മൊബൈലേ വിട അകലം

Date:

spot_img

അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ വേറെയില്ലെന്ന്പറയാം. ഒരു ഇഷ്ടികയുടെ വലുപ്പമുള്ളതായിരുന്നു ആദ്യത്തെ മൊബൈൽ. മുപ്പതു മിനിറ്റ് മാത്രമേ  സംസാരിക്കാനും സാധിച്ചിരുന്നുളളൂ. മെസേജുകൾ അയയ്ക്കാനും കഴിയുമായിരുന്നില്ല. പത്തു മണിക്കൂർ നേരത്തേക്ക് ബാറ്ററി ചാർജും ആവശ്യമായിരുന്നു. എന്നാൽ ഇന്ന് മൊബൈൽ രൂപം കൊണ്ടും ഉപയോഗം കൊണ്ടും എത്രയോ അധികം മാറിയിരിക്കുന്നു.

 ഇന്ന് നമ്മളിൽ ഭൂരിപക്ഷം ആളുകളും കൂടുതൽ സമയം ചെലവഴിക്കുന്നത്  മൊബൈലുമായി ബന്ധപ്പെട്ടാണ്. വെറുമൊരു ഉപകരണം എന്ന നിലയിൽ നിന്ന് മൊബൈൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളുമായി  ഇഴ ചേർന്നുകിടക്കുന്നുവെന്നതാണ് മൊബൈലിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.   ഇലക്ട്രിസിറ്റി പോലെയുള്ള നിരവധി ബില്ലുകൾ അടയ്ക്കുന്നതിന് ഇന്ന് കൂടുതലും ആളുകൾ മൊബൈലാണ് ഉപയോഗിക്കുന്നത്. ഒരു സുഹൃത്തുമായി കണ്ടുമുട്ടുന്നതിനോ കൂടിക്കാഴ്ച ഒഴിവാക്കുന്നതിനോ മൊബൈൽ അവശ്യമാണ്.

വിദൂരത്തുള്ള ഒരു കുടുംബാംഗത്തിനോ മറ്റ് കാര്യങ്ങൾക്കുവേണ്ടിയോ സന്ദേശം അയയ്ക്കുന്നതിനും മൊബൈൽ ആവശ്യമായിരിക്കുന്നു. വാഹനമോടിക്കുമ്പോൾ റൂട്ട് മനസ്സിലാക്കുന്നതിന്, പെട്ടെന്ന് കണക്ക് കൂട്ടുന്നതിന്, ഒരു ഫോട്ടോയെടുക്കുന്നതിന്, സിനിമ കാണുന്നതിന്, പാട്ടു കേൾക്കുന്നതിന് എന്തിനാണ് നമുക്ക് ഇപ്പോൾ ഫോൺ വേണ്ടാതായിട്ടുളളത്? ടോർച്ചായി പോലും മൊബൈൽ ഉപയോഗിക്കുന്നു, സർവത്ര ഫോൺ മയം.

അമേരിക്കയിൽ നടത്തിയ ഒരു പഠനപ്രകാരം പറയുന്നത് അവിടെ പ്രായപൂർത്തിയെത്തിയ ഒരാൾ ഒരു ദിവസം ശരാശരി 344 തവണ മൊബൈൽ പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെന്നാണ്. അതായത് നാലു മിനിറ്റിൽ ഒരു തവണ എന്ന രീതിയിൽ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു ദിവസം മൂന്നു മണിക്കൂർ നേരം മൊബൈലിൽ ചെലവഴിക്കുന്നു. ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടിയാണ് മൊബൈൽ കയ്യിലെടുക്കുന്നതെങ്കിലും ആ ആവശ്യം കഴിഞ്ഞും സ്‌ക്രോൾ ചെയ്ത് മുന്നോട്ടുപോകുന്നു.

മൊബൈലിനെ സംബന്ധിച്ച് പറയുന്ന ഒരു ചൊല്ല് ഇതാണ്: ‘എത്രത്തോളം മൊബൈൽ ഉപകാരിയാകുന്നുവോ അത്രത്തോളം നാം മൊബൈൽ ഉപയോഗിക്കുന്നു.’ മൊബൈൽ അത്യധികം ഉപയോഗിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ന്യൂറൽ പാതകൾ സ്ഥാപിക്കപ്പെടുകയും അത് നാം ചെയ്യേണ്ട ഏതു ജോലിക്കും മൊബൈലിനെ ആശ്രയിക്കത്തക്കരീതിയിൽ ഫോൺ കൈയിലെടുക്കുന്നതിലേക്ക്  നീങ്ങുകയും ചെയ്യുന്നുവെന്നതാണ്. ആവശ്യമില്ലാത്ത നേരത്തും കാര്യങ്ങൾക്കുപോലും മൊബൈലിലേക്ക് കൈ നീണ്ടുചെല്ലുന്ന പ്രവണത നമ്മളിൽ പലരെയും പിടികൂടിയിട്ടുണ്ട്. മൊബൈലിനോടുള്ള നമ്മുടെ ആശ്രിതത്വം വർഷം തോറും വർദ്ധിച്ചുവരുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യുമ്പോൾ  അത് നമ്മുടെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തും. ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഉദാഹരണം
മൊബൈൽ കയ്യിലുണ്ടായിരിക്കുന്നതും അടുത്തുള്ളതും കാണാമറയത്തിരിക്കുന്നതും എങ്ങനെയാണ് ജോലി ചെയ്യുന്നതിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുന്നത് എന്ന് മനസ്സിലാക്കാൻ പഠനം നടത്തിയ ഗവേഷകർ ക്രമീകരണം നടത്തിയത് ഇപ്രകാരമായിരുന്നു. ചിലരോട് കൈയിലുള്ള മൊബൈൽ മേശപ്പുറത്ത് കാണാവുന്ന രീതിയിൽ വയ്ക്കാൻ നിർദ്ദേശിച്ചു. മറ്റ് ചിലരോട് പോക്കറ്റിലോ ബാഗിലോ വയ്ക്കാനും. മറ്റൊരു കൂട്ടരോടാവട്ടെ അടുത്ത മുറിയിൽ വയ്ക്കാനും. മൂന്നുകൂട്ടർക്കും കൃത്യമായ ഒരേ ജോലിയാണ് നല്കിയത്. മൂന്നുകൂട്ടരും ജോലി കൃത്യമായി ചെയ്തുവെങ്കിലും കൂടുതൽ നന്നായി ചെയ്യാൻ കഴിഞ്ഞത് മൊബൈൽ അടുത്ത മുറിയിൽ സൂക്ഷിച്ചവർക്കായിരുന്നു. കാരണം, അവർ മൊബൈലിനെ പൂർണ്ണമായും വിസ്മരിച്ചു. മറ്റുള്ളവരാകട്ടെ മൊബൈൽ റിംങ് ചെയ്തപ്പോഴോ മെസേജ് വന്നപ്പോഴോ അവരുടെ ശ്രദ്ധ പാളിപ്പോയി.

ചുരുക്കത്തിൽ ഫോൺ അരികിലുണ്ടായിരിക്കുന്നതും കൈയിൽ പിടിക്കുന്നതും മസ്തിഷ്‌ക്ക ചോർച്ചയ്ക്ക് വഴിയൊരുക്കുന്നു. ക്രിയാത്മകതയും ഏകാഗ്രതതയും കുറയ്ക്കുന്നു. ഇടയ്ക്കിടെ ഫോണുകൾ പരിശോധിക്കുന്നതിനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നു.  പരീക്ഷകൾ പോലെയുള്ള ഗൗരവതരമായ കാര്യങ്ങൾ ചെയ്യുമ്പോൾ മൊബൈൽ ഹാളിലേക്ക് പ്രവേശിപ്പിക്കാത്തത്, പുറത്തുപോലും ഫോൺ സൈലന്റായി സൂക്ഷിക്കണമെന്ന് നിർദ്ദേശിക്കുന്നത് അത് ഏകാഗ്രതയ്ക്ക് ഭംഗംവരുത്തുന്നുവെന്നതിന്റെ പേരിലാണ്.
മൊബൈലിന്റെ പ്രാധാന്യവും ഉപയോഗവും അത്രയധികം വർദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് മൊ
ബൈലിനോട് വിട പറയാൻ നമുക്കാവില്ല. എന്നാൽ മൊബൈലിൽ നിന്ന് ആരോഗ്യപരമായ അകലം പാലിക്കാനാവും. ആവണം. ഇല്ലെങ്കിൽ അത് ന മ്മുടെ ക്രിയാത്മകതയെ, തലച്ചോറിനെ ദോഷകരമായി ബാധിക്കും. 
എല്ലാകാര്യങ്ങളും ചെയ്തുതരാനുംപറഞ്ഞുതരാനും മൊബൈൽ ഉണ്ടല്ലോയെന്നത് സ്വന്തമായി ചെയ്യാനുള്ള നമ്മുടെ പലകഴിവുകളെയും നിർവീര്യമാക്കും. ഇടയ്ക്കിടെ ഫോൺ പരിശോധിക്കാനുള്ള പ്രലോഭനങ്ങളെ നാം ബോധപൂർവ്വം ചെറുക്കുക. തലച്ചോറിൽ ഞാൻ വിചാരിക്കുന്നതിലും കൂടുതൽ വിഭവങ്ങൾ ഉണ്ടെന്ന് ഞാൻ എന്നെതന്നെ ഓർമ്മിപ്പിക്കുക. അതുവഴി പുതിയ ന്യൂറൽ പാതകൾ സ്ഥാപിക്കപ്പെടുകയും അങ്ങനെ മൊബൈൽ ഇടയ്ക്കിടെ പരിശോധിക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കാൻ നമുക്ക് സാധിക്കുകയും ചെയ്യും.
മൊബൈലിന് തരാൻ കഴിയാത്ത പലതും ഈ പ്രകൃതിക്ക്, നമ്മുടെ സ്വകീയമായ ചിന്തകൾക്ക് നല്കാൻ കഴിയുമെന്ന് മനസ്സിലാക്കുക.

More like this
Related

ബന്ധങ്ങൾ തകർക്കുന്ന Technoference

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ...

മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്....

ഫേസ്ബുക്കിൽ ഇത് അൽഗൊരിതകാലം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്ക് അൽഗൊരിതമയമാണ്. എന്തോ വലിയ ഒരു...

ഇന്റർനെറ്റിന്റെ മുത്തച്ഛൻ

ഇന്റർനെറ്റ് ഇന്ന് ഒരാവശ്യ വസ്തുപോലെ ആയിരിക്കുകയാണ്. വിവരങ്ങൾ വിരൽത്തുമ്പിലാക്കാനും,  മനുഷ്യജീവിതം കൂടുതൽ...
error: Content is protected !!