ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

Date:

spot_img

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ കുറ്റബോധത്തിൽ നീറുന്ന രണ്ടുജീവിതങ്ങളുടെ കഥയാണ് രോഹിത് എം.ജി. കൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ജോജു ജോർജ് ടൈറ്റിൽ വേഷത്തിൽ അഭിനയിച്ച ഇരട്ട. 

ആത്മസംഘർഷങ്ങളുടെ നെരിപ്പോടുമായി ജീവിക്കുന്ന ഇരട്ട സഹോദരങ്ങളാണ് പ്രമോദും വിനോദും. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവിതം കൈമോശം വന്നവർ. നന്നേ ചെറുപ്പത്തിൽ അവർക്ക് പരസ്പരം വേർപിരിയേണ്ടിവന്നു. ഭൗതികമായ ആ വേർപിരിയൽ കാലാന്തരത്തിൽ മാനസികമായി കൂടിയുള്ള അകലമായി മാറി,. ശരീരത്തിൽ നിന്ന് മാത്രമല്ല ആത്മാവിൽന ിന്നും മനസ്സിൽ നിന്നും അവർപരസ്പരം അകന്നുപോയി.
അകലത്തിനൊപ്പം പകയും വെറുപ്പും വിദ്വേഷവും കൂടുകൂട്ടുകയും ചെയ്തു. എന്നിട്ടും അവരെ ഒരുമിച്ചുനിർത്തിയത് ഒരേ  ഫീൽഡിലുള്ള ജോലിയായിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് ഇരുവരും എത്തിച്ചേർന്നത് പോലീസ് ഡിപ്പാർട്ട്മെന്റിൽ. വിനോദ് എ.എസ്.ഐ ആയി, പ്രമോദ് ഡി.വൈ.എസ്. പിയും.

തികച്ചും മനശ്ശാസ്ത്രപരമായ സമീപനം കൊണ്ട് വിലയിരുത്തപ്പെടേണ്ടവരാണ് ഈ കഥാപാത്രങ്ങൾ. ചെറുപ്പകാലത്ത് ജീവിതത്തിൽ സംഭവിക്കുന്ന മുറിവുകളും അഭിമുഖീകരിക്കേണ്ടി വരുന്ന പൊരുത്തക്കേടുകളും അച്ഛനമ്മമാരിൽ നിന്ന്  ഏല്ക്കേണ്ടിവരുന്ന തിക്താനുഭവങ്ങളും  പില്ക്കാലത്ത് കുട്ടികളുടെ മാനസികനിലയെയും ജീവിതമനോഭാവത്തെയും  എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കും എന്നതിന് ഇതിൽകൂടുതൽ ഒരു ഉദാഹരണം വേറേ വേണ്ടിവരില്ല. അച്ഛനില്ലാതായാലും അമ്മയുടെ നഷ്ടമാണ് ഒരു കുട്ടിയെ ഏറെയും ബാധിക്കുന്നതെന്ന് തോന്നുന്നു. അച്ഛനു കൂടി പകരം നില്ക്കാൻ കഴിയുന്ന അമ്മയാണെങ്കിൽ അച്ഛൻ എന്ന സങ്കല്പത്തിൽ നിന്ന് അമ്മയെന്ന യാഥാർത്ഥ്യത്തിലേക്ക് ചേക്കേറുന്നതോടെ തികച്ചും സ്വാഭാവികമായ ഒരു ജീവിതം നയിക്കാൻ അവർക്ക് കഴിയുന്നു.

പക്ഷേ  വിനോദിന്റെ ജീവിതത്തിൽ സംഭവിച്ചത് അതല്ലായിരുന്നു.  അമ്മയിൽ നിന്നുളള ആഴമേറിയ മുറിവുമായി  വിനോദിന് ജീവിക്കേണ്ടിവന്നു. അമ്മയിൽ നിന്നുള്ള നഷ്ടപ്പെടലും അമ്മയിൽ നിന്നുള്ള വേർപിരിയലുമാണ് വിനോദിനെ അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ അഴുക്കാക്കി മാറ്റിയത്. അതിനൊപ്പം അമ്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണയെന്നുകൂടി പറയണം.

പുതിയൊരു പെണ്ണിന് വേണ്ടി ഭാര്യയെയും രണ്ടു മക്കളെയും അടിച്ചിറക്കിയ അച്ഛനായിരുന്നു അവരുടേത്. ഒടുവിൽ അധികാരി ആവശ്യപ്പെട്ടപ്പോൾ ഭാര്യയ്ക്കും മക്കൾക്കും ചെലവിന് കൊടുക്കുന്നതിന് പകരം മക്കളിലൊരുവനെ കൂടെ നിർത്താമെന്ന് അയാൾ സമ്മതിക്കുന്നു. കൈയിൽ കിട്ടിയ മകനെയും കൊണ്ട് അയാൾ പോകുന്നു. അയാളുടെ കൈയിൽ കുടുങ്ങിയത് വിനോദായിരുന്നു.

കൊച്ചുപെൺകുട്ടിയെ പോലും തന്റെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്ന അച്ഛന്റെ ജീവിതം കണ്ട് സഹികെട്ട് അമ്മയുടെ അടുക്കലേക്ക് ഓടിപ്പോകുന്ന വിനോദിന് കേൾക്കേണ്ടിവന്നത് പ്രമോദും അമ്മയും കൂടി ആ നാടും വീടും വിട്ടുപോയ കഥ. അവന്റെ  ഉള്ളിലെ തീയെരിയിച്ചത് അതിനെക്കാളേറെ അയൽക്കാരുടെ വാക്കുകളായിരുന്നു. ‘നിന്നെ ഉപേക്ഷിച്ച് പ്രമോദിനെയും കൊണ്ട് അമ്മ പോയല്ലോ നിന്നെ ആർക്കും വേണ്ടല്ലോ.’

തിരികെ വീട്ടിലെത്തിയ അവൻ കണ്ടതോ അച്ഛനെ ആരോ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തുന്നതും. ആ പിഞ്ചുമനസ്സിന്റെ മുറിവുകൾ ആർക്ക് നിശ്ചയിക്കാനാവും?

അച്ഛന്റെ മൃതദേഹം അവസാനമായൊന്ന് കാണാൻ പടികയറിവന്ന അമ്മയ്ക്കും പ്രമോദിനും മുമ്പാകെ വാതിൽ കൊട്ടിയടച്ച് പിന്നാമ്പുറത്തുകൂടി അവൻ ഓടിമറയുന്നു. ‘വിനോദേ’ എന്ന പ്രമോദിന്റെ വിളി പോലും അവഗണിച്ച്… ആ ഓട്ടമാണ് വിനോദിനെ തീർത്തും അഴുക്കാക്കി മാറ്റിയത്. ഓരോ സ്ത്രീയുടെയുംജീവിതത്തിലൂടെ കടന്നുപോകുമ്പോൾ അയാൾ പ്രതികാരം ചെയ്തിരുന്നത് സ്വന്തം അമ്മയോടുതന്നെയായിരുന്നിരിക്കണം. അല്ലെങ്കിൽ അച്ഛൻ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ഓരോ സ്ത്രീകളോടും.

എന്തായാലും സ്ത്രീയെ ആദരവോടും ബഹുമാനത്തോടും കൂടി കാണാൻ അയാൾക്ക് കഴിയുന്നില്ല, മാലിനിയിലെത്തുന്നതുവരെ. ഒരു രാത്രിക്കപ്പുറത്തേക്ക് അയാൾക്കൊരു സ്ത്രീയെയും ആവശ്യവുമുണ്ടായിരുന്നില്ല.
അമ്മയുടെ ഒപ്പം ജീവിച്ചുവെന്നാലും പ്രമോദിന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല. പക്ഷേ സ്ത്രീകളായിരുന്നില്ല, മദ്യപാനമായിരുന്നു അയാളുടെ ജീവിതം  തകർത്തതെന്ന് മാത്രം. നിറവയറുകാരിയായിരിക്കുമ്പോൾ പോലും ഭാര്യയെ ഉപദ്രവിക്കുന്ന അയാളുടെ ശല്യം സഹിക്കവയ്യാതെയാണ് ഭാര്യ കൈക്കുഞ്ഞിനെയും കൊണ്ട് നാടുവിടുന്നത്.

സഹോദരനിൽ നിന്ന് വേർപെട്ടുള്ള ജീവിതം എക്കാലവും അയാളെ വേദനിപ്പിച്ചിരുന്നു. വിനോദിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കപ്പെടുകയും അതിന്റെ മുന പ്രമോദിൽവരെ നീളുകയും ചെയ്യുമ്പോൾ അതെന്റെ ചോരതന്നെയാണെന്ന അയാളുടെ അടക്കിപ്പിടിച്ച പൊട്ടിത്തെറിയിലുണ്ട് വിനോദിനോടുള്ള അയാളുടെ സ്നേഹം മുഴുവൻ.

ഇങ്ങനെ രണ്ടുരീതിയിൽ പ്രമോദിന്റെയും വിനോദിന്റെയും ജീവിതം പാളിപ്പോയി. ഇവരുടെ ജീവിതം തകർത്തത് ആരായിരുന്നു? അവരെ പൂർണ്ണ മായും നമുക്ക് കുറ്റപ്പെടുത്താനാവില്ല. സാഹചര്യങ്ങളുടെ ഇരകളായിരുന്നു അവർ. 
യവനകഥയിലെ ചില നായകരെ ഓർമ്മിപ്പിക്കു ന്ന വിധത്തിലുള്ള ദുരന്തമാനങ്ങളുള്ള കഥാപാത്രങ്ങളാണ് പ്രമോദും വിനോദും. താൻ ഇന്നേവരെ ചെയ്തതിൽ വച്ചേറ്റവും പാപം ചെയ്തത് സ്വന്തം ചോരയോടു തന്നെയാണെന്ന നടുക്കമുളവാക്കുന്ന തിരിച്ചറിവാണ് പെട്ടെന്നൊരു നിമിഷം വിനോദിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ആത്മഹത്യയിലൂടെ തന്റെ ആത്മഭാരങ്ങളിൽ നിന്ന് വിനോദ് മുക്തമാകുമ്പോഴും ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടുന്ന അറിവുമായി ജീവിക്കാൻ വിധിക്കപ്പെടുകയാണ് പ്രമോദ്. അയാൾക്കിനിയൊരിക്കലും സമാധാനം ഉണ്ടാവുകയില്ല. നഷ്ടപ്പെട്ടുപോയ കുടുംബജീവിതം പോലും അയാൾക്ക് തിരിച്ചുപിടിക്കാനാവില്ല. എന്തിന് മകളുടെ മുമ്പിൽചെന്നുനില്ക്കാൻ കൂടി. 

വല്ലാത്തൊരു ഹൃദയഭാരത്തോടെ മാത്രമേ ഇരട്ട കണ്ട് തീയറ്റർ വിട്ടിറങ്ങാനാവൂ. ചാക്കോ മാഷുടെ കണക്കിൽ തട്ടി ജീവിതത്തിന്റെ താളം തെറ്റിപ്പോയ തോമസ് ചാക്കോ – ആടുതോമ- പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി കടന്നുവന്നിരിക്കുന്ന സമയം കൂടിയാണല്ലോ ഇത്. സ്ഫടികം. പേരന്റിങ്ങിനെ സംബന്ധിച്ച് പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള വാഴ്ത്തലുകൾക്കിടയിൽ വിവിധ മാനങ്ങളുളള പേരന്റിങ്ങും ശക്തമായി പ്രതിപാദിക്കുന്ന ഇരട്ടയെന്ന ചിത്രത്തിന്റെ സാധ്യതകളെ മറന്നുപോകരുത്.

ആടുതോമ വില്ലനായ നായകനാണ്. അപ്പൻ ചാക്കോ മാഷൊഴികെ എല്ലാവർക്കും അയാൾ പ്രിയങ്കരനുമാണ്. പക്ഷേ, ഇരട്ടയിലെ വിനോദും പ്രമോദും അങ്ങനെയല്ല. ആർക്കും വേണ്ടാത്തവർ. ആരുടെയും സ്നേഹത്തിന് അർഹതയില്ലാത്തവർ. ഇവരുടെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ ആർക്ക് കഴിയും. ഇവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...
error: Content is protected !!