ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ സാധിക്കുന്നത് എങ്ങനെയാണ്? ഒരാളെ ഏറ്റവും മുറിപ്പെടുത്തുന്നത് എന്താണ്?
പരിഹാസം എന്നാണ് അതിനുളള ഉത്തരങ്ങളിലൊന്ന്. പരിഹസിക്കുക. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും അധമപ്രവൃത്തികളിലൊന്നാണ് അത്. പലപ്പോഴും പരിഹാസം കുറവുകളെ പ്രതിയാണ്. പരിഹസിക്കാൻ നമുക്കിപ്പോൾ എന്തെല്ലാം കാരണങ്ങളാണ്. ജാതി, മതം, നിറം, ലിംഗം, വിദ്യാഭ്യാസം, ജോലി, ശാരീരിക പ്രത്യേകതകൾ, കുടുംബപാരമ്പര്യം, അച്ഛൻ, അമ്മ, സഹോദരങ്ങൾ… എല്ലാം പരിഹസിക്കപ്പെടാൻ കാരണമാകുന്നു.
എണ്ണമറ്റ കാരണങ്ങൾ കൊണ്ടാണ് ഓരോരുത്തരും പരിഹസിക്കപ്പെടുന്നത്. ആണും പെണ്ണും കെട്ടവൻ, ആണത്തമില്ലാത്തവൻ, മൊണ്ണ, ചാന്തുപൊട്ട്, സാമർത്ഥ്യം കുറഞ്ഞ ആൺകുട്ടിയുടെ നേർക്ക് നീയെന്താ പെണ്ണാണോ, തന്റേടവും വീരവുമുള്ളപെൺകുട്ടിയോട് നീ ആണിനെപോലെയാണല്ലോ, നിറംകുറഞ്ഞ പെണ്ണും മീശയും വണ്ണവും കുറഞ്ഞ ആണും എല്ലാം പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈ കുറിപ്പെഴുതുന്നതിന്റെ മുമ്പുള്ള ദിവസങ്ങളിലൊന്നാണ് തനിക്ക് നേരിടേണ്ടിവന്ന പരിഹാസത്തിന്റെ പേരിൽ ഒരാൾ തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. രാക്ഷസൻ എന്ന തമിഴ് സിനിമയിലെ വില്ലനോട് താരതമ്യപ്പെടുത്തി എന്നതായിരുന്നു പ്രകോപന കാരണം. ഒരു പരിഹാസം കൊലപാതകം വരെയെത്തിയെങ്കിൽ ആ പരിഹാസം അയാളെ എത്രത്തോളം മുറിവേല്പിച്ചിട്ടുണ്ടാവണം എന്നാലോചിക്കൂ. കൊലപാതകത്തെ ന്യായീകരിക്കുകയല്ല. പക്ഷേ, അയാൾക്ക് ആത്മസംയമനം പോലും നഷ്ടമാകത്തക്ക വിധത്തിലുള്ളതായിരുന്നു അവയെന്നാണ് ചിന്തിക്കേണ്ടത്.
ശാരീരികമായ വേദനകൾ മുറിവുകൾ ഉണങ്ങുന്നതിനൊപ്പം പരിഹരിക്കപ്പെട്ടുകൊള്ളും. പക്ഷേ മാനസികമായ മുറിവുകൾ പെട്ടെന്ന് പരിഹരിക്കപ്പെടുന്നവയല്ല. ആത്മാവിനേല്ക്കുന്നവയാണ് ആ മുറിവുകൾ. പരിഹാസം ഒരാളുടെ ശരീരത്തിലേക്ക് അഴുക്കുവെള്ളം കോരിയൊഴിക്കുന്നതിന് തുല്യമാണ്. വെള്ളം ഉണങ്ങിയാലും മണം ബാക്കിനില്ക്കും.
മറ്റുള്ളവരുടെ ഗുണവും നന്മയും തിരിച്ചറിയാത്തതുകൊണ്ടാണ് നീ അവരെ പരിഹസിക്കുന്നത്. ആത്മീയപരിപ്രേക്ഷ്യത്തിൽ നോക്കുകയാണെങ്കിൽ പോലും പരിഹാസം അപലപനീയമാണ്. പരി
ഹാസകനെ ദൈവം പോലും ഇഷ്ടപ്പെടുന്നില്ല എന്ന മട്ടിലൊക്കെ ചില പാഠങ്ങളും പ്രബോധനങ്ങളുമുണ്ട്.
ആരെയും പരിഹസിക്കാതിരിക്കാമോ. നീ നിന്നോട് തന്നെ ചെയ്യേണ്ട ഒരു മാന്യതയാണത്. മറ്റുള്ളവരെ പരിഹസിക്കാൻ നിനക്കെന്തവകാശം? നീ കണ്ടെത്തുന്ന അവരുടെ കുറവുകളെ നിനക്ക് പരിഹരിച്ചുകൊടുക്കാൻ കഴിയുമോ. ഓരോ പരിഹാസവും നിന്നിലുളള അധമവാസനകളെയാണ് പുറത്തുകൊണ്ടുവരുന്നതെന്ന് മറക്കാതിരിക്കാം.