എന്തിന്റെയൊക്കെയോ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ജോലിക്കയറ്റം, പുതിയ വീട്, കാർ, സാലറി വർദ്ധനവ്.. ഇങ്ങനെ പലതിനും വേണ്ടിയുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇവയിലൂടെയൊക്കെ നാം സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്താണ്? സന്തോഷം. ഇതെല്ലാം സംഭവിച്ചുകഴിയുമ്പോൾ അവസാനം ഞാൻ സന്തോഷവാനായിരിക്കും… ഇങ്ങനെയൊരു വിചാരവും പ്രതീക്ഷയുമാണ് പലതരത്തിലുള്ള നേട്ടങ്ങൾക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുന്നതിന് നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ നാം നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. കാർ കിട്ടിയാൽ, വീടു സ്വന്തമായാൽ, ജോലിക്കയറ്റം കിട്ടിയാൽ സന്തോഷം പൂർണ്ണമാകുമോ? ഏതാനും നാളുകളോ ചിലപ്പോൾ മാസങ്ങളോ മാത്രം നീണ്ടുനില്ക്കുന്നവയാണ് ആ സന്തോഷങ്ങളെല്ലാം. കാർ പഴയതാകുമ്പോൾ,വീടിന്റെ പുതുമ നഷ്ടമാകുമ്പോൾ സന്തോഷം ഇല്ലാതാകുന്നു. പിന്നെ അടുത്ത സന്തോഷം സ്വന്തമാക്കാൻ ഓടിത്തുടങ്ങുന്നു. ഭൂരിപക്ഷം മനുഷ്യരും ഇങ്ങനെയാണ്. ഒന്നിന് പുറകെ മറ്റൊന്ന് എന്ന ക്രമത്തിൽ സന്തോഷം സ്വന്തമാക്കാൻ ഓടിക്കൊണ്ടിരിക്കുന്നു. ചില പഠനങ്ങൾ പറയുന്നത് സന്തോഷം ഒരിക്കലും നീണ്ടുനില്ക്കുന്നതല്ല എന്നാണ്. ലോട്ടറിയടിച്ചും വലിയ മത്സരങ്ങളിൽ ഒന്നാമതെത്തിയും പണവും പ്രശസ്തിയും സ്വന്തമാക്കിയവർ ഇത്തിരികാലത്തിന് ശേഷം ഒന്നുമില്ലായ്മയിലേക്കും നിരാശയിലേക്കും ഒക്കെ പോകുന്നതിന് സാക്ഷികളാകേണ്ടിവരുന്നത് ഇതുകൊണ്ടാണ്. സന്തോഷം സൃഷ്ടിച്ചെടുക്കുന്നതാണ്. ഓരോ ശീലങ്ങളിലൂടെ, ചെറിയ ചെറിയ ശ്രമങ്ങളിലൂടെ. എങ്ങനെ സന്തോഷിക്കാം എന്നതിനായി ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം. അല്ലെങ്കിൽ സന്തോഷമുള്ള വ്യക്തികളുടെ സ്വഭാവപ്രത്യേകതകൾ പരിശോധിക്കാം.
ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുക
ജീവിതത്തിൽ ആഗ്രഹിക്കുന്നതുപോലെ എല്ലാം സംഭവിക്കുമ്പോൾ മാത്രമേ സന്തോഷിക്കാ
നാവൂ എന്ന് വിചാരിക്കരുത്. അതുപോലെ വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സന്തോഷിക്കാനാവൂ എന്നും. അനേകം ചെറിയ കാര്യങ്ങൾ കൂടിച്ചേരുന്നതാണ് ഓരോരുത്തരുടെയും ജീവിതങ്ങൾ. അതുകൊണ്ടുതന്നെ ചെറിയ ചെറിയ സന്തോഷങ്ങൾ കൂട്ടിവയ്ക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുന്നതും മറ്റൊരാളുമായി സംഭാഷണം നടത്തുന്നതും പ്രഭാതത്തിൽ ശുദ്ധവായു ദീർഘമായി ഉച്ഛ്വസിക്കുന്നതുപോലും സന്തോഷമുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യങ്ങളാണെന്നാണ് പറയപ്പെടുന്നത്. ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ എന്നത് സിനിമയുടെ പേരുമാത്രമല്ല അത് ജീവിതത്തോടുള്ള കാഴ്ചപ്പാടിന്റെ കൂടി പേരായിരിക്കണം.
സന്തോഷമുള്ള വ്യക്തികൾ എക്സൈർസൈസ് ചെയ്യുന്നവരായിരിക്കും. അവരുടെ ദിനചര്യയിലെ പ്രധാനഭാഗമാണ് ഇത്. തങ്ങളുടെ മൂഡ് മെച്ചപ്പെടുത്താൻ എക്സൈർസൈസ് സഹായിക്കുമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്.
സന്തോഷമുള്ള വ്യക്തികൾ തങ്ങളുടെ പണം മറ്റുള്ളവർക്കുവേണ്ടിക്കൂടി ചെലവഴിക്കുന്നവരായിരിക്കും. മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തയ്യാറായവരുമാണ് ഇവർ.
സന്തോഷം ഒരു പകർച്ചവ്യാധിയാണ്. സന്തോഷമുള്ള വ്യക്തികൾ മറ്റുള്ളവരിൽ ആത്മവിശ്വാസം വളർത്തും. അവരിലെ നന്മയെയും കഴിവുകളെയുംപുറത്തുകൊണ്ടുവരാൻ സഹായിക്കും. സർഗ്ഗാത്മകതയെ ഉണർത്തും. എന്നാൽ നെഗറ്റീവായിട്ടുള്ള ആളുകൾ ഇതിന് വിപരീതഫലങ്ങളാണ് സൃഷ്ടിക്കുന്നത് അതുകൊണ്ട് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയുമൊക്കെ തിരഞ്ഞെടുക്കുമ്പോൾ സന്തോഷമുള്ളവരെ തിരഞ്ഞെടുക്കുക.
സന്തോഷമുള്ള വ്യക്തികളുടെ ജീവിതത്തിലും മോശം കാര്യങ്ങൾ സംഭവിച്ചേക്കാം. പക്ഷേ അവരതിനെ ഒരിക്കലും കുറ്റപ്പെടുത്തില്ല. ജീവിതത്തിൽ സംഭവിക്കുന്ന നെഗറ്റീവ് കാര്യങ്ങളുടെ പേരിൽ പോലും അവർ നന്ദിയുള്ളവരായിരിക്കും. അശുഭാപ്തിയിലേക്ക് അവർ ഒരിക്കലും പോകില്ല.
സന്തോഷമുള്ള വ്യക്തികൾ മതിയായി ഉറങ്ങുന്നവരായിരിക്കും, നല്ല ഉറക്കം നമ്മുടെ മൂഡ് മെച്ചപ്പെടുത്തുന്നുണ്ട്, ആത്മനിയന്ത്രണം വരുത്തുകയും ചെയ്യും. നല്ല ഉറക്കം കിട്ടുന്നതിലൂടെ തലച്ചോറ് റീചാർജ്ചെയ്യപ്പെടുകയാണ്. ഉറക്കമില്ലായ്മയും ഉറക്കക്കുറവും സ്‌ട്രെസ് ഹോർമോണുകൾ വർദ്ധിപ്പിക്കും.
സന്തോഷമുളള വ്യക്തികൾ ഗോസിപ്പ് പറയുന്നതിൽ നിന്ന് വിട്ടുനില്ക്കും. മറ്റുള്ളവരെ വിധിക്കാനും പോകില്ല. അർത്ഥപൂർണ്ണമായ സംവാദങ്ങളാണ് അവർ ആഗ്രഹിക്കുന്നത്. ഉപരിപ്ലവമായ ബന്ധങ്ങളായിരിക്കില്ല അവരുടേത്.
ഇനി പറയൂ നിങ്ങൾ സന്തോഷമുള്ള വ്യക്തിയാണോ?