ലോകജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ഫോട്ടോയുണ്ട്!
ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്ലറ്റ് ആബേൽ മുത്തായും സ്പാനിഷ് അത്ലറ്റ് ഇവാൻ ഫർണാണ്ടസുമാണ് ആ ഫോട്ടോയിൽ.
ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നതിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!
എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം തുടരാൻ ഉറക്കെ വിളിച്ചു പറഞ്ഞു….!
എന്നാൽ സ്പാനിഷ് ഭാഷ അറിയാത്തതുകൊണ്ട് അയാൾക്ക് കാര്യം മനസിലായില്ല… പ്രതികരിച്ചതുമില്ല.
ഇത് മനസ്സിലാക്കിയ ഇവാൻ ആബേലിനെ പുറകിൽ നിന്ന് തള്ളി ഫിനിഷിങ്ങ് പോയിന്റിലെത്തിച്ചു..!
അമ്പരന്ന് നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും ഒരു പത്രപ്രവർത്തകൻ ഇവാനോട് ചോദിച്ചു:
”താങ്കൾ എന്തിനാണീ കെനിയക്കാരനെ വിജയത്തിലേക്ക് തള്ളിവിട്ടത്….?അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിജയം താങ്കളുടേതാകുമായിരുന്നില്ലേ…?”
അതിന് ഇവാൻ ഈ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു: ”വിജയത്തിന്റെ പാതയിലായിരുന്ന അവന്റെ ആശയക്കുഴപ്പത്തിൽ ഞാൻ നേടുന്ന വിജയത്തിന് എനിക്ക് എന്ത് യോഗ്യതയാണുള്ളത്….! ഞാൻ അങ്ങനെ ചെയ്താൽ, ഇതു കണ്ടു കൊണ്ടിരിക്കുന്ന എന്റെ അമ്മ എന്ത് വിചാരിക്കും…?”
ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രകാശത്തിൽ നിന്നല്ലാതെ എങ്ങനെ ഒരാൾക്ക് ഇങ്ങനെ പെരുമാറാൻ കഴിയും. തോൽവിയിലും വിജയിക്കുന്ന മനുഷ്യർ. മറ്റുള്ളവരുടെ വളർച്ചയിൽ അല്പമെങ്കിലും പുഞ്ചിരി ഉള്ളിൽ നിറയുന്നുണ്ടോ…? സ്‌നേഹത്തിന്റെ അടയാളപ്പെടുത്തലുകൾ നിറയുന്ന മനസ്സുകളിൽ അത് എത്ര മാത്രം ആഴത്തിലായിരിക്കും. വിജയിക്കാനുള്ള തെറ്റായ വഴികളല്ല സത്യസന്ധതയുടെ മൂല്യങ്ങളെയാണ് നാം മുറുകെ പിടിക്കേണ്ടത്.
കുറെ നാളുകൾക്കു ശേഷമാണ് ടീച്ചറിനെ കണ്ടുമുട്ടിയത്. ആനി ടീച്ചറെ കണ്ടപ്പോൾ ഓർമ്മകൾ പോയത് സ്‌കൂൾ കാലത്തേക്ക് ആണ്. സ്‌കൂൾ ജീവിതകാലത്ത് ഇത്രമാത്രം ബുദ്ധിമുട്ടേറിയ ഒരു വിഷയമില്ലായിരുന്നു. കണക്കായിരുന്നു വിഷയം. അങ്ങനെ വരുമ്പോൾ കണക്ക് വെറുത്തത് പോലെ തന്നെ ടീച്ചറെയും അറിയാതെ വെറുത്ത് പോയിട്ടുണ്ട്. പക്ഷേ കുറെ നാളുകൾക്കു ശേഷം തിരിച്ചറിഞ്ഞു, അതൊന്നും ഒരു വെറുപ്പ് അല്ലായിരുന്നു. ചില അനിഷ്ടങ്ങളുടെ മീതെ നമ്മുടെ പ്രായം വരച്ചിടുന്ന ചില കുറുമ്പുകൾ മാത്രമാണ്. അടുത്തിടെ ടീച്ചറെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞതിൽ മുഴുവൻ സ്‌നേഹമായിരുന്നു, ഓർമ്മകൾ ആയിരുന്നു. ടീച്ചറിന് സ്‌നേഹിക്കാൻ അല്ലേ കഴിയൂ. ആ ശാസനകൾക്ക് പോലും സ്‌നേഹത്തിന്റെ തലോടലുകളുണ്ടായിരുന്നു. നമ്മുടെ എല്ലാവരുടെയും ടീച്ചർമാരൊക്കെ ഇങ്ങനെ തന്നെയല്ലേ. സ്‌നേഹത്തിന്റെ പല ആഴങ്ങൾ കാണിക്കുന്നുണ്ട്. പലവട്ടം അവരുടെയൊക്കെ വിഷയങ്ങൾക്ക് തോറ്റുപോയ നമ്മളെയൊക്കെ അവർ എത്രമാത്രം ചേർത്ത് നിർത്തുന്നു. ഒരു പരിഭവവുമില്ലാതെ!
ജീവിതത്തിലും ഇങ്ങനെ തന്നെ. ഇന്നു മാറ്റിനിർത്തുന്നവർ പലരും ജീവിതത്തിൽ അത്രമേൽ സ്‌നേഹിക്കപ്പെടേണ്ടവരായി മാറുന്നു. കാലം അങ്ങനെയാണ്.മെല്ലെ മെല്ലെ ജീവിതത്തിലേക്ക് സ്‌നേഹത്തിന്റെ വാതായനങ്ങൾ തുറക്കുന്നതോടൊപ്പം കണ്ണുകളും നമുക്ക് തുറന്നു തരുന്നു.
ഒന്ന് കണ്ണടച്ചു നോക്കിയാൽ കുറെ വർഷങ്ങൾക്ക് മുമ്പ് സങ്കടത്തിന്റെ തോരാമഴയിൽ നിന്ന് ആ നേരങ്ങളും സൗഹൃദങ്ങളും ഇന്ന് അത്രമേൽ പ്രിയപ്പെട്ടതായി മാറുന്നു. നമ്മൾ നിശ്ചലരായി നിന്ന ആ തോറ്റ ദിനം ഓർമ്മയില്ലേ..! ഈ ലോകത്തിൽ നമ്മൾ തനിച്ചായി എന്ന് കരുതിയ ദിനം. പക്ഷേ എന്തെങ്കിലും സംഭവിച്ചോ?
ക്രിസ്തുവിനെ ഓർമ്മിക്കുന്നത് ഇവിടെയാണ്. അവന്റെ ജീവിതം നമുക്കുള്ള അടയാളമായി മാറുന്നത് അപ്പോഴാണ്. ആരെയും മാറ്റിനിർത്താതെ, പരിഭവമില്ലാതെ ഹൃദയത്തോട് ചേർത്തുനിർത്തിയ മനുഷ്യൻ. കടന്നുപോകുന്ന കൈപ്പേറിയ നിമിഷങ്ങളെ വരാനിരിക്കുന്ന അനശ്വരമായ ആനന്ദത്തെ മുന്നിൽകണ്ട് അവൻ കണ്ണടയ്ക്കുന്നു. പിന്നെയെല്ലാം പരിഭവമില്ലാതെ അവൻ നേരിടുകയാണ്.
ഞാനും നിങ്ങളും തോറ്റു പോകുന്നത് ഇവിടെയാണ്. ഒരു കുഞ്ഞു സങ്കടത്തെ പോലും ജയിക്കാൻ കഴിയാതെ, ഒരു കുഞ്ഞു തോൽവിയെ പോലും മറികടക്കാൻ കഴിയാതെ ആ തോരാമഴയിൽ നനഞ്ഞു തന്നെ നിൽക്കുന്നു. 2022 എന്തുമാത്രം വിവാദങ്ങൾക്കും കലഹങ്ങൾക്കും സാക്ഷിയായി. പക്ഷേ ആ ചൂടാറിയതിനു ശേഷം നമ്മൾ അതൊന്നും ഓർത്തിരിക്കുന്നില്ല. അതൊക്കെ ആ ആ നിമിഷങ്ങളുടെ വൈറൽ കാഴ്ചകൾക്ക് ശേഷം അപ്രത്യക്ഷമായി. വാക്കുകൾ കൊണ്ട് ഉയർത്തിയ നമ്മൾ തന്നെ പലരെയും വാക്കുകൾ കൊണ്ട് താഴെയിടുന്നു. ഒരു നിമിഷം കൊണ്ട് പല ഉന്നതരും ഒന്നുമല്ലാതായി മാറുന്നു. ജീവിതം മുൻപോട്ട് പോകുന്നു. കാലം അങ്ങനെയാണ്.
ജീവിതത്തിന് നേരെ ഒരു ചെറിയ നിമിഷത്തിൽ അത് പൊടുന്നനെ വിസ്മയമായ ഭാവം കാണിക്കും. മനുഷ്യരും അങ്ങനെ തന്നെ.
അടുത്തകാലത്ത് വായിച്ച ബലൂൺ എന്ന കവിത ഇങ്ങനെയാണ്:
ആരൊക്കെയോ
ഊതി ഊതി വീർപ്പിച്ചപ്പോഴാണ്
സ്വന്തം വലിപ്പം
ബലൂണിന് ബോധ്യമായത്.
ഇനി
താഴേക്കിറങ്ങുന്നത്
തൊട്ടാവാടി മുള്ളിനെ കൂടി
പേടിച്ചിട്ടു വേണം !