സുന്ദരനും സൽസ്വഭാവിയും ആരോഗ്യവാനും സമ്പന്നനുമായ ഭർത്താവ്. സ്നേഹനിധിയായ മക്കൾ. പക്ഷേ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണ്.
സുന്ദരിയും വിദ്യാസമ്പന്നയും ആരോഗ്യമുള്ളവളുമായ ഭാര്യ. വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതേയുള്ളൂ. പക്ഷേ ഭർത്താവ് തന്റെ സഹപ്രവർത്തകയുമായി അടുപ്പത്തിലാണ്.
നമുക്കുചുറ്റും നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ ചുരുക്കെഴുത്താണ് ഇത്. ഇക്കാര്യങ്ങൾ പുറത്തറിയുമ്പോൾ പലരും ചോദിക്കും. അവൾക്ക്/അയാൾക്ക് ഇതെന്തുപറ്റി? എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ? കേവലം ലൈംഗികതാല്പര്യം കൊണ്ടല്ല വിവാഹിതർ മറ്റ് ബന്ധങ്ങളിൽ ചെന്നുചാടുന്നത് എന്നതാണ് കൗൺസലിങ് സൈക്കോളജിസ്റ്റുകളുടെ അഭിപ്രായം. പങ്കാളിയിൽ നിന്ന് ലഭിക്കാൻ ആഗ്രഹിക്കുന്ന വൈകാരിക താല്പര്യങ്ങൾ കിട്ടാതെ വരികയും അവയെല്ലാം മറ്റൊരു വ്യക്തിയിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നു എന്നതാണ് വിവാഹേതര ബന്ധങ്ങളിലേക്ക് പലരും ചേക്കാറുന്നതിനുള്ള ഒരു കാരണം.
ഇന്ന് പല ദാമ്പത്യങ്ങളെയും കുഴപ്പത്തിലാക്കുന്ന വലിയൊരു പ്രശ്നമാണ് വൈകാരിക താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുന്നു എന്നത്. ബാഹ്യമായി നോക്കുമ്പോൾ വീട്, സാമ്പത്തികം, കാർ, മക്കൾ തുടങ്ങിയവയൊക്കെയുണ്ടായിരിക്കും. ലൈംഗികജീവിതവും ഉണ്ടായിരിക്കും. പക്ഷേ ഇവയ്ക്കെല്ലാം അപ്പുറമായി വൈകാരികമായ അടുപ്പം പങ്കാളികൾക്കിടയിൽ ഉണ്ടായിരിക്കണം എന്നില്ല.
വൈകാരികമായ അടുപ്പത്തിന് പല അടരുകളുണ്ട്. പങ്കാളിയെ കേൾക്കാനുള്ള സന്നദ്ധത, അടുത്തിരിക്കാനുള്ള സമയം, പ്രോത്സാഹിപ്പിക്കാനുള്ള സന്മസ്, നല്ല വാക്ക് പറയാനുള്ള തുറവി ഇതെല്ലാം വൈകാരികതാല്പര്യങ്ങളുടെ ഭാഗമായിട്ടുള്ളവയാണ്. തിരക്കുപിടിച്ച ലോകമാണ് ഇന്നത്തേത്. കരിയർ മെച്ചപ്പെടുത്താനും ടാർജറ്റ് അച്ചീവ് ചെയ്യാനും കടം വീട്ടിത്തീർക്കാനുമുള്ള നെട്ടോട്ടത്തിനിടയിൽ പല ദമ്പതികളും അറിഞ്ഞോ അറിയാതെയോ വിട്ടുപോകുന്നത് പങ്കാളിയുമൊത്ത് സമയം ചെലവഴിക്കാനാണ്. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുകയും മക്കൾ ജനിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ.
നല്ല രീതിയിൽ പാചകം ചെയ്താൽ, നല്ല വേഷം ധരിച്ചാൽ, ഇങ്ങനെ അപ്രധാനമെന്ന് തോന്നുന്ന പലകാര്യങ്ങളിലും പങ്കാളിക്ക് അഭിനന്ദനം കൊടുക്കാൻ തയ്യാറാവുക. കുടുംബത്തിന് വേണ്ടി കൂടുതൽ കഷ്ടപ്പെടുന്നത് ഭാര്യയാണെങ്കിൽ അതിന്റെ പേരിൽ അവളോട് നന്ദി അറിയിക്കാനും അഭിനന്ദിക്കാനും മടിക്കുന്നതെന്തിന്. അതുപോലെ ഭർത്താവിന്റെ വിജയങ്ങളിൽ അഭിനന്ദിക്കുക, സന്തോഷിക്കുക, അയാളുടെ കഴിവുകൾ കൂടുതലായി വളരാൻ തന്നെക്കൊണ്ടാകും വിധത്തിലുളള പ്രോത്സാഹനങ്ങൾ നല്കുക തുടങ്ങിയവയെല്ലാം ഭാര്യയെന്ന നിലയിലും ചെയ്യേണ്ടതാണ്. അതുപോലെ ക്ഷമ ചോദിക്കാനും തയ്യാറായിരിക്കണം. ക്ഷമ ചോദിക്കാൻ ഒരാൾ തയ്യാറാകണമെങ്കിൽ ആദ്യം വേണ്ടത് തെറ്റ് സമ്മതിക്കുകയാണ്. പക്ഷേ പലരും സ്വന്തം തെറ്റ് ന്യായീകരിക്കുകയും പങ്കാളിയെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
പങ്കാളിയിൽ നിന്ന് കിട്ടാതെ പോകുന്ന പരിഗണന, അഭിനന്ദനം, സ്പർശനം, അംഗീകാരം തുടങ്ങിയവ സഹപ്രവർത്തകയിൽനിന്നോ അയൽക്കാരനിൽ നിന്നോ ലഭിക്കുമ്പോൾ തന്റെ പങ്കാളിയെക്കാളേറെ അടുപ്പം ആ വ്യക്തിയോട് തോന്നിത്തുടങ്ങുകയും ക്രമേണ സ്വന്തം ദാമ്പത്യജീവിതത്തെ തന്നെ അപകടത്തിലാക്കിക്കൊണ്ട് മറ്റേ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.
ശാരീരികമായ ആകർഷണത്തെക്കാൾ കൂടുതൽ മാനസികമായ അടുപ്പമാണ് ഇതിലേക്ക് നയിക്കുന്നത്. സ്വന്തം കുടുംബത്തിൽ, പങ്കാളിയിൽ നിന്ന് ലഭിക്കാതെ പോകുന്ന അഭിനന്ദനം, അംഗീകാരം, പ്രോത്സാഹനം തുടങ്ങിയവയൊക്കെ മറ്റൊരു വ്യക്തിയിൽ കാണുമ്പോൾ ആ വ്യക്തിയുമായി അടുപ്പം തോന്നുക സ്വാഭാവികമാണ്. എന്നാൽ ആ സ്വാഭാവികമായ തോന്നലിനെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ദാമ്പത്യബന്ധം തകരാറിലാകുന്നത്. അതൊരിക്കലും പാടില്ല. അതുകൊണ്ട് ദമ്പതികൾ പരസ്പരം വൈകാരിക താല്പര്യങ്ങളെ പരിഗണിച്ചുമുന്നോട്ടുപോകുക. ദാമ്പത്യബന്ധം സുന്ദരവും ദൃഢവുമാക്കാൻ അതാണ് എളുപ്പമാർഗ്ഗം.