തിരികെ വരുന്ന യാത്രകൾ

Date:

spot_img

തിരികെ വരാതെ അവസാനിക്കാത്ത യാത്രകളില്ല. അവസാനമെന്നുറപ്പിച്ചു വിട പറഞ്ഞിറങ്ങുമ്പോഴും, ഒരിക്കലെങ്കിലും തിരികെയൊന്നു ചേക്കേറാൻ ഒരു തളിർചില്ല   മനസ്സിലെങ്കിലും കൊത്തിയെടുത്തു കൂടെ ചേർക്കാത്തവർ വിരളമാകും. ഒരു വർഷം കൂടി നമ്മളിൽ നിന്നു പുറപ്പെട്ടു പോകുമ്പോൾ മനസ്സിൽ സ്പർശിക്കുന്നതു മറ്റൊന്നുമല്ല, തിരിച്ചുവരവ് എന്ന വാക്കാണ്. തളിരിലപോലെ മൃദുവായൊരു വാക്ക്. എല്ലാം അവസാനിച്ചു ഇനിയൊന്നുമില്ലെന്ന സങ്കടം മനസ്സുകളെ ലോക്ഡൗൺ ചെയ്തുപൂട്ടിയ കാലങ്ങളായിരുന്നു പിന്നിട്ടത്. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ട കാലം. ഒരു മുന്നറിയിപ്പുമില്ലാതെ വീടിനും ഓഫീസുകൾക്കും സൗഹൃദങ്ങൾക്കും പൂട്ടുവീഴുന്നു. റോഡുകൾ വിജനമാകുന്നു. അതുവരെ ആരവങ്ങളുയർന്നിരുന്ന ആഘോഷമുഹൂർത്തങ്ങൾ പൊടുന്നനെ നിശബ്ദമാകുന്നു.
കോട്ടയത്തെ ഓഫീസിലെ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു അർദ്ധരാത്രിയിൽ എം.സി റോഡിലൂടെ ആൾക്കൂട്ടം നിറഞ്ഞ ബസിലായിരുന്നു അതുവരെയുള്ള മടക്കയാത്ര. സൈഡ് സീറ്റിലാകും മിക്കപ്പോഴും ഇരിപ്പ്. ഷട്ടർ ഉയർത്തി പുറത്തേക്കു നോക്കുമ്പോൾ എങ്ങും ഇരുട്ടിനെ തോൽപ്പിക്കുന്ന തിളക്കമുള്ള വെളിച്ചങ്ങൾ മാത്രം. പുലരാറായിട്ടും പൂട്ടുവീഴാത്ത, ആളൊഴിയാത്ത കടകൾ. റോഡിലാവട്ടെ, എതിരെയും മറികടന്നും വാഹനങ്ങളുടെ തിടുക്കയാത്ര. ടുത്തസീറ്റിൽ ചേർന്നിരിക്കുന്നവർ അപ്പോഴും ആലോചനയിലാവും. അടുത്ത ദിവസം ചെയ്യേണ്ടവയെ കുറിച്ച്. ആർക്കും വിശ്രമിക്കാറായിട്ടില്ല.

എല്ലാം നിലച്ചതു പെട്ടെന്നായിരുന്നു. വാഹനങ്ങൾ നിലച്ചു. വഴിയോരത്തെ വിളക്കുകൾ അണഞ്ഞു. ഇടവഴിയിലടക്കം ഇരുട്ടുപരന്നു. സീറ്റുകളൊഴിഞ്ഞു. സ്വന്തം വാഹനത്തിൽ ഏകനായി മടങ്ങുമ്പോൾ റോഡുകൾ പാടെ വിജനം. വല്ലപ്പോഴും എതിരെ വരുന്നതു ആംബുലൻസുകൾ മാത്രം. ഇരുട്ടിൽ ദൂരെ നിന്നവയുടെ ആർത്തനാദം കേൾക്കാം. പിന്നെയവ കുതിച്ചുപാഞ്ഞുവരും. ഇരുട്ടിലൂടെ വന്ന് ഇരുട്ടിലൂടെ എങ്ങോട്ടോ പോകും. അതാണു നേരത്തെ പറഞ്ഞത്, എല്ലാം അവസാനിച്ചു എന്നു സങ്കടപ്പെട്ട കാലം.

ഇപ്പോൾ ലോക്ഡൗണുകൾ പിന്നിട്ട് പഴയ ആവേശത്തിലേക്കു നാം തിരികെ വന്നിരിക്കുന്നു, പൂർണമായല്ലെങ്കിൽപോലും. തിരിച്ചുവരവ് എന്ന ചിന്ത. ഇതാണു ഈ വർഷം പോകുമ്പോൾ എന്നെ പ്രത്യാശഭരിതനാക്കുന്നത്. 

യാത്രകൾ ആരംഭിക്കുന്നു. വിളക്കുകൾ തെളിയുന്നു. ആരവങ്ങൾ ഉയരുന്നു. ആൾക്കൂട്ടങ്ങൾ ഓടിക്കൂടുന്നു. തിരിച്ചുവരാതിരിക്കാൻ ആവില്ല മനുഷ്യന് എന്നതാണു ജീവിതത്തിനു ഏറ്റവും സന്തോഷം പകരുന്ന രസതന്ത്രം. തിരിച്ചുവരുമ്പോൾ പക്ഷേ, ഒരു തിരിച്ചറിവ് കൂടെ ഉണ്ടാകണം എന്നു മാത്രം.

 മാസ്‌കുകളുടെ മറ നീക്കുമ്പോൾ ഓർക്കുക അവിടെ തെളിയേണ്ടത് ഒരു പുഞ്ചിരിയാണ്. പുച്ഛിച്ചും ശപിച്ചും അഹങ്കരിച്ചും മേളിച്ചു നടന്ന പലരും  തിരിച്ചുവരാനില്ല. അവർ ഇരുട്ടുപരന്ന് ഒഴിഞ്ഞുകിടന്ന വഴികളിലൂടെ എങ്ങോട്ടോ കുതിച്ചുപാഞ്ഞു പോയി…!

കയ്യിലുണ്ടായിരുന്നതും ബാങ്ക് നിക്ഷേപവുമെല്ലാം കൊടുത്തിട്ടും അൽപം ഓക്സിജൻ കിട്ടാതെ മരിച്ചുപോയവരുണ്ട് നമുക്കിടയിൽ. അതുവരെ വിലപിടിച്ചതെന്നു കരുതിയവ കേവലം പാഴെന്നു നടുക്കത്തോടെ മനസ്സിലായെങ്കിലും, ഒന്നും ചെയ്യാനാവാതെ വിസ്മൃതിയിലേക്കു പോയവർ.

അങ്ങനെ നോക്കുമ്പോൾ മാസ്‌ക് മാത്രമല്ല മാറ്റേണ്ടത്. മാസ്‌കിനൊപ്പം മാറ്റേണ്ടവയുടെ പട്ടിക നീണ്ടു കിടക്കുന്നു. ഓരോരുത്തരുടെയും പട്ടിക വ്യക്തിപരമാണ്.

പലരും പലതും മാറ്റിത്തുടങ്ങി. മുൻപുവരെ പൂട്ടിക്കെട്ടിവെച്ചവ ഇന്നു തുറന്നു തരുന്നു. പങ്കിടാനും പങ്കുവെയ്ക്കാനും ഉള്ളതാണു സ്വന്തമായുള്ളതെല്ലാം എന്നു കാട്ടിത്തരുന്നു.  ചിന്തകളിലും പ്രവർത്തികളിലും. നീ അത് തിരിച്ചറിയുന്നുണ്ടോ?

ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, മറിച്ച് ഓരോ തവണ വീഴുമ്പോഴും തിരിച്ചെഴുന്നേൽക്കുന്നതിലാണു മഹത്വം എന്നൊരു മഹദ് വാചകമുണ്ട്. മഹാനായ ചിന്തകൻ കൺഫ്യൂഷസ് മുതൽ നെൽസൺ മണ്ഡേല വരെ പലയാവർത്തി പറഞ്ഞതാണിത്.

വീഴാതിരിക്കാൻ നമുക്കാവില്ല. വീണിടത്തുനിന്ന് എഴുന്നേറ്റു നടക്കാതിരിക്കാനും.  അങ്ങനെ എഴുന്നേറ്റു നടക്കുമ്പോൾ, ആ തിരിച്ചുവരവിനൊപ്പം തിരിച്ചറിവുകളുടെ പുതുകാഴ്ചകൾ കൂടിയുണ്ടാവണം. 
അതുണ്ടാകുന്നു എന്നു അപൂർവമായെങ്കിലും കാണാനാവുന്നതാണ് ഈ വർഷത്തെ യാത്രയാക്കുമ്പോൾ എന്റെ പ്രതീക്ഷ.

തിരിച്ചെഴുന്നേറ്റു തിരികെ നാം നടക്കുന്നു. ചേക്കേറുന്നു, നന്മകൾ തളിരിടുന്ന പുത്തൻ ചില്ലകളിലേക്ക്. തിരിച്ചുവരാത്ത യാത്രകളില്ല. തിരികെ വരാത്ത നന്മകളില്ല. തീർച്ച.

സിബി ജോൺ തൂവൽ

More like this
Related

ചങ്ങാത്തം കൂടാൻ വാ…

കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു...

അർത്ഥം

അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ...

പ്രണയമരണം 

ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ്...

സ്‌നേഹപൂർവം ദേശത്തോട്

ഈ അടുത്ത ദിവസമാണ്. അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാഗാ...
error: Content is protected !!