എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്, ആരോഗ്യമില്ലാത്തവനാണ്, കുടുംബപാരമ്പര്യമില്ലാത്തവനാണ്, സാമ്പത്തികം ഇല്ലാത്തവനാണ്. ആയിരിക്കാം. ഇതെല്ലാം ശരിയുമായിരിക്കാം. പക്ഷേ അതിന് അവർക്കെന്ത്? അവർ കണ്ടെത്തുന്ന, ചൂണ്ടിക്കാണിക്കുന്ന ഈ കുറവുകളെ പരിഹരിച്ചുതരാൻ അവർക്ക് കഴിയുമോ? ഇല്ല.. ഒരാളെ മാറ്റിനിർത്താൻ പല കാരണങ്ങളുണ്ടാവാം. പക്ഷേ ഒരാളെ അംഗീകരിക്കാൻ ഒരൊറ്റ കാരണം മതി.അവനും എന്നെപോലെ മനുഷ്യനാണ്. മറ്റാര് അംഗീകരിച്ചില്ലെങ്കിലും എനിക്കെന്നെ അംഗീകരിച്ചല്ലേ പറ്റൂ. മറ്റുള്ളവരുടെ പ്രശംസയ്ക്കും സ്നേഹത്തിനും ആദരവിനും വേണ്ടിയുള്ള നെട്ടോട്ടത്തിൽ എനിക്ക് നഷ്ടമായത്, ഞാൻ നഷ്ടപ്പെടുത്തിയത് എന്നെ സ്നേഹിക്കാനുള്ള എന്റെ കഴിവിനെയാണ്,സന്നദ്ധതയെയാണ്… ഇനിഅതുവേണ്ട. ഞാൻ ആദ്യം എന്നെ സ്നേഹിക്കണം. ഇതാ ഇന്നുമുതൽ ഞാൻ ആദ്യം എന്നെ സ്നേഹിച്ചുതുടങ്ങുന്നു. ആത്മനി ന്ദയുടെ, അപകർഷതയുടെ ചുമടുകൾ ദാ ഇവിടെ ഇറക്കിവയ്ക്കുന്നു. എന്നെ ഞാൻ സ്നേഹിച്ചില്ലെങ്കിൽ മറ്റാര് എന്നെ സ്നേഹിക്കും? ഞാൻ എന്നെ സ്നേഹിക്കാതെ മറ്റുള്ളവർ എന്നെ സ്നേഹിച്ചാൽ അതുകൊണ്ടെന്തു പ്രയോജനം? ആയിരിക്കുന്ന അവസ്ഥയെ ഞാൻ സ്വീകരിക്കുന്നു, സ്നേഹിക്കുന്നു.. അതിന്റെ എല്ലാ ക്ഷതങ്ങളോടും കൂടി..