മാതാപിതാക്കളുടെ സ്നേഹം പകരം വയ്ക്കാനാവാത്തത്

Date:

spot_img

സ്നേഹിച്ചതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ  സ്നേഹം കൊടുക്കാത്തതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ കൂടുതൽ? സംശയമെന്ത്, സ്നേഹം ലഭിക്കാതെ പോയ മക്കളാണ് വഴിതെറ്റി പോയിരിക്കുന്നത്. സ്നേഹം അനുഭവിച്ച മക്കൾക്ക് എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും എങ്ങനെയെങ്കിലും ചുവടുകൾ തെറ്റിയിട്ടുണ്ടെങ്കിൽ തന്നെ അവർ തിരികെ വന്നിട്ടുണ്ട്. തിരികെ വരാൻ അവരെ പ്രേരിപ്പിക്കുന്നതാവട്ടെ തങ്ങൾ അനുഭവിച്ച മാതാപിതാക്കളുടെ സ്നേഹവും.

ആ സ്നേഹത്തിലേക്ക് വരുമ്പോൾ തങ്ങൾക്ക് മറ്റൊരിടത്തും കിട്ടിയിട്ടില്ലാത്ത സുരക്ഷിതത്വവും സംരക്ഷണവും അവർക്ക് അനുഭവപ്പെടുന്നു. സ്നേഹത്തിന് പകരമായും സ്നേഹിക്കുകയാണെന്ന് തെളിയിക്കാനായും ഭൗതികവസ്തുക്കൾ മക്കൾക്ക് ധാരാളമായി നല്കുന്ന ചില മാതാപിതാക്കളെങ്കിലുമുണ്ട്. മൊബൈൽ, കളിപ്പാട്ടം, ലാപ്പ്ടോപ്പ്, ബൈക്ക്, ഡ്രസ് എന്നിവ… മക്കളോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമായിട്ടാണ് അവരതിനെ കാണുന്നത്. മക്കൾക്ക് അവരാഗ്രഹിക്കുന്ന വസ്തുക്കൾ സന്ദർഭം ആവശ്യം എന്നിവ അറിഞ്ഞ് വാങ്ങിക്കൊടുക്കുന്നത് തെറ്റായ കാര്യമാണെന്ന് പറയാനാവില്ല. പക്ഷേ  അത്തരം ഭൗതികവസ്തുക്കളിൽ സ്നേഹം പരിമിതപ്പെടുത്തരുത്. മക്കൾക്ക് സുരക്ഷിതത്വബോധം,  ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവ നല്കുന്നത് മാതാപിതാക്കളുടെ സ്നേഹമാണെന്നും അതിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നുമാണ് മനഃശാസ്ത്രവിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ചില മാതാപിതാക്കളെങ്കിലും കരുതുന്നത് മക്കളെ സ്നേഹിച്ചാൽ, ലാളിച്ചാൽ അവർ വഷളായിപ്പോകും എന്നാണ്. സ്നേഹം ഉള്ളിൽ അടക്കിവച്ച് നടക്കുന്നവരാണ് ഈ മാതാപിതാക്കൾ. സ്നേഹമുള്ളതുകൊണ്ടല്ലേ അവർക്ക് വേണ്ടി കഷ്ടപ്പെടുന്നത്  എന്നാണ് അവരുടെ മട്ട്. പക്ഷേ ഉള്ളിലുള്ള സ്നേഹമല്ല പുറമെയ്ക്ക അനുഭവിക്കത്തക്ക രീതിയിലുള്ള സ്നേഹമാണ് മക്കൾക്ക് വേണ്ടത്. മക്കൾക്ക് നല്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം അവർക്കൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. കളിപ്പാട്ടങ്ങളും മറ്റ് സമ്മാനങ്ങളും മക്കളെ സന്തോഷിപ്പിക്കുമെങ്കിലും അത് താല്ക്കാലിക സന്തോഷങ്ങൾ മാത്രമാണ്.

സ്ഥിരമായി നില്ക്കുന്ന സന്തോഷം മാതാപിതാക്കളുടെസാന്നിധ്യമാണ്. കുട്ടിക്കാലത്ത് മാതാപിതാക്കളുടെ സ്നേഹമോ സാമീപ്യമോ അനുഭവിക്കാതെ വളർന്നുവരുന്നവർക്ക് പ്രായപൂർത്തിയെത്തിക്കഴിയുമ്പോഴും അരക്ഷിതത്വബോധവും ഏകാന്തതയും അനുഭവപ്പെടും. ഒരു കാര്യവും നേരാംവണ്ണം ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയാത്ത പലരെയും കാണാറില്ലേ. ആത്മവിശ്വാസത്തിന്റെ അഭാവമാണ് ഇതിന് കാരണം. അവരിലേക്ക് ചൂഴ്ന്നിറങ്ങിയാൽ തിരിച്ചറിയുന്ന ഒരു കാര്യം ഏതൊക്കെയോ കാരണങ്ങൾകൊണ്ട് മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിക്കേണ്ടിവന്ന സാഹചര്യം അവർക്കുണ്ടായിരുന്നുവെന്നാണ്. ചെറുപ്രായത്തിലോ മുതിർന്നതിന് ശേഷമോ ഏതെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടുകഴിയുമ്പോൾഅത് മാതാപിതാക്കളോട് തുറന്നുപറയാനുള്ള സ്വാതന്ത്ര്യമില്ലായ്മ പല മക്കളും അനുഭവിക്കുന്നുണ്ട്. ചെറുപ്രായം മുതൽ പരസ്പരമുള്ള ഹൃദ്യമായ ബന്ധം ഇല്ലാതെ പോകുന്നതാണ് ഇതിന് കാരണം. നീ സുരക്ഷിതയാണ്/ സുരക്ഷിതനാണ് എന്ന് മാതാപിതാക്കളുടെ സ്നേഹം കൊണ്ടും പ്രവൃത്തികൊണ്ടും മക്കൾക്ക് ബോധ്യമാകണം. 

മക്കളെ പല ഭയങ്ങളിൽനിന്നും ആശങ്കകളിൽ നിന്നും മോചിപ്പിക്കുന്നത് മാതാപിതാക്കളുടെ സ്നേഹമാണ്. അതുകൊണ്ട് മക്കളെ സ്നേഹിക്കാൻ കിട്ടുന്ന, അവർക്കൊപ്പം സമയം ചെലവഴിക്കാൻ കിട്ടുന്ന ഈ നിമിഷം പരമാവധി പ്രയോജനപ്പെടുത്തുക. മനസ്സ് നിറഞ്ഞ് അവരെ സ്നേഹിക്കുക. നിസ്വാർത്ഥമായി സ്നേഹിക്കുക. നിങ്ങളുടെ സ്നേഹത്തിൽ വളരുകയും ജീവിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞും നിങ്ങൾക്ക് നഷ്ടമാകുകയില്ല. 
സ്നേഹത്തിന് പകരം നിങ്ങൾക്ക് മറ്റൊന്നും മക്കൾക്ക് നല്കാനാവില്ലെന്ന് തിരിച്ചറിയുക.

More like this
Related

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...
error: Content is protected !!