കുറച്ചുമാത്രം സമയം

Date:

spot_img

എല്ലാവർക്കും ഒരുപോലെയുള്ളത് സമയം മാത്രമാണ്. എന്നിട്ടും അതിന്റെ മൂല്യമനുസരിച്ച് സമയം ചെലവഴിക്കുന്നവർ എത്രയോ കുറച്ചുപേരാണ്. നഷ്ടമായ സമ്പത്ത് നമുക്ക് തിരികെ പിടിക്കാം, ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കലായി ചില അവസരങ്ങൾ പോലും പുനഃ സൃഷ്ടിക്കാം. കറ പറ്റിയെങ്കിലും സൽപ്പേരു പോലും വീണ്ടെടുക്കാം. പക്ഷേ ഒരിക്കൽ പോലും നഷ്ടമായി പോയ, കടന്നുപോയ, പാഴാക്കിയ സമയം തിരിച്ചുപിടിക്കാനാവില്ല. അതുകൊണ്ടാണ് ഏറ്റവും വലിയ സമ്പാദ്യമായി സമയം മാറുന്നത്
   സമയത്തിന്റെ മൂല്യം മനസ്സിലാക്കി ജീവിക്കുന്നവരാണ് യഥാർത്ഥ മഹാന്മാർ. ജീവിതത്തിൽ ഏതെങ്കിലുമൊക്കെ ഉയരങ്ങളിലെത്തിയിരിക്കുന്നവരും വിജയിച്ചിട്ടുള്ളവരും സമയം ഫലപ്രദമായി വിനിയോഗിച്ചവരാണ്. നാം എന്തിന് വേണ്ടിയാണ് സമയം ചെലവഴിച്ചത് എന്ന് കൂടി വിലയിരുത്തേണ്ടതുണ്ട്. പലപ്പോഴും ഒരു ദിവസത്തിന്റെ അന്ത്യത്തിൽ ഇങ്ങനെയൊരു വീണ്ടുവിചാരമുണ്ടാവേണ്ടതുണ്ട്.  അനാവശ്യമായതും പ്രയോജനരഹിതമായതുമായ കാര്യങ്ങൾക്കുവേണ്ടി ദിവസത്തിന്റെ കൂടുതൽ സമയവും പാഴാക്കിക്കളയുന്നവരും കുറവൊന്നുമല്ല.

 ഒരു വർഷം കൂടി കടന്നുപോവുകയാണ്. ഉദ്ദേശിച്ചതുപോലെയൊന്നും ഈ വർഷം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവില്ല. ഈ വർഷം നടപ്പിലാക്കണമെന്ന് കരുതിയതു പലതും പ്രാവർത്തികമാക്കാനും സാധിച്ചിട്ടുണ്ടാവില്ല. പക്ഷേ അടുത്ത വർഷമെങ്കിലും ആസൂത്രിതരീതിയിൽ സമയം ചെലവഴിക്കാനുള്ള ആലോചനകളും പദ്ധതികളും നമുക്ക് ഇന്നുമുതൽ ഉണ്ടാവണം.അവനവർക്കു വേണ്ടി ജീവിക്കുക എന്നതിനൊപ്പം മറ്റുള്ളവരെ പരിഗണിക്കാനും അവർക്കുവേണ്ടി കൂടി ജീവിക്കാനും തയ്യാറാവുക. അകന്നുപോയതോ നഷ്ടപ്പെട്ടുപോയതോ ആയ ബന്ധങ്ങളെ ഇണക്കിച്ചേർക്കാനും വീണ്ടും സൗഹൃദത്തിലാകാനും തയ്യാറാവുക.
 നമ്മുടെ വിചാരം ഇനിയും വർഷമുണ്ടല്ലോയെന്നാണ്. ഒരു വർഷം എന്ന് പറയുമ്പോൾ ദൈർഘ്യമേറിയ കാലമായി തോന്നാം. എന്നാൽ ഒരു വർഷം എന്നത് 300ൽ അധികം ദിവസങ്ങൾ മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കുമ്പോഴാണ് വർഷങ്ങൾ പോലും ഹ്രസ്വമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. ഓരോ ദിവസവും വിലപിടിപ്പുള്ളതാണ്. കുറച്ചു മാത്രം സമയമേ നമ്മുടെ പക്കലുള്ളൂ. ഈ പരിമിതകാലത്തിൽ കൂടുതൽ പ്രവർത്തിക്കാനും കൂടുതൽ സ്നേഹിക്കാനും കൂടുതൽ പങ്കുവയ്ക്കാനും കൂടുതൽ സന്തോഷിക്കാനും കൂടുതൽ സന്തോഷം പകരാനും നമുക്ക് ശ്രമിക്കാം. കുറച്ചുമാത്രം സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നവർ ഭാഗ്യവാന്മാർ.

ക്രിസ്മസിന്റെ ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!