അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ ചില വാക്കുകൾക്കാകട്ടെ ഒന്നിലധികം അർത്ഥങ്ങളും. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും എല്ലാറ്റിനും അർത്ഥമുണ്ട് എന്നതാണ് വാസ്തവം. അച്ഛനെന്നോ അമ്മയെന്നോ ചില ഒറ്റവാക്കുകൾ എടുക്കുക. എത്രയാണ് അവയോരോന്നും നമ്മിലുണ്ടാക്കുന്ന അർത്ഥങ്ങൾ. സ്നേഹമെന്നും സൗഹൃദമെന്നുമുളള വാക്കുകളുടെ കാര്യവും ഇങ്ങനെതന്നെ. ഒരു കയർ ഇഴപിരിച്ചെടുക്കുന്നതുപോലെയാണ് അവയെല്ലാം.. ഒന്നുപോലെതോന്നിക്കുന്ന എന്നാൽ വ്യത്യസ്തമായ അർത്ഥങ്ങൾ.
ചിരിക്ക് അർത്ഥമുണ്ട്, നോട്ടത്തിന് അർത്ഥമുണ്ട്, മൂളലിന് അർത്ഥമുണ്ട്, കണ്ണീരിന് അർത്ഥമുണ്ട്. എന്നാൽ എല്ലാ അർത്ഥവും ശരിയായ രീതിയിലായിരിക്കണമെന്നുമില്ല.
എന്റെ ചിരിക്ക് പരിഹാസമെന്ന് വേണമെങ്കിൽ നിനക്ക് അർത്ഥം കൊടുക്കാം. എന്റെ നോട്ടത്തിന് അഹങ്കാരമെന്നും. കരച്ചിലിനെ കള്ളക്കരച്ചിലെന്ന് ഡീഗ്രേഡ് ചെയ്യുകയുമാവാം. അപ്പോൾ നാം കൊടുക്കുന്ന അർത്ഥമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. ആയിരിക്കുന്ന അർത്ഥമല്ല, ശരിയായ അർത്ഥങ്ങൾ ഒളിഞ്ഞിരുന്ന് ഉദ്ദേശിക്കാത്ത അർത്ഥങ്ങളാണ് പുറത്തേക്ക് വരുന്നത്.
വായിക്കുന്ന പുസ്തകത്തിനും കാണുന്ന സിനിമയ്ക്കും ഓരോരുത്തരും നല്കുന്ന അർത്ഥം പോലും എത്രയോ വ്യത്യസ്തമാണ്. ഒരേ അക്ഷരങ്ങളാണ്, ഒരേ കാഴ്ചകളാണ്. എന്നിട്ടും അർത്ഥങ്ങൾ മാറിപ്പോകുന്നു. ഓരോന്നിനും നമുക്കാവശ്യമായ അർത്ഥമാണ് നാം നല്കുന്നത്. ഒരു സൂപ്പർമാർക്കറ്റിൽ ചെല്ലുമ്പോൾ ആവശ്യമുള്ളത് മാത്രം ബാസ്ക്കറ്റിലേക്ക് എടുത്തിടുന്നതുപോലെ.
അർത്ഥം കണ്ടെത്തുന്നത് പ്രധാനമാണ്. അതുപോലെ തന്നെ ശരിയായ അർത്ഥം നല്കുന്നതും. ചിലപ്പോഴൊക്കെ തോന്നിയിട്ടില്ലേ ഒന്നിനും അർത്ഥമില്ലെന്ന്?
ബന്ധങ്ങൾക്ക്…
ആരോഗ്യത്തിന്…
സൗന്ദര്യത്തിന്…
ജീവിതത്തിന്…
അർത്ഥമില്ലെന്ന് തോന്നുന്നത് കൂടുതൽ അർത്ഥവത്തായി ജീവിക്കാനാരംഭിക്കുന്നതിന്റെ തുടക്കമാണ്. ശരിയായതും നവമായതുമായ അർത്ഥം കണ്ടെത്തി ജീവിക്കാനാരംഭിക്കുന്നതിന്റെയും…
എല്ലാറ്റിനും അർത്ഥമുണ്ട്. ഏത് അവസ്ഥയിലും ചില അർത്ഥങ്ങൾ പൂരിപ്പിക്കാനായി ബാക്കി കിടപ്പുണ്ട്.
അർത്ഥത്തിൽ ജീവിക്കുക,
അർത്ഥം കണ്ടെത്തുക,
അർത്ഥമുണ്ടായിരിക്കട്ടെ.