സന്തോഷിക്കണോ, സ്വാധീനശേഷിയുണ്ടാകണോ, നല്ല തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാകണോ, കാര്യക്ഷമതയുളള നേതാവാകണോ എല്ലാറ്റിനും ഒന്നേയുള്ളൂ മാർഗ്ഗം. സ്വയാവബോധമുള്ള വ്യക്തിയാവുക. ഒരു വ്യക്തിക്ക് വളരാനും ഉയർച്ച പ്രാപിക്കാനുമുള്ള ഏറ്റവും പ്ര ധാനപ്പെട്ട വഴിയാണത്.
സ്വന്തം പ്രവൃത്തികളെയും ചിന്തകളെയും വൈകാരികതയെും സംബന്ധിച്ചുള്ള തിരിച്ചറിവാണ് സ്വയാവബോധം എന്ന് പറയാം. സ്വയാവബോധമുള്ള ഒരു വ്യക്തിക്ക് അവരവരെത്തന്നെ വിലയിരുത്താനും വികാരങ്ങളെ നിയന്ത്രിക്കാനും പെരുമാറ്റം മെച്ചപ്പെടുത്താനും കഴിയും.അതുപോലെ മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്ന് മനസ്സിലാക്കാനും. വളരെ അപൂർവ്വം ചിലർക്കേ സെൽഫ് അവയർനെസ് ഉള്ളൂവെന്നാണ്പൊതു നിഗമനം. സെൽഫ് അവയർനെസ് മെച്ചപ്പെടുത്തിയെടുക്കുന്നതുവഴി വ്യക്തിപരമായി കൂടുതൽ വളരാനും ആവശ്യമായ മാറ്റങ്ങൾ സ്വയം വരുത്താനും കഴിയും.
സ്വയാവബോധത്തിന് രണ്ട് അവസ്ഥകളുണ്ട്. ഒന്നാമത്തേത് പബ്ലിക് സെൽഫ് അവയർനെസാണ്.രണ്ടാമത്തേത് പ്രൈവറ്റ് സെൽഫ് അവയർനെസ്്. മറ്റുള്ളവർക്ക് മുമ്പിൽ ഞാൻ എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത് അഥവാ മറ്റുള്ളവർക്ക് എന്നെക്കുറിച്ച് എന്തു ധാരണകളാണ് ഉള്ളത് എന്നതിനെക്കുറിച്ചുള്ള അവബോധമാണ് ഇത്. രണ്ടാമത്തേതാവട്ടെ ഞാൻ എന്നിലേക്ക് തന്നെ നോക്കി എന്നെ മനസ്സിലാക്കിയെടുക്കുന്നതാണ്.
സ്വയാവബോധം വളരെ പ്രധാനപ്പെട്ടതാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നതിന് കാരണം നാം നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കുന്നതുമൂലം നമ്മുടെ ചിന്തകൾക്കും മൂല്യങ്ങൾക്കും കൂടുതൽ വ്യക്തത കൈവരുന്നു എന്നതാണ്. പെരുമാറ്റം, ശക്തിദൗർബല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചും വ്യക്തമായകാഴ്ചപ്പാട് രൂപപ്പെടുന്നു. സ്വയാവബോധമുളള വ്യക്തികൾക്കാണ് ബന്ധങ്ങൾ മെച്ചപ്പെട്ടതാക്കാനും വ്യക്തികളെ കൂടുതൽ സന്തോഷമുളളവരാക്കാനും കഴിയൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഉള്ളിലേക്ക് നോക്കുന്നതിന് പകരം പുറത്തേക്ക് നോക്കുമ്പോൾ മറ്റുള്ളവർക്ക് നമ്മെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ കഴിയുന്നു.
എങ്ങനെയാണ് സ്വയാവബോധമുള്ള ഒരു വ്യക്തിയായിത്തീരാൻ കഴിയുന്നതെന്ന് നോക്കാം. അവനവരെക്കുറിച്ചു തന്നെ ഏറ്റവും മികച്ച പതിപ്പ് സങ്കല്പിച്ചെടുക്കുക. നാം നേടിയെടുക്കാൻ പോകുന്ന നേട്ടങ്ങളെയും സ്വന്തം കഴിവുകളെയും സാമർത്ഥ്യങ്ങളെയും കുറിച്ച് സംസാരിക്കുകയും അവ യാഥാർത്ഥ്യമാകുന്നതായി കാണുകയും ചെയ്യുക
മറ്റൊന്ന് സ്വയം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. ഉദാഹരണത്തിന് മറ്റുളളവരോട് സംസാരിക്കാൻ , ഒരു സദസിനെ അഭിമുഖീകരിക്കാൻ കഴിയാ ത്ത വ്യക്തിയാണെന്ന് വിചാരിക്കുക. എന്തുകൊണ്ട് സംസാരിക്കാൻ കഴിയുന്നില്ല എന്ന് ചോദിക്കുന്നതിന് പകരം സംസാരിക്കാനുള്ള എന്റെ ഭയം/മടി മറികടക്കാൻ എനിക്ക് എന്തു ചെയ്യാൻ സാധിക്കും എന്ന് ചോദിക്കുക. നെഗറ്റീവ് ചോദ്യങ്ങളെ പോസിറ്റീവാക്കി മാറ്റുക. തന്റെ പ്രശ്നം തരണം ചെയ്യാൻ തനിക്ക് അവസരമുണ്ടെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.
മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും അഭിപ്രായവും അറിയാനാഗ്രഹിക്കുന്നത് തെറ്റൊന്നുമല്ല. അതുകൊണ്ട് അവരോട് തന്നെ നേരിട്ടു ചോദിക്കുക. ഇത് കൃത്യമായ ധാരണയുണ്ടാക്കിയെടുക്കാനും മോശമാണെങ്കിൽ അത് മെച്ചപ്പെടുത്തിയെടുക്കാനും സഹായിക്കും.
ഓരോ ദിവസവും നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും അവ മറികടന്ന വഴികളെയും കുറിച്ച് ഒരു കുറിപ്പെഴുതി സൂക്ഷിക്കുന്നതും നല്ലതായിരിക്കും.
ഉദാഹരണത്തിന്, ഇന്ന് ഞാൻ നേരിട്ട വലിയ പ്രതിസന്ധി എന്തായിരുന്നു, ഞാൻ അതിനെ എങ്ങനെയാണ് അതിജീവിച്ചത്, അപ്പോൾ ഞാൻ അനുഭവിച്ച വികാരം എന്തായിരുന്നു, എന്റെ പ്രതികരണം എന്തായിരുന്നു ഇങ്ങനെ പലതും രേഖപ്പെടുത്തുക.