കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും സുരക്ഷിതത്വബോധവും അനുഭവിക്കാൻ കഴിയുന്നതിനൊപ്പം ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സ്ട്രസ് കുറയ്ക്കുന്നതിനും ഭക്ഷണമേശയിലെ സന്തോഷവും സ്നേഹവും വഴിയൊരുക്കുന്നുണ്ട്.
1. പോസിറ്റീവ് കാഴ്ചപ്പാടോടെ വേണം ഭക്ഷണമേശയെ സമീപിക്കേണ്ടത്. ഉത്കണ്ഠകളും ആകുലതകളുമായി വന്നിരിക്കേണ്ട സ്ഥലമല്ല ഭക്ഷണമേശ.
2. ഭക്ഷണമേശയ്ക്കലിരിക്കുമ്പോൾ വാക്കും പ്രവൃത്തിയും മാന്യമായിരിക്കണം. രുചി ഇഷ്ടമായില്ലെങ്കിൽ പരുഷമായ ഭാഷയിലുള്ള വിമർശനങ്ങളോ പാചകം ശരിയാകാത്തതിന്റെ പേരിലുള്ള ഭക്ഷണ നിഷേധങ്ങളോ പാടില്ല. ഒരു ദിവസം പാചകം നല്ലതായെങ്കിൽ മറ്റൊരുദിവസം അതേ മികവോടെ പാചകം ചെയ്യാൻ സാധിച്ചിട്ടുണ്ടാവില്ല. ചിലപ്പോൾ കറിക്ക് ഉപ്പുകൂടിപ്പോവുകയോ അരി കൂടുതൽ വെന്തുപോകുകയോ ചെയ്തിട്ടുണ്ടാകാം. സഹിഷ്ണുതയോടെ അത് കാണുക. അതിന്റെ പേരിൽ കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ പോകരുത്
3. സംഭാഷണം സന്തോഷപ്രദമായിരിക്കണം. ഓരോരുത്തർക്കും സംസാരിക്കാൻ അവസരം കൊടുക്കുകയും അധീശത്വം പുലർത്താതിരിക്കുകയും വേണം. പറയുന്നത് കേൾക്കാനും കേൾക്കുന്നതിന് ഉചിതമായ മറുപടി കൊടുക്കാനും തയ്യാറാകണം.
4. ശരിയായ രീതിയിൽ ഇരിക്കുക. പാത്രങ്ങളും മറ്റും ശരിയായ വിധത്തിൽ ഉപയോഗിക്കുക. ശബ്ദമുണ്ടാക്കി ചവയ്ക്കാതിരിക്കുക, പാത്രങ്ങൾ നിരക്കിനീക്കി ശബ്ദം കേൾപ്പിക്കാതിരിക്കുക, അശ്രദ്ധമായി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാതിരിക്കുക.
5. മറ്റുള്ളവരെക്കാൾ നേരത്തെ ഭക്ഷണം കഴിച്ചു പൂർത്തിയാക്കുകയോ അല്ലെങ്കിൽ അത്യാവശ്യകാര്യത്തിന് നേരെത്തെ എണീറ്റുപോവുകയോ ചെയ്യേണ്ടിവന്നാൽ ഭക്ഷണമേശയ്ക്കിലിരിക്കുന്ന മറ്റുള്ളവരുടെ അനുവാദത്തോടെ എണീറ്റുപോവുക.
6. ഭക്ഷണം കഴിക്കുന്ന സമയത്ത് കുറ്റപ്പെടുത്തലുകളോ പരാതികളോ ഇല്ലാതെ ആ സമയം മനോഹരമാക്കിത്തീർക്കും എന്ന് ഓരോ കുടുംബാംഗങ്ങളും തീരുമാനിക്കുക.