വികാരങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വികാരങ്ങൾ നമ്മെ നിയന്ത്രിച്ചുതുടങ്ങും. അതാവട്ടെ ജീവിതം താറുമാറാക്കുകയും ചെയ്യും. വൈകാരികമായ നിയന്ത്രണവും സ്ഥിരതയും ഉണ്ടാകുമ്പോഴാണ് വൈകാരികമായും ശാരീരികമായും ഓരോ വ്യക്തികളും മെച്ചപ്പെട്ട അവസ്ഥയിലായിത്തീരുന്നത് വികാരങ്ങളെ നിയന്ത്രിച്ച് എങ്ങനെ കൂടുതൽ മെച്ചപ്പെട്ട വ്യക്തികളായിത്തീരാൻ കഴിയും?
സ്വയാവബോധം ഉണ്ടായിരിക്കുക
സ്വയാവബോധം ഉണ്ടാകുന്നില്ലെങ്കിൽ ദുഷ്‌ക്കരവും അനിഷ്ടകരവുമായ ഒരു സമയത്തിലേക്കായിരിക്കും നാംപ്രവേശിക്കുന്നത്. സ്വയാവബോധം നേടിയെടുക്കുക എന്നത് ജീവിതാവസാനംവരെ നീണ്ടുപോകുന്ന ഒരു പ്രക്രിയയാണ്. ഓരോ ദിവസവും ഇത് വർദ്ധിപ്പിച്ചെടുക്കുകവഴി ഭാവിയിലേക്ക് മികച്ച അടിത്തറ പണിയുക കൂടിയാണ് ചെയ്യുന്നത് സ്വയാവബോധം എന്നാൽ അവനവനെ തന്നെ തിരിച്ചറിയുകയാണല്ലോ. ഞാൻ എങ്ങനെയാണ് പ്രതികരിക്കുന്നത്, എന്റെ ചിന്തകൾ, വികാരങ്ങൾ, പ്രവൃത്തികൾ തുടങ്ങിയവയെക്കുറിച്ചുള്ള സ്വയം തിരിച്ചറിവാണ്. ഞാൻ എന്താണെന്നോ ഏതാണെന്നോ എന്റെ കഴിവ് എന്താണെന്നോ ഞാൻതിരിച്ചറിയുന്നില്ലെങ്കിൽ ഒരാൾ എന്നോട്പറഞ്ഞ വാക്കുകളെ പ്രതിയോ അയാൾ എന്നോട് ചെയ്തപ്രവൃത്തികളെപ്രതിയോ ഞാൻ പൊട്ടിത്തെറിക്കുകയോ അഹിതകരമായി പെരുമാറുകയോ ഒക്കെ ചെയ്തേക്കാം.
പോസിറ്റീവ് നിമിഷങ്ങൾ ബോധപൂർവ്വം ആസ്വദിക്കുക
പോസിറ്റീവ് അനുഭവങ്ങളും നിമിഷങ്ങളും മനസ്സിലേക്ക് കൊണ്ടുവന്ന് അവയിൽ സന്തോഷിക്കാനും അവയെയോർത്ത് സ്വയം അഭിനന്ദിക്കാനുംകഴിയുന്നത് വൈകാരികനിയന്ത്രണത്തിനും മാനസികാരോഗ്യത്തിനും ഏറെ ഫലപ്രദമാണ്. ഒരു കപ്പ് കാപ്പി കുടിക്കുമ്പോൾ പോലും ഇത്തരം ഓർമ്മകളെ ബോധപൂർവ്വം മനസ്സിലേക്ക് കൊണ്ടുവന്ന് അവയോർത്ത് സന്തോഷിക്കുമ്പോൾ ഉള്ളിൽ അനുഭവപ്പെടുന്ന പോസിറ്റീവ് തരംഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തുകയും വേണം.
വൈകാരിക സ്വീകാര്യത
നിഷേധാത്മകമായ വികാരങ്ങളെയോ അവരവരെതതന്നെയോ വിധിക്കാതെ അവയെ സ്വീകരിക്കുക. വികാരങ്ങളെ നിയന്ത്രിക്കാൻ ഇതേറെ സഹായകരമായിരിക്കും.
താൽക്കാലിക അകലം പാലിക്കുക
വർത്തമാനത്തിൽ നിന്ന് അകലം പാലിച്ച് ഭാവിയെക്കുറിച്ച് സങ്കല്പിക്കുക.ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ഈ ആശങ്ക ഒരാഴ്ച നീണ്ടുനില്ക്കുമോ അതോ ഒരു മാസമോ? അപ്പോഴേയ്ക്കും ഇത് അകന്നുപോകില്ലേ. അങ്ങനെയെങ്കിൽ എന്തിനാണ് ഇപ്പോൾ അതോർത്ത് തല പുകയ്ക്കുന്നത്. നാളെ ഇതെല്ലാം ശരിയായി വരുമല്ലോ… ഇങ്ങനെ ഭാവിയെക്കുറിച്ച് ശുഭകരമായി ചിന്തിക്കുക.
നന്ദി പറയുക
നന്ദിക്ക് ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താൻ കഴിവുണ്ടെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങൾക്ക് പോലും വീണ്ടും വീണ്ടും നന്ദി പറയുക. ഓരോ ദിവസവും നന്ദിയുടെ മൂന്ന് അനുഭവങ്ങളെങ്കിലും കുറിച്ചുവയ്ക്കുക. ഇതും വൈകാരികമായ നിയന്ത്രണത്തിന് സാഹചര്യമൊരുക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
വികാരനിയന്ത്രണത്തെ സഹായിക്കുന്ന വിധത്തിലുള്ള എല്ലാത്തരം പ്രക്രിയകളും നമ്മുടെ തലച്ചോറിലുണ്ടെന്നാണ് മാനസികാരോഗ്യവിദഗ്ദർ പറയുന്നത്. വിവിധ തരത്തിലുള്ള പരിശീലനത്തിലൂടെ ഇവയെ നമുക്ക് നിയന്ത്രിച്ചുനിർത്താൻ കഴിയും. ഇതിലേറ്റവും പ്രധാനം ക്രിയാത്മകമായി ചിന്തിക്കുകയും പോസിറ്റീവായ കാര്യങ്ങൾ സംസാരിക്കുകയും ഓർമ്മിക്കുകയും ചെയ്യുക എന്നതാണ്.. പോസിറ്റീവായ വാക്കുകളെ മനസ്സിലേക്ക് കൊണ്ടുവരുന്നത് വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.