ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ പ്രശ്നങ്ങളില്ലാത്ത ജീവിതമോ ആണോ അത്? ആത്യന്തികമായി മനുഷ്യജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കപ്പെടുന്നത് കേവലം പദാർത്ഥാധിഷ്ഠിതമായിട്ടാണ്. പക്ഷേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം അയാൾ എത്രത്തോളം നന്ദിയുള്ളവനായിരിക്കുന്നു എന്നതിലാണ്. ജീവിതത്തിൽ നന്ദിയുള്ള മനുഷ്യൻ സന്തോഷവും സമാധാനവും അനുഭവിക്കുന്ന ഒരു വ്യക്തി കൂടിയായിരിക്കും.
നന്ദികേടിന്റെ മുള്ളുകൊണ്ട്ചോര പൊടിയാത്ത ആരെങ്കിലുമുണ്ടാവുമോ? കൃതജ്ഞതയില്ലായ്മയാണ് ഈ ലോകത്തിലെ വലിയ പാപം. എല്ലാ തിന്മകളും അതുമായി കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്.
നന്ദി ഒരു ഓർമ്മയാണ്. ജീവിതത്തിൽ ആരൊക്കെയോ തെളിച്ചുതന്ന വിളക്കിന്റെ ഓർമ്മ. ആരൊക്കെയോ കൈപിടിച്ച് കടത്തിക്കൊണ്ടുപോയതിന്റെ ഓർമ്മ. ഈ ഓർമ്മകൾ ഇല്ലാതാവുമ്പോഴാണ് മനുഷ്യൻ കൃതഘ്നരാകുന്നത്. ഇന്ന് ആരുടെയെങ്കിലുമൊക്കെ കണ്ണ് നിറയുന്നുവെങ്കിൽ, ആരുടെയെങ്കിലുമൊക്കെ നെഞ്ചകം നീറുന്നുണ്ടെങ്കിൽ അതിന് കാരണം ഈ ഓർമ്മകൾ നഷ്ടമായിരിക്കുന്നതാണ്.
തണുപ്പുകാലങ്ങളിൽ ധരിക്കുകയും വേനൽക്കാലങ്ങളിൽ അഴിച്ചുവയ്ക്കുകയും ചെയ്യുന്ന ഒരു കമ്പിളിയുടുപ്പൊന്നുമല്ല നന്ദി. ഓരോ ചുവടുവയ്പ്പിലും ഉണ്ടായിരിക്കേണ്ട പാദരക്ഷയായിരിക്കണം അത്. പലരുടെയും നന്ദി സാഹചര്യബന്ധിയാണ്. എപ്പോഴും ഏതുനേരവും ഒരുപക്ഷേ പിന്തിരിഞ്ഞുനോക്കുമ്പോൾ അത്രയധികം ആത്മസംതൃപ്തി തോന്നിയ നിമിഷങ്ങളോ അവസരങ്ങളോ ഉണ്ടായെന്ന് വരില്ല.
പക്ഷേ നന്ദിയോടെ ഓർമ്മിക്കാൻ കഴിയുന്ന എത്രയോ അവസരങ്ങളാണ് കടന്നുപോയിരിക്കുന്നത്. വേണ്ടവിധത്തിൽ നന്ദി പറയാൻ കഴിയാതെ പോയ അവസരങ്ങളായിരുന്നില്ലേ അവയെല്ലാം. ജീവിതത്തിലെ ഓരോ അനുഗ്രഹവും ഓരോ നന്ദിക്കുള്ള അവസരങ്ങളാണ്.
നന്ദി മനുഷ്യരോടു മാത്രമല്ല ദൈവത്തോടും പ്രകൃതിയോടുമാവാം. കേട്ടിട്ടില്ലേ സുഗതകുമാരിയുടെ വരികൾ… ‘കൊണ്ട വെയിലിനോടും തണലിനോടു പോലും നന്ദി’യെന്ന്.
മനുഷ്യരോട് നന്ദി പറയാത്തവർക്ക് ദൈവത്തോട് നന്ദി പറയാനാവില്ല. മനുഷ്യരോടുള്ള നന്ദിയിൽ നിന്നാണ് ദൈവത്തോടുള്ള സ്നേഹവും നന്ദിയും രൂപപ്പെടുന്നത്. അവനവനിൽതന്നെ അഭിരമിക്കുന്നതുകൊണ്ടാണ് മറ്റുള്ളവരോട് നന്ദി പറയാൻ കഴിയാതെ പോകുന്നത്. ഒറ്റപ്പെട്ട വ്യക്തികളൊന്നുമല്ല ആരും.
പരസ്പാരശ്രയത്വത്തോടെ ജീവിക്കുന്ന ദൈർഘ്യമേറിയ ഒരു കണ്ണിതന്നെയാണ് ജീവിതം. അതിനിടയിൽ എത്രയോ പേരോടാണ് നന്ദി പറയാനുളളത്.
ഒരിക്കലും മറന്നുപോകരുതാത്ത പദമായിരിക്കണം നന്ദി. എപ്പോഴും ഉള്ളിൽ നുരയേണ്ട കടലായിരിക്കണം നന്ദി. കഴിഞ്ഞുപോയ വർഷത്തിൽ നന്ദിയോടെ അനുസ്മരിക്കേണ്ട എത്രയോ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവയ്ക്കെല്ലാം മുമ്പിൽ ഒരു തിരികൊളുത്തുക. നന്ദി പ്രകാശിപ്പിക്കുക.. ജീവിതംമുഴുവൻ പ്രകാശപൂരിതമാകും. നന്ദി…