26 വയസ്സുള്ള ചെറുപ്പക്കാരൻ, ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ അല്പം സാന്ത്വനത്തിനായി കൗൺസിലറുടെ മുറിയിലേക്ക് കടന്നു വന്നതാണ്. വർഷങ്ങളോളം നെഞ്ചിലിട്ട് ഓമനിച്ച പ്രണയം തകർന്നു പോയതിന്റെ നൊമ്പരത്തെക്കാൾ ഏറെ അവന് പറയാൻ ഉണ്ടായിരുന്നത് പൊക്കക്കുറവിന്റെ പേരിൽ ബാല്യ കൗമാരങ്ങളിൽ അനുഭവിക്കേണ്ടിവന്ന അതിഭീകരമായ പരിഹാസങ്ങളെയും കളിയാക്കലുകളെയും കുറിച്ചാണ്. കുഞ്ഞാപ്പി, ചോട്ടു എന്നിങ്ങനെ അനവധി ഓമന പേരുകൾ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഒക്കെ ചേർന്ന് അവന് ചാർത്തി കൊടുത്തു. പ്രത്യക്ഷത്തിൽ നിരുപദ്രവം എന്ന് തോന്നാവുന്ന ഇത്തരം കമന്റുകൾ വ്യക്തിയുടെ വൈകാരിക മാനസിക തലങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്നു എന്ന് തിരിച്ചറിവ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാകേണ്ടതാണ്.
നന്നായി തടിച്ചിട്ടുണ്ടല്ലോ? എവിടുന്നാ റേഷൻ വാങ്ങുന്നെ? അവൾ ഒരു കരിമ്പൂതമാ….
നാമെല്ലാവരും ഒന്നുകിൽ ഈ കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട് അല്ലെങ്കിൽ മറ്റ് ആളുകളുടെ ഇത്തരം പരാമർശങ്ങൾ കേട്ടിട്ടുണ്ട്. ഇതിനെ ബോഡി ഷെയിമിംഗ് എന്ന് വിളിക്കുന്നു.
പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ബോഡി ഷെയിമിങ്ങിന്റെ അനവധി ഉദാഹരണങ്ങൾ അനുദിന ജീവിതത്തിൽ കാണാൻ സാധിക്കും.
സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ള പലരും അറിഞ്ഞോ അറിയാതെയോ ഇത്തരം ബോഡി ഷെയിമിങ്ങിന്റെ വക്താക്കളായി മാറുന്നു എന്ന സത്യം ആശങ്കപ്പെടുത്തുന്നതാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ പ്രസക്തമാവുകയാണ്. ‘കഴിഞ്ഞ ദിവസം കരിങ്കുന്നം എൽ പി സ്‌കൂളിലെ കുട്ടികൾ എന്റെയൊപ്പം സെൽഫി എടുക്കുന്ന ചിത്രം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ഒരു വ്യക്തി ‘വയറ് സ്വൽപം കുറക്കണം കേട്ടോ’ എന്ന് കമന്റ് ഇട്ടിരുന്നു. ബോഡി ഷെയിമിങ്ങ് ആധുനിക കാലത്ത് ഹീനമായ കൃത്യമാണെന്ന് ചൂണ്ടിക്കാട്ടി ഞാൻ മറുപടിയും കൊടുത്തിരുന്നു. എന്തൊക്കെ വ്യാഖ്യാനം കൊടുത്താലും ബോഡി ഷെയിമിങ്ങ് പ്രയോഗങ്ങൾ ഏറ്റവും മോശം തന്നെ. സ്‌നേഹത്തോടെ എന്ന മട്ടിൽ ആണത് പറയുക. നമ്മുടെ സമൂഹത്തിൽ നിരവധി തലങ്ങളിൽ ഇത് നടക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിന് ഇരയായി മാനസിക നില പോലും തകർന്ന നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ട്. ബോഡി ഷെയിമിങ്ങ് നമ്മൾ അവസാനിപ്പിക്കണം’ എന്ന ആഹ്വാനത്തോടെയാണ് മന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബോഡി ഷേമിങ്ങിന്റെ മനഃശാസ്ത്രം
ബോഡി ഷെയിമിങ്ങിൽ ഏർപ്പെടുന്നവർക്ക് വൈകാരിക പക്വത കുറയാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു, മാത്രമല്ല അവരുടെ അഭിപ്രായങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്നത് തിരിച്ചറിയാൻ കഴിയില്ല. അറിഞ്ഞോ അറിയാതെയോ സ്വന്തം അരക്ഷിതാവസ്ഥ മറ്റുള്ളവരിലേക്ക് പകരുകയാണ് ചെയ്യുന്നത്.
ബോഡി ഷെയിമിംഗ് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ബോഡി ഷെയ്മിംഗ് കാരണം, നാണക്കേടും പരിഹാസവും അനുഭവിക്കുമെന്ന ഭയത്തിൽ പലപ്പോഴും നമ്മുടെ ആധികാരിക സ്വഭാവം പ്രകടിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും നമ്മെയും നമ്മുടെ ആത്മാഭിമാനത്തെയും സംശയിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ബോഡി ഷെയിമിംഗ് പലപ്പോഴും താഴെപ്പറയുന്ന പ്രശ്‌നങ്ങൾക്ക് വഴി വയ്ക്കുന്നതായി കാണാം.
കുറഞ്ഞ ആത്മവിശ്വാസം
വികലമായ സ്വയം പ്രതിച്ഛായ
ഉത്കണ്ഠ (പ്രത്യേകിച്ച് സാമൂഹിക ഉത്കണ്ഠ)
വിഷാദം പോലുള്ള മാനസികാരോഗ്യ
പ്രശ്‌നങ്ങൾ
ഭക്ഷണ ക്രമക്കേടുകൾ
ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ
തിരിച്ചറിവുകൾ ഉണ്ടാകട്ടെ
നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നത് നിങ്ങളുടെ ജനിതക ഘടന, നിങ്ങളുടെ പരിസ്ഥിതി, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും മെഡിക്കൽ അല്ലെങ്കിൽ ശാരീരിക അവസ്ഥകൾ, മറ്റ് നിരവധി ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരാൾ മെലിഞ്ഞത് അവർ ധാരാളം കഴിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർക്ക് വേഗത്തിലുള്ള മെറ്റബോളിസം ഉള്ളതുകൊണ്ടായിരിക്കാം. ഓരോ വ്യക്തിയും വ്യത്യസ്തരാണ് എന്ന സനാതന സത്യത്തെ അംഗീകരിക്കുകയാണ് പരമപ്രധാനം. അവനവന്റെ ശാരീരിക പരിമിതികളിൽ അസ്വസ്ഥപ്പെടാതെ, അപരനെ നോക്കി കളിയാക്കാതെ നമുക്ക് മുന്നോട്ടു നീങ്ങാം.
(അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സി. പ്രഫസർ ആണ് ലേഖകൻ)
ഡോ. സെമിച്ചൻ ജോസഫ്