ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

Date:

spot_img


‘ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.’ ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.

 വിവാഹമോചനമെന്ന് കേൾക്കുമ്പോൾ പുറത്തുനില്ക്കുന്ന ഒരാളെ സംബന്ധിച്ച് വളരെ ഈസിയായ പ്രോസസിങ് ആയിരിക്കും അത്. ഇനിയുള്ള കാലം മുന്നോട്ടുപോകാൻ ദുഷ്‌ക്കരമെന്ന് തോന്നുമ്പോൾ ഉഭയസമ്മതത്തോടെ പിരിയുക. ഒരേ മേൽക്കൂരയ്ക്ക് കീഴിൽ സ്നേഹം വീണ്ടെടുക്കാൻ യാതൊരു സാധ്യതകളുമില്ലാതെ ശത്രുക്കളെ പോലെ പെരുമാറുമ്പോൾ മുമ്പിലുള്ള ഏക ഓപ്ഷൻ. അത് നല്ലതല്ലേ… അതല്ലേ നല്ലത്? ഇങ്ങനെയാണ് അവരുടെ വിചാരം. വിവാഹമോചിതരുടെയോ അവരുടെ അടുത്ത ബന്ധുക്കളുടെയോ  ഒഴികെ മറ്റുള്ളവരിൽ ഭൂരിപക്ഷവും ഇന്നത്തെ കാലത്ത് അതൊരു വലിയ പ്രശ്നമായി കാണുന്നില്ല എന്നതാണ് സത്യം. കാരണം പണ്ടുള്ളതിലേറെ വിവാഹമോചനങ്ങൾ ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. ഒരിക്കലും സംഭവിക്കുകയില്ലെന്ന് കരുതുന്നവർക്കിടയിൽപോലും. ഇന്ന് വിവാഹം കഴിച്ചു നാളെ അടിച്ചുപിരിയും എന്ന് വിധിയെഴുതപ്പെടുന്ന വിവാഹങ്ങൾ പരിക്കുകളില്ലാതെ മുന്നോട്ടുപോകുന്നു. ഏറെ നാൾ നീണ്ടുനില്ക്കുമെന്നും ഇത്രയും അനുയോജ്യരായ ദമ്പതികൾ വേറെയില്ലെന്നും വിചാരിക്കുന്ന ദാമ്പത്യം ഒരു വെയിൽ തെളിയുമ്പോഴേ കരിഞ്ഞുണങ്ങുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

പരസ്പരം  ഒരുമിച്ചുജീവിക്കാനാരംഭിച്ചിട്ട് പെട്ടെന്നൊരു നാൾ രണ്ടുപേരും രണ്ടുവഴിക്ക് പിരിയാൻ തീരുമാനിക്കുമ്പോൾഅത് ഇരുവരിലും ഏല്പിക്കുന്ന  മാനസികാഘാതം വളരെ വലുതായിരിക്കും. അത്തരമൊരു അവസ്ഥയെ കൃത്യമായി നിർവചിക്കുന്നുണ്ട് അമൻ എഴുതിയ കുറിപ്പിലെ മുകളിൽ ഉദ്ധരിച്ച വഴി.
 എത്രമേൽ സ്നേഹിച്ചിരുന്നവരായിരുന്നു… എത്രമേൽ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടവരായിരുന്നു. പക്ഷേ, വിവാഹമോചിതർക്കിടയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?

പല വിവാഹമോചനങ്ങളും ഒരുപാട് സ്നേഹിച്ചിരുന്നവർക്കിടയിലാണ് സംഭവിക്കുന്നതെന്നാണ് മറ്റൊരു വൈരുദ്ധ്യം. ഏറെ വർഷങ്ങൾ അടുത്ത് ഇടപഴകുകയും പ്രണയിക്കുകയും ചെയ്ത് അത്തരമൊരു ബന്ധം വിവാഹത്തിലെത്തി അവിടെയും കുറെ വർഷങ്ങൾ ഒരുമിച്ചുജീവിച്ചതിന് ശേഷം ഇനി തങ്ങൾക്ക് ഒരുമിച്ചു മുന്നോട്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിയുന്ന നിമിഷം. വല്ലാത്ത നടുക്കമുണ്ടാക്കുന്നുണ്ട് അത്.
അതുവരെയുള്ള സ്നേഹങ്ങൾ എവിടെ? അതുവരെയുണ്ടായിരുന്ന മനസ്സിലാക്കലുകൾ എവിടെ? പരസ്പരം പറഞ്ഞ നല്ല വാക്കുകൾ… പങ്കാളിയെ കൂട്ടുകാർക്കും ബന്ധുക്കൾക്കും മുമ്പിൽ പരിചയപ്പെടുത്തി അഭിമാനത്തോടെ ഞെളിഞ്ഞുനിന്നിരുന്ന  സന്ദർഭങ്ങൾ എവിടെ? പരസ്പരം കാണാൻ കഴിയാത്ത ഒരു നിമിഷം ഒരുയുഗം പോലെ കണ്ടിരുന്നവർക്ക് ഇപ്പോൾ അടുത്തുവരുമ്പോഴേ ശ്വാസംമുട്ടുന്നു. എന്തേയിങ്ങനെ?

സ്നേഹം വെറുപ്പാകുന്ന നിമിഷത്തിൽ നിന്നാണ് വിവാഹമോചനം ആരംഭിക്കുന്നത്. കോടതിയിലല്ല മനസ്സുകളിലാണ് വിചാരണയും പ്രഖ്യാപനവും നടക്കുന്നത്. നിന്നെ എനിക്ക് വേണ്ട എന്ന് മനസ്സിൽ തീരുമാനിച്ചാൽ പിന്നെ ഡിവോഴ്സ് സ്വഭാവികപ്രക്രിയ മാത്രമാകും.

പങ്കാളിയിൽ നിന്ന് ലഭിച്ച എല്ലാ നന്മകളെയും ബോധപൂർവ്വം വിസ്മരിക്കാൻ കഴിയുന്നിടത്തുനിന്നാണ് വിവാഹമോചനം  തുടങ്ങുന്നത്. പങ്കാളിയോട് ഹൃദയപൂർവ്വം ക്ഷമിക്കാൻ കഴിയാതെ വരുമ്പോഴാണ് വിവാഹമോചനം പൂർണ്ണമാകുന്നത്.  പങ്കാളിയിൽ ഒരു നന്മയും കാണാനില്ലാതെവരുമ്പോഴാണ് വിവാഹമോചനം അനിവാര്യമാകുന്നത്.

നിയമത്തിന്റെയോ കോടതികളുടെയോ സാക്ഷികളുടെയോ സാന്നിധ്യമില്ലാതെ, ഔദ്യോഗിക വിവാഹമോചന പ്രഖ്യാപനങ്ങളില്ലാതെ എത്രയോ വിവാഹമോചനങ്ങൾ ഇന്നത്തെ ചുറ്റുപാടിൽ നടന്നുകൊണ്ടിരിക്കുന്നു; ദമ്പതികളുടെ മനസ്സുകളിൽ. മനസ്സുകൾ തമ്മിൽ അകലുമ്പോൾ ശരീരങ്ങളും അകലുന്നു.  ഒരേ കിടക്കയിൽ പുറംതിരിഞ്ഞ് കിടന്നുനേരം വെളുപ്പിക്കുന്ന ദമ്പതികൾ മറ്റൊരു അർത്ഥത്തിൽ വിവാഹമോചിതരായവർ തന്നെയാണ്. അവർക്ക് അവർതന്നെ അന്യരായിരിക്കുന്നു.

കോടതിയിൽ എത്തുന്നതിനെക്കാളുമേറെ വിവാഹമോചനങ്ങൾ ഇപ്രകാരം കോടതിയിൽ എത്താതെ പോകുന്നവയാണ്. മറ്റൊരുവനെ/മറ്റൊരുവളെ വിവാഹം കഴിക്കാനാണ്, സുഖിക്കാൻ പോകാനാണ്,  ഉത്തരവാദിത്വമില്ലാതെ ജീവിക്കാനാണ് അവൻ/അവൾ വിവാഹമോചനം നേടുന്നത് എന്നൊക്കെ നിർദ്ദാക്ഷിണ്യമായി സംസാരിക്കരുത്. അതിലൂടെ കടന്നുപോകുന്ന ഒരാൾക്കേ അതിന്റെ വേദനയറിയൂ. ഒരുമിച്ചുള്ള ജീവിതവർഷങ്ങൾ കൂടുന്നതിന് അനുസരിച്ച് വേദനയുടെ ആഴവും കൂടിയിരിക്കും. വിവാഹജീവിതത്തിന്റെ തുടക്കത്തിൽ തന്നെ വിവാഹമോചനം നേടുമ്പോൾ തെറ്റിദ്ധാരണയ്ക്ക് സാധ്യത കൂടുതലായിരിക്കും. സ്വഭാവദൂഷ്യം മുതൽ ലൈംഗിക ബലഹീനത വരെ ആരോപിക്കപ്പെടാം. ഏറെ വർഷങ്ങൾ ഒരുമിച്ചു ജീവിച്ചിട്ട് പെട്ടെന്നൊരുനാൾ പരസ്പരം വെറുക്കുമ്പോൾ, മടുക്കുമ്പോൾ, വിവാഹമോചനം എന്ന ഏക തീരുമാനത്തിൽ എല്ലാം അവസാനിപ്പിച്ച് രണ്ടുവഴിയെ പിരിയുമ്പോൾ അവരുടെ മനസ്സിലെന്താവും? ശൂന്യതയോ… ആശ്വാസമോ… സമാധാനമോ… സന്തോഷമോ…?

പിരിയാൻ അവർക്ക് കാരണങ്ങളുണ്ടാവാം. അത് പലതും മറ്റുള്ളവർക്ക് മനസ്സിലാകണമെന്നുമില്ല. പക്ഷേ സ്നേഹിച്ചിരുന്നവർക്കുള്ള വേർപിരിയൽ അസഹനീയമായിരിക്കും. അതിന് അവരെ പ്രേരിപ്പിച്ച സാഹചര്യവും ഘടകവും എന്തുതന്നെയായാലും.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്....
error: Content is protected !!