കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം, മൂന്നുവർഷം, നാലുവർഷം എന്ന മട്ടിൽ.. ഇപ്പോഴിതാ ഒപ്പം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
പിന്നിട്ടുവന്ന വർഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വായനക്കാരൻ എഴുതിയ കത്തിലെ വിശേഷണം തന്നെയാണ് പറയാനുളളത്. അദ്ദേഹം പങ്കുവച്ച ആശയം, പല പ്രസിദ്ധീകരണങ്ങളും നിലനിന്നുപോകാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയോ നിന്നുപോകുകയോ ചെയ്യുമ്പോഴും ഒപ്പം നിലനിന്നുപോരുന്നത് ഒരു അത്ഭുതം എന്നാണ്.
അതെ, ഇതിലും നല്ല വിശേഷണം ഒപ്പത്തിന് ലഭിക്കാനില്ല.കാരണം അഞ്ചാം വർഷത്തിലേക്ക് ഒപ്പം പ്രവേശിക്കുന്നത് തീർച്ചയായും ഒരു അത്ഭുതം തന്നെയാണ്. ഇക്കഴിഞ്ഞ കാലത്തിനിടയിൽ ഒപ്പം ഒരിക്കൽപോലും പുറത്തിറങ്ങാതെ വന്നിട്ടില്ല. കോവിഡിന്റെ രൂക്ഷസമയത്ത് ഏതാനും ചില ലക്കങ്ങളുടെ പ്രിന്റിങ് മുടങ്ങിയതൊഴിച്ചാൽ..
ഒപ്പത്തെ സാമ്പത്തികമായി പിന്താങ്ങുന്നവരുടെ സ്നേഹത്തിനും ത്യാഗമനഃസ്ഥിതിക്കുമാണ് ഇതിന് ഒന്നാമതായി നന്ദി പറയേണ്ടത്. യാതൊരു വിധത്തിലുളള നേട്ടങ്ങളും പ്രശസ്തിയും ഇച്ഛിക്കാതെ മൂല്യാധിഷ്ഠിതമായ സമൂഹത്തെയും വ്യക്തിബന്ധങ്ങളെയും വളർത്തിയെടുത്തുകൊണ്ട് സമൂഹനിർമ്മിതിയിൽ തങ്ങളുടേതായ പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഒപ്പത്തിനൊപ്പം അവർ സഞ്ചരിക്കുന്നത്. ഗുണപരമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും നല്കി ഒപ്പത്തെ സ്നേഹിക്കുന്ന വായനക്കാരോടും നന്ദി പറയുന്നു.നിങ്ങളുടെ സ്നേഹം ഞങ്ങളെ ശക്തരാക്കുന്നുണ്ട്.
ഇതിനെല്ലാം ഉപരിയായി സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.
ഒപ്പം നടക്കുക എന്നത് ഒരുകടമയാണ്.ഒപ്പത്തിനൊപ്പം നടക്കാൻ ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുന്നു. ഒപ്പം മാസികയെ അറിഞ്ഞിട്ടില്ലാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കഴിവതുപോലെ പരിചയപ്പെടുത്താനും ശ്രമിക്കുമല്ലോ.
അഞ്ചാം വർഷത്തിലേക്ക് ഒപ്പം പ്രവേശിക്കുമ്പോൾ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി