ചേക്കേറാൻ നമുക്ക് എത്ര എത്ര ചില്ലകൾ

Date:

spot_img

എന്തിനെയെങ്കിലും തൊട്ടിരിക്കുക എന്നത് പ്രകൃതിയുടെ മുഴുവൻ ചോദനയാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിയായിരിക്കാം, ഒന്നോർത്താൽ ജീവിതത്തിന്റെ മുഴുവൻ ഒഴുക്കും എതെങ്കിലും ഒരു സമുദ്രത്തിനോട് ഒട്ടിച്ചേരാനാണല്ലോ. ചിറക് കൂമ്പി തനിച്ചിരിക്കുന്ന പക്ഷികളെ നോക്കിയിരിക്കുമ്പോൾ ഇങ്ങനെ ഒരു ചോദ്യം ഉള്ളിൽ വന്ന് എത്തിനോക്കാറുണ്ട്. ഒറ്റയ്ക്കാവുന്നവരുടെ പെരുക്കം കൊണ്ടാണോ ഈ ലോകം ഇത്രമാത്രം ഇരുണ്ടുപോകുന്നത്? റഫീക്ക് അഹമ്മദിന്റെ ഒരു കവിതയുണ്ട്: 

ഏറ്റവും ഗാഢമായി  
കെട്ടിപ്പുണരേണ്ടതിനായാണ് 
പാമ്പുകൾ കൈകാലുകൾ പോലും 
ഉപേക്ഷിച്ചത് 
അതിനാൽ തന്നെയാവാം  
ചിലന്തിക്ക് എട്ടുകാലുകൾ ഉണ്ടായത് 
മേഘങ്ങളെ 
തൊടണമെന്നില്ലായിരുന്നെങ്കിൽ 
പർവ്വതങ്ങൾ ഒരിക്കലും 
മണ്ണിൽ നിന്ന് ഉയരുകയില്ലായിരുന്നു. 
ഭൂമിയെ മഴയായ് വന്ന് 
തൊടാനല്ലെങ്കിൽ പിന്നെ  ജലം ഇങ്ങനെ നീറി നീറി നീരാവി 
ആവേണ്ടതില്ലായിരുന്നല്ലോ. 

എല്ലാ മനുഷ്യരുടെയും അബോധത്തിൽ അജ്ഞാതരായ മനുഷ്യരുടെ സ്പർശത്തോടുള്ള അകാരണമായൊരു ഭയമുണ്ടെന്ന് ഏലിയാസ് കനേറ്റി എഴുതിയിട്ടുണ്ട്. അതേപോലെതന്നെ പ്രിയപ്പെട്ട ഒന്നിനെ തൊട്ടിരിക്കാനും ഒരു മനുഷ്യന്റെ ബോധത്തിലും അബോധത്തിലും അടങ്ങാത്ത ആഗ്രഹം ഉണ്ടാകുമെന്നത് തീർച്ചയാണ്.
സ്‌നേഹം വന്നു തട്ടുമ്പോഴാണല്ലോ നമ്മുടെ നോവുകൾ പോലും ഭേദമാകുന്നത്. സ്‌നേഹത്തിന്റെ ഒരു ചെറുസ്പർശമെങ്കിലും ഉണ്ടായിട്ടില്ലായെങ്കിൽ പണ്ടേക്കു പണ്ടേ ഉറപ്പായും നമ്മൾ മരിച്ചു പോയെനെ. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സ്‌നേഹത്തെപ്പറ്റി പറഞ്ഞതിങ്ങനെയായിരുന്നു: ‘ആരുടെയൊക്കെയോ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പരിഗണനയുടെയും വിശ്വാസത്തിന്റെയും പങ്കും പറ്റിയാണ് നമ്മൾ ഇങ്ങ് വരെ എത്തിച്ചേർന്നത്.’ അതെ നിത്യം എത്ര ആളുകളുടെ സ്‌നേഹത്തിനിടയിലൂടെ ആണ് ജീവിതം കടന്നുപോകുന്നത്. ഓരോ ഏടുകളിൽ വച്ചും നമ്മൾ സ്നേഹത്തിന് പല വിധത്തിൽ, ആഴത്തിൽ സലാം ചൊല്ലുന്നുണ്ട്. നമ്മളെ കടന്നുപോകുന്ന ഓരോരുത്തരിലും സ്‌നേഹത്തിന്റെ തരിമ്പുകൾ ഉണ്ടായിരിക്കുമെന്നാകും ജീവിതം കരുതി വച്ചിരിക്കുന്നത്. കൊറോണക്കാലത്താണ് മനുഷ്യനും മനുഷ്യനും തമ്മിൽ തൊട്ടിരിക്കേണ്ടതിന്റെ ആവശ്യം എത്രയോ തീവ്രമാണ് എന്ന തിരിച്ചറിവിലേക്ക് നമ്മൾ വളർന്നത്. വ്യത്യസ്തരായ മനുഷ്യരെ കണ്ടും ചേർന്നിരുന്നും മുട്ടിയുരുമ്മിയുമൊക്കെ അറിഞ്ഞുമറിയാതെയും കടന്നു പോയവരാണ് നമ്മൾ. ആരൊക്കയോ തോളുരുമ്മി നമ്മളെ കടന്നു പോകുന്നതു പോലും ഭൂമിയിൽ നാം ഒറ്റയ്ക്കല്ല എന്ന ഓർമപ്പെടുത്തലാണ്. നമ്മുടെ ശരീരം തന്നെ അനേകായിരം മനുഷ്യരെയും മനഷ്യസംസ്‌കാരത്തെയും സ്പർശിച്ചിട്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്. അതുകൊണ്ടായിരിക്കാം, റിനി രവീന്ദ്രൻ കൊറോണ കാലത്തിനുശേഷം പ്രസിദ്ധീകരിച്ച ‘ഉൾമരങ്ങൾ’ എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതിയത്: ‘മരിച്ചാലും മായാതെ ഇരിക്കട്ടെ രണ്ടുപേർ സ്‌നേഹിക്കുന്നതിന്റെ പാടുകൾ.’ എവിടയോ വായിച്ച കവിതയുടെ കുറച്ചു വരികൾ ഓർമ്മ വരുന്നു. ‘വീണപ്പോൾ കൈ തന്ന അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ.’ നമ്മുടെ വരണ്ട മണ്ണിലേക്കൊരു ചാറ്റൽ മഴയാണ് സ്‌നേഹത്തോടെയുള്ള ഓരോ സ്പർശനവും… കരുതലോടു കൂടിയ ഓരോ ചേർത്തുപിടിക്കലും.

ജിബു കൊച്ചുചിറ

More like this
Related

സത്യത്തിന്റെയും നുണയുടെയും മുഖങ്ങൾ

എന്തായിരുന്നു സത്യം? നീതി പുനഃസ്ഥാപിക്കാൻ നമ്മൾ പടുത്തുണ്ടാക്കിയ എല്ലാ ഇടങ്ങളും ഇന്ന്...

ചോദ്യങ്ങളെ ഭയപ്പെടുമ്പോൾ…

ചോദ്യങ്ങളെ പൊതുവെ എല്ലാവർക്കും പേടിയാണ്. ചെറിയ ക്ലാസുകളിലെ മുതൽ വലിയ ക്ലാസുകളിലെ...
error: Content is protected !!