നമുക്ക് മുമ്പിലുളള വെല്ലുവിളി. പുതിയ കാര്യങ്ങൾ ചെയ്യുന്നതാണ് വെല്ലുവിളി. പ്രത്യേകിച്ച് ചെയ്യാൻ കഴിയില്ലെന്ന് മറ്റുള്ളവർ വിധിയെഴുതിയതോ നമുക്ക് തന്നെ ആത്മവിശ്വാസം കുറവുള്ളതോ ആയ പ്രവൃത്തികൾ.
ചില ശീലങ്ങൾ നിലനിർത്തിക്കൊണ്ടുപോകാൻ എളുപ്പമാണ്. പക്ഷേ പുതിയൊരു ശീലം തുടങ്ങിവയ്ക്കുക അത്ര നിസ്സാരമല്ല. ജീവിതശൈലിയിൽ മാറ്റംവരുത്തി മുന്നോട്ടുപോകുക. വൈകിമാത്രം ഉറങ്ങാൻപോവുകയും സ്വഭാവികമായും വൈകിമാത്രം ഉറങ്ങിയെണീക്കുകയും ചെയ്യുന്ന ഒരാൾ തന്റെ ദിനചര്യയിൽ മാറ്റംവരുത്താൻ തയ്യാറായാൽ ഒരേ സമയം അയാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥകളിൽ മാറ്റം വരുകയും അയാൾ കൂടുതൽ ക്രിയാത്മകമായിപ്രവർത്തിച്ചുതുടങ്ങുകയും ചെയ്യുന്നു.
വെല്ലുവിളികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ എളുപ്പമാണ്. വെല്ലുവിളികൾ ഏറ്റെടുക്കുക ദുഷ്‌ക്കരവും. പക്ഷേ വെല്ലുവിളികളെ ഏറ്റെടുക്കുമ്പോഴാണ് ജീവിച്ചിരിക്കുന്നുവെന്ന തോന്നലുണ്ടാകുന്നത്. ജീവിതത്തിൽ വിജയിക്കാൻ സാധിക്കുന്നത്. അതുകൊണ്ട്, വെല്ലുവിളികളേ സ്വാഗതം.