മകന്റെ വർഷാവസാന പരീക്ഷയുടെ മാർക്ക്ലിസ്റ്റിൽ ഒപ്പിടാൻപോയ ഒരു അപ്പൻ. എല്ലാ വിഷയത്തിലും അ+ വേണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേരന്റിനെയും പോലെയായിരുന്നു അയാളും. പക്ഷേ താൻ പ്രതീക്ഷിച്ചതുപോലെയോ മുൻ എക്സാമുകളിലേതുപോലെയോ മാർക്ക് മകനില്ലെന്നറിഞ്ഞപ്പോൾ അയാളുടെ മുഖത്തിന് മങ്ങലേറ്റിരുന്നു. അയാളെയും സാഹചര്യങ്ങളെയും നല്ലതുപോലെ അറിയാവുന്ന അധ്യാപിക അപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ്: ”നിങ്ങളുടെ മകന് ഫുൾ അ+ ഇല്ലെന്നത് ശരി. പക്ഷേ അവന്റെ ക്യാരക്ടർ, പേഴ്സണാലിറ്റി മികച്ചതാണ്. ഇന്നത്തെ കാലത്ത് ജോലി കിട്ടാൻ, പരീക്ഷയിലെ മാർക്കിനെക്കാൾ ഗുണം ചെയ്യുന്നത് അതാണ്. അതുകൊണ്ട് അങ്ങനെയൊരു മകനെ കിട്ടിയതിൽ നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്.”
വീട്ടിലെത്തിയപ്പോൾ മകന്റെ മനസ്സ് അറിയുന്നതിനായി അയാൾ ചോദിച്ചു: ”നിനക്ക് മാർക്ക് കുറവാണല്ലോ.”
മകന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഉത്തരങ്ങൾ എഴുതിയതിൽ എനിക്ക് മാർക്ക് കുറവാണെങ്കിലും എനിക്ക് വിഷയം അറിയാം അച്ഛാ. മാത്രവുമല്ല എല്ലാറ്റിനും ഫുൾമാർക്ക് മേടിക്കണം എന്ന് പറഞ്ഞ് അച്ഛനൊരിക്കലും എന്നെ ബുദ്ധിമുട്ടിച്ചിട്ടുമില്ലല്ലോ. എന്നും ഞാൻ മാത്രം ഫസ്റ്റ് മേടിച്ചാൽ പോരല്ലോ വേറെയുള്ളവരും കപ്പടിക്കട്ടെയച്ഛാ…” മകനെ തന്നോട് ചേർത്ത് വരിഞ്ഞുമുറുക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
പരീക്ഷയിൽ മാർക്കു കുറഞ്ഞതിന്റെയും ബിസിനസിൽ പരാജയപ്പെട്ടുപോയതിന്റെയും അഭിമുഖപ്പരീക്ഷയിൽ പിന്തള്ളപ്പെട്ടുപോയതിന്റെയും പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെയും നിരാശയിലും വേദനയിലും കഴിയുന്നവരുടെയും ലോകമാണ് ഇത്. ആത്യന്തികമായി എല്ലാവരും വിജയിക്കാനും ഒന്നാമതെത്താനും ആഗ്രഹിക്കുന്നവരാണ്. അത്തരം ശ്രമങ്ങൾ ഉണ്ടാവേണ്ടതു നല്ലതുമാണ്. എങ്കിലും പരീക്ഷയിലെ മാർക്കും അഭിമുഖപ്പരീക്ഷയിലെ ഒന്നാം സ്ഥാനവും മാത്രമല്ല ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് നാം മനസ്സിലാക്കണം.
വിജയങ്ങളെ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ ലക്കം ഒപ്പം നടത്തുന്നത്. മികച്ച എഴുത്തുകാരെയാണ് ഈ ലക്കത്തിൽ അതിനായി ഉപയോഗിച്ചിരിക്കുന്നതും. വിജയത്തിന്റെ അടിസ്ഥാനഭാവത്തെ നിഷേധിക്കാതെ തന്നെ പുതിയ രീതിയിൽ വിജയങ്ങളെ നോക്കിക്കാണാൻ അവരെഴുതിയ ഈ ലേഖനങ്ങൾ ഏറെപ്പേരെ പ്ര ചോദിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്