കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി

Date:

spot_img

”കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളിയാണ് താജ്മഹൽ” – രബീന്ദ്രനാഥ ടാഗോർ
ലോക മഹാത്ഭുതങ്ങളിലൊന്നാണ് ഇന്ത്യയുടെ സ്വന്തം താജ്മഹൽ. ജാതിയുടെയോ മതത്തിന്റെയോ മുഖം ഒരിക്കലും താജ്മഹലിനുണ്ടായിരുന്നുമില്ല. എന്നാൽ അടുത്തകാലത്താണ് താജ്മഹലിന്റെ പേരു മാറ്റണമെന്നും തേജോമഹാലയ എന്ന പേരിലുള്ള ഹൈന്ദവക്ഷേത്രമായിരുന്നു അതെന്നും താജ്മഹലിന്റെ താഴത്തെ നിലയിൽ തുറക്കാത്ത 22 മുറികളുണ്ടെന്നും അതിൽ വിഗ്രഹങ്ങളാണ് ഉള്ളതെന്നുമുള്ള പല അഭിപ്രായങ്ങളും ഉയർന്നുവന്നത്.   കേന്ദ്രപുരാവസ്തു വകുപ്പ്  ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ താജ്മഹലിനെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കും.
ഉത്തർപ്രദേശിലെ ആഗ്രയിൽ യമുനാനദീതീരത്താണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്. ന്യൂഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് താജ്മഹൽ. 1631 ലാണ് താജ്മഹലിന്റെ നിർമ്മാണം ആരംഭിച്ചത്. 22 വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ആയിരക്കണക്കിന് കലാകാരന്മാരുടെയും  ശില്പികളുടെയും അദ്ധ്വാനത്തിന്റെയും കഴിവിന്റെയും ഫലമാണ് താജ്മഹൽ.

ഷാജഹാൻ ചക്രവർത്തി ഭാര്യ മുംതാസിന്റെ ഓർമ്മയ്ക്കായാണ് താജ്മഹൽ പണികഴിപ്പിച്ചതെന്നാണ് ചരിത്രം. മുഗൾ ചക്രവർത്തിയായിരുന്ന  ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്നു മുംതാസ് മഹർ.  പതിനാലാമത്തെ കുട്ടിക്ക് ജന്മം നല്കുന്നതിനിടയിലായിരുന്നു മുംതാസിന്റെ മരണം. ഈ മരണം 1631ലായിരുന്നു. ഭാര്യയുടെ മരണം ഷാജഹാനെ ദുഃഖിതനാക്കി. ഭാര്യയുടെ നിത്യസ്മരണയ്ക്കുവേണ്ടി അടുത്തവർഷം തന്നെ താജ്മഹലിന്റെ നിർമ്മാണം ആരംഭിച്ചു.

ഉസ്താദ് അഹമ്മദ് ലാഹോറിയും ഉസ്താദ് ഈസയുമാണ് താജ്മഹലിന്റെ മുഖ്യശില്പികൾ. വെണ്ണക്കല്ലിലാണ് താജ്മഹൽ നിർമ്മിച്ചിരിക്കുന്നത്. 73 മീറ്ററാണ് താജ്മഹലിന്റെ ആകെ ഉയരം.ഏഷ്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന സാധനസാമഗ്രികൾ കൊണ്ടാണ് താജ്മഹൽ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങൾ കൂടാതെ അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന, അറേബ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും   പലതരം കല്ലുകൾ നിർമ്മാണത്തിന് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്.

താജ്മഹൽ നിർമ്മാണം പൂർത്തിയായതിന് ശേഷം മകൻ ഔറംഗസീബ് ഷാജഹാനെ ആഗ്ര കോട്ടയിൽ തടങ്കിലിലാക്കിയെന്നും അവിടെവച്ചായിരുന്നു മരണമെന്നും ചരിത്രം പറയുന്നു. പിന്നീട് മുംതാസിന്റെ സമീപത്ത് തന്നെ അദ്ദേഹത്തെ സംസ്‌കരിക്കുകയും ചെയ്തു.

താജ്മഹലിനെ സംബന്ധിച്ച്നിരവധി കഥകളും കെട്ടുകഥകളും നിലവിലുണ്ട്. അതെന്തുമായിരുന്നുകൊള്ളട്ടെ താജ്മഹലിനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഒതുക്കിനിർത്തരുത്. അത് പ്രണയത്തിന്റെ മഹാകാവ്യമായി, നിത്യസ്മാരകമായി എക്കാലവും നിലനില്ക്കട്ടെ. അനശ്വരപ്രണയത്തിന്റെ, മരണത്തിന് വേർപെടുത്താൻ കഴിയാത്ത നിത്യസ്നേഹത്തിന്റെ സ്മാരകമായി മറ്റൊരു താജ്മഹൽ ഈ മണ്ണിൽ ഉയരാത്തിടത്തോളം കാലം താജ്മഹൽ, നീ ഉയർന്നുതന്നെ നില്ക്കുക.

More like this
Related

error: Content is protected !!