നിർദോഷമല്ലാത്ത ദോഷങ്ങൾ

Date:

spot_img

തികച്ചും നിർദോഷമെന്ന് നമുക്കു തോന്നുന്ന ചില നാടൻ പ്രയോഗങ്ങളുണ്ട് നമ്മുടെ നാട്ടിൽ.  പുതിയൊരു കുഞ്ഞിനെ ആദ്യമായി കാണാൻ പോയി വരുമ്പോൾ, അല്ലെങ്കിൽ പെണ്ണുകാണൽ ചടങ്ങിനു ശേഷം പലപ്പോഴും കേൾക്കുന്ന ഒരു അഭിപ്രായമാണ്… ‘ഓ… കൊച്ചിന് നിറമില്ലന്നേ… ‘ ഏത് നിറമാണ് ഇല്ലാത്തതെന്ന് ആരും ചോദിക്കാറില്ല എന്നതാണ് വാസ്തവം. കാരണം അതിനു ഒരേ ഒരു അർത്ഥമേ മലയാളഭാഷയിലുള്ളൂ അത്ര തന്നെ. നിറമില്ല = കറുത്തത്, നിറമുണ്ട് = വെളുത്തത്. കുട്ടി കറുത്തതാണ് എന്ന് പറയുമ്പോഴും കേൾക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് മാറിക്കിട്ടാൻ വേണ്ടി നമ്മൾ കണ്ടുപിടിച്ച ഒരു നാടൻ പ്രയോഗം. വെളുപ്പ് = സൗന്ദര്യം എന്ന് നമ്മൾ കരുതി വച്ചിരിക്കുന്നു. വെളുപ്പില്ലാത്തവർ രണ്ടാം തരം. 

പ്രായമായ ചില സ്ത്രീകളുടെ സംസാരം കേട്ടിട്ടില്ലേ. ‘എടിയേ… ആ കുപ്പി ഇങ്ങേടുത്തേ… അയ്യോ ഈ കൊച്ച് പാലും കുപ്പിയുടെ അത്രേ ഉള്ളല്ലോ…’ ‘അതെങ്ങനാ? അമ്മ അത്രയല്ലേ  ഉള്ളൂ…’ മറുപടിയും വന്നു. മകൻ കെട്ടിക്കൊണ്ടുവന്ന പെണ്ണിനും ‘അവൾക്കു’ണ്ടായ കൊച്ചിനും ഒന്നിച്ചൊരു ‘കൊട്ട്.’ ഇതൊക്കെ ഈയുള്ളവൻ കേട്ടിട്ടുള്ള ‘ഗ്രാമീണ പ്രയോഗ’ങ്ങളാണ്. ഇതൊക്കെ കേട്ടിട്ടാണ് നമ്മളിൽ പലരും വളർന്നത്. പക്ഷേ  ഇതൊക്കെ അത്ര നല്ലതല്ല എന്നും മാറ്റിയെടുക്കേണ്ട മനഃസ്ഥിതിയാണെന്നും പുതിയ തലമുറ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്തരം അഭിപ്രായങ്ങൾക്ക് ഇന്നൊരു  ഓമനപ്പേരുമുണ്ട്, ‘ബോഡി ഷെയിമിങ്’.

എന്താണ് ബോഡി ഷെയിമിങ്? അർത്ഥം നിസ്സാരം, ശരീരത്തെ കളിയാക്കൽ. ചോദ്യമിതാണ്: ഒരു വ്യക്തിയുടെ ശരീരം ആർക്കൊക്കെയാണ് സ്വന്തം? അതിനുത്തരം അവൻ/അവൾ എന്നല്ലാതെ മറ്റെന്താണ്?  ഇതിന് പുരുഷനെക്കാൾ ഇരയാക്കപ്പെടുന്നത് സ്ത്രീകളാണെന്ന് പറയേണ്ടതില്ലല്ലോ. അതിന് പല കാരണങ്ങളും അവർ തന്നെ കണ്ടെത്തും. ശരീരം തീരെ മെലിഞ്ഞതാണെങ്കിൽ അത്,  തടിച്ചതാണെങ്കിൽ പറയണ്ട…

പണ്ടൊക്കെ അടക്കം പറഞ്ഞിരുന്ന, അല്ലെങ്കിൽ ഒന്നോ രണ്ടോ പേർ മാത്രം കേൾക്കുന്ന സ്വരത്തിൽ പറഞ്ഞിരുന്ന കമെന്റുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതിനു പ്രധാന കാരണം ഒരുപാട് സമാന മനസ്സുകൾ ഇതിൽ തല്പരരാണെന്ന് തന്നെയല്ലേ? അന്നൊക്കെ അഭിപ്രായം പ്രകടിപ്പിക്കുന്നത് സ്വന്തക്കാരോടോ സുഹൃത്തുക്കളോടോ ആണെങ്കിൽ ഇന്നത് സമൂഹമാധ്യമങ്ങളിലൂടെയാവുമ്പോൾ കൈവിട്ട കളിയായി മാറുന്നു. ഈ അഭിപ്രായപ്രകടനത്തിന്റെ ‘റേഞ്ച്’, അതാണ് പ്രധാന വില്ലൻ. ലോകത്തിന്റെ ഏത് കോണിലിരിക്കുന്നവനും നിമിഷനേരം കൊണ്ട് ഇത് കാണുന്നു, അറിയുന്നു. അറിയപ്പെടുന്ന/ പ്രശസ്തരായ ആരെങ്കിലുമാണ് ‘ഇര’യെങ്കിൽ അതുപിന്നെ ചർച്ചയായി, തമ്മിൽ തല്ലായി, അങ്ങനെ യങ്ങനെ… പോരേ… 

സോഷ്യൽ ഷെയ്മിങ് നടത്തുന്ന മലയാളിയുടെ യഥാർത്ഥ സ്വഭാവം കാണണമെങ്കിൽ മലയാളം ഓൺലൈൻ വാർത്ത പങ്കുവയ്ക്കുന്ന ലിങ്കുകളുടെ താഴെ വരുന്ന അഭിപ്രായം മാത്രം വായിച്ചാൽ മതി. ചിലർ  ഇതിനുവേണ്ടി മാത്രമാണ് ഇരിക്കുന്നത് എന്ന് തോന്നിപ്പോകും. അത്രകണ്ട് ഭീകരവും മോശവുമാണ് ചില അഭിപ്രായ പ്രകടനങ്ങൾ.

ഇരകൾ

ബോഡി ഷെയിമിങ് ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുണ്ടാവുക ഒരുപക്ഷേ തടി കൂടുതലുള്ള പെൺകുട്ടികളും നിറം കുറഞ്ഞ പെൺകുട്ടികളും തന്നെയാവും. വിവാഹ കമ്പോളത്തിലും ഏറ്റവും കൂടുതൽ അപമാനങ്ങൾ ഇവർ നേരിടുന്നു. സ്ത്രീ എന്നാൽ കൃത്യമായ അഴകളവുകളുള്ള, പരസ്യങ്ങളിൽ കാണുന്നപോലെ വെളുത്ത് സുന്ദരിയായ, തിളക്കമുള്ള മുടിയുള്ള പെൺകുട്ടികളായിരിക്കണമെന്നുള്ള ബോധം കാലങ്ങളായി മനുഷ്യന്റെ ഉള്ളിൽ കാത്തുവച്ചിരിക്കുന്നു. അതിന്റെ പ്രധാന കാരണം ഇവിടുത്തെ വിപണികൾ തന്നെയാണ്. വെളുക്കണമെന്നും തടികുറയ്ക്കണമെന്നും മുടി തിളങ്ങണമെന്നും അവർ നമ്മെ വീണ്ടും വീണ്ടും പറഞ്ഞ് പഠി
പ്പിക്കുന്നു. ഒരാൾ എങ്ങനെയായിരിക്കണമെന്ന് അവർതന്നെ തീരുമാനിക്കുന്നു. ‘ബെളുത്തിട്ട് പാറ്’ എന്നത് ഈയിടെ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു പ്രയോഗമാണ്. കുറെ പയ്യന്മാർ മാറി മാറി മുഖം വെളുക്കാനുള്ള ക്രീമിന്റെ പ്രൊമോഷൻ ചെയ്യുന്ന ക്യാപ്ഷൻ. ബ്രിട്ടീഷ്‌കാരെപ്പോലെ വെളുക്കും അത്രേ…
ഈയിടെ കണ്ട നല്ലൊരു സിനിമ ‘ജയജയജയ ജയ ഹേ’ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നുണ്ട്. അതിലെ നായകൻ തന്റെ സഹോദരിയെ തടിച്ചി എന്ന് ഒരുവട്ടം വിശേഷിപ്പിക്കുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടും. വല്ലാതെ വിഷമം തോന്നി, പെട്ടെന്ന് അത് കേട്ടപ്പോൾ. കുറെ കഴിഞ്ഞ് സിനിമ കഴിയാറാകുമ്പോൾ അയാളുടെ ഭാര്യ അതിന്റെ എക്‌സ്പ്ലനേഷൻ കൊണ്ടുവരുന്നിടത്താണ് എന്തിനുവേണ്ടിയാണ് നേരത്തേ അങ്ങനെ ഒരു പദപ്രയോഗം സിനിമയിൽ നടത്തിയതെന്ന് മനസ്സിലാകുന്നത്. ഹോർമോണുകളുടെ വ്യതിയാനത്തേക്കുറിച്ചുള്ള വളരെ ചെറിയൊരു ശാസ്ത്രീയ വിശകലനം കൂടി ആയപ്പോൾ അത് വരെ മനസ്സിലുണ്ടായ ഒരു ചോദ്യ
ത്തിന് ഉത്തരവുമായിട്ടാണ് ഒരാൾ തീയേറ്റർ വിട്ട് പോകുന്നത്. ചില കാര്യങ്ങൾ മനസ്സിൽ പതിയുവാൻ ഏറ്റവും പറ്റിയ മാധ്യമമാണല്ലോ സിനിമ. അതുതന്നെ.

ആരോഗ്യം  പ്രധാനം 

പൂന്തോട്ടത്തിന്റെ ഭംഗി അതിലെ പൂക്കളുടെ വ്യത്യസ്തതയാണ് എന്നൊക്കെ പറയാറില്ലേ.. വൈവി ധ്യങ്ങൾ പലപ്പോഴും മനോഹാരിത വർധിപ്പിക്കാറുണ്ട്. ശരീരത്തിന്റെ കാര്യത്തിലും അത് ബാധകമാണ്. കറുപ്പ്, വെളുപ്പ്, മെലിഞ്ഞത്, തടിച്ചത് ഇതൊക്കെ മനോഹരമാണെന്ന് മനസ്സിലാക്കുന്നതുമുതൽ കാര്യങ്ങൾ എളുപ്പമാണ്. പക്ഷേ അവിടെയും ഉണ്ട് ചില പ്രശ്‌നങ്ങൾ.

തടി കൂടുന്നതിന് ഹോർമോണുകളുടെ വ്യതിയാനം പോലെത്തന്നെ മറ്റു കാരണങ്ങളുമുണ്ടെന്നത് ശാസ്ത്രം. അതിൽ തൈറോയ്ഡ് മുതൽ ക്യാൻസർ വരെയുണ്ട്. വിഷാദ രോഗവും അമിത ഭക്ഷണവുമുണ്ട്. വ്യായാമമില്ലായ്മയുണ്ട്. ഇതൊക്കെ ഓരോരുത്തരെ ആശ്രയിച്ചിരിക്കുന്നു. 

അതുകൊണ്ട്  ഇതിനെയൊക്കെ  ഒരേ   നുകത്തിൽ കെട്ടി ന്യായീകരിക്കുകയാണെന്ന് കരുതരുത്. ശരീരത്തിന്റെ വ്യതിയാനങ്ങളിൽ സന്തോഷിക്കണമെങ്കിൽ ആദ്യം ഇതൊക്കെ ഒരാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

മുറിവ്

ഇതുവരെയുള്ള നമ്മുടെ ജീവിതത്തിൽ ഒരുപക്ഷെ ഒരുപാട് പ്രാവശ്യം കളിയാക്കപ്പെട്ടവരായിരിക്കാം നമ്മൾ. അല്ലെങ്കിൽ ഇരയെ നോക്കി അടക്കം പറഞ്ഞവനായിരിക്കാം. അത് അത്ര നിസ്സാര കാര്യമല്ലെന്ന് മനസ്സിലാക്കണമെങ്കിൽ നാം തീർച്ചയായും ആദ്യത്തെ ഗണത്തിൽ ഒരിക്കലെങ്കിലും പെട്ടിട്ടുണ്ടാവണം. ചിരിക്കുന്നവന് അത് ഒരു നിമിഷത്തെ നേരമ്പോക്കാണെങ്കിൽ കേൾക്കുന്നവനെ അത് കൊണ്ടെത്തിക്കുന്നത് വല്ലാത്തൊരു ദുരവസ്ഥയിലാണ്. ഒരുപക്ഷേ ഒരിക്കലും തിരിച്ചു കയറാനാവാത്തവിധം അത് അയാളെ തളർത്തിക്കളഞ്ഞെന്നും വരാം…

കാത്തിരിക്കരുത്

കാത്തിരിക്കരുത് എന്നതാണ് ഇത് വായിക്കുന്ന ഓരോരുത്തരും മനസ്സിൽ കുറിച്ചിടേണ്ട ഒരു വാക്ക്. ആരെയും കാത്തിരിക്കരുത്. വരാൻ ആരുമില്ല. എനിക്ക് ഊർജം പകരാൻ  ഒരാളെ  ഉള്ളൂ, അത്  ഞാൻ മാത്രമാണ്. അതിന്റെ പേരാണ് ആത്മവിശ്വാസം. ഓരോരുത്തരും ഓരോ തരത്തിൽ സൗന്ദര്യമുള്ളവനാണ്, സൗന്ദര്യമുള്ളവളാണ്. കളിയാക്കപ്പെട്ടവനാവട്ടെ, കളിയാക്കുന്നവനാവട്ടെ, മാറാൻ കാത്തിരിക്കരുത്. ഇതാണ് ഏറ്റവും പറ്റിയ സമയം, മനസ്സിലാക്കാൻ, സ്വയം തിരുത്താൻ. നീ ജീവിതത്തിൽ വിജയിക്കേണ്ടവനാണ് / വിജയിക്കേണ്ടവളാണ്. നിനക്കൊപ്പം ഞാനും. 

More like this
Related

ആഹാ…പ്രായമായോ..!

അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന്...

LIFE IS GOOD

'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന്...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന...

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ...
error: Content is protected !!