ജീവിതം ഇവിടെ അവസാനിക്കുന്നില്ല

Date:

spot_img

അരവിന്ദിന് പെട്ടെന്നുണ്ടായ  മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. വൃത്തിയായും മനോഹരമായും വേഷം ധരിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന  അരവിന്ദ് ആ പതിവ് പാടെ ഉപേക്ഷിച്ചു. ശുചിത്വകാര്യങ്ങളിലുള്ള ശ്രദ്ധയുടെ കാര്യവും തഥൈവ. ബോഡി മെയ്ന്റയ്ൻ ചെയ്യാറുണ്ടായിരുന്ന അരവിന്ദന്  അതിലും ശ്രദ്ധ ഇല്ലാതായി. ഉറക്കശീലത്തിൽ വന്ന മാറ്റമായിരുന്നു മറ്റൊന്ന്. ബന്ധങ്ങളുടെ കാര്യത്തിലും അയാൾ എല്ലാവരിൽനിന്നും അകന്നുതുടങ്ങി. തീരെ ഉന്മേഷരഹിതനും നിരാശനുമായ അയാളെ ഭാര്യയും ബന്ധുക്കളും ചേർന്ന് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ അടുക്കലെത്തിക്കുകയാണ് ചെയ്തത്. അരവിന്ദ് കടന്നുപോകുന്നത് മിഡിൽ ലൈഫ് പ്രതിസന്ധിയിലൂടെയാണെന്ന് മനസ്സിലാക്കാൻ ഡോക്ടർക്ക് തെല്ലും ബുദ്ധിമുട്ടേണ്ടിവന്നില്ല.

മിഡിൽലൈഫ്  ക്രൈസിസ്

45 മുതൽ 65 വരെ പ്രായമുള്ള വ്യക്തികളിൽ സംഭവിക്കുന്ന സ്വത്വപ്രതിസന്ധിയുടെകാലത്തെയാണ് മിഡിൽ ലൈഫ് ക്രൈസിസ് എന്ന് വിളിക്കുന്നത്. പ്രധാനമായും ഒരു തരത്തിലുളള മാനസികപ്രതിസന്ധിയാണ് ഇത്. ജീവിതത്തിൽ പ്രതീക്ഷിച്ചത് ഒന്നുമായിത്തീരാത്തതിലുള്ള നിരാശയും പ്രായം കൂടിവരികയാണല്ലോയെന്ന ആശങ്കയും മരിക്കേണ്ടിവരുമെന്നുള്ള ഭയവും  ചേർന്നാണ് ജീവിതത്തിലെ  ഈ  പ്രായത്തെ പ്രശ്ന സങ്കീർണ്ണമാക്കുന്നത്. ഉള്ളിൽ അറിയാതെ കിടക്കുന്ന ഈ പ്രശ്നങ്ങൾ പുറത്തേക്ക് വരാൻ  വഴിയൊരുക്കുന്നത് ചിലപ്പോൾ മാതാപിതാക്കളുടെ മരണം, ജോലി നഷ്ടം, മക്കളുമായുള്ള അകൽച്ച, ദാമ്പത്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, ലൈംഗികത, സഹപ്രവർത്തകരിൽ നിന്നുള്ള അപമാനം തുടങ്ങിയ എണ്ണി തിട്ടപ്പെടുത്താവുന്ന കാരണങ്ങളായിരിക്കാം. സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരെയും ഈ പ്രതിസന്ധിപിടികൂടാം. പക്ഷേ രണ്ടുകൂട്ടരിലും കാലാവധിയുടെ ദൈർഘ്യം വ്യത്യസ്തമായിരിക്കും.പുരുഷന്മാരിൽ മൂന്നു മുതൽ പത്തുവർഷം വരെ നീണ്ടുനില്ക്കുമ്പോൾ സ്ത്രീകളിലാവട്ടെ ഇത് രണ്ടുമുതൽ അഞ്ചുവർഷമാണ്.

ലക്ഷണങ്ങൾ

വ്യക്തിപരമായ ശുചിത്വകാര്യങ്ങളിലുള്ള അവഗണന, ഉറക്കശീലങ്ങളിലുണ്ടാകുന്ന നാടകീയമായ മാറ്റങ്ങൾ, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, മൂഡ് വ്യതിയാനം, പെട്ടെന്നുള്ള ദേഷ്യം, ഉത്കണ്ഠ, വിഷാദം, നിലനിർത്തിപ്പോരുന്ന  ബന്ധങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ തുടങ്ങിയവയെല്ലാം മിഡിൽ ലൈഫ് പ്രതിസന്ധിക്ക് മുന്നോടിയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. എന്നാൽ എല്ലാ സ്ത്രീപുരുഷന്മാരും ജീവിതത്തിൽ ഇത്തരമൊരു പ്രതിസന്ധി നേരിടണമെന്നുമില്ല.

ആത്മഹത്യ

മധ്യവയസിലെത്തിയ കൂടുതലാളുകളും ആത്മഹത്യ ചെയ്യുന്നതായി ചില പഠനം പറയുന്നു. പ്രത്യേകിച്ച് വിദേശികൾക്കിടയിൽ. 45നും 55നും ഇടയിൽ പ്രായമുള്ളവർ മറ്റേതൊരു പ്രായക്കാരെക്കാളും ആത്മഹത്യചെയ്യാനുള്ളസാധ്യത കുടുതലാണെന്നാണ് പറയപ്പെടുന്നത് മിഡിൽ ലൈഫ് ക്രൈസിസിന്റെ ബാക്കിപത്രമാണ് ഇത്.

വിവിധ  ഘട്ടങ്ങൾ

മിഡിൽ ലൈഫ് പ്രതിസന്ധിക്ക് പല ഘട്ടങ്ങളുണ്ട്. തനിക്ക് പ്രായമേറിയെന്ന് അംഗീകരിക്കാനുള്ള വിമുഖതയാണ് ഇതിൽ പ്രധാനം. അയാൾ അയാളോട്തന്നെ യുദ്ധ്ം ചെയ്യുന്നു.തന്റെ പ്രായം വർദ്ധിച്ചത് അയാൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇത് ദേഷ്യത്തിലേക്ക് രൂപം മാറുന്നു. ആരോടും നിസ്സാരകാര്യങ്ങൾക്ക് പോലും ദേഷ്യം. അടുത്തഘട്ടം വിഷാദമാണ്.  സ്വഭാവികമായും പിന്നീടുണ്ടാകുന്നത് പിൻവലിയലാണ്. സകലതിനോടും വിരക്തി.സകലതിൽ നിന്നുമുള്ള വിടുതൽ. ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയതിന് ശേഷം ഒടുവിൽ തന്റെ മാറ്റം അംഗീകരിക്കാൻ അയാൾ തയ്യാറാവുന്നു.

സഹായം തേടുക

മറ്റേതൊരു വൈകാരിക പ്രതിസന്ധിയെയും പോലെയല്ല മധ്യവയസിലുണ്ടാവുന്ന പ്രതിസന്ധികൾ. അനുദിന ജീവിതവ്യാപാരങ്ങളെയും വ്യക്തിബന്ധങ്ങളെയും ഇപ്പോഴുള്ള മാനസികാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയാണെങ്കിൽ  ഒരു മാനസികാരോഗ്യവിദഗ്ദനെ കാണാൻ തെല്ലും താമസിക്കരുത്.

മറ്റുള്ളവർക്കും  സഹായിക്കാം

നിങ്ങളുമായി അടുത്തബന്ധം പുലർത്തുന്ന ഒരാളാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നതെന്ന് വിചാരിക്കുക. ആ വ്യക്തിയെ സഹായിക്കേണ്ട കടമ നിശ്ചയമായും നിങ്ങൾക്കുണ്ട്. അത്തരക്കാരോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് അവരെ കേൾക്കാൻ തയ്യാറാവുക. അവരുടെ ആശങ്കകൾക്ക് നേരെ ചെവി  തുറന്നുകൊടുക്കുക. നല്ല വാക്കുകൾ കൊണ്ട് അവരുടെ ഉന്മേഷം വീണ്ടെടുക്കുക. നിരുന്മേഷവാനായിട്ടാണ് കാണപ്പെടുന്നതെങ്കിൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കുക. ഡോക്ടറെ കാണേണ്ട സാഹചര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുക. ചിലപ്പോൾ മാനസികപ്രതിസന്ധിയുടെ ഭാഗമായിട്ടല്ലാതെയും ഇത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാം. തൈറോയ്ഡ് സംബന്ധമായ രോഗങ്ങളുടെയും ഡിമെൻഷ്യ പോലെയുളള രോഗങ്ങളുടെയും തുടക്കം ഇതിന് സമാനമായ ലക്ഷണങ്ങളുടേതാവാം. അതുകൊണ്ട് ആദ്യം ഒരു ഫിസിഷ്യനെയും പിന്നീട്മാനസികാരോഗ്യ വിദഗ്ദനെയും കാണുന്നതായിരിക്കും ഉചിതം.

ജീവിതം മധ്യവയസുകൊണ്ട് അവസാനിക്കുന്നില്ല എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത് പല ഘട്ടങ്ങളുള്ള ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണ് മധ്യവയസ്.  പലരും തങ്ങളുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക്തിരിച്ചുവിട്ടത് മിഡിൽ ഏയ്ജിന് ശേഷമാണ് ചിലർ തങ്ങളുടെ ഉള്ളിലുറങ്ങികിടന്ന കഴിവുകളെ ഉണർത്തിയതും ജീവകാരുണ്യപ്രവൃത്തികളിലേക്ക് തിരിഞ്ഞതും ഈ ഘട്ടത്തിന് ശേഷമാണ്. അതുകൊണ്ട് ഈ പ്രായത്തെയും കാലത്തെയും എഴുതിത്തള്ളരുത്. മധ്യവയസ് ജീവിതത്തിന്റെ പുഷ്‌ക്കലകാലമാണ്.

മിഡിൽ ലൈഫ്  ക്രൈസിസിനെ നേരിടാൻ ചില പൊടിക്കൈകൾ

* നിങ്ങളിലേക്കുതന്നെ കൂടുതൽ ശ്രദ്ധതിരിക്കുക
* മാറ്റങ്ങളെ അംഗീകരിക്കുക
* പുതുതായി എന്തെങ്കിലും പഠിക്കുക
* ജീവിതത്തെ സ്നേഹിക്കാൻ തീരുമാനിക്കുക
* പ്രവർത്തന നിരതനായിരിക്കുക
* ആരോഗ്യപരമായ നല്ലശീലങ്ങൾ ആരംഭിക്കുക
* കൂടുതൽ സമയവും പുറത്ത് ചെലവഴിക്കുക

More like this
Related

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...
error: Content is protected !!